Image

ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് അരങ്ങേറ്റത്തിന് സമ്മിശ്ര പ്രതികരണം (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 11 August, 2018
ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് അരങ്ങേറ്റത്തിന് സമ്മിശ്ര പ്രതികരണം (ഏബ്രഹാം തോമസ്)
കഴിഞ്ഞ ആഴ്ചയില്‍ ബോളിവുഡില്‍ മൂന്ന് റിലീസുകളുണ്ടായി. ഫണ്ണിഖാന്‍, മുള്‍ക്ക്, കാര്‍വാന്‍.

വെള്ളിയാഴ്ച കളക്ഷനില്‍ മുന്നില്‍ നിന്നത് ഫണ്ണിഖാന്‍ ആയിരുന്നു. പിന്നാലെ മുള്‍ക്കും കാര്‍വാനും. മൂന്ന് ചിത്രങ്ങളുടെയും ആദ്യ ദിവസത്തെ ബോക്സ് ഓഫീസ് നേട്ടം രണ്ട് കോടിരൂപയില്‍ താഴെ.

ഫണ്ണിഖാനില്‍ വലിയ താരനിര- ഐശ്വര്യ റായ്, അനില്‍കപൂര്‍, രാജ്കുമാര്‍ -ഉണ്ടായിരുന്നിട്ടും കളക്ഷന്‍ നിരാശപ്പെടുത്തി. മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ ആകെ കൂടുതല്‍ കലക്ഷന്‍ നേടിയത് കാര്‍വാന്‍ ആയിരുന്നു. പക്ഷെ ഇതും ആശാവഹമായിരുന്നില്ല. വെള്ളി, ശനി, ഞായര്‍ ദിനങ്ങളില്‍ പ്രദര്‍ശനങ്ങളില്‍ നിന്ന് മൊത്തം നേടിയത് 7 കോടി 95 ലക്ഷം രൂപ. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കളക്ഷന്‍ വര്‍ധിക്കും എന്ന് വലിയ പ്രതീക്ഷയില്ല എന്ന് ഹിന്ദി സിനിമാ വ്യവസായ പണ്ഡിതര്‍ പറയുന്നു.

അസാധാരണ പ്രതിഭയ്ക്കുടമയായ നടന്‍ ഇര്‍ഫാന്‍ഖാന്‍ രോഗബാധിതനായി ചികിത്സയ്ക്കും വിശ്രമത്തിനും സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. അതിന് മുമ്പുള്ള ഖാന്റെ ചിത്രമായാണ് കാര്‍വാനെ പ്രചരിപ്പിക്കുന്നത്.

മലയാള നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഹിന്ദിയിലെ അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം. 120 മിനിറ്റ് നീണ്ട വളരെ സങ്കീര്‍ണ്ണമായ പ്രമേയമാണ് കോമഡിയുടെ മേമ്പൊടി ചേര്‍ത്ത് സംവിധാകന്‍ ആകര്‍ഷ് ഖുറാന അവതരിപ്പിക്കുന്നത്.

അവിനാഷ് (ദുല്‍ഖര്‍) തന്റെ പിതാവിന്റെ മൃതശരീരത്തിന് പകരം ട്രാന്‍സ്പോര്‍ട്ട് കമ്പനി നല്‍കിയ ടാന്യയുടെ മൃതദേഹവുമായി ബാംഗളൂരില്‍ നിന്ന് കൊച്ചിയിലേയ്ക്ക് പോകുന്നു. വാന്‍ ഉടമ ഷൗക്കത്തിന്റെ റോളിലാണ് ഇര്‍ഫാന്‍ഖാന്‍.

ദക്ഷിണേന്ത്യയിലെ നയനാനന്ദകരമായ കാഴ്ചകള്‍ ആകര്‍ഷണീയമായി ചിത്രീകരിച്ചിട്ടുണ്ട്. പക്ഷെ പരമ്പരാഗതമായി ഇത്തരം പ്രമേയങ്ങള്‍, പ്രത്യേകിച്ച് ദക്ഷിണേന്ത്യന്‍ പശ്ചാത്തലത്തിലുള്ളവ, ഹിന്ദി സിനിമാ പ്രേക്ഷകര്‍ ആവേശത്തോടെ സ്വീകരിച്ചിട്ടില്ല. ബിജോയ് നമ്പിയാരുടേതാണ് കഥ. തിരക്കഥ ആകര്‍ഷും ആദിര്‍ ഭട്ടും ചേര്‍ന്ന് തയ്യാറാക്കി. 'കോണ്‍വര്‍സേഷനല്‍ ഡയലോഗ്' ഹുസൈന്‍ ദലാലിന്റേതാണെന്ന് ക്രെഡിറ്റുകള്‍ പറയുന്നു. സംഭാഷണ നിലവാരത്തിന് വലിയ ഉയര്‍ച്ച താഴ്ചകളുണ്ട്.

ഹിന്ദി സിനിമാ നിരൂപകനും ചലച്ചിത്ര വ്യവസായ വിശകലനം വര്‍ഷങ്ങളായി നടത്തുകയും ചെയ്യുന്ന കോമള്‍ നഹാത പറഞ്ഞത് ദുല്‍ഖറിന് വലിയ സൗന്ദര്യമില്ല (ആരാധകര്‍ ക്ഷമിക്കുക) എന്നാല്‍ അഭിനയത്തില്‍ വലിയ പോരായ്മകള്‍ ചൂണ്ടിക്കാട്ടാവാനില്ല എന്നാണ്. ഇര്‍ഫാന്റെ പ്രകടനം കുറവുകള്‍ക്കതീതമാണ്. ടാന്യയായി പുതിയ തലമുറയിലെ പെണ്‍കുട്ടിയെക്കുറിച്ചുള്ള സ്റ്റീരിയോടൈപ്പ്ഡ് സങ്കല്‍പ്പത്തിനപ്പുറം ചിന്തിക്കുവാന്‍ ബിജോയ് നമ്പ്യാര്‍ക്കോ ആകര്‍ഷിനോ കഴിഞ്ഞിട്ടില്ല. ഉദാഹരണം പ്രഗ്‌നല്‍സി ഒരു ബിഗ് ഡീല്‍ അല്ല എന്ന് ടാന്യയെക്കൊണ്ട് പറയിക്കുന്നത്.

മലയാള നടന്‍ പൃഥിരാജിന് അയ്യായിലുണ്ടായ അനുഭവമാണഅ ദുല്‍ഖറിന് ഉണ്ടായിരിക്കുന്നത്. ഹിന്ദിയിലെ ആദ്യചിത്രം തിരഞ്ഞെടുക്കുന്നതില്‍ പുലര്‍ത്തേണ്ട അവധാനത എവിടെയോ നഷ്ടമായി. ഫണ്ണിഖാന്‍ തിരഞ്ഞെടുക്കുന്നതില്‍ ഐശ്വര്യയും രാജ്കുമാറും പരാജയപ്പെട്ടു. നിരൂപകര്‍ അഞ്ചില്‍ അഞ്ച് സ്റ്റാറും നല്‍കുന്ന ചിത്രം നല്‍കാന്‍ തങ്ങള്‍ക്ക് എപ്പോഴും കഴിയില്ല എന്നാണ് രാജ്കുമാറിന്റെ പ്രതികരണം. പ്രതിഫലം ഒരു വലിയ ഘടകമായി ഈ മൂന്ന് താരങ്ങളെയും പ്രലോഭിച്ചിട്ടുണ്ടാവും.

ശ്രീദേവിയുടെ മകള്‍ ജാന്‍വിയും പഴയകാല നടി നീലിമ അസീമിന്റെ മകന്‍ ഉഷാന്‍ ഖട്ടറും അരങ്ങേറ്റം നടത്തിയ ധടക്ക് പത്ത് ദിവസത്തിനുള്ളില്‍ 70 കോടി രൂപ നേടിയതായാണ് കണക്ക്. റിലീസിന് മുമ്പ് ചിത്രത്തിന് വേണ്ടി അച്ചടി, ദൃശ്യ മാധ്യമങ്ങളില്‍ സൃഷ്ടിച്ചെടുത്ത താല്‍പര്യം കണക്കിലെടുക്കുമ്പോള്‍ ഇത് വലിയ നേട്ടമല്ല. നീലിമയുടെ ആദ്യ വിവാഹം പങ്കജ് കപൂറുമായായിരുന്നു. പിന്നാടാണ് രാജേഷ് ഖട്ടറിനെ വിവാഹം കഴിച്ചത്. രാജേഷ് ഒരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടനുമാണ്. പങ്കജ്- നീലിമമാരുടെ മകന്‍ ഷാഹീദ് കപൂര്‍ വര്‍ഷങ്ങളായി ഹിന്ദിയിലെ താരനടനാണ്.

ജാന്‍വിക്കും കുടുംബത്തിനു ഇഷാനും കുടുംബത്തിനും നിര്‍മ്മാതാവ് കരണ്‍ ജോഹറിനും ധടക്ക് വിജയിക്കേണ്ടത് അനിവാര്യമായിരുന്നു. അമിത പരസ്യത്തിലൂടെ ആശ്വാസ വിജയം നേടി. രണ്ടാമത്തെ ആഴ്ചയില്‍ കാര്‍വാനും മൂന്നാമത്തെ ആഴ്ചയില്‍ ധടക്കും അമേരിക്കയില്‍ ഇന്ത്യന്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ ഓരോ ഷോകളിലായി പ്രദര്‍ശനം തുടരുന്നു.
ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് അരങ്ങേറ്റത്തിന് സമ്മിശ്ര പ്രതികരണം (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക