Image

കലൈഞ്ജര്‍ മുത്തുവേല്‍ കരുണാനിധി (1924-2018): ദ്രവീഡിയന്‍ രാഷ്ട്രീയത്തിലെ അവസാനത്തെ അതികായകന്‍ (ദല്‍ഹികത്ത്: പി.വി.തോമസ് )

പി.വി.തോമസ് Published on 11 August, 2018
കലൈഞ്ജര്‍ മുത്തുവേല്‍ കരുണാനിധി (1924-2018): ദ്രവീഡിയന്‍ രാഷ്ട്രീയത്തിലെ അവസാനത്തെ അതികായകന്‍ (ദല്‍ഹികത്ത്: പി.വി.തോമസ് )
കരുണാനിധി അന്തരിച്ചു(94). അഞ്ച് പ്രാവശ്യം തമിഴകത്തിന്റെ മുഖ്യമന്ത്രി ആയിരുന്നു. 13 പ്രാവശ്യം നിയമസഭ സാമാജികനും. ഒരിക്കലും തോല്‍പിക്കപ്പെട്ടിട്ടില്ല.
ദ്രാവീഡിയന്‍ രാഷ്ട്രീയത്തിലെ അവസാനത്തെ അതികായനാണ് കലൈഞ്ജര്‍ മുത്തുവേല്‍ കരുണാനിധിയുടെ മരണത്തിലൂടെ മണ്‍മറഞ്ഞത്. മക്കള്‍ തിലകം എം.ജി.രാമചന്ദ്രന്റെയും പുരശ്ചി തലൈവി ജയലളിതയുടെയും മരണത്തിനുശേഷം(1987, 2016) അനാഥമായിക്കൊണ്ടിരിക്കുന്ന ദ്രവീഡിയന്‍ രാഷ്ട്രീയത്തിന് ഏറ്റവും അവസാനത്തെ പ്രഹരം ആണ് കരുണാനിധിയുടെ വേര്‍പാട്. 

എന്തായിരിക്കും ഇനി ദ്രവീഡിയന്‍ രാഷ്ട്രീയത്തിന്റെ ഗതിയും വിധിയും ദിശയും? വെമ്പി നില്‍ക്കുന്ന ബി.ജെ.പി.ക്ക് ഒരു കാല്‍ വിരല്‍ വെയ്ക്കുവാന്‍
 അവസരം ലഭിക്കുമോ? ഡി.എം.കെയുടെ രാഷ്ട്രീയ ഭാവിയെ ഇത് എങ്ങനെ ബാധിക്കും? കരുണാനിധിയുടെ നിര്യാണം ദേശീയ രാഷ്ട്രീയത്തെ എങ്ങനെ സ്വാധീനിക്കും? ഇതാണ് ഇവിടെ ഇത്തരുണത്തില്‍ വിശകലനം ചെയ്യപ്പെടേണ്ടത്, ഒപ്പം കരുണാനിധിയുടെ അതുല്യമായ സംഭാവനകളും, ഭരണ-രാഷ്ട്രീയ നേട്ടങ്ങളും വികലതകളും, അഴിമതി ആരോപണ വിധേയത്വവും, മക്കള്‍-കുടുംബ രാഷ്ട്രീയ ആരോപണങ്ങളും സംശയമില്ല.

കരുണാനിധി ഒരു ദക്ഷിണേന്ത്യന്‍ ദ്രാവീഡിയന്‍ രാഷ്ട്രീയ ഇതിഹാസം ആയിരുന്നു. ബ്രാമിണ മേധാവിത്വത്തിന് എതിരായിട്ട് അദ്ദേഹം പോരാടി. കീഴ്ജാതിക്കു വേണ്ടി നിലകൊണ്ടു. അതു പോലെ തന്നെ തമിഴ് ഭാഷക്കും തമിഴ് വ്യക്തിത്വത്തിനുവേണ്ടിയും തമിഴ് സ്വാഭിമാനത്തിനുവേണ്ടിയും സമരം നടത്തി. ജാതി-വര്‍ഗ്ഗ-വര്‍ണ്ണ വിവേചനവും അദ്ദേഹത്തിന്റെ ബദ്ധശത്രു ആയിരുന്നു. കൂട്ടുകക്ഷിഭരണപരീക്ഷണത്തിന്റെ കുലപതി ആയിരുന്നു അദ്ദേഹം. ആദ്യം സൂചിപ്പിച്ചതുപോലെ അദ്ദേഹം കുടുംബരാഷ്ട്രീയത്തിന്റെ ആചാര്യനും ആയിരുന്നു. 1924-ല്‍ നാഗപട്ടണത്ത്  ദക്ഷിണാമൂര്‍ത്തി എന്ന പേരില്‍ ജനിച്ചു കരുണാനിധിയുടെ ബാല്യം യാതനാപൂര്‍ണ്ണം ആയിരുന്നു. തുടക്കത്തിലെ തന്നെ സ്‌ക്കൂള്‍ വിദ്യാഭ്യാസം നിറുത്തിയ അദ്ദേഹം കലയുടെ ലോകത്താണ് ശ്ര്ദ്ധ കേന്ദ്രീകരിച്ചത്. നാടക-സിനിമ തിരക്കഥ രചന അദ്ദേഹത്ിതന് ഹരം ആയിരുന്നു. ആദ്യ തരിക്കഥയായി സിനിമ 'രാജകുമാരി' കരുണാനിധിയുടെ വരവ് അറിയിച്ചു. പരാശക്തി എന്ന തിരക്കഥ ശിവാജി ഗണേശനെ താരം ആക്കി. അദ്ദേഹത്തിന്റെ സിനിമക്കഥകളിലും സാഹിത്യകൃതികളിലും ശക്തമായ സന്ദേശം ഉണ്ടായിരുന്നു. സംഭാഷണങ്ങള്‍ ചാട്ടുളിപോലെ തുളച്ചുകയറുന്ന സാമൂഹ്യ വിമര്‍ശനം ആയിരുന്നു. 1942-ല്‍ കയ്യെഴുത്തു മാസികയായി ആരംഭിച്ച 'മുരസോളി' ദ്രവീഡിയന്‍ മുന്നേറ്റത്തിന്റെ സന്ദേശവാഹകന്‍ ആയിരുന്നു. ഇന്നും ഡി.എം.കെ.യുടെ മുഖപത്രം ആണ് അത്. 1944-ല്‍ ഡി.എം.കെ.യുടെ സ്ഥാപക നേതാക്കന്മാരില്‍ ഒരാള്‍ ആയ കരുണാനിധി പിന്നെ തിരിഞ്ഞുനോക്കിയിട്ടില്ല. ആദ്യം സൂചിപ്പിച്ചതുപോലെ ഒരിക്കല്‍പോലും തോല്‍ക്കാതെ 13 പ്രാവശ്യം നിയമസഭസാമാജികന്‍ ആയി എന്നത്, അതും മരണം വരെ, ഒരു അപൂര്‍വ്വ നേട്ടം ആണ്. അഞ്ച് പ്രാവശ്യം മുഖ്യമന്ത്രിയും ആയി അദ്ദേഹം. 1957 ല്‍ മുപ്പത്തിമൂന്നാമത്തെ വയസില്‍ നിയമസഭ അംഗം ആയ കരുണാനിധി 1969-ല്‍ മുഖ്യമന്ത്രി ആയി അണ്ണാദുരയുടെ മരണാനന്തരം. 50 വര്‍ഷക്കാലം അദ്ദേഹം ഡി.എം.കെ.യുടെ അദ്ധ്യക്ഷന്‍ ആയിരുന്നു, മരണം വരെ. ഇത് ഇന്‍ഡ്യയില്‍ തന്നെ സമാനതകള്‍ ഇല്ലാത്ത ഒരു ചരിത്രനാഴികക്കല്ല് ആണ്. ഡി.എം.കെ.യുടെ ജനാധിപത്യ സ്വഭാവത്തെ ആണോ കരുണാനിധിയുടെ നേതൃപാടവത്തെയും വ്യക്തിപ്രഭാവത്തെയും ആണോ അത് വിളംബരം ചെയ്യുന്നതെന്ന് പരിശോധിച്ചാല്‍ വ്യക്തമായ ഉത്തരം ഇല്ല. എങ്കിലും വ്യക്തിപ്രഭാവം എന്ന് വിലയിരുത്താം.

പാര്‍ട്ടിയും ഭരണവുംം രാഷ്ട്രീയവും അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ചൊല്‍പടിയില്‍ ആയിരുന്നു. കരുണാനിധിക്ക് മൂന്ന് ഭാര്യമാര്‍ ഉണ്ടായിരുന്നു. ആദ്യഭാര്യ പത്മാവതിയില്‍ ജനിച്ച മുത്തു എന്ന മകനെയാണ് കരുണാനിധി അദ്ദേഹത്തിന്റെ അനന്തരാവകാശി ആയി വാഴിക്കുവാന്‍ തീരുമാനിച്ചിരുന്നത് ഇത് അന്ന് ഡി.എം.കെ.യില്‍ അദ്ദേഹത്തിന് വെല്ലുവിളി ഉയര്‍ത്തിയ എം.ജി.ആറി.നെ ഒതുക്കുവാന്‍ ആയിരുന്നു. പക്ഷേ, എം.ജി.ആര്‍ പാര്‍ട്ടി പിളിര്‍ത്തി അണ്ണാ ഡി.എം.കെ. സ്ഥാപിച്ചപ്പോള്‍ മുത്തു എം.ജി.ആറിന് ഒപ്പം ചേര്‍ന്നു. ആദ്യ ഭാര്യ മരിച്ചപ്പോള്‍ കരുണാനിധി ദയാലു അമ്മാളിനെ വിവാഹം കഴിച്ചു. ഇതില്‍ നാല് മക്കള്‍ ഉണ്ട്. ഇവരില്‍ എ.കെ. അലഗിരിയും എം.കെ.സ്റ്റാലിനും തമ്മിലുണ്ടായ പിന്തുടര്‍ച്ചാവകാശ പോരിനെ തുടര്‍ന്നു 2014 ല്‍ അലഗിരിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. സ്റ്റാലിന്‍ ആണ് ഇപ്പോള്‍ പാര്‍ട്ടിയുടെ നേതാവ്. 1960 ല്‍ കരുണാനിധി രജതി അമ്മാളിനെ വിവാഹം കഴിച്ചു. അവരില്‍ കരുണാനിധിക്കുള്ള മകള്‍ ആണ് കനിമൊഴി. രാജ്യസഭ അംഗം ആയി കനിമൊഴി 2 ജി സ്‌പെക്ട്രം കേസില്‍ പാര്‍ട്ടി നേതാവ് ആയ രാജയോടൊപ്പം തീഹാര്‍ ജയിലില്‍ കിടന്നിട്ടുണ്ട്. ഇപ്പോള്‍ കുറ്റവിമുക്ത ആയി. കരുണാനിധിയുടെ ചെറുമരുമകന്‍ ദയാനിധി മാരന്‍ കേന്ദ്രമന്ത്രി ആയിരുന്നു. അദ്ദേഹം അഴിമതി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇന്‍ഡ്യയിലെ അനേകം രാഷ്ട്രീയ കുടുംബങ്ങളില്‍ ഒന്നുമാത്രം ആണ് കരുണാനിധിയുടെ ഈ കുടുംബവും.

കരുണാനിധി കോണ്‍ഗ്രസിന്റെ സഖ്യകക്ഷി ആയിട്ടുണ്ട്. ദ്രാവിഡ രാഷ്ട്രീയം പറയുമെങ്കിലും ബി.ജെ.പി.യുമായി കൂട്ടുചേര്‍ന്നിട്ടുണ്ട്. ഇരുകൂട്ടരുമായി പിണങ്ങി പിരിഞ്ഞിട്ടുണ്ട്. രണ്ടുപ്രാവശ്യം അദ്ദേഹത്തിന്റെ ഗവണ്‍മെന്റിനെ കേന്ദ്രം പ്ിരിച്ചുവിട്ടിട്ടുണ്ട്. എന്നിട്ടും 1977-ല്‍ ഒരു വര്‍ഷത്തിനുശേഷം അദ്ദേഹം ഇന്ദിരഗാന്ധിയുമായി വീണ്ടും സഖ്യം ചേര്‍ന്നു. കരുണാനിധി വലിയ ഒരു രാഷ്ട്രീയ തന്ത്രശാലിയും അതോടൊപ്പം അവസരവാദിയും ആയിരുന്നു. രാഷ്ട്രീയത്തില്‍ ഒരു പക്ഷേ, ദക്ഷിണേന്ത്യ കണ്ട ചാണക്യന്‍ ആയിരുന്നു അദ്ദേഹം, കാമരാജ് കഴിഞ്ഞാല്‍. അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് കാരാഗൃഹവാസം അനുഭവിച്ചിട്ടും തമിഴ് ജനതക്കിടയില്‍ അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തിന് ഒട്ടും മങ്ങല്‍ ഏല്‍പിച്ചില്ല. എം.ജി.ആറും അതിനുശേഷം ജയലളിതയും അദ്ദേഹത്തെ അധികാരത്തില്‍ നിന്നും ഏറെക്കാലം വെളിയില്‍ നിറുത്തിയെങ്കിലും അദ്ദേഹം തളര്‍ന്നില്ല.
ദ്രവീഡിയന്‍ ദേശീയതയുടെയും ഹിന്ദി വിരുദ്ധതയുടെയും പ്രതീകം ആയിരുന്നു കരുണാനിധി. ദ്രവീഡിയന്‍ ദേശീയത എന്നാല്‍ എന്താണെന്ന് അദ്ദേഹം ആണ് മറ്റ് ദക്ഷിണേന്ത്യന്‍ രാഷ്ട്രീയ നേതാക്കന്മാരെ പഠിപ്പിച്ചത്. അതുപോലെ തന്നെ ഫെഡറലിസത്തിന്റെ അര്‍ത്ഥവും വ്യാപ്തിയും കരുണാനിധി ആണ് വ്യാഖ്യാനിച്ചത്. ദ്രവീഡിയന്‍ സംസ്‌കാരത്തില്‍ അദ്ദേഹം ഊറ്റം കൊണ്ടിരുന്നു. അതിനെ പ്രതിരോധിക്കുവാനും നിലനിര്‍ത്തുവാനും അദ്ദേഹം പ്രതിജ്ഞാബദ്ധന്‍ ആയിരുന്നു. ഭാഷക്ക് രാഷ്ട്രീയം ഉണ്ടെന്നും ഹിന്ദി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അടിച്ചേല്‍പിക്കുവാനുള്ള ശ്രമം അതിന്റെ ഭാഗം ആണെന്നും 1950 കളിലും 1960 കളിലും അദ്ദേഹം മനസിലാക്കിയിരുന്നു. അതിന്റെ ഭാഗം ആയിരുന്നു ഹിന്ദി വിരുദ്ധ സമരങ്ങള്‍. ദ്രവീഡിയന്‍ ദേശീയ സംഘര്‍ഷത്തിനും ഹിന്ദി വിരുദ്ധതയ്ക്കും വിള്ളല്‍ ഏറ്റിട്ടുണ്ടോ എന്നും അവ കാലാനുസൃതമായി മാറിയിട്ടുണ്ടോ എന്നും വരും കാലങ്ങളില്‍ അറിയാം.

ഡി.എം.കെ. ഒറ്റക്കെട്ടായി നിന്നാല്‍ സ്റ്റാലിന്റെ കീഴില്‍ അതിന് ശോഭനമായ ഒരു ഭാവി ഉണ്ട്. അധികാരത്തില്‍ തിരിച്ചു വരാം. അല്ല അത് ഉള്‍പ്പോരില്‍ മുങ്ങിപ്പോയാല്‍ ശിഥലീകരിച്ചു പോകും. സ്റ്റാലിന് മറ്റ് നേതാക്കന്മാരെയും അണികളെയും ഒരുമിച്ച് നിര്‍ത്തേണ്ടതായി വരും. കരുണാനിധി കടുത്ത ഒരു നിരശ്വരവാദി ആയിരുന്നു. അതുകൊണ്ടാണ് മറീന കടല്‍ തീരത്തെ അദ്ദേഹത്തിന്റെ ശവസംസ്‌ക്കാരം ഒരു മതാചാരപ്രകാരവും അല്ലാതെ നടത്തിയത്. പക്ഷേ, കരുണാനിധിയുടെ ആദര്‍ശങ്ങളും ചിട്ടകളും തെറ്റിച്ച് അമ്പലങ്ങളും, പള്ളികളും, മോസ്‌ക്കുകളും സന്ദര്‍ശിക്കുന്ന ഒരു ആധുനിക രാഷ്ട്രീയക്കാര്‍ ആണ്. ഇത് അദ്ദേഹത്തിന് ഗുണം ആണോ ദോഷം ആണോ ചെയ്യുക എന്നത് കണ്ടറിയണം. ഏതായാലും തല്‍ക്കാലം സ്റ്റാലിന്‍ കരുത്തനായ നേതാവും, കരുണാനിധിയുടെ പിന്‍ഗാമിയും ആണ്.

അദ്ദേഹത്തിന് വെല്ലുവിളി ഉയര്‍ത്തുവാന്‍ അണ്ണാ ഡി.എം.കെ.ക്ക് തല്‍ക്കാലം കരുത്തില്ല; ജയലളിതയുടെ മരണശേഷം അത് മൂന്നായി പിളര്‍ന്നിരിക്കുന്നു. ബി.ജെ.പി. ഭരണകക്ഷിയായ അണ്ണാ ഡി.എം.കെ.യിലൂടെ ദ്രാവിഡ മണ്ണില്‍ കാലുകുത്തുവാന്‍ ശ്രമിക്കുന്നുണ്ട്. വിജയിക്കുമോ എന്നത് കണ്ടറിയണം. ഇപ്പോഴത്തെ സംസ്ഥാന ഭരണം തന്നെ കേന്ദ്രത്തിന്റെ പ്രോക്‌സി ഭരണം ആണെന്ന പരാതിയും ഉണ്ട്. അതിന്റെ ഫലമായിട്ടാണത്രെ മറീന കടല്‍ തീരത്ത് കരുണാനിധിയുടെ ശവശരീരം അടക്കുവാനുള്ള അനുമതി സംസ്ഥാന ഗവണ്‍മെന്റ് നിഷേധിച്ചത് അത്രെ. ഏതായാലും മദ്രാസ് ഹൈക്കോടതി ഇടപെട്ട് അതിന് അനുമതി നല്‍കുകയും വിലക്ക് തള്ളികളയുകയും ചെയ്തു. അങ്ങനെ ഒരുവന്‍ വിപത്ത് ഒഴിവാക്കി. ഇതിനുള്ള അനുമതി നിഷേധിക്കുന്നതിന്റെ പിന്നില്‍ ആരുടെ കുബുദ്ധി ആണ് പ്രവര്‍ത്തിച്ചതെങ്കിലും എന്ത് കാരണങ്ങള്‍ നിരത്തിയത് എങ്കിലും അത് ആനമണ്ടത്തരം ആയിരുന്നു. രാഷ്ട്രീയ അനുഭവത്തിന്റെ പശ്ചാത്തലില്‍ വിലയിരുത്തിയാല്‍ ബി.ജെ.പി.ക്ക് തമിഴ് ദ്രവീഡിയന്‍ മണ്ണില്‍ കാലുകുത്തുവാന്‍ കാലം കുറെ എടുക്കും. ഭരണകക്ഷിയായ അണ്ണാഡി.കെ.യും സൂപ്പര്‍താരമായ രജനീകാന്തും അത്രയൊന്നും സഹായകം ആവുകയില്ല. തമിഴ് രാഷ്ട്രീയത്തിലെ മറ്റൊരു സൂപ്പര്‍ താരം ആയ കമല്‍ഹാസന്‍ ആണ്. മിക്കവാറും അങ്കത്തട്ടിലെ പ്രധാനികള്‍ സ്റ്റാലിനും കമലും ആകുവാനാണ് സാദ്ധ്യത.
കലൈഞ്ജര്‍ മുത്തുവേല്‍ കരുണാനിധി (1924-2018): ദ്രവീഡിയന്‍ രാഷ്ട്രീയത്തിലെ അവസാനത്തെ അതികായകന്‍ (ദല്‍ഹികത്ത്: പി.വി.തോമസ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക