Image

ബൈ അമേരിക്കനില്‍ കുടുങ്ങിയ സിപ്പര്‍ (ഏബ്രഹാം തോമസ്)

Published on 08 August, 2018
ബൈ അമേരിക്കനില്‍ കുടുങ്ങിയ സിപ്പര്‍ (ഏബ്രഹാം തോമസ്)

ഡണ്‍ലാപ്, ടെന്നിസ്സി
അപ്‌ളാച്ചിയിലെ ഒരു ചെറിയ നിര്‍മ്മാണ കമ്പനിയാണ് ഡണ്‍ലാപ് ഇന്‍ഡസ്ട്രീസ്. 15 വര്‍ഷത്തില്‍ കൂടുതല്‍ യുഎസ് മിലിട്ടറി യൂണിഫോമുകള്‍ക്ക് സിപ്പറുകള്‍ ഉണ്ടാക്കിയിരുന്നത് ഈ കമ്പനിയാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഒരു എതിരാളി കമ്പനി പരാതി നല്‍കി ഈ കമ്പനി സിപ്പറുകളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന എല്ലാ സാധനങ്ങളും യുഎസ് നിര്‍മ്മിതമല്ല എന്ന്. പരാതി നല്‍കിയത് ഒരു ജാപ്പനീസ് കമ്പനി ആയിരുന്നു എന്നത് വിരോധാഭാസമായി തോന്നാം.

ഫെഡറല്‍ നിയമം, ബെറി ലോ എന്നറിയപ്പെടുന്ന ഭേദഗതി ഗവണ്‍മെന്റ് അമേരിക്കയില്‍ നിന്നുള്ള സാധനങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് നിഷ്‌കര്‍ഷിക്കുന്നു. എന്നാല്‍ ഇന്നത്തെ കാലം ഗ്ലോബല്‍ സാമ്പത്തിക വ്യവസ്ഥയുടേതാണ്. തന്റെ ഉല്‍പന്നത്തില്‍ ഉപയോഗിക്കുന്ന എല്ലാ സാധനങ്ങളും അമേരിക്കന്‍ നിര്‍മ്മിതമാകുക അസാധ്യമാണ്. രണ്ടാം ലോക മഹായുദ്ധകാലത്ത് അമേരിക്കന്‍ വ്യവസായങ്ങളെ സഹായിക്കുവാന്‍ വേണ്ടി ഉണ്ടാക്കിയ നിയമം ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ ജപ്പാന്‍ ആസ്ഥാനമാക്കിയ വൈകെകെ എന്ന ലോകത്തിലെ ഏറ്റവും വലിയ സിപ്പര്‍ കമ്പനിയെയാണ് സഹായിക്കുന്നതെന്ന് ഡണ്‍ലാപ് കമ്പനിയുടെ പ്രസിഡന്റ് റോബര്‍ട്ട് കാസ്‌നിക്ക് ആരോപിക്കുന്നു.

വൈകെകെ കോര്‍പ്പറേഷന്റെ നോര്‍ത്ത് അമേരിക്ക ഡിവിഷന്‍ ജോര്‍ജിയയിലാണ്. ഇവിടെയാണ് ഈ കമ്പനി സിപ്പറുകള്‍ നിര്‍മ്മിക്കുന്നത്. ഡണ്‍ലാപിന് നഷ്ടമായ കോണ്‍ട്രാക്ടുകള്‍ ഈ കമ്പനിക്കാണ് ലഭിച്ചത്. വൈകെകെ നോര്‍ത്ത് അമേരിക്ക ഡിവിഷന്‍ പ്രസിഡന്റ് ജിം റീഡ് ഒരു പ്രസ്താവനയില്‍ ഡണ്‍ലാപിനെതിരെ പരാതി നല്‍കാന്‍ കാരണം ചില എതിരാളികള്‍ക്ക് വില കുറച്ച് ഉല്‍പന്നം നല്‍കാന്‍ സഹായമായത് അമേരിക്കയില്‍ നിര്‍മ്മിക്കുന്നതു കൊണ്ടാണെന്ന് പറഞ്ഞു.

1966 ല്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെന്നിസ്സിയുടെയും ടെന്നിസി വാലി അതോറിറ്റിയുടെയും സഹായത്തോടെയാണ് ഡണ്‍ലാപ് ഇന്‍ഡസ്ട്രീസ് ആരംഭിച്ചത്. ഉദ്ദേശം തൊഴിലസരങ്ങള്‍ ദൗര്‍ലഭ്യമായിരുന്ന സെക്യുവാച്ചി വാലിയിലെ ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുക ആയിരുന്നു. കോണ്‍ട്രാക്ടുകള്‍ നഷ്ടമായതിനാല്‍ ഒരു ഡസനിലധികം ജീവനക്കാരെ പിരിച്ചുവിടേണ്ടി വന്നുവെന്നും ശേഷിച്ച 90 ജീവനക്കാര്‍ക്ക് ആവശ്യമായ തൊഴില്‍ നല്‍കാന്‍ ബദ്ധപ്പെടുകയാണെന്നും ക്വാസനിക്ക് പറയുന്നു.

പ്രശ്‌നം ആരംഭിച്ചത് ഡണ്‍ലാപ് സിപ്പറുകള്‍ മുകളിലേയ്ക്ക് വലിക്കുവാനും താഴേയ്ക്ക് തുറക്കുവാനും ഉപയോഗിക്കുന്ന ഒരു സ്ലൈഡര്‍ - ചെറിയ ഒരു ടാബും അതിനോട് ചേര്‍ന്നുള്ള അറ്റാച്ച്‌മെന്റും ഏഷ്യയിലാണ് നിര്‍മ്മിക്കുന്നതെന്നു വൈകെകെ പരാതിപ്പെട്ടത് മുതലാണ്.

2017 ഏപ്രിലില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുറത്തിറക്കിയ എക്‌സിക്യൂട്ടീവ് ഓര്‍ഡറില്‍ അമേരിക്കന്‍ കമ്പനികള്‍ക്കും ഉല്‍പന്നങ്ങള്‍ക്കും സംരക്ഷണം നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ പിന്‍ബലത്തിലായിരിക്കണം വൈകെകെ പരാതി നല്‍കിയത്.

ബെറി ഭേദഗതിയും ബൈ അമേരിക്കന്‍ നിയമവും കര്‍ശനമായി പാലിക്കണമെന്ന് 2017 ജൂണ്‍ 20 ന് ഡിഫന്‍സ് ഡിപ്പാര്‍ട്ടുമെന്റ് ഡയറക്ടര്‍ മെമ്മോ പുറത്തിറക്കി.

ക്വാസ്‌നിക്ക് പറയുന്നത് സിപ്പറിന്റെ പ്രധാന ഭാഗങ്ങളായ ഫൈബര്‍ തുടങ്ങിയവ അമേരിക്കയിലാണ് നിര്‍മ്മിക്കുന്നത് എന്നാണ്. ഡിപ്പാര്‍ട്ട്‌മെന്റ് ഡിഫന്‍സ് ഇന്‍സ്‌പെക്ടര്‍ ജനറലിന്റെ കണ്ടെത്തല്‍ അനവധി ഡിഫന്‍സ് കോണ്‍ട്രാക്ടുകള്‍ ബെറി ഭേദഗതി പാലിച്ചുകൊണ്ട് അല്ല എന്നായിരുന്നു. ഇങ്ങനെയാണ് ഡണ്‍ലാപിന് കോണ്‍ട്രാക്ടുകള്‍ നഷ്ടമായത്.

എല്ലാ സാധനങ്ങളും അമേരിക്കന്‍ കമ്പനികളില്‍ നിന്ന് തന്നെ വാങ്ങുക വളരെ വില കൂടിയ പ്രക്രിയയായിരിക്കും എന്ന് ക്വാസ്‌നിക്ക് പറയുന്നു. എന്നാല്‍ വൈകെകെ നോര്‍ത്ത് അമേരിക്കയുടെ സിപ്പറുകളുടെ എല്ലാ ഭാഗങ്ങളും യുഎസില്‍ നിന്ന് തന്നെയാണ് വരുന്നതെന്ന് റീഡ് പറയുന്നു. വൈകെകെയില്‍ നിന്ന് സ്ലൈഡറുകള്‍ വാങ്ങാന്‍ ശ്രമിച്ചുവെന്നും എന്നാല്‍ തന്റെ കമ്പനിക്ക് അവര്‍ സ്ലൈഡറുകള്‍ നല്‍കാന്‍ തയാറാകുന്നില്ലെന്നും ക്വാസ്‌നിക്ക് പറഞ്ഞു.

പ്രശ്‌നം ടെന്നിസ്സിയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ യുഎസ് സെക്രട്ടറി ഓഫ് ഡിഫന്‍സ് ജിം മാറ്റിസിന് മുമ്പാകെ അവതരിപ്പിച്ചുവെങ്കിലും തീരുമാനം ഉണ്ടായില്ല. റിപ്പബ്ലിക്കന്‍ ജനപ്രതിനിധി സ്‌കോട്ട് ഡെസ് ജാര്‍ലെയ്‌സ് നോണ്‍ ടെക്‌സ്‌റ്റൈല്‍ സിപ്പര്‍ ഭാഗങ്ങളെ നിയമത്തില്‍ നിന്ന് ഒഴിവാക്കണം എന്നൊരു നിയമ നിര്‍ദേശം കൊണ്ടുവന്നു. പക്ഷെ അലയന്‍സ് ഫോര്‍ അമേരിക്കന്‍ മാനുഫാക്ചറേഴ്‌സ് പോലെയുള്ള സംഘടനകള്‍ നിര്‍ദേശത്തെ വീറോടെ എതിര്‍ത്തു. അവര്‍ പ്രശ്‌നം ശരിയായി മനസ്സിലാക്കിയില്ല എന്നാണ് ക്വാസ്‌നിക്ക് പ്രതികരിച്ചത്.

ഡണ്‍ലാപ് ഇന്‍ഡസ്ട്രീസിനെ പോലെയുള്ള ചെറിയ വ്യവസായങ്ങള്‍ അമേരിക്കയില്‍ 70 ശതമാനം പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നു. നിയമം എന്താണെന്ന് വ്യക്തമാക്കിയില്ലെങ്കില്‍ ആയിരക്കണക്കിന് തൊഴില്‍ അവസരങ്ങള്‍ ബഹുരാഷ്ട്ര കോര്‍പ്പറേഷനുകളിലേയ്ക്ക് പോകും എന്നു ക്വാസ്‌നിക്ക് മുന്നറിയിപ്പ് നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക