Image

അദ്ധ്വാനം ആരാധനയായി അര്‍പ്പിച്ച് പള്ളി പണിതവര്‍ (മീട്ടു റഹ്മത്ത് കലാം)

Published on 14 August, 2018
അദ്ധ്വാനം ആരാധനയായി അര്‍പ്പിച്ച് പള്ളി പണിതവര്‍ (മീട്ടു റഹ്മത്ത് കലാം)
2013ല്‍ റിലീസ് ആയ 'ആമേന്‍' എന്ന സിനിമയുടെ കഥാതന്തുവുമായി പെരുവന്താനം അമലഗിരി ഇടവകക്കാര്‍ക്ക് ചില സമാനതകളുണ്ട്. പതിനെട്ടുകൊല്ലം മുന്‍പുണ്ടായ ഭൂചലനത്തിന്റെ ഫലമായി പള്ളിക്ക് ബലക്ഷയം ഉണ്ടായനാള്‍ മുതല്‍ നാട്ടുകാരുടെ ഏറ്റവും വലിയ സ്വപ്നം പള്ളി പുതുക്കിപ്പണിയണം എന്നതായിരുന്നു. പുണ്യാളന്‍ നേരിട്ടിറങ്ങിവന്ന്, പള്ളിപണിയാന്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നത് സിനിമയില്‍ മാത്രമേ നടക്കുകയുള്ളൂ എന്നറിഞ്ഞിട്ടും അവര്‍ ആ ആഗ്രഹം താലോലിച്ചു. ഇളകിയ കുരിശുമായി ശോഭ മങ്ങി, ഇടിഞ്ഞ ഭിത്തിയും പേറിനിന്ന പള്ളിയുടെ സ്ഥാനത്ത് അതിമനോഹരമായ ദേവാലയം കെട്ടിപ്പടുക്കാന്‍ കേവലം 200 ദിവസങ്ങള്‍കൊണ്ട് സാധിച്ചതിലുമുണ്ട് അവിശ്വസനീയമായ ചില യാഥാര്‍ത്ഥ്യങ്ങള്‍.

കോട്ടയംകുമളി ദേശീയപാതയില്‍ പെരുവന്താനം മലയുടെ രണ്ടു കിലോമീറ്റര്‍ ഉള്ളിലായാണ് അമലഗിരി സെന്റ് തോമസ് പള്ളി. നൂറ്റിപ്പത്തോളം കുടുംബങ്ങള്‍ കുടിയേറിപ്പാര്‍ക്കുന്ന കുന്നിന്‍ചെരുവില്‍ നാനൂറോളം വരുന്ന കത്തോലിക്കര്‍ക്ക് ദൈവത്തിലുള്ള വിശ്വാസത്തിനപ്പുറം കൈമുതലായി ഒന്നും ഉണ്ടായിരുന്നില്ല. പാവങ്ങളും കൂലിപ്പണിക്കാരും മാത്രമുള്ള മലയടിവാരത്താണ് ഒരുകോടിയോളം രൂപ മുതല്‍മുടക്കുള്ള പള്ളി ഒരു രൂപ കടമില്ലാതെ പണിതു തീര്‍ക്കാന്‍ കഴിഞ്ഞത്.

ആഗ്രഹത്തിന്റെ തീവ്രത മനസിലാക്കിയ അച്ചന്‍

ഫാ. വര്‍ഗീസ് കൊച്ചുപുരയ്ക്കല്‍ ആദ്യമായി വികാരിയായി സ്ഥാനമേല്‍ക്കുന്നത് നിര്‍മലഗിരിയിലാണ്. ചുമതലയേറ്റ സമയത്ത് തന്നെ പുതിയ പള്ളി എന്ന ജനങ്ങളുടെ ആഗ്രഹത്തിന്റെ തീവ്രത അദ്ദേഹം മനസ്സിലാക്കി. പള്ളി പണിയാന്‍ ഞാന്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടാകും എന്ന് ഫാദര്‍ വാക്ക് കൊടുത്തപ്പോള്‍ പണത്തിനുള്ള വഴി ചിന്തിച്ചിരുന്നില്ല. ക്രിസ്തു കൊടുത്ത ഉദ്‌ബോധനത്തില്‍ ഇന്ത്യയിലെത്തിയ തോമാസ്ലീഹയെ മനസ്സില്‍ കരുതി ഇടവകക്കാരും അച്ചന്റെ വാക്ക് ഏറ്റെടുത്തു.
''നാടിന്റെ പ്രധാന ഉപജീവനമാര്‍ഗം കൃഷിയാണ്. വലിയ മുതലാളിമാരുടെ എസ്‌റ്റേറ്റുകളില്‍ തൊഴില്‍ ചെയ്യുന്നവരാണ് ഇവിടത്തുകാര്‍. കുരുമുളകായാലും തേയില ആയാലും വിളവിന്റെ ഒരു പങ്ക് പള്ളിയില്‍ തരാറുണ്ട്. അത് വിറ്റു ലഭിക്കുന്ന ആദായം സ്വരൂപിച്ച് പള്ളി പണിയുന്നതിനായുള്ള മൂലധനം എന്ന നിലയില്‍ 12 ലക്ഷം രൂപ ഉണ്ടായിരുന്നു കയ്യില്‍. അതുപയോഗിച്ച് വൈദികമന്ദിരത്തിന്റെ കേടുപാടുതീര്‍ക്കാനും പള്ളിമുറ്റം മോടിപിടിപ്പിക്കാനും മാത്രമേ കഴിയുമായിരുന്നുള്ളൂ. കൂട്ടായ ആലോചനയില്‍ ഞങ്ങളെക്കൊണ്ട് സാധിക്കുന്ന വഴികള്‍ ആലോചിച്ചു. അങ്ങനെ ഒരുമിച്ചുള്ള ചിന്തയില്‍ നിന്ന് കാശുണ്ടാക്കാവുന്ന പല ആശയങ്ങള്‍ ഉരുത്തിരിഞ്ഞു വന്നു.'' ഫാ. വര്‍ഗീസ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് വാചാലനായി.

പാവങ്ങളുടെ പ്രതിജ്ഞ വെള്ളത്തില്‍ വരച്ച വരയല്ല

ഇപ്പോള്‍ ശരിയാക്കും എന്ന് സമ്പന്നര്‍ പറഞ്ഞിട്ട് കാര്യത്തിന് നീക്കുപോക്കുണ്ടാകാത്തതാണ് പതിവ് കാഴ്ച. എടുക്കുന്ന തീരുമാനങ്ങളില്‍ നിന്ന് വ്യതിചലിക്കാതെ നിന്നവരുടെ അധ്വാനത്തിന്റെയും വിയര്‍പ്പിന്റെയും അനന്തരഫലം കൂടിയാണ് അമലഗിരി പള്ളി. കയ്യാലപ്പണിക്കും മേസ്തിരിപ്പണിക്കും പറമ്പ് കിളയ്ക്കാനും പകല്‍ പോകുന്നവര്‍ രാത്രി പള്ളിവേലയ്ക്ക് ഇറങ്ങി. തൊഴിലുറപ്പ് പണിയും തേയില നുള്ളലും നടത്തുന്ന സ്ത്രീകളും പിന്നോട്ടുപോയില്ല. മലമുകളില്‍ പള്ളിപണിയുക നല്ല ബുദ്ധിമുട്ടുള്ള കാര്യമാണ്. കൂലിക്ക് ആളെ നിര്‍ത്തിയാല്‍ മുതലാകില്ല. കല്ലും മണ്ണും തടിയും ചുമക്കാന്‍ ഇടവകക്കാര്‍ തന്നെ കൂടി. കല്ലുപൊട്ടിക്കാനും അതുമായി മലകയറാനും ചുറുചുറുക്കോടെ ഏവരും മുന്നിട്ടിറങ്ങി. മണ്ണും കമ്പിയും ഇഷ്ടികയുമൊക്കെ തലച്ചുമടായി ഒന്നര മൈല്‍ ദൂരം എത്തിക്കുന്നതിന് സ്ത്രീകളും സഹകരിച്ചു. തുച്ഛമായ വരുമാനമാണെങ്കിലും അതില്‍ നിന്നൊരു പങ്ക് അവര്‍, പള്ളിപണിയാന്‍ മാറ്റിവച്ചു. പണിതീരും വരെ ആഘോഷവും ആര്‍ഭാടവും വേണ്ടെന്ന് ശപഥം എടുക്കുക കൂടി ചെയ്തപ്പോള്‍ നിശ്ചിത തുക ആ ഇനത്തില്‍ കിട്ടി. അവിടംകൊണ്ടും തീര്‍ന്നില്ല. തയ്യല്‍ ജോലിയില്‍ പ്രാവീണ്യമുള്ള സ്ത്രീകളെ ഏകോപിപ്പിച്ച് കെട്ടുകണക്കിന് തുണിയെടുത്ത് നൈറ്റി തയ്ച്ചുകൊടുക്കാനും തുടങ്ങി. കുടുംബ കൂട്ടായ്മകളിലും മറ്റും ഇവ വിറ്റുകിട്ടിയ ലാഭം ഒരുലക്ഷത്തിനുമേല്‍ വന്നു. പള്ളി പണിയാനുള്ള വിശ്വാസികളുടെ ആഗ്രഹത്തെ മാനിച്ച് അന്യമതസ്ഥരില്‍നിന്നും സഹായം ലഭിച്ചു.

സ്വാദൂറും അച്ചാറുകൊണ്ടൊരു ചെപ്പടിവിദ്യ

കുടുംബശ്രീയിലെ അച്ചാറിന് നല്ല ഡിമാന്‍ഡ് ആണെന്ന് മനസിലായപ്പോള്‍ ചിന്ത ആ വഴിക്കായി. അച്ചാര്‍ ഇടുന്നതില്‍ നൈപുണ്യമുള്ള മൂന്ന് പേര്‍, അവരുടെ രഹസ്യക്കൂട്ടടക്കം എല്ലാം ഇടവകയിലെ സ്ത്രീകളെ പഠിപ്പിച്ചെടുത്തു. പിന്നെ നാട്ടില്‍ ഒരുവിളയും കൊഴിഞ്ഞും ചീഞ്ഞും പോയിട്ടില്ല. നെല്ലിക്ക, ജാതിക്ക, പപ്പായ, മാങ്ങ, ചാമ്പങ്ങ, ഇഞ്ചി,വാഴപ്പിണ്ടി, മത്തങ്ങ, കുമ്പളങ്ങ, ചേന തുടങ്ങി കയ്യില്‍ കിട്ടുന്നതൊക്കെയും രുചികരമായ അച്ചാറാക്കി മാറ്റുന്നതില്‍ മാത്രമായി അവരുടെ ശ്രദ്ധ. മുന്നില്‍ വലിയൊരു ദൗത്യമാണ്. പള്ളിപണിയാനുള്ള പണം കണ്ടെത്തണം. ആ ആഗ്രഹം കുട്ടികളുടെപോലും ആവേശത്തോടുള്ള പങ്കാളിത്തത്തിന് വഴിവച്ചു. ദൂരെയുള്ള സഹപാഠികളുടെ വീടുകളില്‍ നിന്നും അയല്‍ഗ്രാമങ്ങളില്‍ നിന്നും അച്ചാറിനുള്ള നാടന്‍ വിഭവങ്ങള്‍ അവര്‍ പറിച്ചുകൊണ്ടുവന്നു. കാശ് മുടക്കി അധികമൊന്നും വാങ്ങേണ്ടി വന്നില്ല. അന്യമതത്തില്‍പ്പെട്ടവരും സൗജന്യമായി അച്ചാറിനാവശ്യമുള്ള സാധനങ്ങള്‍ നല്‍കി സഹായഹസ്തം നീട്ടി. വ്യാപാരികള്‍ സൗജന്യമായി മുളകുപൊടിയും ഉപ്പും വിനാഗിരിയുമെല്ലാം നല്‍കി. പാക്കിങ്ങും മാര്‍ക്കറ്റിംഗും പുരുഷന്മാര്‍ ഏറ്റെടുത്തതോടെ സംഭവം ഉഷാറായി. ഞായറാഴ്ചകളില്‍ ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു പ്രവര്‍ത്തനങ്ങള്‍. പാക്ക് ചെയ്യുന്നതിനുള്ള സജ്ജീകരണങ്ങള്‍ പള്ളിമുറിയില്‍ തന്നെ ഒരുക്കി. ഇടവക ട്രസ്റ്റിമാരായ സണ്ണി മുതുകാടില്‍, ജോസ് പുല്ലാട്ട് എന്നിവരുടെ നേതൃത്വം കൂടി ആയപ്പോള്‍ സംഗതി വേറെ ലെവലായി. ഇറച്ചി, മീന്‍, വെളുത്തുള്ളി എന്നിവയും അരക്കിലോ, ഒരുകിലോ പാക്കറ്റുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇറക്കി. ഇതുവാങ്ങി വിദേശത്തുള്ള മക്കള്‍ക്കയച്ചുകൊടുക്കാന്‍ പലരും മലകയറി വന്നിട്ടുണ്ടെന്ന് പറയുമ്പോള്‍ സ്ത്രീകള്‍ക്ക് അവരുടെ കൈപ്പുണ്യത്തില്‍ അഭിമാനം.

സഹോദരവായ്പുകാട്ടിയ മറ്റ് ഇടവകക്കാര്‍

''ചങ്ങനാശേരി, പാലാ, ഇടുക്കി രൂപതകളിലെ പള്ളികളിലായിരുന്നു അച്ചാര്‍ വില്പന. വിവിധ രൂപതകളില്‍ 55 ഇടവകക്കാര്‍ സഹോദരവായ്‌പോടെ ഞങ്ങളുടെ ഉദ്യമത്തെ വരവേറ്റു. വില്പനയ്ക്കായി കരുതുന്ന ഒരു പാക്കറ്റും മടക്കി കൊണ്ടുപോകേണ്ട അവസ്ഥ ഉണ്ടായിട്ടില്ലെന്നത് ദൈവാനുഗ്രഹം തന്നെയാണ്. ഒറ്റ ദിവസം മൂന്നര ലക്ഷം രൂപയുടെ അച്ചാര്‍ വിറ്റ പള്ളികള്‍ വരെയുണ്ട്.'' ഇടവകക്കാരെ ഏകോപിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച സിസ്റ്റര്‍ സില്‍വി എസ്.എച്ച്. പറയുന്നു.

''മൂലധനമായി കരുതിവച്ച 12 ലക്ഷം രൂപയും അച്ചാര്‍ വിറ്റുകിട്ടിയ 35 ലക്ഷവും വസ്ത്രം വിറ്റുണ്ടാക്കിയ ഒന്നര ലക്ഷവും ഇടവകക്കാര്‍ മിച്ചംപിടിച്ച തുകയും ചേര്‍ന്നപ്പോള്‍ പുത്തന്‍പള്ളി പണിയുന്നതിന് ഫണ്ട് റെഡി ആയി. എട്ടുവയസുകാരനും എണ്‍പതുകാരനും ഒരേ സ്വപ്നം നെഞ്ചിലേറ്റി ആത്മാര്‍ത്ഥമായി ഇറങ്ങി പുറപ്പെട്ടതുകൊണ്ടാണ് അവിശ്വസനീയമായ ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത്. ശൂന്യതയില്‍ നിന്നാണ് ഏഴെട്ടുമാസം രാപ്പകലില്ലാതെ കഷ്ടപ്പെട്ട് ഇങ്ങനൊരു സാക്ഷാത്കാരം സംഭവ്യമായത്. ഇരുട്ടില്‍ നിന്നാണ് വെളിച്ചത്തിന്റെ പിറവി. ഇരുട്ട് ശൂന്യതയാണ്എല്ലാ സൃഷ്ടിയുടെയും പശ്ചാത്തലം. അവിടെയാണ് ദൈവം കടന്നുവരുന്നത്. ആറ് ദിവസംകൊണ്ട് ആകാശവും ഭൂമിയും അവയിലുള്ള സകലതും ദൈവം സൃഷ്ടിച്ചു എന്നാണു ബൈബിള്‍ പറയുന്നത്. അവനില്‍ വിശ്വാസം അര്‍പ്പിച്ചാല്‍ നടക്കാത്തതൊന്നുമില്ല.

പണം പിരിച്ചും സംഭാവന ചോദിച്ചും പള്ളിപണിയുന്നതിനേക്കാള്‍, നമ്മുടെ വിയര്‍പ്പിന്റെ ഒരുപങ്കുകൊണ്ട് കെട്ടിപ്പടുക്കുന്നതെന്തും പ്രത്യേക സന്തോഷം പകരുമെന്ന പാഠം കുട്ടികളടക്കം എല്ലാര്‍ക്കും മനസ്സിലാക്കാന്‍ കഴിഞ്ഞു. ഇടവകക്കാര്‍ക്ക് നെഞ്ചുവിരിച്ച് ഇതവരുടെ സ്വന്തം പള്ളിയാണെന്നു പറയാം.'' ഫാ. വര്‍ഗീസ് കൊച്ചുപുരയ്ക്കല്‍ ചാരിതാര്‍ഥ്യത്തോടെ പ്രചോദനാത്മകമായി പറഞ്ഞുനിര്‍ത്തി.

ഇംഗ്ലീഷില്‍ ഒരു പഴമൊഴിയുണ്ട്: 'വര്‍ക്ക് ഈസ് വര്‍ഷിപ്പ്'. അധ്വാനമാണ് ആരാധന. ഇടവകക്കാരുടെ പരിശ്രമവും അധ്വാനവും തലയെടുപ്പോടെ നില്‍ക്കുന്ന അമലഗിരി സെന്റ് തോമസ് പുത്തന്‍പള്ളിയും ചേര്‍ത്തുവായിച്ചാല്‍ പഴമൊഴിയില്‍ പതിരില്ലെന്നു വ്യക്തമാകും. ആയിരം തവണ ദൈവനാമം ഉരുവിടുന്നതിനേക്കാള്‍ ശ്രേഷ്ഠവും പുണ്യവുമാണ് ഇത്തരം പ്രവൃത്തികള്‍.
കടപ്പാട്: മംഗളം
അദ്ധ്വാനം ആരാധനയായി അര്‍പ്പിച്ച് പള്ളി പണിതവര്‍ (മീട്ടു റഹ്മത്ത് കലാം)അദ്ധ്വാനം ആരാധനയായി അര്‍പ്പിച്ച് പള്ളി പണിതവര്‍ (മീട്ടു റഹ്മത്ത് കലാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക