Image

ഓണാഘോഷം പുരാതനവും ആധുനികവും (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

Published on 15 August, 2018
ഓണാഘോഷം പുരാതനവും ആധുനികവും (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)
ഹംസതൂലാമുഗ്ദ്ധ ശയ്യയില്‍ മോഹന 
ഹര്‍മ്മ്യത്തില്‍ വാസം ചെയ്തിടുമ്പോഴും മമ – 
ചിത്തത്തിലിന്നും തുടിക്കുന്നെന്‍ ബാല്യത്തില്‍ 
ചിത്രശലഭംപോല്‍ സ്വച്ഛാദ്ര ചിത്തയായ് 
അത്തലകന്നുല്ലസിച്ചോണ സദ്യകള്‍ 
പേര്‍ത്തും മധുരിക്കുമോര്‍മ്മകളാണിന്നുൂം! 

നഷ്ടസ്മൃതികളുടെ തിരനോട്ടമാണു് ഗൃഹാതുരത്വം. ജന്മഗേഹവും ജന്മഗ്രാമവും വിട്ട് അകലങ്ങളില്‍ വസിക്കുമ്പോഴാണു് ഗൃഹാതുരത്വം ഓരോ വ്യക്തിയിലും ത്രസിക്കുന്നത്. 

വൈവിധ്യമാര്‍ന്ന ജീവിതത്തിന്റെ താളമേളങ്ങള്‍ ഇടകലര്‍ന്നു്, വീടു നിറഞ്ഞു നിന്ന കൂട്ടുകുടുംബങ്ങളിലെ കുടുംബാംഗങ്ങളുടെ ഒത്തു ചേരല്‍ ആഘോഷപൂര്‍വ്വം നടക്കുന്നത് ഓണത്തിരുനാളിലെ സദ്യവട്ടത്തിലാണു്. പണക്കാരന്നും പാമരനും ജീവിതഭാരങ്ങള്‍ മറന്നു് ഒന്നുപോലെ ആഹ്ലാദിച്ചിരുന്ന കേരളത്തിന്റെ ആഘോഷമായിരുന്നു പൊന്നിന്‍ ചിങ്ങത്തിലെ തിരുവോണനാള്‍. പണ്‍ടൊക്കെ തിരുവോണം, അവിട്ടം, ചതയം, എന്നീ പ്രധാന മൂന്നു് ഓണാഘോഷങ്ങളായിരുന്നു, തിരുവോണം കഴിഞ്ഞാല്‍ സദ്യവട്ടങ്ങളുടെ എണ്ണം കുറയുമായിരുന്നു. പണ്‍ട് നാടു ഭരിച്ചിരുന്ന ദാനശീലനും പ്രജാവത്സലനുമായിരുന്ന മാവേലി മന്നന്റെ പ്രജകളെ കാണുവാനുള്ള വര്‍ഷം തോറുമുള്ള എഴുന്നള്ളത്താണു് തിരുവോണമെന്നു് ഐതിഹ്യം. പത്തു ദിനം മുമ്പേ അത്തപ്പൂക്കളത്തോടു കൂടി നാടുമുഴുവന്‍ അണിഞ്ഞൊരുങ്ങും. 

അന്തിയില്‍ കിളികള്‍ കൂടണയാനുള്ള തത്രപ്പാടിന്റെ ഈണവും കളകളാരവവും. പ്രകൃതിപോലും പ്രസന്നസുരഭിലമായിരുന്നു. തിരുവോണദിവസം ആരും തന്നെ പാടത്തും പറമ്പിലും പണി ചെയ്യില്ല. കന്നുകാലികള്‍ക്കു് എരിത്തിലില്‍ തന്നെ തീറ്റ കൊടുക്കും. കേരളത്തിന്റെ ഭൂപ്രകൃതിക്കു പോലും അവധി ദിവസത്തിന്റെ താരള്യത. സ്‌കൂളുകളും കോളജൂകളുമൊക്കെ അവധിയായതിനാല്‍ കുട്ടികള്‍ ആനമ്പത്തിമിര്‍പ്പില്‍. എവിടെ നോക്കിയാലും ശാന്തിയും സമാധാനവും തത്തിക്കളിക്കുന്ന പ്രശാന്ത രമണീയത. ഉയര്‍ന്ന മരക്കൊമ്പുകളില്‍ അലസം ഊയലാടുന്ന ഊഞ്ഞാലുകള്‍ എവിടെയും കാണും. 
വീടും പരിസരങ്ങളും മാവേലി മന്നനെ എതിരേല്‍പ്പാനായി ചെത്തി മിനുക്കും. മാതാപിതാക്കളും ബന്ധുമിത്രാദികളും നിറഞ്ഞു നിന്നു് വിശേഷങ്ങളും വര്‍ത്തമാനങ്ങളും കൈമാറുന്ന സനേഹശീതളിമയുടെ നനുുനനുുത്ത പദപതനം. അകലെയുള്ള ബന്ധുമിത്രാദികള്‍ എത്തിച്ചേരുമ്പോഴുള്ള ആശ്ലേഷത്തിന്റെ, വാത്സല്യ നിറവിന്റെ നിര്‍വൃതി. 

കുടുംബത്തിലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഓണക്കോടി എടുക്കുന്നതും ഓണസമ്മാനങ്ങള്‍ നല്‍കുന്നതും, പാടത്തും പറമ്പിലും പണിയെടുക്കുന്ന കീഴാളര്‍ തമ്പ്രാനു ഉരലില്‍ ഇടിച്ചെടുത്ത അവല്‍ സമ്മാനവുമായി എത്തുമ്പോള്‍ അവര്‍ക്കു് ഓണക്കോടി നല്‍കുന്നതും ഓണസദ്യയ്ക്കള്ള വിഭവങ്ങള്‍ കുട്ട നിറയെ കൊടുക്കുന്നതും ഒക്കെ വലിയ ആചാരമായിരുന്നു. എവിടെയും സമൃദ്ധിയുടെ ഭാവതാളം. എവരും സ്വയം മറന്നാഹ്ലാദിക്കുന്ന സമാധാനത്തിന്റെയും സന്തുഷ്ടിയുടെയും കേളികൊട്ട്. 
പൊന്നിന്‍ ചിങ്ങത്തിലെ തിരുവോണത്തിനു വേണ്‍ടി നാടും നഗരവും മാസങ്ങളായുള്ള തയ്യാറെടുപ്പാവും. കൊയ്ത്തു കഴിഞ്ഞ് പത്തായങ്ങള്‍ നിറയെ പവന്‍ നിറമാര്‍ന്ന നെന്മണികള്‍ നിറയ്ക്കും, ചെമ്പിലും കുട്ടകത്തിലുമൊക്കെ നെല്ലു പുഴുങ്ങി വെയിലത്തുണങ്ങി, റൈസ് മില്ലുകളൊന്നും 
ഇല്ലാതിരുന്ന ആ കാലത്ത്, ഉരലില്‍ കുത്തി, മുറത്തില്‍ പേറ്റിയെടുത്ത,് അരി വലിയ അരിപ്പെട്ടികളില്‍ സൂക്ഷിയ്ക്കും. പായസത്തിനും പലഹാരങ്ങള്‍ക്കും പച്ച നെല്ലുണക്കി കുത്തി വയ്ക്കും. കൃഷിയിടങ്ങളില്‍ ഏത്തക്കുലകള്‍, കൃഷി വര്‍ക്ഷങ്ങള്‍ ഒക്കെയും ഓണാഘോഷത്തിനായി തയ്യാറായി പാകമായി നില്‍ക്കും. പ്രകൃതി മുഴുവനായി ഈ സുദിനത്തെ വരവേല്‍ക്കാനായി തയ്യാറായി നിന്നുവെന്നു തോന്നുമായിരുന്നു. 
ഓണച്ചന്തയിലെ ആരവവും ബഹളവും ഒന്നു കാണേണ്‍ട കാഴ്ച തന്നെ. കാളവണ്‍ടിയിലും കാല്‍നടയായും തലച്ചുമടായും വിദൂരങ്ങളില്‍നിന്നു് കര്‍ഷകര്‍ വാഴക്കുലകള്‍, തുടങ്ങി മറ്റു കൃഷിയിനങ്ങള്‍ ഒക്കെ ഓണച്ചന്തയില്‍ കൊണ്‍ടു വന്നു നിറയ്ക്കുന്ന കാഴ്ച ഹൃദയാവര്‍ജ്ജകമായിരുന്നു. മത്സ്യമാംസാദികള്‍ ഓണത്തിനു് പണ്‍ടൊന്നും ഉപയോഗിച്ചിരുന്നില്ല. തിരുവോണനാള്‍ വെളുപ്പിനുതുടങ്ങി അടുക്കളകള്‍ ശബ്ദമുഖരിതമായിരുന്നു. വ്യത്യസ്ത പാചകങ്ങളുടെ സമ്മേളനമാണു് അവിടെ നടക്കുന്നത്. വിവിധ തരം പാചകമേളങ്ങള്‍ക്കു് സ്ത്രീജനങ്ങളുടെ ധൃതിയാര്‍ന്ന അരിയലും മുറിയ്ക്കലും. ഉപ്പേരി വറുക്കല്‍, പൊരിക്കല്‍, ഇളക്കല്‍, അരകല്ലില്‍ അരയ്ക്കല്‍, കലത്തില്‍ മത്തുകൊണ്‍ടു തൈരു കുടയുന്ന സുഖദമായ ശബ്ദം. ചീനച്ചട്ടിയില്‍, എണ്ണയെഴിച്ച് കടകു വറുക്കുന്ന 'ശീ' ശബ്ദം. മുറ്റം തൂക്കുന്ന ചൂലിന്റെ പതറിയ താളം. കപ്പിയും കയറുമിട്ട് കിണറ്റില്‍ നിന്നും വെള്ളം കോരുമ്പോഴുള്ള ഭകട കടഭ ശബ്ദം. കുട്ടികള്‍ എണ്ണ തേച്ചു കുളിക്കാനുള്ള ഓട്ടപ്പാച്ചിലിന്റെ താളമേളം. വീടിനോരത്തുള്ള പുഴയില്‍ മേളിയ്ക്കമ്പോഴുള്ള വെള്ളത്തിന്നോളത്തിന്‍ ശബ്ദം. കുട്ടികളെല്ലാം കുളി കഴിഞ്ഞ് ഓണക്കോടിയുടുത്ത് ആഹ്ലാദഭരിതരായി അണിനിരക്കും. 

നിലത്തു വിരിച്ച പായില്‍ ആദ്യം അച്ഛന്‍, പിന്നെ പ്രായക്രമമനുസരിച്ച്, ചമ്രം പടഞ്ഞിരുന്നു്, മുന്നില്‍ തൂശനിലയില്‍ തുമ്പപ്പൂ മലര്‍ തോറ്റോടും അന്നം, പരിപ്പു്, നറുനെയ്യു്, പര്‍പ്പടകം,, സാമ്പാര്‍, അവിയല്‍, കൂട്ടുകറി, ഇഞ്ചി, നാരങ്ങാ, പച്ചടി, ഉപ്പേരി, ശര്‍ക്കര പുരട്ടി, കാളന്‍, പഴം, തേന്‍, അടപ്രഥമന്‍, കടല പ്രഥമന്‍ ഇങ്ങനെ എത്രതരം ഭക്ഷണ ക്രമം. ഇന്നും നനവൂറും മാധുര്യം! 

ഓണസദ്യ കഴിഞ്ഞ് ഓരോ പ്രായക്കാരും അവരവര്‍ക്കനുസരിച്ച വിവിധ കേളികളില്‍ അവിടെയായി ഒന്നിച്ചു കൂടും. പുലിവേഷക്കാര്‍ ഓരോ വീട്ടിലും കയറിയിറങ്ങുന്നതും മറ്റൊരു വിനോദം. ടെലിവിഷന്‍ സീരിയലുകളൊന്നുമില്ലാത്ത അക്കാലങ്ങളില്‍ കൂട്ടുകാരുമൊത്തുള്ള ഓണക്കളികളില്‍ വ്യാപൃതരാകുന്ന ആ ദിനങ്ങള്‍ പരസ്പര സൗഹാര്‍ദ്ദവും അയല്‍ബന്ധങ്ങളും ഊട്ടിയുറപ്പിച്ചു. 

ഇന്നു് ആധുനികതയുടെ അതിപ്രസരത്തില്‍ ഓണവും ആഘോഷങ്ങളും പ്രവാസികളിലേക്കു തീറെഴുതിയിരിക്കയാണു്. ഓണാഘോഷവും സദ്യയും ഓണക്കിറ്റുകളിലേക്കു ചുരുങ്ങിപ്പോയതിനാല്‍ വീടുകളില്‍ തത്രപ്പാടോ, മുറ്റവും പരിസരവും ചെത്തിമിനുക്കലോ തുടങ്ങിയ യാതൊരുവിധ തയ്യാറെടുപ്പുകളും കാണ്‍മാനില്ല. കൂട്ടുകുടുംബങ്ങളില്‍ ബന്ധങ്ങള്‍ കൂട്ടിയിണക്കിയിരുന്ന മുതിര്‍ന്ന തലമുറകള്‍ കാലഹരണപ്പെട്ടിരിക്കുന്നു. ഇന്നു യാന്ത്രികമായ ശബ്ദങ്ങള്‍… കിണറ്റില്‍ നിന്നും വെള്ളം പമ്പു ചെയ്യുന്ന മോട്ടോറിന്റെ ശബ്ദം. ഗ്യാസ് അടുപ്പിന്റെ ഇടയ്ക്കിടെയുള്ള പൊട്ടല്‍, മിക്‌സിയുടെ കാതടപ്പിക്കുന്ന ശബ്ദം. പരസ്പരം സംസാരിക്കാന്‍ പോലും സമയമില്ലാത്തത്ര യാന്ത്രികതയില്‍ ബന്ധങ്ങള്‍ക്കു് പഴയതുപോലെ കെട്ടുറപ്പില്ലാത്ത ആധുനിക ജീവിതം. മദ്യവും, മാട്ടിറച്ചിയും, പോത്തിറച്ചിയുമില്ലാത്ത ഓണസദ്യ ഇന്നു വിരളം. എത്ര ദശലക്ഷം രൂപയാണു് ് ഓണം ആഘോഷിക്കാന്‍ മദ്യ ഷാപ്പില്‍ കഴിഞ്ഞ വര്‍ഷം വരെ ചെലവാക്കിയിരുന്നത് ! മദ്യഷാപ്പുകളുടെ മുന്നില്‍ ഉത്രാടസന്ധ്യയില്‍ പുരുഷവൃമ്പത്തിന്റെ നീണ്‍ട നിര കാതരമായ കാഴ്ചതന്നെ ! 

ഇന്നു് നമ്മുടെ കൊച്ചു കേരളം കാലവര്‍ഷത്തിന്റെ കൊലവിളിയില്‍, ഉരുള്‍ പൊട്ടലിന്റെ ഭീഷണിയില്‍, അണക്കെട്ടുകള്‍ തുറന്നുവിടുന്ന പ്രളയക്കെടുതിയില്‍, കിടപ്പാടങ്ങളും കൃഷിയിടങ്ങളും, സര്‍വ്വ സമ്പാദ്യങ്ങളും തകര്‍ന്നുകൊണ്‍ടിരിക്കുമ്പോള്‍, വേദനയോടെയാണു് ഈ വര്‍ഷത്തെ ഓണാഘോഷം നമ്മെ എതിരേല്‍ക്കുന്നത്. എത്രയോ പേരുടെ വീടും വസ്തുവകകളും ജീവന്‍ പോലും ഈ കാലവര്‍ഷക്കെടുതി കവര്‍ന്നെുടത്തുകൊണ്‍ടിരിക്കുമ്പോള്‍, ആയുഷ്‌ക്കാലം മുഴുവന്‍ കഷ്ടപ്പെട്ട 

കെട്ടിപ്പൊക്കിയ ഭവനങ്ങളും ജീവിതവും ഒലിച്ചുപോകുന്ന കാതരമായ കാഴ്ച ! ഭൂമീദേവിയുടെ ഹൃദയം പൊട്ടിയുള്ള നിലവിളിയില്‍ നാടും നഗരവും ഞെട്ടിവിറയ്ക്കുമ്പോള്‍, ദൈവകോപമോ ഈ ഘോരമാരിയെന്നു് ആശങ്കപ്പെടുന്ന ഈ അന്ധ തമസ്സില്‍ എത് അദേവനും 'ദൈവമേ, രക്ഷിക്കണേ' എന്നു നിലവിളിച്ചു പോകും. ജാതിമതഭേദമെന്യേ, എകദൈവത്തോടു് കണ്ണുനീരോടെ നമുക്കു പ്രാര്‍ത്ഥിക്കാം, ഇത്തരുണത്തില്‍ എങ്ങനെ നമുക്കു മതിമറന്നു സന്തോഷിക്കാനാവും? വെള്ളം വെള്ളം , എവിടെയും മലവെള്ളപ്പാച്ചില്‍, ഒരു തുള്ളി വെള്ളം കുടിക്കാനില്ലാതെ ആയിരങ്ങള്‍ കണ്ണുനീര്‍ക്കയത്തില്‍ വീര്‍പ്പു മുട്ടുമ്പോള്‍, ഹൃദയമുള്ള ഒരു മാനവനും സന്തോഷിക്കാനാവുമോ? 

ആഹാരവും, വെള്ളവും വസ്ത്രവുമില്ലതെ ദുരിതാശ്വാസ ക്യാമ്പുകളില്‍ നരകയാതനയില്‍ മുങ്ങിക്കഴിയുന്ന നമ്മുടെ സഹജീവികളായ ആയിരക്കണക്കിനാളുകളുടെ ഈ വേദനയില്‍ ഹൃദയം തകരുമ്പോള്‍, ഏതു വിധേനയും അമേരിക്കന്‍ മണ്ണില്‍ എത്തിപ്പെടാന്‍ ഭാഗ്യം ലഭിച്ച നാം ഈ പ്രളയക്കെടുതിയില്‍ നമ്മുടെ കടമ നിറവേറ്റേണ്‍ടിയിക്കുന്നു. നമ്മുടെ സമ്പന്നതയുടെ ഒരംശം സര്‍വ്വതും നഷ്ടപ്പെട്ട് കണ്ണുനീര്‍ക്കയത്തില്‍ ആണ്‍ടു കിടക്കുന്ന നമ്മുടെ ജന്മനാടിന്റെ ജീര്‍ണ്ണതയില്‍ കൈത്താങ്ങാക്കാം !നമുക്കു കണ്ണു തുറക്കാം ! ഹൃദയം ആര്‍ദ്രമാക്കാം !, സഹജീവികളുടെ വേദനയില്‍ പങ്കുചേരാം ! പ്രാര്‍ത്ഥനയില്‍ അഭയം തേടാം. ദൈവം നമുക്കു സമാധാനം നല്‍കട്ടെ!!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക