Image

കരുണാനിധിയും കലയും രാഷ്ട്രീയവും വിമര്‍ശനങ്ങളും (ജോസഫ് പടന്നമാക്കല്‍)

Published on 15 August, 2018
കരുണാനിധിയും കലയും രാഷ്ട്രീയവും വിമര്‍ശനങ്ങളും (ജോസഫ് പടന്നമാക്കല്‍)
വാക്കുകളുടെ ശക്തിയും പോരാട്ട വീര്യവും ചാണക്യ തന്ത്രവും ഉള്‍ക്കൊണ്ട ഇന്ത്യയുടെ സമുന്നത നേതാവായിരുന്നു കരുണാനിധി. ഒരു തിരഞ്ഞെടുപ്പിലും തോറ്റില്ല. അഞ്ചു പ്രാവിശ്യം തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി ഭരിച്ചു. ബുദ്ധിയും കര്‍മ്മനിരതയും ഒത്തു ചേര്‍ന്ന ഒരു രാഷ്ട്ര തന്ത്രജ്ഞനും ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) രാഷ്ട്രീയ പാര്‍ട്ടിയുടെ തുടക്കം മുതലുള്ള നേതാവുമായിരുന്നു. അഴിമതിയും കുടുംബരാഷ്ട്രീയവുമൊക്കെ കരുണാനിധിയുടെ ജീവിതത്തിലും വേട്ടയാടിയെങ്കിലും തമിഴ് മനസുകളില്‍ അദ്ദേഹം അവരുടെ ആചാര്യന്‍ തന്നെയായിരുന്നു. രണ്ടു വര്‍ഷം മുമ്പ് ആരോഗ്യപ്രശ്‌നങ്ങളാല്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നു വിരമിച്ചെങ്കിലും ഡിഎംകെ യുടെ കാതലായ തീരുമാനങ്ങള്‍ക്കെല്ലാം തീര്‍പ്പു കല്പിച്ചിരുന്നത് മരിക്കുംവരെ അദ്ദേഹം തന്നെയായിരുന്നു.

ദക്ഷിണാമൂര്‍ത്തി മുത്തുവേലന്റെയും അഞ്ചുഗമിന്റെയും (Dakshinamoorthy Muthuvel and Anjugam) മകനായി കരുണാനിധി തമിഴ് നാട്ടിലുള്ള 'തിരുകൂവലായ്' എന്ന ഗ്രാമത്തില്‍ 'നാഗപട്ടിണം' ജില്ലയില്‍ ജനിച്ചു. 1924 ജൂണ്‍ മൂന്നാംതിയതിയായിരുന്നു ജനനം. കരുണാനിധിയെ കലൈഞ്ജര്‍ എന്നും അറിയപ്പെട്ടിരുന്നു. 2018 ആഗസ്റ്റ് ഏഴാം തിയതി മരിക്കുമ്പോള്‍ അദ്ദേഹത്തിന് 94 വയസു പ്രായമുണ്ടായിരുന്നു. ജനിച്ചപ്പോള്‍ അദ്ദേഹത്തിന് ദക്ഷിണ മൂര്‍ത്തിയെന്നായിരുന്നു പേര് നല്‍കിയിരുന്നത്. എന്നാല്‍ പിന്നീട് ദ്രാവിഡകഴക ആശയങ്ങളും യുക്തിചിന്തകളും കാരണം ബ്രാഹ്മണരുടെയോ ദൈവത്തിന്റെയോ പേര് ഇഷ്ടപ്പെട്ടിരുന്നില്ല. അദ്ദേഹം 'കരുണാനിധി' എന്ന പേര് സ്വീകരിച്ചു.

അദ്ദേഹത്തിന്റെ കുടുംബം വെള്ളാളര്‍ സമുദായത്തിലുള്ളവരായിരുന്നു. പാരമ്പര്യമായി സംഗീതവും ഉപകരണവുമായി കുലത്തൊഴിലില്‍ ഏര്‍പ്പെട്ടവരായിരുന്നു. കുഞ്ഞായിരുന്നപ്പോള്‍ സംഗീതത്തില്‍ വലിയ വാസനയുണ്ടായിരുന്നു. സ്‌കൂളിലെ പഠന കാര്യങ്ങളില്‍ താല്പര്യമുണ്ടായിരുന്നില്ല. ജാതി വ്യവസ്ഥിതികളോടും എതിര്‍ത്തിരുന്നു. പ്രാരംഭ സ്‌കൂള്‍ വിദ്യാഭ്യാസം 'തിരുക്കുവലൈ' എന്ന ഗ്രാമപ്രദേശത്തായിരുന്നു. 1936-ല്‍ തിരുവാരൂരുള്ള ഹൈസ്‌കൂളില്‍ പഠനം തുടങ്ങി. കൗമാര പ്രായത്തില്‍ രാഷ്ട്രീയത്തിലെ പേരുകേട്ടവരുടെ ചരിത്രം എഴുതുവാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

പഠനത്തില്‍ കാര്യമായി ശ്രദ്ധിക്കാഞ്ഞതു കാരണം പഠിച്ചിരുന്ന ക്‌ളാസുകളിലെല്ലാം തുടര്‍ച്ചയായി പരാജയപ്പെട്ടുകൊണ്ടിരുന്നു. അവസാന വര്‍ഷം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ പഠനം ഉപേക്ഷിക്കുകയും ചെയ്തു. സ്‌കൂള്‍കാലം മുതല്‍ നാടകം, സാഹിത്യം, കവിത, കഥകള്‍ എന്നിങ്ങനെ കലകളില്‍ അതുല്യമായ കഴിവുകള്‍ പ്രകടിപ്പിച്ചിരുന്നു. തമിഴ് നാട്ടിലുണ്ടായിരുന്ന 'ജസ്റ്റിസ് പാര്‍ട്ടിയിലും' സാമൂഹിക പ്രവര്‍ത്തനങ്ങളിലും പതിമൂന്നാം വയസുമുതല്‍ പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചിരുന്നു. വിദ്യാര്‍ത്ഥികളെയും അവരുടെ സാഹിത്യപരമായ കഴിവുകളെയും പരിപോഷിപ്പിക്കാന്‍ അദ്ദേഹം യുവജന പ്രസ്ഥാനങ്ങള്‍ സംഘടിപ്പിച്ചു. കുട്ടിക്കാലം മുതല്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാനും തുടങ്ങി.

മൂന്നു പ്രാവിശ്യം അദ്ദേഹം വിവാഹം ചെയ്തു. 1944 സെപ്റ്റംബറില്‍ പത്മാവതിയെ വിവാഹം കഴിച്ചു. അതില്‍ എം.കെ. മുത്തുവെന്ന ഒരു മകനുണ്ടായിരുന്നു. മകന്‍ തമിഴ് ഫിലിമിലും രാഷ്ട്രീയത്തിലും സജീവമായിരുന്നു. ഒരു കുഞ്ഞിന്റെ ജനനത്തോടെ പത്മാവതി 1948 ല്‍ മരണമടഞ്ഞു. അതേവര്‍ഷം തന്നെ കരുണാനിധി സെപ്റ്റംബറില്‍ 'ദയാലു അമ്മാളിനെ' വിവാഹം ചെയ്തു. അവരില്‍ മൂന്നു പുത്രന്മാരുണ്ടായി. എം.കെ. അളഗിരി, എംകെ സ്റ്റാലിന്‍, എം.കെ. തമിളരശു എന്നിവര്‍. എം.കെ സെല്‍വി എന്ന മകളുമുണ്ടായിരുന്നു. അളഗിരിയും സ്റ്റാലിനും രാഷ്ട്രീയത്തില്‍ പ്രമുഖരായി അറിയപ്പെടുന്നു. അപ്പന്റെ രാഷ്ട്രീയ പിന്‍ഗാമികളാകാന്‍ രണ്ടുപേരും ശ്രമിക്കുന്നു. 'തമിളരശു' ഒരു ബിസിനസുകാരനും ഫിലിം പ്രൊഡ്യൂസറും ആണ്. അപ്പന്റെ പാര്‍ട്ടിയില്‍ തിരഞ്ഞെടുപ്പു പ്രചരണങ്ങളും നടത്തുന്നു. സെല്‍വിയും രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാറുണ്ട്. അദ്ദേഹത്തിന്റെ മൂന്നാമത്തെ ഭാര്യ 'രാജതി അമ്മാളില്‍' 'കനിമൊഴി' എന്ന ഒരു മകളുണ്ട്. അപ്പന്റെ കലകളിലും സാഹിത്യത്തിലും അവര്‍ക്ക് നല്ല വാസനയുണ്ട്.

കരുണാനിധി പതിനാലാം വയസില്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. 'തമിഴ്‌നാട് മാനവര്‍ മന്ത്രം' എന്ന ഒരു വിദ്യാര്‍ത്ഥി സംഘടന രൂപികരിച്ചു. ദ്രാവിഡ നീക്കത്തിന്റെ ആദ്യത്തെ വിദ്യാര്‍ത്ഥി പ്രസ്ഥാനം ആയിരുന്നു അത്. അദ്ദേഹം 'മുരസോലി' എന്ന പത്രവും വിദ്യാര്‍ത്ഥികള്‍ക്കായി ആരംഭിച്ചു. പിന്നീട് അത് ഡിഎംകെ പാര്‍ട്ടിയുടെ ഔദ്യോഗിക പത്രമാവുകയും ചെയ്തു. 'കല്ലക്കൂടി' എന്ന സ്ഥലത്ത് ഒരു വിപ്ലവത്തിന് നേതൃത്വം കൊടുത്തതുമൂലം തമിഴ് രാഷ്ട്രീയത്തില്‍ ഉറയ്ക്കുകയും ചെയ്തു.

ഒരു തിരഞ്ഞെടുപ്പില്‍പ്പോലും പരാജയപ്പെട്ടിട്ടില്ലാത്ത നേതാവായിരുന്നു അദ്ദേഹം. 1991-ല്‍ രാജീവ് ഗാന്ധിയുടെ മരണശേഷം ജനങ്ങളുടെ വികാരങ്ങള്‍ ഡി.എം.കെ യ്‌ക്കെതിരായിരുന്ന കാലത്തും അദ്ദേഹം തിരഞ്ഞെടുപ്പില്‍ വിജയിച്ചു വന്നതും ചരിത്രമാണ്. തിരഞ്ഞെടുപ്പില്‍ രണ്ടു ഡി.എം.കെ സാമാജികര്‍ വിജയിച്ച കൂട്ടത്തില്‍ കരുണാനിധിയുമുണ്ടായിരുന്നു. ആര്‍ക്കും വെല്ലുവിളക്കാന്‍ സാധിക്കാത്തവിധം തുടര്‍ച്ചയായി അമ്പതു വര്‍ഷത്തോളം പാര്‍ട്ടിയുടെ നേതാവായിരുന്നതും അദ്ദേഹത്തിന്റെ നേട്ടമായിരുന്നു. ഡി.എം.കെ പാര്‍ട്ടിയുടെ സ്ഥാപകന്‍ അണ്ണാദുരെയും പ്രധാന പ്രവര്‍ത്തകനും ശില്പിയും കരുണാനിധിയുമായിരുന്നു.

1957-ല്‍ അദ്ദേഹത്തെ നിയമസഭാ സാമാജികനായി തിരഞ്ഞെടുത്തു. 1961-ല്‍ ഡിഎംകെയുടെ ട്രഷറര്‍ ആവുകയും ചെയ്തു. 1962-ല്‍ പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവായി തിരഞ്ഞെടുത്തു. 1967-ല്‍ പൊതുമരാമത്ത് മന്ത്രിയായി അണ്ണാദുരെ മന്ത്രിസഭയില്‍ അംഗമായിരുന്നു. 1969-ല്‍ പാര്‍ട്ടിയുടെ സ്ഥാപകനായ സി.എന്‍. അണ്ണാദുരൈ മരിച്ച ശേഷം അദ്ദേഹം പാര്‍ട്ടിയുടെ നേതാവുമായി. പിന്നീട്, അഞ്ചു തവണകളായി തമിഴ്നാടിന്റെ മുഖ്യമന്ത്രി പദം അലങ്കരിച്ചിരുന്നു.

രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കത്തില്‍ ഉറ്റ സുഹൃത്തായിരുന്ന എം.ജി. രാമചന്ദ്രന്‍ (എം.ജി.ആര്‍) തന്റെ പാര്‍ട്ടി വിട്ടുപോയത് അദ്ദേഹത്തെ വേദനിപ്പിച്ചിരുന്നു. ഡി.എം.കെ യ്‌ക്കെതിരെ എ.ഐ.ഡി.എം.കെ (AIADMK) എന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടി നിലവില്‍ വന്നത് കരുണാനിധിയെ സംബന്ധിച്ച് ഒരു രാഷ്ട്രീയ പരാജയമായിരുന്നു. 1969-ല്‍ കരുണാനിധിയുടെ ആരാധ്യ പുരുഷനായ അണ്ണാദുരെയുടെ മരണശേഷം എം.ജി.ആര്‍ കരുണാനിധിക്കെതിരെ അഴിമതിയാരോപണങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങി. അത് അദ്ദേഹത്തെ രാഷ്ട്രീയമായി തളര്‍ത്തിയിരുന്നു. രാഷ്ട്രീയക്കളരിയില്‍ സ്വാഭാവികമായുണ്ടാകുന്ന വിജയ പരാജയങ്ങള്‍ എന്നും അദ്ദേഹവും അഭിമുഖീകരിച്ചിരുന്നു. എങ്കിലും വീഴ്ചകളില്‍ തളരാതെ രാഷ്ട്രീയ ശത്രുക്കളോടു മല്ലിട്ടുകൊണ്ടു അര നൂറ്റാണ്ടില്‍പ്പരം അദ്ദേഹം തമിഴ് രാഷ്ട്രീയത്തോട് പൊരുതിയിരുന്നു. അദ്ദേഹത്തിനെതിരായുള്ള അഴിമതിയാരോപണങ്ങള്‍ ഒന്നും തന്നെ കോടതിയില്‍ തെളിയിക്കാന്‍ സാധിച്ചിട്ടില്ല.

ഹിന്ദി ഭാഷ തമിഴ് നാട്ടിലെ സ്‌കൂളുകളില്‍ നിര്‍ബന്ധിത വിഷയമാക്കിയപ്പോള്‍ കരുണാനിധി അതിനെതിരായുള്ള സമര പരിപാടികള്‍ സംഘടിപ്പിക്കുകയും സമരങ്ങളില്‍ പങ്കു ചേരുകയും ചെയ്തു. ഇന്ദിരാഗാന്ധിയുടെ കാലത്ത് അടിയന്തിരാവസ്ഥയെ എതിര്‍ത്ത ഏക ഭരിക്കുന്ന പാര്‍ട്ടി കരുണാനിധിയുടെ ഡിഎംകെ മാത്രമായിരുന്നു. അതുമൂലം ഇന്ദിരാഗാന്ധി ഡിഎംകെ സര്‍ക്കാരിനെ തമിഴ്നാട്ടില്‍ പിരിച്ചുവിടുകയും ചെയ്തു. ഡിഎംകെയുടെ പ്രമുഖ നേതാക്കന്മാരെ അറസ്റ്റു ചെയ്യുകയുമുണ്ടായി. അടിയന്തരാവസ്ഥ അവസാനിക്കുംവരെ ജയിലില്‍ അടക്കുകയും ചെയ്തു.

ഈറോഡില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന 'കുടിയരള്‍' എന്ന പത്ര മാസികയില്‍ ഏതാനും നാളുകള്‍ കരുണാനിധി പത്രാധിപരായി ജോലി നോക്കിയിരുന്നു. പിന്നീട് ദ്രാവിഡ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന 'മുരസോലി' എന്ന പത്രത്തിന്റെ പത്രാധിപരായും പ്രവര്‍ത്തിച്ചു. 1947-ല്‍ എം.ജി രാമചന്ദ്രന്‍ നായകനായുള്ള 'രാജകുമാരി' സിനിമയ്ക്ക് വേണ്ടി തിരക്കഥ എഴുതിയതു മുതലാണ് കരുണാനിധി സിനിമാ ലോകത്തേക്ക് കടന്നുവന്നത്. അദ്ദേഹം എഴുതിയ സിനിമാ ശബ്ദരേഖകളില്‍ കൂടുതലും അഭിനയിച്ചിരുന്നതു എം.ജി രാമചന്ദ്രനായിരുന്നു. കൂടാതെ ദ്രാവിഡ മുന്നേറ്റ കഴകത്തില്‍ പ്രവര്‍ത്തിക്കാനും രാഷ്ട്രീയത്തില്‍ മുന്നേറാനും എം.ജി.ആറിനെ സഹായിച്ചുകൊണ്ടുമിരുന്നു. വാസ്തവത്തില്‍ എം.ജി രാമചന്ദ്രനും ശിവാജി ഗണേശനും സിനിമാ ലോകത്ത് വളരാന്‍ കാരണം കരുണാനിധിയുടെ പേനായുടെ ശക്തിമൂലമായിരുന്നു. നാല്‍പ്പതു ഫിലിമുകള്‍ക്കായി സ്‌ക്രിപ്റ്റ് എഴുതിയതില്‍ ശിവാജി ഒമ്പതു ഫിലിമുകളിലും എംജിആര്‍ എട്ടു ഫിലിമുകളിലും അഭിനയിച്ചിരുന്നു. 'പരാശക്തി' പോലെ വൈകാരികമായ ഒരു ഫിലിം നാളിതുവരെയും തമിഴ് സിനിമയില്‍ ഉണ്ടായിട്ടില്ല. ആ സിനിമയ്ക്ക് ഒരു രാഷ്ട്രീയ മാനദണ്ഡവും ഉണ്ടായിരുന്നു. തമിഴ് നാട്ടില്‍ ദ്രാവിഡ മുന്നേറ്റത്തിന് ഈ സിനിമാ ഒരു കാരണവുമായിരുന്നു. ജാതി വ്യവസ്ഥകളും യുക്തിവാദവും സിനിമയില്‍ നിറഞ്ഞിരുന്നു.

എം.ജി.ആര്‍, കരുണാനിധിയുടെ സഹപ്രവര്‍ത്തകനായി ഡിഎംകെയിലുണ്ടായിരുന്ന കാലത്ത് എം.ജി.ആറിന് ഉചിതമായ സ്ഥാനമാനങ്ങള്‍ കൊടുക്കാന്‍ കരുണാനിധി പ്രത്യേകം താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ എം.ജിആര്‍ തന്റെ നിലനില്‍പ്പിനു വെല്ലുവിളിയായപ്പോള്‍ അദ്ദേഹം എം.ജി.ആറില്‍ നിന്ന് അകന്നു. എം.ജി.ആര്‍, എഐഡിഎംകെ (AIADMK) പാര്‍ട്ടി രൂപീകരിക്കുകയും അങ്ങനെ ഡിഎംകെ യുടെ വോട്ടുബാങ്ക് കുറയുകയും ചെയ്തു. രാഷ്ട്രീയ ചേരികളില്‍ അവര്‍ രണ്ടായി പിരിഞ്ഞ ശേഷം പരസ്പ്പരം മല്ലടിച്ചുകൊണ്ടിരുന്നു. 1987-ല്‍ എം.ജി. രാമചന്ദ്രന്റെ മരണം വരെ തുടര്‍ച്ചയായ പരാജയങ്ങള്‍ ഡിഎംകെ ഏറ്റു വാങ്ങിയിരുന്നു.

എംജിആര്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കിക്കഴിഞ്ഞ് നാലുവര്‍ഷത്തോളം കരുണാനിധിക്കെതിരെ അഴിമതികള്‍ ആരോപിച്ചുകൊണ്ടിരുന്നു. ഇരുപത്തിയാറില്‍പ്പരം അഴിമതികളെപ്പറ്റിയും അധികാര ദുര്‍വിനിയോഗത്തെപ്പറ്റിയും അന്വേഷിക്കാനായി സുപ്രീം കോടതി ജഡ്ജിയായിരുന്ന 'രഞ്ചിത് സിങ്' നിയമിതനായി. ആ വര്‍ഷം എം.ജി.ആര്‍ അസംബ്ലി തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടി വിജയിയായി. പിന്നീട് 1987-മുതല്‍ പന്ത്രണ്ടു വര്‍ഷത്തോളം എം.ജി.ആര്‍ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായിരുന്നു. ഗോതമ്പ് കുമ്പക്കോണം കരുണാനിധിയെ ഇക്കാലയളവില്‍ നിയമങ്ങളുടെ കുരുക്കില്‍പ്പെടുത്തിയിരുന്നു.

രാഷ്ട്രീയ ഭീമനായ 'വൈക്കോയെ' പുറത്താക്കിയത് കരുണാനിധിയുടെ മറ്റൊരു രാഷ്ട്രീയ വീഴ്ചയായിരുന്നു. ഡി.എം.കെ യുടെ ശക്തനും അദ്ദേഹത്തിന്റെ ഉറ്റമിത്രവുമായിരുന്ന വൈക്കോ 1990-ല്‍ ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധകാലത്ത് തമിഴ് ടൈഗറെ പിന്തുണച്ചതായിരുന്നു കാരണം. മുഖ്യമന്ത്രി എന്ന നിലയില്‍ അത് കരുണാനിധിക്ക് അപമാനകരമായിരുന്നു. മലേഷ്യയില്‍ നിന്ന് വന്നെത്തിയ രോഗബാധിതയായ എല്‍.ടി.ടി നേതാവിന്റെ അമ്മയെ രാജ്യത്തുനിന്ന് പുറത്താക്കിയപ്പോഴും സുപ്രധാനമായ ഒരു തീരുമാനം വേദനയോടെ സ്വീകരിക്കേണ്ടി വന്നു. പ്രഭാകരന്റെ മരണവും പ്രഭാകരന്റെ പന്ത്രണ്ടു വയസുള്ള മക്‌നറെ മരണവും കരുണാനിധിയെ ദുഃഖിതനാക്കിയിരുന്നു

1987-ല്‍ എം.ജി.ആര്‍ മരിക്കുമ്പോള്‍ അദ്ദേഹം തിരുന്നല്‍വേലിയില്‍ യാത്രയിലായിരുന്നു. യാത്രക്കിടയില്‍ വില്ലുപുരം സ്റ്റേഷനില്‍ ഇറങ്ങി. തന്റെ രാഷ്ട്രീയത്തിലെ പ്രതിയോഗിയായിരുന്ന എം. ജി. രാമചന്ദ്രന്റെ ഭവനത്തില്‍പ്പോയി അന്ത്യോപചാരം അര്‍പ്പിച്ച ശേഷമാണ് അദ്ദേഹം അവിടെനിന്ന് മടങ്ങിയത്. എം.ജി.ആര്‍ന്റെ പിന്‍ഗാമി ജയലളിതയും അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രതിയോഗിയായിരുന്നു. എങ്കിലും അദ്ദേഹം ഒരിക്കലും ജയലളിതയോട് വൈരാഗ്യ ഭാവത്തോടെ പ്രവര്‍ത്തിച്ചിട്ടില്ല. മൂന്നു പതിറ്റാണ്ടോളം അവര്‍ തമ്മില്‍ രാഷ്ട്രീയ നീരസത പുലര്‍ത്തിയിരുന്നു. ജയലളിത കുഞ്ഞായി സിനിമയില്‍ അഭിനയിക്കുന്ന കാലം മുതല്‍ കരുണാനിധി അവരെ ഇഷ്ട്ടപ്പെട്ടിരുന്നു. 1996-ല്‍ ജയലളിതയെ ധനപരമായ അഴിമതികളുടെ മേല്‍ പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ ഒന്നര മണിക്കൂറോളം അറസ്റ്റ് നീട്ടുന്നതിന് അദ്ദേഹം സഹായിച്ചു. കാരണം, വീട്ടില്‍ നിന്ന് വേണ്ടത്ര ഒരുക്കത്തോടെ അറസ്റ്റിന് തയ്യാറാകാന്‍ ജയലളിതയ്ക്ക് സമയം വേണമായിരുന്നു. അഞ്ചു വര്‍ഷത്തിനുശേഷം ജയലളിത മുഖ്യമന്ത്രിയായപ്പോള്‍ കരുണാനിധിയെ യാതൊരു ദയയും കാണിക്കാതെ ബലമായി വീട്ടില്‍ നിന്ന് ഇറക്കി അറസ്റ്റ് ചെയ്യുകയും ചെയ്തു.

തമിഴ് ഫിലിം വ്യവസായത്തില്‍ സിനിമകളുടെ തിരക്കഥാ എഴുത്തുകളുമായിട്ടാണ് അദ്ദേഹം തന്റെ തൊഴില്‍ തുടങ്ങിയത്. സാമൂഹികവും ചരിത്രപരമായും ഉള്ള കഥകളാണ് കൂടുതലും എഴുതിയിരുന്നത്. ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ സോഷ്യലിസ്റ്റ് വ്യവസ്ഥിതിയും യുക്തിവാദ ചിന്തകളും എഴുത്തില്‍ക്കൂടി പ്രചരിപ്പിച്ചുകൊണ്ടിരുന്നു. 'പരാശക്തി' സിനിമായില്‍ക്കൂടി അദ്ദേഹത്തിന്റെ രാഷ്ട്രീയ അജണ്ടകള്‍ പ്രചരിപ്പിക്കാന്‍ സാധിച്ചു. 'ബ്രാഹ്മണിസം' ശക്തിയായി വിമര്‍ശിച്ചതുകൊണ്ടു ഓര്‍ത്തോഡോക്‌സ് ഹിന്ദുക്കളില്‍ നിന്നും ശക്തമായ എതിര്‍പ്പുകളും നേരിടേണ്ടി വന്നു. 'പണം, തങ്ക രത്‌നം' എന്ന സിനിമകളും അതേ സന്ദേശം തന്നെ നല്‍കിയിരുന്നു. സാമൂഹികമായി ശക്തമായ സന്ദേശം ഉണ്ടായിരുന്നതിനാല്‍ ഈ രണ്ടു ഫിലിമുകളും സര്‍ക്കാര്‍ നിരോധിക്കുകയും ചെയ്തു.

തമിഴ് സാഹിത്യത്തിനും കരുണാനിധി വളരെയേറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. നാടകം, കവിതകള്‍, സിനിമയ്ക്കുള്ള എഴുത്തുകള്‍, നോവലുകള്‍, ചരിത്ര നോവലുകള്‍, ആത്മകഥ, സിനിമാ പാട്ടുകള്‍ അങ്ങനെ അദ്ദേഹത്തിന്റെ നീണ്ട സാഹിത്യ കൃതികളുടെ സംഭാവനകളുണ്ട്. സംഗം തമിഴ്, റോമാപുരി പാണ്ട്യന്‍, നിഞ്ഞുക്കു നീതി, തിരുക്കുറള്‍ ഉരൈ, പൊന്നറ ശങ്കര്‍, തേന്‍പാണ്ടി സിംഗം, ഇനിയവള്‍ ഇരുപത്, എന്നിങ്ങനെ നിരവധി കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. രാജകുമാരി, ദേവകി തിരുമ്പി പാര്‍, നാം മനോഹര, മലൈക്കള്ളന്‍, കാഞ്ചി തലൈവന്‍, മുതലായ സിനിമകള്‍ക്ക് തിരക്കഥകള്‍ എഴുതിക്കൊണ്ടിരുന്നു.

കരുണാനിധി ഏകദേശം നാല്‍പ്പതു സിനിമകള്‍ക്ക് കഥകളെഴുതിയിട്ടുണ്ട്. വിധവകളുടെ പുനര്‍വിവാഹം, വൈവാഹ ജീവിതത്തിന്റെ പവിത്രത, തൊട്ടുകൂടായ്മയും വര്‍ണ്ണ വ്യവസ്ഥയും അവസാനിപ്പിക്കുക മുതലായ വിഷയങ്ങളെല്ലാം അദ്ദേഹത്തിന്റെ എഴുത്തുകളിലുണ്ടായിരുന്നു. 'പരാശക്തി' എന്ന ആദ്യകാല സിനിമ (1952) വൈകാരികത നിറഞ്ഞ സംഭാഷണ ശൈലിയിലുള്ളതായിരുന്നു. അതില്‍ ശിവാജി ഗണേശന്റെ അതുല്യമായ അഭിനയ കാഴ്ച തമിഴ് സിനിമ ലോകത്തിന്റെ മുതല്‍ക്കൂട്ടാണ്. അതുപോലെ യുക്തിവാദ ചിന്തകള്‍ സിനിമയില്‍ സംസാരിക്കുമ്പോള്‍ അതിന്റെ ക്രെഡിറ്റ് മുഴുവന്‍ ലഭിച്ചിരുന്നത് ശിവാജി ഗണേശനായിരുന്നു. എന്നാല്‍ അതെഴുതുകയും അതിനു ശബ്ദരേഖ കൊടുക്കുകയും ചെയ്ത കരുണാനിധിയും സിനിമയുടെ വിജയത്തില്‍ തുല്യമായ പങ്കു വഹിച്ചിട്ടുണ്ട്.

കരുണാനിധിയുടെ എല്ലാ സിനിമയ്ക്കുള്ള എഴുത്തുകളിലും ശക്തമായ ഒരു രാഷ്ട്രീയ അജണ്ടായുണ്ടായിരുന്നു. ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ആശയങ്ങള്‍ നിറഞ്ഞിരുന്നു. 'ചിലപ്പതികാരം' പോലുള്ള ഇതിഹാസ കഥകളിലും നായകന്റെ വക്താവായിട്ടാണ് സ്‌ക്രിപ്റ്റ് എഴുതിയിരിക്കുന്നത്. രാഷ്ട്രീയത്തിലെ നീതിയും ധര്‍മ്മവും ഒരോ ഡയലോഗിലും തന്മയത്വത്തോടെ അവതരിപ്പിച്ചിരുന്നു. എഴുത്തിന്റെ ലോകം അദ്ദേഹം ജീവിതാവസാനം വരെ ഇഷ്ടപ്പെട്ടിരുന്നു. മുഖ്യമന്ത്രിയായിരുന്ന കാലത്തുപോലും എഴുത്തിനെ സ്‌നേഹിച്ചിരുന്നു. ഔദ്യോഗിക ജോലികള്‍ക്കിടയിലും സമയം കിട്ടുമ്പോഴെല്ലാം സിനിമകള്‍ക്ക് തിരക്കഥകള്‍ എഴുതിക്കൊണ്ടിരുന്നു.

കരുണാനിധി ഇരുന്നൂറോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. മാക്‌സിം ഗോര്‍ക്കിയുടെ 'മദര്‍' എന്ന പുസ്തകത്തിന്റെ പരിഭാഷ ചെയ്തത് കരുണാനിധിയായിരുന്നു. കൂടാതെ സിനിമയ്ക്കായി എഴുപത്തഞ്ചോളം തിരക്കഥകളും എഴുതിയിട്ടുണ്ട്. സാഹിത്യ സംഭാവനകളെ മാനിച്ച് അണ്ണാമല സര്‍വ്വകലാശാല 1971-ല്‍ ഹോണററി ഡോക്ട്രേറ്റ് നല്‍കി ആദരിച്ചു. 'തേന്‍പാണ്ടി സിംഗം' എന്ന പുസ്തകത്തിന് തഞ്ചാവൂര്‍ തമിഴ് യൂണിവേഴ്‌സിറ്റിയുടെ 'രാജാ രാജന്‍ അവാര്‍ഡ്' ലഭിച്ചിരുന്നു. മധുരൈ കാമരാജ യൂണിവേഴ്സിറ്റിയും ഹോണററി ഡോക്ട്രേറ്റ് നല്‍കിയിരുന്നു. 1975 മുതല്‍ ''നെഞ്ചിക്കു നീതി'യെന്ന പേരില്‍ ആറു വാല്യങ്ങളായി അദ്ദേഹത്തിന്റെ ആത്മകഥയും പ്രസിദ്ധീകരിച്ചിരുന്നു.

2016 ഒക്ടോബര്‍ മുതല്‍ കരുണാനിധിയുടെ ആരോഗ്യം ക്ഷയിക്കാന്‍ തുടങ്ങി. രാഷ്ട്രീയ പ്രവത്തനങ്ങളും ചുരുക്കിയിരുന്നു. പൊതു സ്ഥലങ്ങളിലും പ്രത്യക്ഷപ്പെടാറില്ലായിരുന്നു. 2018 ജൂണ്‍ മൂന്നാം തിയതി ജന്മദിനത്തിലാണ് അവസാനമായി സഹപ്രവര്‍ത്തകരെ കണ്ടത്. ജൂലൈ ഇരുപത്തിയെട്ടാം തിയതി ആരോഗ്യം വളരെ മോശമാവുകയും ചെന്നൈയിലുള്ള കാവേരി ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും 2018 ആഗസ്റ്റ് മാസം മരണമടയുകയും ചെയ്തു. 2018 ആഗസ്റ്റ് എട്ടാം തിയതി കരുണാനിധിയോടുള്ള ബഹുമാന സൂചകമായി തമിഴ്‌നാട്, അവധി ദിവസമായി പ്രഖ്യാപിച്ചിരുന്നു. ദേശീയ തലത്തിലും അന്ന് ആദരവ് പ്രകടിപ്പിച്ചു കൊണ്ട് ഇന്ത്യയുടെ ദേശീയ പതാക താഴ്ത്തിക്കെട്ടിയിരുന്നു.

അണ്ണാദുരെയുടെ ശ്മശാന മണ്ഡപത്തിനു സമീപം അദ്ദേഹത്തെ അടക്കണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ എഐഡിഎംകെ (AIADMK) രാഷ്ട്രീയം ആ തീരുമാനത്തിനെതിരെ എതിര്‍ത്തതും പ്രശ്‌നങ്ങളുണ്ടാക്കി. ഒടുവില്‍ കരുണാനിധിയുടെ ഭൗതിക ശരീരം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം അണ്ണാദുരൈ സ്മാരകത്തിന് സമീപം മറവു ചെയ്യാന്‍ ഹൈക്കോടതിയുടെ തീരുമാനം വേണ്ടി വന്നു. അതുമൂലം അദ്ദേഹത്തിന്റെ മകന്‍ എംകെ സ്റ്റലിന് ജനങ്ങളുടെ വൈകാരികമായ പിന്തുണയും ലഭിക്കാന്‍ കാരണമായി. 'അച്ഛന് മറീന ബീച്ചില്‍ അന്ത്യവിശ്രമത്തിന് ഇടം നല്‍കിയില്ലായിരുന്നെങ്കില്‍ ഞാന്‍ മരിക്കുമായിരുന്നുവെന്നും' സ്റ്റലിന്‍, കരുണാനിധി അനുസ്മരണത്തില്‍ പറഞ്ഞു. 2016ലെ തിരഞ്ഞെടുപ്പില്‍ സ്റ്റാലിന്റെ പാര്‍ട്ടി ശക്തമായി രാഷ്ട്രീയത്തില്‍ ശോഭിച്ചിരുന്നെങ്കിലും കൂടെ നിന്ന ചില പാര്‍ട്ടികളുടെ പേരുദോഷം മൂലം അധികാരം ലഭിക്കാന്‍ സാധിച്ചില്ല. ഡിഎംകെ ജയിക്കാന്‍ സാധ്യതയുള്ള ചില സീറ്റുകള്‍ മറ്റു പാര്‍ട്ടികള്‍ക്ക് വീതിക്കേണ്ടിയും വന്നു. കൂടുതല്‍ സീറ്റുകളില്‍ മത്സരിച്ചിരുന്നുവെങ്കില്‍ അത്തവണ അധികാരം പിടിക്കാന്‍ പ്രയാസമില്ലായിരുന്നു. ജയലളിത എല്ലാ വിധ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ പ്രയോഗിക്കുകയും ചെയ്തു.

നിശ്ചലനായി കിടക്കുന്ന തന്റെ ലീഡറും അപ്പനുമായിരുന്ന കരുണാനിധിയുടെ ഭൗതിക ശരീരത്തെ നോക്കി വിലപിച്ചുകൊണ്ടു കവിയായ മകന്‍ 'സ്റ്റലിന്‍' തമിഴില്‍ ഒരു കവിത രചിക്കുകയും പാടുകയും ചെയ്തിരുന്നു. കവി പാടിയ ആത്മാവില്‍ നിറഞ്ഞ ഗീതങ്ങളുടെ ചുരുക്കമിങ്ങനെ, 'അപ്പാ! ഒരിക്കല്‍ മാത്രം, ഈ നിമിഷം മാത്രം ഞാന്‍ അങ്ങയെ 'അപ്പാ' എന്ന് വിളിക്കട്ടെ. എന്റെ പ്രിയപ്പെട്ട 'ലീഡര്‍', ഞാന്‍ എന്നും അങ്ങയെ അങ്ങനെ വിളിച്ചിരുന്നു! അങ്ങ് എവിടെ പോയിരുന്നെങ്കിലും എവിടെയാണ്, പോവുന്നതെന്നു ഞങ്ങളെ അറിയിക്കുമായിരുന്നു. എന്നാല്‍, യാതൊന്നും പറയാതെ ഞങ്ങളില്‍നിന്നും ഇന്ന് യാത്രയായിരിക്കുന്നു. എന്റെ മനസും ശരീരവും ഹൃദയ വികാരങ്ങളും എന്നും അങ്ങേയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്നു. ഇന്ന് ഞങ്ങളെയെല്ലാം നിത്യം അനാഥരാക്കി അവിടുന്ന് എവിടേക്കാണ് യാത്രയായതെന്നും അറിയില്ല. മുപ്പത്തിമൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് അങ്ങ് കുറിച്ച വാക്കുകള്‍ ഞാന്‍ ഓര്‍മ്മിക്കുന്നു. 'വിശ്രമമില്ലാതെ യാതൊരുവന്‍ കഠിനാധ്വാനം ചെയ്യുന്നുവോ അവന്‍ ഇവിടെ വിശ്രമിക്കട്ടെ.' അങ്ങയുടെ ഓര്‍മ്മയ്ക്ക് മുമ്പില്‍ അങ്ങ് പറഞ്ഞ താത്വികമായ ഈ വാക്കുകള്‍ എന്നും അങ്ങേക്കായി ഇവിടെ മുദ്രണം ചെയ്യുന്നു.

തമിഴ് സമൂഹത്തിനുവേണ്ടി, അവരുടെ നന്മക്കുവേണ്ടി വിശ്രമമില്ലാതെ ജോലിചെയ്ത അങ്ങ് പോയത് പൂര്‍ണ്ണമായും ആത്മാവിനുള്ളില്‍ സംതൃപ്തിയോടെയോ! തൊണ്ണൂറ്റിയഞ്ചാം വയസില്‍ എണ്‍പതു വര്‍ഷത്തെ പൊതു ജീവിതത്തിനു ശേഷം അങ്ങ് യാത്രപറഞ്ഞത്, അങ്ങയുടെ കര്‍മ്മമാര്‍ഗങ്ങളില്‍ക്കൂടി മറ്റുള്ളവരും അങ്ങയെ പിന്തുടരാനോ? കഴിഞ്ഞ ജൂണ്‍ മൂന്നാംതിയ്യതി തൊണ്ണൂറ്റിയഞ്ചാം ജന്മദിനത്തില്‍ തിരുവാരൂരിന്റെ മണ്ണില്‍വെച്ച് 'അങ്ങയുടെ പകുതി ഊര്‍ജവും ശക്തിയും എനിക്ക് തരൂവെന്ന്' ഞാന്‍ ചോദിച്ചു. ലീഡറെ! ഇന്നും ഞാന്‍ അതുതന്നെ ആവര്‍ത്തിക്കുന്നു, 'ആ ശക്തിയും അങ്ങ് ആവഹിച്ചിരിക്കുന്ന അണ്ണായുടെ ഹൃദയ ശുദ്ധിയും എനിക്കും തരുമോ!'

അങ്ങയുടെ സാക്ഷാല്‍ക്കരിക്കാത്ത സ്വപ്നങ്ങള്‍ ഞങ്ങള്‍ യാഥാര്‍ഥ്യമാക്കും. തുടക്കമിട്ട ലക്ഷ്യങ്ങളും പൂര്‍ത്തികരിക്കും. ഞങ്ങളുടെ പ്രിയങ്കരനായ നേതാവേ, അങ്ങ് കാണിച്ച വഴികളില്‍ക്കൂടി ഇനി വരാനിരിക്കുന്ന അടുത്ത നൂറു വര്‍ഷങ്ങളും നമ്മുടെ ഭാഷയുടെയും സംസ്‌ക്കാരത്തിന്റെയും കെട്ടുറപ്പിനായി, അര്‍പ്പിത മനോഭാവത്തോടെ ഞങ്ങള്‍ പ്രവര്‍ത്തിക്കും. ഇത് സത്യം! അങ്ങയെ 'അപ്പാ അപ്പാ' എന്നു വിളിക്കുന്നതിന് പകരം 'ലീഡര്‍, ലീഡര്‍' എന്നാണ് എന്നും ഞാന്‍ വിളിച്ചിരുന്നത്. എന്നാല്‍ ഇന്ന് ഒരു പ്രാവിശ്യം മാത്രം 'അപ്പാ എന്റെ ലീഡര്‍' എന്നു ഞാന്‍ വിളിക്കട്ടെ.'

കരുണാനിധിയെപ്പോലെ സ്റ്റലിനും ജനപിന്തുണയുള്ള നേതാവാകാന്‍ സാധിക്കുമോ? കരുണാനിധിയുടെ കഥയില്‍ വെറും ദരിദ്രാവസ്ഥയില്‍ നിന്നും ധനികനായ ചരിത്രമാണുള്ളത്. സിനിമാ ലോകവും തമിഴ്നാടിന്റെ രാഷ്ട്രീയവും അദ്ദേഹത്തിന്റെ ഉയര്‍ച്ചകള്‍ക്ക് ചവിട്ടുപടികളായി മാറി. സ്റ്റലിന് കരുണാനിധിയെപ്പോലെ വ്യക്തിപ്രഭാവമുള്ള രാഷ്ട്രീയ നേതാവാകാന്‍ സാധിക്കില്ല. തമിഴ് നാട്ടിലെ ഭൂരിഭാഗം ജനത വിശ്വസിക്കുന്നത് ഡിഎംകെ മൊത്തമായി അഴിമതികള്‍ നിറഞ്ഞിരിക്കുന്നുവെന്നാണ്. അത്തരം കാഴ്ചപ്പാടുകള്‍ നീക്കം ചെയ്താല്‍ മാത്രമേ സ്റ്റലിന് ഒരു രാഷ്ട്രീയ ഭാവിയുള്ളൂ. കഴിഞ്ഞ നാല്‍പ്പതു വര്‍ഷം പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ചുവെന്നുള്ള നേട്ടം സ്റ്റലിനുണ്ട്. അദ്ദേഹം ചെന്നൈ നഗരത്തിന്റെ മേയറായിരുന്നു. വിവിധ ഭരണ സംവിധാനങ്ങളില്‍ നേതൃത്വം വഹിച്ചിട്ടുണ്ട്.
കരുണാനിധിയും കലയും രാഷ്ട്രീയവും വിമര്‍ശനങ്ങളും (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക