Image

ദുരന്തം വിതച്ച് പേമാരി; ആലുവയും കൊച്ചിയും മുങ്ങുന്നു; ഇന്ന് 46 മരണം; അരലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു

Published on 16 August, 2018
ദുരന്തം വിതച്ച് പേമാരി; ആലുവയും കൊച്ചിയും മുങ്ങുന്നു; ഇന്ന് 46 മരണം; അരലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ പ്രളയക്കെടുതിയില്‍ ഇന്ന് 47 മരണം. രണ്ടു ദിവസത്തിനിടെ മരിച്ചവരുടെയെണ്ണം 80 ആയി. തൃശൂര്‍ കുറാഞ്ചേരിയില്‍ ഉരുള്‍പൊട്ടലില്‍ 13 പേര്‍ മരിച്ചു. അപകടത്തില്‍പ്പെട്ട് 15ഓളം പേരെ രക്ഷപ്പെടുത്തി. ഉറുങ്ങാട്ടേരി ഓടക്കയത്തുണ്ടായ ഉരുള്‍പൊട്ടലില്‍ ഏഴുപേര്‍ മരിച്ചു. കൂടരഞ്ഞിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ട് പേര്‍ മരിച്ചു.
ഇടുക്കി ജില്ലയില്‍ ഉരുള്‍ പൊട്ടലിലുമായി പത്തു പേര്‍ മരിച്ചു. ദേവികുളത്ത് മണ്ണിടിഞ്ഞ് നാലു പേര്‍ മരിച്ചു. നെടുങ്കണ്ടത്തെ ഉരുള്‍പൊട്ടലില്‍ കുടുംബത്തിലെ മൂന്നു പേരും മരിച്ചു. അതിരപ്പിള്ളിക്കടുത്തുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരാള്‍ മരിച്ചു. പൂമലയില്‍ വീട് തകര്‍ന്ന് രണ്ടു പേര്‍ മരിച്ചു.
നെന്മാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ എട്ടു പേര്‍ മരിച്ചു. കോഴിക്കോട് മാവൂരില്‍ മണ്ണിടിഞ്ഞ് വീണ് രണ്ട് കുട്ടികള്‍ മരിച്ചു.
മൂവാറ്റുപുഴ പാലയും ആലുവയും കൊച്ചി നഗരവും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. തൃശൂര്‍ പീച്ചി, വാഴാനി ഡാമുകളുടെ ഷട്ടര്‍ വീണ്ടും ഉയര്‍ത്തിയിട്ടുണ്ട് പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി.
കണ്ണൂര്‍ ജില്ലയില്‍ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും കാരണം മലയോര പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. കൊട്ടിയൂര്‍ മേഖലയില്‍ ഉരുള്‍ പൊട്ടിയതിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. മലയോര മേഖലയിലെ എല്ലാ പുഴകളും കര കവിഞ് ഒഴുകുകയാണ്. 
അതേസമയം, സംസ്ഥാനത്ത് ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഉള്‍പ്പെടെ പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്‌കൂളുകളുടെയും ഓണാവധി പുനഃക്രമീകരിച്ചു. സ്‌കൂളുകള്‍ ഓണാവധിക്കായി നാളെ അടയ്ക്കും. ഓണാവധി കഴിഞ്ഞ് 29ന് തുറക്കും.
മറ്റു അറിയിപ്പുകള്‍:
നെടുമ്പാശ്ശേരി വിമാനത്താവളം ഈ മാസം 26 വരെ തുറക്കില്ല. തിരുവനന്തപുരം മുതല്‍ ഷൊര്‍ണ്ണൂര്‍ വരെയുള്ള ട്രെയിന്‍ ഗതാഗതം നാളെ വൈകുന്നേരം 4 മണി വരെ നിര്‍ത്തിവെച്ചു.
പേമാരിയില്‍ ഒറ്റപ്പെട്ടവര്‍ക്ക് സഹായത്തിനായി പ്രത്യേക വാട്ട്‌സ് അപ്പ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ലൊക്കേഷന്‍ അയക്കേണ്ട നമ്പര്‍ 9446568222 ആണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക