Image

ദുരിതാശ്വാസ നിധിയിലേക്ക് അമേരിക്കയില്‍ നിന്നു ഒരു രൂപ പോലും എത്തിയില്ല

Published on 10 August, 2018
ദുരിതാശ്വാസ നിധിയിലേക്ക് അമേരിക്കയില്‍ നിന്നു ഒരു രൂപ പോലും എത്തിയില്ല
തിരുവനന്തപുരം: കേരളത്തില്‍ സംഹാര താണ്ഡവമാടുന്ന മഹാ പ്രളയത്തില്‍ വലയുന്നവരെ സഹായിക്കാന്‍ അമേരിക്കയിലും സംഘടനകളും ദേവാലാങ്ങളുമൊക്കെ പണം പിരിക്കുന്നുണ്ടെങ്കിലും അതൊന്നും ഇനിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തിയിട്ടില്ല.

ലോകത്തിന്റെ മറ്റെല്ലാ ഭാഗങ്ങളില്‍ നിന്നും മലയാളികള്‍ പണം അയക്കുമ്പോള്‍ ഒരു രൂപ പോലും അമേരിക്കയില്‍ നിന്ന് എത്തിയിട്ടില്ല എന്നാണു അറിയുന്നത്. പണം പിരിച്ചവര്‍ പോലും അത് സാവകാശം അയക്കാമെന്നു കരുതുന്നുണ്ടാകാം. എന്നാല്‍ ഇതാണു അടിയന്തര ഘട്ടമെന്നും ഇപ്പോഴാണു സഹായം എത്തേണ്ടതെന്നും അധിക്രുതര്‍ ചൂണ്ടിക്കാട്ടുന്നു

കഴിഞ്ഞ കുറെ ആഴ്ചകളിലായി അമേരിക്കയിലെ വിവിധ ദേവാലയങ്ങളിലും സംഘടനകളിലുമൊക്കെ പണം സ്വരൂപിച്ചിട്ടുണ്ട്. അവ എത്രയും പെട്ടെന്നു താഴെ പറയുന്ന അക്കൗണ്ടുകളിലേക്ക് അയക്കണം.സംഭാവന പൂര്‍ണ്ണമായും ആദായനികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അക്കൗണ്ട് നമ്പര്‍: 67319948232, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സിറ്റി ബ്രാഞ്ച്, തിരുവനന്തപുരം, IFSC: SBIN0070028. CMDRF 

സമീപകാലത്തെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഇപ്പോള്‍ കേരളം നേരിട്ടത്. 130-ലേറെ മനുഷ്യജീവനുകള്‍ നഷ്ടപ്പെട്ടു. കൃഷിക്കും വീടുകള്‍ക്കും മറ്റു വസ്തുക്കള്‍ക്കും വലിയ നാശമുണ്ടായി. ആലപ്പുഴ ജില്ലയിലാണ് ഏറ്റവും വലിയ ദുരിതമുണ്ടായത്. കുട്ടനാടന്‍ മേഖല ഇപ്പോഴും വെള്ളത്തിലാണ്.

മനുഷ്യജീവനും വീടുകള്‍ക്കും മറ്റു വസ്തുവകകള്‍ക്കും റോഡുകള്‍ക്കും ഭീമമായ നഷ്ടമാണ് കുറച്ചുദിവസങ്ങള്‍ക്കകമുണ്ടായത്. ദുരന്തം നേരിടാന്‍ എല്ലാവരും കൈകോര്‍ത്തു നില്‍ക്കണം.

ആരുടെയും അഭ്യര്‍ത്ഥനയില്ലാതെ തന്നെ ധാരാളം വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും ഈ അവസരത്തില്‍ സഹായവുമായി സര്‍ക്കാരിനെ സമീപിക്കുന്നുണ്ട്. അവരോടെല്ലാം നന്ദി അറിയിക്കുന്നു. ഓഖി ദുരന്തമുണ്ടായപ്പോള്‍ കേരളം ഒന്നിച്ചുനിന്നാണ് അതിനെ നേരിട്ടത്. അതുപോലെ നാം കൈകോര്‍ത്തു നില്‍ക്കേണ്ട സന്ദര്‍ഭമാണിത്.

സാമ്പത്തിക പരിമിതി കണക്കിലെടുക്കാതെ ദുരിതാശ്വാസത്തിന് സംസ്ഥാന സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്യുന്നുണ്ട്. കൂടുതല്‍ സഹായമെത്തിക്കുന്നതിന് എല്ലാവരുടെയും സഹായവും പിന്തുണയും ആവശ്യമാണ്. ദുരിതാശ്വാസത്തിന് കര്‍ണാടക സര്‍ക്കാര്‍ 10 കോടി രൂപയും തമിഴ്‌നാട് 5 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഇരു സര്‍ക്കാരുകളെയും മുഖ്യമന്ത്രി നന്ദി അറിയിച്ചു.

ജൂലൈ 26 മുതല്‍ ആഗസ്റ്റ് 9 വരെയുളള ദിവസങ്ങളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 1.75 കോടി രൂപ സംഭാവനയായി ലഭിച്ചിട്ടുണ്ട് കൂടുതല്‍ പണം ഇനിയും ഉണ്ടെങ്കിലേ സാധാരണ രീതിയിലേക്കു കേരളത്തെ തിരിച്ചുകൊണ്ടുവരാന്‍ പറ്റുകയുള്ളു .അണ്ണാറകണ്ണനും തന്നാലായത് എന്ന പോലെ എല്ലാവരും കയ്യയച്ചു തുണച്ചാല്‍ ഈ പ്രതിസന്ധി മറികടക്കനാവും 
ദുരിതാശ്വാസ നിധിയിലേക്ക് അമേരിക്കയില്‍ നിന്നു ഒരു രൂപ പോലും എത്തിയില്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക