Image

മൈലാഞ്ചി(ഡോ.ഈ.എം.പൂമൊട്ടില്‍)

(ഡോ.ഈ.എം.പൂമൊട്ടില്‍) Published on 13 August, 2018
മൈലാഞ്ചി(ഡോ.ഈ.എം.പൂമൊട്ടില്‍)
കനേഡിയന്‍ പ്രവാസി വക്കച്ചന്‍ അച്ചായന്‍ പെട്ടെന്നൊരു നിരീശ്വരവാദിയായി മാറിയതു മലയാളി സുഹൃത്തുക്കളെയെല്ലാം അത്ഭുതപ്പെടുത്തി. അടുത്തകാലം വരെ പുള്ളിക്കാരന്‍ പള്ളിക്കാര്യങ്ങളിലൊക്കെ അങ്ങേയറ്റം ആക്റ്റീവായിരുന്നല്ലോ; പിന്നെന്തുപറ്റി ഈ മാറ്റം? 

ഉത്തരം കിട്ടാതിരുന്ന ഈ ചോദ്യത്തിനു മറുപടി തന്റെ ആത്മാര്‍ത്ഥ സുഹൃത്തായ തോമസ്‌കുട്ടിയോട് ഒരു സായാഹ്നത്തില്‍ അദ്ദേഹം വിശദീകരിച്ചു: എടാ, അവന്മാരെന്നെക്കുറിച്ചെന്തുവാ വിചാരിക്കുന്നേ; കാര്യം പ്രായം എനിക്കു പത്തെഴുപതു കഴിഞ്ഞെങ്കിലും ഞാനിവിടെ കുടിയേറിയ കാലം മുതല്‍ പള്ളി കമ്മറ്റിയിലും മറ്റും നേതൃസ്ഥാനം വഹിച്ചിരുന്നുവെന്നും നിനക്കറിയാമല്ലോ. എന്നാലിപ്പോള്‍ അവരെന്നെ വെറും കരിയാപ്പിലപ്പോലെയങ്ങെടുത്തു മാറ്റി; ചെറുപ്പക്കാര്‍ക്കൊക്കെ അവസരം കൊടുക്കണം പ്പോലും; അപ്പോള്‍പിന്നെ എന്റെ സോഷ്യല്‍ ഇമേജ് നിലനിര്‍ത്താന്‍ ഞാനും എന്തെങ്കിലും ചെയ്യെണ്ടായോടാ. 

ഇപ്പോള്‍ യുക്തിവാദികള്‍ക്കും നിരീശ്വരന്മാര്‍ക്കുമൊക്കെയാ മാര്‍ക്കറ്റ്. അതുകൊണ്ട് അവരുമായി ബന്ധപ്പെട്ട ഒരു സംഘടന  ഞാനങ്ങു രൂപീകരിച്ചു. സംഘടനക്കു നല്ലൊരു പേരും ബുദ്ധിയിലുദിച്ചു: MYLANCHI; പൂര്‍ണ്ണ രൂപത്തില്‍ പറഞ്ഞാല്‍ Malayali Yukthivadhi and Literary Association of Northern Canada for Human Improvement. അച്ചായന്‍ ഈ നീണ്ട പേര് ഒറ്റ ശ്വാസത്തില്‍ പറഞ്ഞു നിര്‍ത്തി. മൈലാഞ്ചി; പേരു നല്ല അടിപൊളിയായിരിക്കുന്നു. 

പക്ഷെ, എന്തൊക്കെയോ പെശകു തോന്നിക്കുന്നു. കൂടാതെ അച്ചായാ, ഈ യുക്തിവാദവും ലിറ്ററേച്ചറും ഒക്കെകൂടി എങ്ങനെ ബന്ധിപ്പിച്ചു കൊണ്ടുപോകും? തോമസുകുട്ടിയുടെ  ന്യായമായ സംശയത്തിന് അച്ചായന്റെ വിശദീകരണം ഇതായിരുന്നു: എടാ, ഇവിടൊക്കെ ആരാടാ ഈ പേരു കിഴിച്ചു നോക്കന്നേ, പറയാനൊരൊഴുക്കു വേണം; അത്ര തന്നെ! മൈലാഞ്ചി; കേള്‍ക്കാന്‍ ആകെ ഒരു കോരിത്തരിപ്പൊക്കെയില്ലേ. പിന്നെ ഒരു ന്യൂസ് ലെറ്റര്‍ വല്ലതും ഞങ്ങള്‍ തുടക്കത്തില്‍ ഇറക്കം. അങ്ങനെ ലിറ്ററേച്ചര്‍ വാക്കിന്റെ അര്‍ത്ഥം ന്യായീകരിക്കപ്പെടും. ഉഗ്രന്‍! തോമസ്‌കുട്ടി, അച്ചായന്റെ ബുദ്ധിയെ പ്രശംസിച്ചു. 

പ്രിയ സുഹൃത്തിന്റെ നിര്‍ലോപമായ പ്രോത്സാഹനത്തില്‍ അച്ചായന്‍ വാചകമടി തുടര്‍ന്നു. എന്റെയീ പുതിയ സംഘടനയുണ്ടല്ലോ; അതീ നാട്ടിലൊരു കലക്കുകലക്കും. അതിന്റെ സ്ഥാപക പ്രസിഡന്റായി ഞാനൊന്നു വിലസും. അച്ചായന്‍ തുടര്‍ന്നു; സംഘടനയുടെ കമ്മറ്റിയെ തിരഞ്ഞെടുക്കാന്‍ അടുത്ത ശനിയാഴ്ച യോഗം വെച്ചിരിക്കുവാ. പക്ഷെ പ്രസിഡന്റ് സ്ഥാനത്തിന് എനിക്കൊരു എതിരാളിയുണ്ട്; ആ പീലിപ്പോസ്; പക്ഷെ ഞാന്‍ തന്നെ വിജയിക്കുമെന്നുറപ്പാ. 

അച്ചായന്റെ ഉറപ്പു കേട്ട് തോമസ്‌കുട്ടി പ്രതികരിച്ചു. അത്രക്കും ഉറപ്പാണോ, അച്ചായാ. തോമസ്‌കുട്ടി പ്രതികരിച്ചു; അത്രക്കും ഉറപ്പാണോ, അച്ചായാ; ഈ പീലിപ്പോസ് നല്ല വിവരവും കഴിവും ഉള്ള ആളാ. തോമസ്‌കുട്ടിയുടെ സംശയം ദൂരീകരിക്കാന്‍ അച്ചായന്‍ മറ്റൊരു പരമ രഹസ്യം. അയാളുടെ ചെവിയില്‍ മന്ത്രിച്ചു. 

എടാ, നിയീ ചിറയ്ക്കല്‍ പുണ്യാളനെന്നു കേട്ടിട്ടുണ്ടോ ഇതുവരെ ഞാനിവിടെ കഴിച്ചിട്ടുള്ള നേര്‍ച്ചകളൊന്നും ഫലിക്കാതെ പോയിട്ടില്ല. ഈ തിരഞ്ഞെടുപ്പിന്റെ പേരില്‍ ഒരു കൂടു മെഴുകുതിരിയും ആയിരത്തൊന്നു രൂപയും ഞാനിവിടെ നേര്‍ന്നിട്ടുണ്ട്. അതാ ഞാന്‍ ജയിക്കുമെന്നിത്രയ്ക്കും ഉറപ്പ് പറയുന്നത്. യുക്തിവാദി നേതാവായ അച്ചായന്റെ പ്രതികരണം കേട്ട് തോമസ്‌കുട്ടി ഞെട്ടിപ്പോയി!

*കഥയും കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.

മൈലാഞ്ചി(ഡോ.ഈ.എം.പൂമൊട്ടില്‍)
Join WhatsApp News
Sudhir Panikkaveetil 2018-08-13 10:57:02
നീളമുള്ള സംഘടനകളുടെ പേരുകൾക്ക്  രസകരമായ 
acronym  മലയാളികൾ കണ്ട് പിടിക്കുന്നു അതോ acronym  ആദ്യം 
കണ്ട് പിടിച്ച അതിനനുസരിച്ച് സംഘടനകൾക്ക് പേരിടുന്നോ ?
ഹൃസ്വമായ ഒരു ആക്ഷേപഹാസ്യമാണിത്.  മലയാളിയുടെ ചിന്തയിലെ 
paradoxical  സ്വഭാവവും തുറന്നുകാട്ടുന്നു. പ്രതിപാദനം 
കുറച്ചുകൂടി കർക്കശമാക്കാമായിരുന്നു. ഇതിലെ 
കഥാപാത്രത്തെപോലെയുള്ളവരാണ് 
അമേരിക്കൻ മലയാളിക്ക് "കോമാളി" എന്ന 
ദുഷ്‌പേര് നേടി കൊടുത്തതു. ഡോക്ടർ പൂമൊട്ടിൽ 
എപ്പോഴും  നന്മയുടെ വഴിയിലൂടെ തിന്മയെ 
തോൽപ്പിക്കാൻ തന്റെ സർഗ്ഗ പ്രതിഭ ഉപയോഗപ്പെടുത്തുന്നു. 
Easow Mathew 2018-08-14 10:34:44
കഥ വായിച്ച് പ്രോത്സാഹന വാക്കുകളിലൂടെ പ്രതികരണം അറിയിച്ച സുധീര്‍ പണിക്കവീട്ടിലിനു സ്നേഹം നിറഞ്ഞ നന്ദി! Dr. E. M. Poomottil   
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക