Image

താന്‍ രാജി വയ്‌ക്കുന്ന കാര്യം ആലോചിച്ചിട്ടില്ല: മോഹന്‍ലാല്‍

Published on 08 August, 2018
താന്‍ രാജി വയ്‌ക്കുന്ന കാര്യം ആലോചിച്ചിട്ടില്ല: മോഹന്‍ലാല്‍


നടി ആക്രമിക്കപ്പെട്ടതും നടന്‍ ദിലീപിനെ അറസ്റ്റ്‌ ചെയ്‌തതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ താരസംഘടനയായ `അമ്മ'യില്‍ നിന്നും താന്‍ രാജി വയ്‌ക്കുന്ന കാര്യം താന്‍ ആലോചിച്ചിട്ടില്ലെന്ന്‌ പ്രസിഡന്റ്‌ മോഹന്‍ലാല്‍ പറഞ്ഞു. എല്ലാവരുടെയും സഹകരണമുണ്ടെങ്കില്‍ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കണ്ട്‌ മുന്നോട്ടു പോകാനാണ്‌ താല്‍പര്യമെന്നും സഹകരണം ഇല്ലാതെ വരുന്ന സാഹചര്യമുണ്ടായാല്‍ രാജിക്കാര്യം ആലോചിക്കുമെന്നും കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത `അമ്മ'യുടെ വാര്‍ത്താ സമ്മേളനത്തിനു ശേഷം മോഹന്‍ലാല്‍ പറഞ്ഞു. സംഘടനയില്‍ വനിതാസെല്‍ രൂപീകരിക്കുന്നതടക്കമുള്ള നടപടികള്‍ ശക്തമാക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

അമ്മയും ഡബ്‌ളിയു.സി.സിയിലെ അംഗങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്‌. കത്തു നല്‍കിയ നടിമാര്‍ രാജി വച്ച സാഹചര്യം അനുഭാവ പൂര്‍വം പരിഗണിക്കും. എല്ലാവരുടെയും ആവശ്യങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാണ്‌. ചര്‍ച്ചയില്‍ കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്‌ത്‌ പരിഹരിക്കും. ചര്‍ച്ചയില്‍ തീരുമാനം രണ്ടു ദിവസത്തിനുള്ളില്‍ മാധ്യമങ്ങളെ അറിയിക്കും. മോഹന്‍ലാല്‍ പറഞ്ഞു.

ദിലീപിനെ തിരിച്ചെടുക്കാനുള്ള അമ്മയുടെ തീരുമാനത്തെ ചോദ്യം ചെയ്‌ത്‌ നേതൃത്വത്തിന്‌ നല്‍കിയ കത്തില്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക്‌ മറുപടി നല്‍കിയോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ ആ വിഷയത്തില്‍ ചര്‍ച്ച പുരോഗമിക്കുകയാണെന്ന്‌ പത്മപ്രിയ, പാര്‍വതി, രേവതി എന്നിവര്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ല. ഇപ്പോഴും ചര്‍ച്ച തുടരുകയാണ്‌. തുറന്നതും ആരോഗ്യപരമായ ചര്‍ച്ചയാണ്‌ നടക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

നടി ആക്രമിക്കപ്പെട്ട കേസില്‍ കക്ഷി ചേരാനുള്ള അമ്മയിലെ അംഗങ്ങളായ രചന നാരായണന്‍ കുട്ടി, ഹണി റോസ്‌ എന്നിവരുടെ തീരുമാനം അവരുടെ സ്വമേധയാ ഉള്ള തീരുമാനമായിരുന്നുവെന്നും അമ്മയുടെ തീരുമാനമായിരുന്നില്ല എന്നും നടന്‍ ജഗദീഷ്‌ പറഞ്ഞു. നടിക്ക്‌ പിന്തുണ നല്‍കുന്ന കാര്യം അവരുമായി ചര്‍ച്ച ചെയ്‌തിട്ടുണ്ട്‌. ഹര്‍ജിയില്‍ കക്ഷി ചേരുന്ന കാര്യത്തില്‍ ചില നിയമപരമായ പിഴവുകള്‍ സംഭവിച്ചിട്ടുണ്ട്‌.

അതും പരിഹരിക്കും. ആക്രമിക്കപ്പെട്ട നടിയെ സഹായിക്കുക എന്ന നല്ല ഉദ്ദേശത്തോടു കൂടി മാത്രമേ അവര്‍ ഇക്കാര്യത്തില്‍ ഇടപെട്ടിട്ടുള്ളൂ എന്നും ജഗദീഷ്‌ വ്യക്തമാക്കി.
രേവതി, പാര്‍വതി, പത്മപ്രിയ എന്നിവരുമായുള്ള ചര്‍ച്ച രണ്ടര മണിക്കൂര്‍ നീണ്ടു നിന്നു. മോഹന്‍ലാലിനു പുറമേ, രചന നാരായണന്‍ കുട്ടി, ഹണി റോസ്‌, ഇടവേള ബാബു, ബാബുരാജ്‌, മുകേഷ്‌, ടിനി ടോം, ജയസൂര്യ, ഇന്ദ്രന്‍സ്‌, ആസിഫ്‌ അലി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
















.







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക