Image

ജസ്റ്റിസ് ബെഞ്ചമിന്‍ കാര്‍ഡോസോയുടെ ഇന്ത്യന്‍ പതിപ്പിന്റെ സ്ഥാനാരോഹണം.

ബാലഗോപാല്‍.ബി.നായര്‍ Published on 08 August, 2018
ജസ്റ്റിസ് ബെഞ്ചമിന്‍ കാര്‍ഡോസോയുടെ ഇന്ത്യന്‍ പതിപ്പിന്റെ സ്ഥാനാരോഹണം.
അമേരിക്കന്‍ സുപ്രീം കോടതിയിലെ ജഡ്ജി ആയിരുന്ന ബെഞ്ചമിന്‍ കാര്‍ഡോസോയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വായിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. എന്നാല്‍ ബെഞ്ചമിന്‍ കാര്‍ഡോസോയെ കുറിച്ച് അദ്ദേഹത്തതിന്റെ മന്ത്രിസഭയിലെ മുതിര്‍ന്ന അംഗം അരുണ്‍ ജെയ്റ്റിലിക്ക് നല്ലത് പോലെ അറിയാന്‍ ആണ് സാധ്യത. പ്രൊഫസ്സര്‍ എന്‍. ആര്‍. മാധവ മേനോന്റെ ശിഷ്യന്‍ ആയ അരുണ്‍ ജെയ്റ്റിലി ഒരുപക്ഷേ ബെഞ്ചമിന്‍ കാര്‍ഡോസോയുടെ ആരാധകന്‍ ആയാല്‍ പോലും അതില്‍ അത്ഭുതപെടാന്‍ ഇല്ല.  കാരണം അമേരിക്കന്‍ ജുഡീഷ്യറി ലോകത്തിന് സംഭാവന ചെയ്ത ഏറ്റവും മികച്ച ന്യായാധിപന്‍ മാരില്‍ ഒരാളാണ്  ജസ്റ്റിസ് ബെഞ്ചമിന്‍ നാഥന്‍ കാര്‍ഡോസോ. 

ജഡ്ജിമാരുടെ നിയമനവും രാഷ്ട്രീയ ഇടപെടലും  എന്ന വിഷയത്തില്‍ രാജ്യാന്തര തലത്തില്‍ നടക്കുന്ന അക്കാദമിക ചര്‍ച്ചകള്‍  ബെഞ്ചമിന്‍ കാര്‍ഡോസോയെ കുറിച്ച് പരാമര്‍ശിക്കാതെ കടന്ന് പോകാറില്ല. ചരിത്രം ഇങ്ങനെ. 1932 ല്‍ ജസ്റ്റിസ് ഒലിവര്‍ വെണ്ടേല്‍ ഹോംസ് വിരമിച്ചതിനെ തുടര്‍ന്ന് അമേരിക്കന്‍ സുപ്രീം കോടതിയില്‍ ഒരു ഒഴിവ് ഉണ്ടാകുന്നു. ന്യൂയോര്‍ക്കിലെ ഏറ്റവും ഉയര്‍ന്ന കോടതിയിലെ ചീഫ് ജസ്റ്റിസ് ആയിരുന്ന ബെഞ്ചമിന്‍ കാര്‍ഡോസോയെ സുപ്രീം കോടതിയിലെ  ആ ഒഴിവിലേക്ക് പരിഗണിക്കണം എന്ന ആവശ്യം ഉയര്‍ന്നു. എന്നാല്‍ ബെഞ്ചമിന്‍ കാര്‍ഡോസോയെ സുപ്രീം കോടതി ജഡ്ജി ആയി നിയമിക്കുന്നതിന് എതിരെയും ചില അഭിപ്രായങ്ങള്‍ ഉണ്ടായി. കാര്‍ഡോസോ ജൂത മതത്തില്‍ നിന്നുള്ള വ്യക്തി ആയിരുന്നു. അമേരിക്കന്‍ സുപ്രീം കോടതിയില്‍ അക്കാലത്ത് ജൂത മതത്തില്‍ നിന്നുള്ള ലൂയിസ് ബ്രാന്‍ഡെയ്‌സ് ജഡ്ജി ആയിരുന്നു. പ്രാദേശിക പ്രാതിനിധ്യവും ബെഞ്ചമിന്‍ കാര്‍ഡോസോയ്ക്ക് എതിരായിരുന്നു. ചീഫ് ജസ്റ്റിസ് ആയിരുന്ന ചാള്‍സ് ഇവാന്‍സ് ഹ്യൂഗ്സ്സും ജഡ്ജി ആയിരുന്ന ഹാര്‍ലന്‍ സ്‌റ്റോണും  ബെഞ്ചമിന്‍ കാര്‍ഡോസോയെ പോലെ ന്യൂയോര്‍ക്ക് സ്വദേശികള്‍ ആയിരുന്നു.

അമേരിക്കന്‍ രാഷ്ട്രപതി ഹെര്‍ബര്‍ട്ട് ഹൂവറിനെ അലട്ടിയ പ്രധാന ഘടകം ഇത് ഒന്നും ആയിരുന്നില്ല. ബെഞ്ചമിന്‍ കാര്‍ഡോസോ ഡെമോക്രാറ്റ് അനുഭാവി ആയിരുന്നു. ഡെമോക്രാറ്റ്കാരനെ സുപ്രീം കോടതി ജഡ്ജി ആക്കുന്നതിനെ ഹെര്‍ബര്‍ട്ട് ഹൂവറിന്റെ റിപ്പബ്ലിക്കന്‍ സര്‍ക്കാരിലെ ഭൂരിപക്ഷവും എതിര്‍ത്തു. എന്നാല്‍  എതിര്‍പ്പുകള്‍ ഒക്കെ അവഗണിച്ച് ഹൂവര്‍ ജസ്റ്റിസ് ബെഞ്ചമിന്‍ കാര്‍ഡോസോയുടെ നിയമന ഉത്തരവില്‍ ഒപ്പു വച്ചു. ഹൂവര്‍ അമേരിക്കന്‍ രാഷ്ട്രപതി ആയിരുന്ന കാലഘട്ടത്തില്‍ ബെഞ്ചമിന്‍ കാര്‍ഡോസിന്റേത് പോലെ വിവാദം സൃഷ്ടിച്ച മറ്റൊരു ജഡ്ജി നിയമനവും ഉണ്ടായിട്ടില്ല.  അതേസമയം അമേരിക്കന്‍ സുപ്രീം കോടതിയിലെ വിധികള്‍ ലോകത്തെ വിവിധ കോടതികള്‍ക്ക് മാതൃക ആക്കുന്നതില്‍ ജസ്റ്റിസ് ബെഞ്ചമിന്‍ കാര്‍ഡോസോ വഹിച്ച് പങ്ക് പല ചരിത്രകാരന്‍മാരും സാക്ഷിപെടുത്തിയിട്ടുണ്ട്.

അമേരിക്കയിലെ പരമോന്നത നീതിപീഠത്തിലേക്ക് രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ശേഷം നടന്ന  ബെഞ്ചമിന്‍ കാര്‍ഡോസോയുടെ സ്ഥാനാരോഹണത്തിന് സമാനം ആയ ഒരു സ്ഥാനാരോഹണത്തിന് ആണ് ഇന്ത്യന്‍ സുപ്രീം കോടതി ഇന്ന് സാക്ഷ്യം വഹിച്ചത്.  തിരുവിതാംകൂറിന്റെ പഴയ വാണിജ്യകേന്ദ്രം ആയ കോട്ടയത്തെ അതിരമ്പുഴ  ഗ്രാമത്തിലെ കുറ്റിയില്‍ കുടുംബാംഗം ജസ്റ്റിസ് കെ എം ജോസഫിന്റെ സത്യപ്രതിജ്ഞ. സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റിസ് കോടതിയില്‍ ഇടത് വലത് ചുമരുകളില്‍ ഉള്ള സ്വന്തന്ത്ര ഇന്ത്യയുടെ ആദ്യ ചീഫ് ജസ്റ്റിസ് മധുകര്‍ ഹീരാലാല്‍ കാനിയുടെയും, നാലാമത്തെ ചീഫ് ജസ്റ്റിസ് ബി. കെ. മുഖര്‍ജിയുടെയും ഛായചിത്രങ്ങള്‍ സാക്ഷിനിറുത്തി സുപ്രീം കോടതി ജഡ്ജി ആയി സത്യപ്രതിജ്ഞ ചെയ്യുന്ന അതിരമ്പുഴ  കുറ്റിയില്‍ കുടുംബത്തിലെ രണ്ടാമന്‍ ആണ് ജസ്റ്റിസ് കെ എം ജോസഫ്. സുപ്രീം കോടതി ജഡ്ജി ആകുന്ന ആദ്യ കുറ്റിയില്‍ കുടംബാംഗം ജസ്റ്റിസ് കെ എം ജോസഫിന്റെ പിതാവ് ജസ്റ്റിസ് കെ കെ മാത്യു.

ജഡ്ജിമാരുടെ സീനിയോറിറ്റി വിവാദങ്ങള്‍ക്ക് ഇടയില്‍ ആയിരുന്നു  ജസ്റ്റിസ് കെ എം ജോസഫിന്റെ ഇന്നലത്തെ സത്യപ്രതിജ്ഞ ചടങ്ങ്. ചീഫ് ജസ്റ്റിസ് കോടതിക്ക് പുറത്ത് രാവിലെ മുതല്‍ നല്ല തിരക്ക്. സത്യപ്രതിജ്ഞ ചെയ്യുന്ന ജഡ്ജിമാരുടെ കുടുംബ അംഗങ്ങളെയും വിവിധ ഹൈകോടതികളില്‍ നിന്ന് സത്യപ്രതിജ്ഞ കാണാന്‍ എത്തിയ ജഡ്ജിമാരെയും ആദ്യം തന്നെ കോടതിയില്‍ പ്രവേശിപ്പിച്ചിരുന്നു. കൃത്യം പത്ത് മണിക്ക് ചീഫ് ജസ്റ്റിസ് കോടതിയില്‍ അഭിഭാഷകര്‍ക്ക് പ്രവേശിക്കാവുന്ന പ്രധാന വാതില്‍ തുറന്നു. തൊട്ട് പിന്നാലെ സന്ദര്‍ശകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രവേശിക്കാനുള്ള സന്ദര്‍ശക ഗ്യാലറിയിലേക്കുള്ള രണ്ട് വാതിലുകളും. 

ആദ്യം കോടതിയിലേക്ക് പ്രവേശിച്ച അഭിഭാഷകരില്‍  ദുഷ്യന്ത് ദാവെ, ജയ്ദീപ് ഗുപ്ത, പി എച്ച് പരേഖ് എന്നിവര്‍ ഉള്‍പെടും. കോടതിയുടെ രണ്ടാം നിരയില്‍ ഇവര്‍ സ്ഥാനം ഉറപ്പിച്ചു. ഒന്നാം നിരയില്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ജസ്റ്റിസ് വിനീത് ശരണ്‍, ജസ്റ്റിസ് കെ എം ജോസഫ് എന്നിവരുടെ കുടുംബാംഗങ്ങള്‍. ഒന്നാം നിരയിലെ ഇടത് ഭാഗത്ത് ആയിരുന്നു ജസ്റ്റിസ് കെ എം ജോസഫിന്റെ ഭാര്യ ശാന്ത കാക്കപ്പന്‍. തൊട്ട് അടുത്ത് മകള്‍ ടാനിയ. അതിന് അപ്പുറത്ത് മരുമകന്‍ അരുണ്‍. തൊട്ട് അപ്പുറത്ത് മകന്‍ വിനയ്, സഹോദരന്‍ കെ എം കുര്യന്‍. 10. 10 ഓടെ കോടതി മുറി നിറഞ്ഞ് കവിഞ്ഞു.

സമയം 10. 22. സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് വികാസ് സിംഗ് ചീഫ് ജസ്റ്റിസ് കോടതിയില്‍  എത്തി. ആദ്യ നിരയിലെ ഇടത് ഭാഗത്തെ ആദ്യ കസേരയില്‍ ഇരുന്നു. രണ്ട് മിനുട്ടിനുള്ളില്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ കോടതി മുറിയുടെ പിന്നില്‍ എത്തി. പതിവ് പോലെ മുഖത്തെ ചിരിക്കും പ്രസന്നതയ്ക്കും ഒരു കുറവും ഇല്ല.  തിക്കിനും തിരക്കിനും ഇടയിലൂടെ അറ്റോര്‍ണി ജനറലില്‍ ഒന്നാം നിരയിലെ വലത് ഭാഗത്ത് ഉള്ള ആദ്യ കസേര ലക്ഷ്യം വച്ച് നടക്കവേ മാധ്യമ പ്രവര്‍ത്തകര്‍ ട്വിറ്ററില്‍ എ ജി യുടെ കോടതിയിലേക്കുള്ള വരവ് ട്വീറ്റ് ചെയ്യുക ആയിരുന്നു.

സമയം 10. 27. ചീഫ് ജസ്റ്റിസ് കോടതിയിലേക്ക് സുപ്രീം കോടതി രജിസ്ട്രാര്‍ ജനറല്‍ രവീന്ദ്ര മൈതാനി എത്തി. കോര്‍ട്ട് മാസ്റ്റര്‍മാര്‍ക്കായുള്ള കസേരകളില്‍ വലത് ഭാഗത്ത് അദ്ദേഹം ഇരുന്നു. 

സമയം 10. 28. ചീഫ് ജസ്റ്റിസ് കോടതിയിലെ കോര്‍ട്ട് മാസ്റ്റര്‍റുടെ (ഇടത് വശത്ത് ) മുന്നില്‍ ഉള്ള മൈക്കിന്റെ അറ്റത്തുള്ള ചുവന്ന ബള്‍ബ് കത്തി. കോര്‍ട്ട് മാസ്റ്റര്‍ എണീറ്റ് ചടങ്ങുകള്‍ അല്‍പ്പ സമയത്തിനുള്ളില്‍ ആരംഭിക്കും എന്ന് അറിയിച്ചു. മൂന്ന് വ്യവസ്ഥകളും അദ്ദേഹം മൈക്കിലൂടെ അനൗണ്‍സ് ചെയ്തു. കൈകൊട്ടാന്‍ പാടില്ല. മുദ്രാവാക്യം വിളിക്കാന്‍ പാടില്ല. ശബ്ദം ഉണ്ടാക്കാന്‍ പാടില്ല. മൊബൈല്‍ ഫോണ്‍ ഉള്ളവര്‍ അത് സൈലന്റ് മോഡില്‍ ആക്കാനും നിര്‍ദേശിച്ചു.

സമയം 10. 30. ചീഫ് ജസ്റ്റിസ് കോടതിയിലെ ജഡ്ജിമാര്‍ പ്രവേശിക്കുന്ന ഇടത് വലത് ഭാഗങ്ങളിലെ വാതിലുകള്‍ തുറന്നു. ഇടത് ഭാഗത്തെ വാതിലൂടെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ആദ്യം കോടതിയില്‍ പ്രവേശിച്ചു. തൊട്ട് പിന്നാലെ ഇടത് ഭാഗത്തെയും വലത് ഭാഗത്തെയും വാതിലിലൂടെ ജഡ്ജിമാര്‍ കോടതിയിലേക്ക്. ചീഫ് ജസ്റ്റിസിന് പുറമെ കോടതിയില്‍ ജസ്റ്റിസ് മാരായ രഞ്ജന്‍ ഗോഗോയി, കുര്യന്‍ ജോസഫ്, അരുണ്‍ മിശ്ര, അഭയ് മനോഹര്‍ സാപ്രെ, ഡി വൈ ചന്ദ്രചൂഡ്, എല്‍ നാഗേശ്വര്‍ റാവു എന്നിവര്‍ ആണ് ഇടത് ഭാഗത്തെ വാതിലൂടെ  കോടതിയില്‍ പ്രവേശിച്ചത്. ഇവര്‍ ആദ്യ നിരയില്‍ ചീഫ് ജസ്റ്റിസിന്റെ ഇടത് ഭാഗത്ത് ഇരുന്നു. ജസ്റ്റിസ് മാരായ മദന്‍ ബി ലോക്കൂര്‍, എ. കെ. സിക്രി, എസ് എ ബോബ്‌ഡെ, എന്‍ വി രമണ, റോഹിങ്ടന്‍ നരിമാന്‍, ആര്‍ ഭാനുമതി, യു യു ലളിത്, എ. എന്‍. ഖാന്‍വില്‍ക്കര്‍, അശോക് ഭൂഷണ്‍ എന്നിവര്‍ വലത് ഭാഗത്തെ വാതിലൂടെ കടന്ന് വന്ന് ചീഫ് ജസ്റ്റിസിന്റെ വലത് ഭാഗത്ത് ഇരുന്നു.

ഇവര്‍ക്ക് പിന്നാലെ ജസ്റ്റിസ്മാരായ സഞ്ജയ് കിഷന്‍ കൗള്‍ അബ്ദുല്‍ നസീര്‍, ദീപക് ഗുപ്ത എന്നിവര്‍ വലത് വാതിലൂടെയും ജസ്റ്റിസ് മാരായ മോഹന ശാന്തന ഗൗഡര്‍, നവീന്‍ സിന്‍ഹ, ഇന്ദു മല്‍ഹോത്ര എന്നിവര്‍ ഇടത് വാതിലിലൂടെയും കോടതിയിലേക്ക് കടന്ന് പിന്‍നിരയില്‍ ഇരുന്നു. പുതുതായി സത്യപ്രതിജ്ഞ ചെയ്യുന്നവരില്‍ ജസ്റ്റിസ് ഇന്ദിര ബാനര്‍ജി ഇടത് വാതലിലൂടെ കടന്ന് പിന്‍നിരയില്‍ ജസ്റ്റിസ് ദീപക് ഗുപ്തയ്ക്ക് സമീപം ഇരുന്നു. തൊട്ട് പിന്നാലെ ജസ്റ്റിസ് വിനീത് ശരണ്‍ വലത് വാതലിലൂടെ കടന്ന് പിന്‍നിരയില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയ്ക്ക് സമീപത്ത് ഇരുന്നു. ഏറ്റവും ഒടുവിലായി ജസ്റ്റിസ് കെ എം ജോസഫ് ഇടത് വാതിലിലൂടെ കടന്ന് പിന്‍നിരയില്‍ ജസ്റ്റിസ് ഇന്ദിര ബാനര്‍ജിക്ക് സമീപത്തെ കസേരയില്‍ ഇരുന്നു.

സത്യ പ്രതിജ്ഞ ചടങ്ങ് ആരംഭിക്കാന്‍ ഉള്ള അനുമതി സുപ്രീം കോടതി രജിസ്ട്രാര്‍ ജനറല്‍ രവീന്ദ്ര മൈതാനി ചീഫ് ജസ്റ്റിസ് നോട് ആരാഞ്ഞു. ചീഫ് ജസ്റ്റിസ് അനുമതി നല്‍കി. രാഷ്ട്രപതി ഭവന്‍ പുറത്ത് ഇറക്കിയ നിയമന ഉത്തരവുകള്‍ രവീന്ദ്ര മൈതാനി വായിച്ചു. ആദ്യം ജസ്റ്റിസ് കെ എം ജോസഫിന്റേത്. പിന്നീട് വിനീത് ശരണ്‍തേത്. ഏറ്റവും ഒടുവില്‍ ജസ്റ്റിസ് ഇന്ദിര ബാനര്‍ജിയുടേത്. അതിന് ശേഷം രാഷ്ട്രപതി ഭവന്‍ പുറത്ത് ഇറക്കിയ വാറന്റ് വായിച്ചു. ആദ്യം ജസ്റ്റിസ് ഇന്ദിര ബാനര്‍ജിയുടേത്. തുടര്‍ന്ന് ജസ്റ്റിസ് ഇന്ദിര ബാനര്‍ജിക്ക് ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലി കൊടുത്തു. വിനീത് ശരണ്‍നിന്റേതായിരുന്നു രണ്ടാം ഊഴം.

മൂന്നാമത് ആണ് ജസ്റ്റിസ് കുറ്റിയില്‍ മാത്യു ജോസഫിന്റെ വാറന്റ് രജിസ്ട്രാര്‍ ജനറല്‍ വായിച്ചത്. രജിസ്ട്രാര്‍ ജനറല്‍ വാറന്റ് വായിക്കുമ്പോള്‍ ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി ജസ്റ്റിസ് കുര്യന്‍ ജോസഫിനോട് എന്തോ സംസാരിക്കുന്നത് കാണാം ആയിരുന്നു. ജസ്റ്റിസ് കുര്യന്‍ ജോസഫ് ഒന്നാം നിരയില്‍ ഇടത് ഭാഗത്ത് ഇരുന്ന ജസ്റ്റിസ് കെ എം ജോസഫിന്റെ കുടുംബത്തെ നോക്കി ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയോട് എന്തോ പറയുന്നതും കാണാം ആയിരുന്നു. ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി ഇടത് ഭാഗത്തേക്ക് നോക്കുന്നതും കണ്ടു.  ഇതിനിടെ സത്യപ്രതിജ്ഞയ്ക്ക് ആയി ജസ്റ്റിസ് കെ എം ജോസഫ് ഒന്നാം നിരയിലെ മധ്യ ഭാഗത്ത് എത്തി. സത്യ പ്രതിജ്ഞയ്ക്കായി ഒന്നാം നിരയിലേക്ക് വരുമ്പോഴും ആ മുഖത്ത് കാര്യമായ ഭാവ വ്യത്യാസം കണ്ടില്ല. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വായിച്ച സത്യപ്രതിജ്ഞ ദൈവ നാമത്തില്‍ ഏറ്റ് ചൊല്ലി. തുടര്‍ന്ന് ഔദ്യോഗിക രേഖയില്‍ ഒപ്പു വച്ചു. ചീഫ് ജസ്റ്റിസും ഔദ്യോഗിക രേഖകളില്‍ ഒപ്പു വയ്ക്കുന്നതിനിടെ ജസ്റ്റിസ് ജോസഫിനെ വലത് ഭാഗത്ത് ഇരുന്ന ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ അഭിനന്ദിച്ച് ഹസ്തദാനം ചെയ്യുന്നത് കാണാം ആയിരുന്നു.

ഔദ്യോഗിക രേഖകളില്‍ ഒപ്പ് വച്ച ശേഷം ആയിരുന്നു ചീഫ് ജസ്റ്റിസിന്റെ അഭിനന്ദ ഹസ്തദാനം. ജസ്റ്റിസ് ജോസഫ് തന്റെ ഇരിപ്പിടത്തിലേക്ക് മടങ്ങിയതോടെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയോട് എന്തോ സംസാരിക്കുന്നത് കണ്ടു. ഇതിന് ശേഷം കോടതി നടപടികള്‍ 11. 30 ന് ആരംഭിക്കും എന്ന് അറിയിച്ച് ചീഫ് ജസ്റ്റിസ് കോടതി മുറിക്ക്  പുറത്തേക്ക് പോയി. തൊട്ട് പിന്നാലെ ഇടത് വാതിലില്‍ കൂടി പ്രവേശിച്ചവര്‍ ഇടത് ഭാഗത്തൂടെയും വലത് വാതിലില്‍ കൂടി പ്രവേശിച്ചവര്‍ വലത് ഭാഗത്തൂടെയും സീനിയോറിറ്റിയുടെ അടിസ്ഥാനത്തില്‍ കോടതിക്ക് പുറത്തേക്ക് പോയി. ഏറ്റവും ഒടുവില്‍ കോടതിയില്‍ നിന്ന് ഇറങ്ങിയത് സീനിയോറിറ്റിയില്‍ ഏറ്റവും ജൂനിയര്‍ ആയ ജസ്റ്റിസ് കെ എം ജോസഫ്.

സത്യപ്രതിജ്ഞ ചടങ്ങ് കാണാന്‍ ജസ്റ്റിസ് കെ എം ജോസഫിന്റെ സഹോദരന്‍ കെ എം കുര്യനും എത്തിയിരുന്നു. 1971 ഒക്ടോബര്‍ 4 ന്  പിതാവ് ജസ്റ്റിസ് കെ കെ മാത്യു സുപ്രീം കോടതി ജഡ്ജി ആയി സത്യപ്രതിജ്ഞ ചൊല്ലി ചുമതല ഏറ്റെടുക്കുന്നത് കാണാന്‍ കെ എം കുര്യനും, സഹോദരിയും, കെ എം ജോസ്ഫ്ഉം അമ്മയ്ക്ക് ഒപ്പം സുപ്രീം കോടതിയില്‍ എത്തിയിരുന്നു. അക്കാലത്ത് എറണാകുളത്തെ കേന്ദ്രിയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥി ആയിരുന്നു കെ എം ജോസഫ്. അച്ഛന്‍ സുപ്രീം കോടതി ജഡ്ജി ആയതോടെ ഡല്‍ഹിയിലെ ഗോള്‍ മാര്‍ക്കറ്റിലെ കേന്ദ്രിയ വിദ്യാലയത്തിലേക്ക് ജസ്റ്റിസ് ജോസഫിനെ മാറ്റി. അക്കാലത്ത് അയല്‍വാസിയും കൂട്ടുകാരനും ആയിരുന്ന ധനഞ്ജയ് ചന്ദ്രചൂഡ് ഇന്ന് സുപ്രീം കോടതി ജഡ്ജി ആയി ജസ്റ്റിസ് ജോസഫിന്റെ  സത്യപ്രതിജ്ഞക്ക് സാക്ഷ്യം വഹിച്ചു.  അച്ഛനും സഹോദരനും സുപ്രീം കോടതി ജഡ്ജിമാര്‍ ആയി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാന്‍ ഉള്ള അപൂര്‍വ്വ ഭാഗ്യം ആണ് കെ എം കുര്യന് ലഭിച്ചത്.

കേരള ഹൈകോടതിയില്‍ നിന്ന് ജസ്റ്റിസ്  എ മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് അനില്‍ കെ നരേന്ദ്രനും ആണ് സത്യാപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ സുപ്രീം കോടതിയില്‍ എത്തിയത്. സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം ചീഫ് ജസ്റ്റിസ് കോടതിക്ക് മുന്നില്‍ വച്ച് ഹാരീസ് ബീരാന്‍ പറയുമ്പോഴാണ് ഇരുവരെയും തിരിച്ച് അറിയാന്‍ കഴിഞ്ഞത്. നേരത്തെ കണ്ടിട്ട് ഇല്ലാത്തതിനാല്‍ ഇരുവരെയും നേരത്തെ ശ്രദ്ധിക്കാന്‍ സാധിച്ചില്ല.

സത്യപ്രതിജ്ഞയ്ക്കും ചായ സല്‍ക്കാരത്തിനും ശേഷം ജസ്റ്റിസ് കെ എം ജോസഫ് മൂന്നാം നമ്പര്‍ കോടതിയില്‍ ആണ് ഇന്ന് ജസ്റ്റിസ് മദന്‍ ബി ലോക്കൂറിനും ജസ്റ്റിസ് ദീപക് ഗുപ്തയ്ക്കും ഒപ്പം കേസ്സുകള്‍ പരിഗണിച്ചത്. ദൈവനാമത്തില്‍ ആണ് ജസ്റ്റിസ് കെ എം ജോസഫ് സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റെടുത്തത്.  സംഖ്യ ശാസ്ത്രത്തില്‍ ജസ്റ്റിസ് ജോസഫിന് വിശ്വാസം ഉണ്ടോ എന്ന് അറിയില്ല. പക്ഷേ മൂന്ന് എന്ന സംഖ്യയും ആയി ജസ്റ്റിസ് ജോസഫിന് എന്തൊക്കെയോ ബന്ധങ്ങള്‍ ഉണ്ടെന്ന് തോന്നിപോകും. മൂന്നാമത് ആയിട്ട് ആയിരുന്നു ഇന്ന് സത്യപ്രതിജ്ഞ. ആദ്യ ദിവസം ഇരുന്നത് മൂന്നാം നമ്പര്‍ കോടതിയില്‍. അതും ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവര്‍ക്ക് ഒപ്പം മൂന്ന് അംഗ ബെഞ്ചില്‍. നാല് വര്‍ഷവും പത്ത് മാസവും 9 ദിവസവും കഴിഞ്ഞ് സുപ്രീം കോടതിയില്‍ നിന്ന് ജസ്റ്റിസ് ജോസഫ് പടി ഇറങ്ങുന്നമ്പോള്‍ ഇതേ മൂന്നാം നമ്പര്‍ കോടതിയിലെ പ്രെസിഡിങ് ജഡ്ജി ആയിരിക്കും. മൂന്നിനോട് ഉള്ള ജസ്റ്റിസ് ജോസഫിന്റെ ബന്ധം അവിടെയും അവസാനിക്കുന്നില്ല.

ജസ്റ്റിസ് ജോസഫിന്റെ പേര് കൊളീജിയം ആദ്യം ശുപാര്‍ശ ചെയ്തത് ജനുവരി 10 ന്. ആ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ ഏപ്രിലില്‍ മടക്കി. മെയ് 2 കൊളീജിയം യോഗം ചേര്‍ന്ന് കേന്ദ്ര സര്‍ക്കാരിന്റെ കത്ത് ചര്‍ച്ച ചെയ്തു. ഒരു തീരുമാനവും ഉണ്ടായില്ല. ഒടുവില്‍ മെയ് 16 ന് കൊളീജിയം മൂന്നാമത് യോഗം ചേര്‍ന്നാണ് ശുപാര്‍ശ വീണ്ടും കേന്ദ്ര സര്‍ക്കാരിന് നല്‍കാന്‍ തീരുമാനിച്ചത്. 

ജസ്റ്റിസ് ബെഞ്ചമിന്‍ കാര്‍ഡോസോയെ കുറിച്ച് പരാമര്‍ശിച്ച് കൊണ്ടാണ് ഈ പോസ്റ്റ് ആരംഭിച്ചത്. ഹൈകോടതിയില്‍ നിന്ന് സുപ്രീം കോടതിയിലേക്ക് ഉയര്‍ത്തുന്നതും ആയി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ആണ് ജസ്റ്റിസ് കെ എം ജോസഫിനെ ജസ്റ്റിസ് ബെഞ്ചമിന്‍ കാര്‍ഡോസോയും ആയി ഉപമിച്ചത്. ജസ്റ്റിസ് ബെഞ്ചമിന്‍ കാര്‍ഡോസോയെ പോലെ ലോക ശ്രദ്ധ നേടുന്ന രാജ്യാന്തര തലത്തില്‍ ചര്‍ച്ച ചെയ്യുന്ന സാമൂഹിക പ്രതിബദ്ധത ഉള്ള വിധികള്‍ സുപ്രീം കോടതി ജഡ്ജി എന്ന നിലയില്‍ എഴുതാന്‍ ജസ്റ്റിസ് ജോസഫിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. 

ഒരു ചെറിയ കാര്യം കൂടി പരാമര്‍ശിക്കാതെ ഈ പോസ്റ്റ് അവസാനിപ്പിക്കുന്നത് അനുചിതം ആകും. ജസ്റ്റിസ് കെ കെ മാത്യുവിന്റെ 25 ആം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് ദി ഹിന്ദു ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ഫാലി എസ് നരിമാന്‍ ജസ്റ്റിസ് മാത്യുവിനെ വിശേഷിപ്പിച്ചത് ജസ്റ്റിസ് ബെഞ്ചമിന്‍ കാര്‍ഡോസോയുടെ ഇന്ത്യന്‍ പതിപ്പ് എന്നായിരുന്നു.ജസ്റ്റിസ് കെ കെ മാത്യു എഴുതിയ വിധികള്‍ ചൂണ്ടിക്കാട്ടി ആയിരുന്നു ഫാലി എസ് നരിമാന്റെ അഭിപ്രായ പ്രകടനം. എന്റെ ആദ്യ വിശേഷണത്തില്‍ ഒരു ചെറിയ ഭേദഗതി വരുത്തുന്നു. ജസ്റ്റിസ് ബെഞ്ചമിന്‍ കാര്‍ഡോസോയുടെ പുതിയ ഇന്ത്യന്‍ പതിപ്പ് ആണ് ജസ്റ്റിസ് കെ എം ജോസഫ്.

റിപ്പോര്‍ട്ടര്‍ ചാനല്‍ ഡല്‍ഹി 
റിപ്പോര്‍ട്ടര്‍ ആണ് ലേഖകന്‍

ജസ്റ്റിസ് ബെഞ്ചമിന്‍ കാര്‍ഡോസോയുടെ ഇന്ത്യന്‍ പതിപ്പിന്റെ സ്ഥാനാരോഹണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക