Image

കലികാലപ്പെയ്ത്തിന്റെ ദുരിതത്തിലമര്‍ന്ന് കേരളം (എ.എസ് ശ്രീകുമാര്‍)

എ.എസ് ശ്രീകുമാര്‍ Published on 17 August, 2018
കലികാലപ്പെയ്ത്തിന്റെ ദുരിതത്തിലമര്‍ന്ന് കേരളം (എ.എസ് ശ്രീകുമാര്‍)
കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ കേരളത്തില്‍ ഇങ്ങനെയൊരു മഴക്കാലത്തെക്കുറിച്ച് കേട്ടറിവുപോലുമുണ്ടായിട്ടില്ലെന്ന് പഴമയുടെ പ്രതിനിധികള്‍ പറയുന്നു. ഇത് കാലവര്‍ഷമല്ല, മറിച്ച് കാലന്റെ വര്‍ഷമാണ്...കലികാലവര്‍ഷം. വലിയൊരു വറുതിക്ക് ശമനമുണ്ടാക്കി, പതിവു തെറ്റിച്ച് ജൂണ്‍ മാസത്തിനു മുമ്പേ കാലവര്‍ഷത്തുള്ളികള്‍ കേരളമണ്ണില്‍ വീണപ്പോള്‍ കുളിര്‍ത്തത് മണ്ണു മാത്രമല്ല, മനുഷ്യരുടെ മനസ്സുകൂടിയാണ്. കുടിവെള്ള ക്ഷാമത്തിന് ആശ്വാസമായി പുതുമഴ പെയ്തിറങ്ങിയപ്പോള്‍ വറ്റിവരണ്ടുപോയ ജലാശയങ്ങളെല്ലാം ഉറവയുടെ അക്ഷയപാത്രങ്ങളായി. 

കാലവര്‍ഷത്തെ കേരളീയ ജനത ഊഷ്മളമായി സ്വീകരിച്ചു. എന്നാല്‍ ഏതാണ്ട് മെയ് മാസം പകുതി മുതല്‍ പെയ്തു തുടങ്ങിയ മഴയുടെ മട്ടും ഭാവവും പിന്നീടിങ്ങോട്ട് പാടേ മാറുകയായിരുന്നു. മഴയുടെ സൗമ്യ ഭാവം ഇന്ന് കൂടുതല്‍ രൗദ്രവും ഭയാനകവുമായിരിക്കുന്നു. മാധ്യമങ്ങളില്‍ വരുന്ന കലിമഴയുടെ ദുരിതക്കാഴ്ചകള്‍ മലയാളികളെ വല്ലാതെ പേടിപ്പെടുത്തുന്നു... ആശങ്കപ്പെടുത്തുന്നു. 26 വര്‍ഷങ്ങള്‍ക്ക് ശേഷം ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറക്കേണ്ട ആശങ്കാജനകമായ, ഭയാനകമായ അടിയന്തിര സാഹചര്യമുണ്ടായി. കുട്ടനാട് ഉള്‍പ്പെടെ കേരളത്തിന്റെ ഓരോ ഇഞ്ച് സ്ഥലവും മഴക്കെടുതിയുടെ പിടിയിലമര്‍ന്നിരിക്കുന്നു. തലചായ്ക്കാന്‍ നിര്‍മിച്ച മോഹ വീടുകള്‍ നഷ്ടപ്പെട്ടവര്‍...മലമുകളിലെയും മറ്റും ഉരുള്‍ പൊട്ടലിലും കടല്‍ കലിതുള്ളിയപ്പോഴും ജീവന്‍ വെടിഞ്ഞ് പോയ ബന്ധുമിത്രാദികള്‍...ഉടുതുണിമാത്രം ബാക്കിയായി ദുരിതാശ്വാസ ക്യാമ്പുകളില്‍ ഉറക്കമില്ലാതെ കഴിയുന്നവര്‍...പകര്‍ച്ചവ്യാധികള്‍ക്കിരയായ വിവിധ പ്രായക്കാര്‍...വെള്ളമിറങ്ങുമ്പോള്‍ വീട് കാണില്ലല്ലോ എന്ന് വിലപിക്കുന്ന നിര്‍ധന നിസ്സഹായര്‍...ഇതാണിപ്പോള്‍ കേരളത്തിന്റെ പരിഛേദം.

തമിഴ്‌നാടിന്റെ നിയന്ത്രണത്തിലുള്ള മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെയുള്ള കേരളത്തിലെ 80ഓളം അണക്കെട്ടുകള്‍ തുറന്നു വിട്ടതോടെ മലയോര പ്രദേശങ്ങളില്‍ നിന്നും കേരളത്തിലേക്ക് വെള്ളത്തിന്റെ കുത്തൊഴുക്ക് തുടങ്ങി. ഡാമുകളില്‍ നിന്നുള്ള വന്‍ ജലപ്രവാഹം നദികളുടെ ഇരുകരകളിലുമുള്ള ജനങ്ങളെ എടുത്തുകൊണ്ടാണ് പോകുന്നത്. അങ്ങനെ സമതല പ്രദേശങ്ങളെ ഒറ്റയടിക്ക് പ്രളയജലം വിഴുങ്ങിക്കൊണ്ടിരിക്കുന്നു. അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശത്തു മാത്രമല്ല, കേരളമെമ്പാടും ഒരേ തരത്തില്‍ ദുരിതപ്പേമാരി തുടരുകയാണ്. ഇതെന്ന് നിലയ്ക്കും എന്നൊരു രൂപവുമില്ല. പക്ഷേ, പ്രകൃതിക്ഷോഭത്തില്‍ ആണ്ടുപോയ ജനങ്ങളുടെ കണ്ണീരും കൂടി മഴജലത്തിനെപ്പം ചേരുകയും ചെയ്യുന്നു. 

വെള്ളപ്പൊക്കക്കെടുതികള്‍ പറഞ്ഞറിയിക്കാനാവാത്ത വിധം ഞെട്ടിപ്പിക്കുന്നതാണ്. ഉരുള്‍പ്പൊട്ടലിന്റെ കൊടും ഭീകരത നമ്മള്‍ ദൃശ്യമാധ്യമങ്ങളില്‍ ലൈവായി കാണുന്നു. അഭൂതപൂര്‍വമാം വിധം വെള്ളം കെട്ടി നിന്ന വന്‍മലയുടെ ഭാഗങ്ങള്‍ വലിയ ഒച്ചയോടെ പൊട്ടിച്ചിതറി കുലംകുത്തിയൊഴുകി വന്‍മരങ്ങള്‍ക്കും ഭീമാകാരങ്ങളായ പറകള്‍ക്കുമൊപ്പം വീടുകളുടെ മുകളിലേക്ക് പതിച്ചപ്പോള്‍ മണ്ണിനടിയില്‍ പെട്ട് അനേകം പേര്‍  ശ്വാസം മുട്ടി മരിച്ചു. പെയ്ത്തു വെള്ളവും അണക്കെട്ടിലെ വെള്ളവും കിഴക്കന്‍ മലകളില്‍ നിന്ന് ഒഴുകിയെത്തിയപ്പോള്‍  കിടപ്പാടം നഷ്ടപ്പെട്ടവര്‍ അനവധിയാണ്. 

വെള്ളം കയറി വീടുകള്‍ ആകമാനം മുങ്ങിയപ്പോള്‍ ശരണം പ്രാപിച്ച് ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിയവര്‍ക്കും ഭീഷണിയായി അവിടെയും വെള്ളം കയറി. ഭക്ഷണവും വൈദ്യുതിയും വെള്ളവും ഒന്നുമില്ലാതെ ജീവിതത്തിന്റെയും മരണത്തിന്റെയും നൂല്‍പ്പാലത്തിലാണ് അനേകലക്ഷങ്ങള്‍. റോഡുകളെല്ലാം ശക്തിയായി ഒഴുകുന്ന പുഴകളെപ്പോലെയായി. വീടിന്റെ രണ്ടാം നിലയിലും മൂന്നാം നിലയിലും ടെറസ്സിലുമൊക്കെ കയറി നിന്ന് രക്ഷയ്ക്കായി വിലപിക്കുന്നവരുടെ, സഹായം അഭ്യര്‍ത്ഥിക്കുന്നവരുടെ വ്യാപകമായ കാഴ്ചകള്‍ നാമിതുവരെ കണ്ടിരുന്നില്ല. ചിലയിടത്ത് ഉരുള്‍പൊട്ടല്‍ മൂലം പല കുടുംബങ്ങളിലെയും എല്ലാ അംഗങ്ങളും മരിച്ചു. അതേ സമയം ദുരന്തത്തില്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ ആരൊക്കെ ജീവിപ്പിച്ചിരുപ്പുണ്ട് എന്നറിയാതെ ആശുപത്രികളിലും ദുരിതാശ്വാസക്യാമ്പുകളിലും കഴിയുന്നവരുടെ വേദനകളും കേരളം കണ്ടും കേട്ടുമറിയുന്നു. 

സൈന്യത്തിന്റെയും കേരളസര്‍ക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും രാഷ്ട്രിയപാര്‍ട്ടികളുടെയും വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും ഇതര സാമൂഹിക, സാംസ്‌കാരിക, സാമുദായിക സംഘടനകളുടെയും പോലീസിന്റെയും ഒരേ മനസ്സോടെയുള്ള രക്ഷാപ്രവര്‍ത്തനം ആശ്വാസകരമാണ്. മല്‍സ്യത്തൊഴിലാളികള്‍ സ്വന്തം നിലയിക്ക് ഇറക്കിയ ബോട്ടുകളില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നു. ഇത്തരത്തില്‍ ഒരുമയോടെയുള്ള ഒരു രക്ഷാ ദൗത്യത്തിനും നാമാരും ഇതിനുമുമ്പ് സാക്ഷ്യം വഹിച്ചിട്ടില്ലെന്നും പറയേണ്ടതുണ്ട്. ഈ ഒരുമ ദുരന്തത്തിന്റെ വേദന അല്പം കുറയ്ക്കുന്നു. പ്രതീക്ഷകള്‍ക്ക് ചിറകുകള്‍ ഏകുന്നു. പലയിടങ്ങളിലും വിശപ്പും ദാഹവും സഹിച്ച് വസ്ത്രങ്ങളില്ലാതെ കുടുങ്ങിക്കിടക്കുന്നവരെ കഴിയുന്നതും വേഗത്തില്‍ രക്ഷിക്കാമെന്ന് പ്രതീക്ഷിക്കുന്നു. അതേ സമയം നാടിന്റെ ദുരിതത്തില്‍ തങ്ങളുടെ നാട്ടുകാരെ ആവും വിധം സഹായിക്കുവാന്‍ ലോകമെമ്പാടുമുള്ള പ്രവാസി മലയാളികള്‍ തങ്ങളുടെ വിയര്‍പ്പിന്റെ വിഹിതമായ തുകകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയക്കുന്നതും പ്രശംസനീയമാണ്. 

മഴക്കെടുതിയില്‍ കഴിഞ്ഞ 9 ദിവസത്തിനിടയില്‍ 164 പേര്‍ മരിച്ചുവെന്നാണ് ഇതുവരെയുള്ള കണക്ക്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിച്ച് സംസ്ഥാന മന്ത്രിമാര്‍ രംഗത്തുണ്ട്. വിവിധ ജില്ലകള്‍ തിരിച്ചാണ് മന്ത്രിതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. എറണാകുളം, പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍ പാലക്കാട്, വയനാട് തുടങ്ങി ദുരിതം രൂക്ഷമായ ജില്ലകളിലാണ് മന്ത്രിമാര്‍ നേരിട്ട് ഇടപ്പെട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. തലസ്ഥാനം കേന്ദ്രീകരിച്ചു പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. കേന്ദ്ര സര്‍ക്കാരുമായി നിരന്തരം ബന്ധപ്പെട്ട അടിയന്തിരമായ ഇടപെടലുകളുമായി അദ്ദേഹവും സജീവമാണ്. മഴക്കെടുതികള്‍ രൂക്ഷമായതു മുതല്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്ന അദ്ദേഹം. ഉന്നത തല യോഗങ്ങള്‍ക്ക് ശേഷം പലവട്ടം മാധ്യങ്ങളെ കണ്ട് വിവരങ്ങള്‍ അറിയിക്കുകയും ചെയ്യുന്നു. പ്രവര്‍ത്തനങ്ങളുടെ ഏകോപനവുമായി മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും ജനപ്രതിനിധികളുടെയും  ഓഫീസും രാത്രിയിലുള്‍പ്പെടെ സജീവമാണ്.

ഇതിനിടെ കൊച്ചി ഇടപ്പള്ളിയില്‍ രക്ഷാപ്രവര്‍ത്തകന്‍ വെള്ളത്തില്‍ വീണു. ഇയാള്‍ക്കായി തിരച്ചില്‍ തുടരുന്നു. മുല്ലപ്പെരിയാര്‍ ജലനിരപ്പ് 139 അടിയാക്കുമത്രേ. എന്നാല്‍ തമ്മിലടിക്കേണ്ട സമയമല്ല ഇതെന്നും മനുഷ്യന്റെ ജീവന്റെ പ്രശ്‌നമാണിതെന്നും സുപ്രീം കോടതി വ്യക്തമാക്കി. തിരുവല്ല മേഖലയില്‍ നടക്കുന്നത് പത്തനംതിട്ട ജില്ലയിലെ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമാണ്. തിരുവല്ലയില്‍ മാത്രം 35 ബോട്ടുകളാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി വിന്യസിച്ചിട്ടുള്ളത്. ബോട്ടുകളിലും വള്ളങ്ങളിലും എത്തിച്ചേരാന്‍ കഴിയാത്ത സ്ഥലങ്ങളിലുള്ളവരെ രക്ഷിക്കുന്നതിന് എയര്‍ലിഫ്ടിംഗ് നടത്തും. ഏറ്റവരും കൂടുതല്‍ ശ്രദ്ധ തിരുവല്ലയില്‍ കൊടുക്കുകയാണ്. റാന്നി, കോഴഞ്ചേരി, ആറന്മുള മേഖലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുലര്‍ത്തിയ അതീവ ജാഗ്രതയോടെയുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു. ആറന്മുളയില്‍ ഹെലികോപ്ടര്‍ ഉപയോഗിച്ച് എയര്‍ലിഫ്ടിംഗ് ആരംഭിച്ചു. അടൂരില്‍ എത്തിയ 23 ബോട്ടുകളില്‍ മൂന്ന് എണ്ണം പന്തളത്തേക്കും 10 എണ്ണം തിരുവല്ലയിലേക്കും 10 എണ്ണം പത്തനംതിട്ടയിലേക്കും അയച്ചു.

തിരുവനന്തപുരത്തു നിന്നും ഇന്നലെ (ആഗസ്റ്റ് 16)രാത്രി കടപ്രയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി പത്ത് ബോട്ടുകള്‍ എത്തിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. തിരുവല്ലയില്‍ ഇന്നലെ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ച മൂന്നു ബോട്ടുകള്‍ ഇന്നും വിവിധ സ്ഥലങ്ങളിലായി പ്രവര്‍ത്തനം തുടരുകയാണ്. തിരുവനന്തപുരത്തു നിന്ന് എത്തിച്ച കെ.ടി.ഡി.സിയുടെ ആറ് സ്പീഡ് ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഇവ വട്ടടി, തോട്ടടി തുടങ്ങിയ ഉള്‍പ്രദേശങ്ങളിലാണ് ഉപയോഗിക്കുക. ഇന്നലെ രാത്രി എത്തിച്ച മറ്റ് രണ്ട് സ്പീഡ് ബോട്ടുകള്‍ കുറ്റൂര്‍ മേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ചു വരുകയാണ്. തിരുവല്ലയില്‍ എത്തിയിട്ടുള്ള ആര്‍മിയുടെ മൂന്നു ബോട്ടുകള്‍ നിരണത്ത് രക്ഷാപ്രവര്‍ത്തനം തുടങ്ങി.

കോഴഞ്ചേരി ആറന്മുള മേഖലയില്‍ കഴിഞ്ഞ ദിവസം എന്‍.ഡി.ആര്‍എഫിന്റെ 15 ബോട്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഇതിനു പുറമേ ആറോളം ഫിഷിംഗ് ബോട്ടുകളും വിന്യസിച്ചിരുന്നു. നാടന്‍ വള്ളങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ചു വരുകയാണ്. ഈ സംവിധാനങ്ങള്‍ ഉപയോഗിച്ച് കോഴഞ്ചേരി, ആറന്മുള മേഖലയില്‍ ഇന്നലെ മാത്രം 1200 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഈ ബോട്ടുകളും വള്ളങ്ങളും ഇന്നും പ്രവര്‍ത്തിക്കുന്നുണ്ട്. കൂടുതല്‍ ബോട്ടുകള്‍ ഇവിടേക്ക് അയയ്ക്കും. എത്തിച്ചേരാന്‍ ബുദ്ധിമുട്ടുണ്ടായിരുന്ന ആറാട്ടുപുഴ, കോഴിപ്പാലം, മാലക്കര, ഇടയാറന്മുള എന്നിവിടങ്ങളിലേക്ക് നാലു ബോട്ടുകള്‍ പുതുതായി എത്തിച്ച് രക്ഷാപ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു. ഇതുവരെ എത്തിച്ചേരാന്‍ കഴിയാതിരുന്ന എല്ലാ സ്ഥലങ്ങളിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിഞ്ഞിട്ടുണ്ട്. മാരാമണ്ണിലേക്ക് രണ്ട് ബോട്ടുകള്‍ അയച്ചിട്ടുണ്ട്. ക്യാമ്പുകളിലെ ഭക്ഷണ വിതരണം ഉറപ്പാക്കിയിട്ടുണ്ട്.

തിരുവനന്തപുരത്ത് നിന്നും കെ.എസ.ആര്‍.ടി.സി ബസ് അടൂര്‍ വരെ മാത്രം. മധ്യ കേരളത്തില്‍ റോഡ് ഗതാഗതം ഏറെക്കുറെ സ്തംഭിച്ച നിലയില്‍. പ്രളയ ബാധിത മേഖലയില്‍ ഇന്ധന ക്ഷാമത്തിലേക്ക്. മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വീണ്ടും സംസാരിച്ചു. പ്രളയക്കെടുതികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അദ്ദേഹം അന്വേഷിച്ചു. പല സ്ഥലങ്ങളിലും മഴ ശക്തിയായി തുടരുകയാണെന്നും അതുകൊണ്ട് ഗുരുതരമായ സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നതെന്നും ചൂണ്ടിക്കാട്ടി. റാന്നി, ചെങ്ങന്നൂര്‍ മേഖലയില്‍ വെള്ളം കയറുന്നത് കുറഞ്ഞിട്ടുണ്ട്. അതേ സമയം കോന്നി, പന്തളം മേഖലയില്‍ വെള്ളം കയറുന്നത് ആശങ്കയുണ്ടാക്കുന്നു.

സംസ്ഥാനത്ത് കാസര്‍ഗോഡ് ഒഴികെ ഉള്ള എല്ലാ ജില്ലകളിലും റെഡ് അലര്‍ട്ട്പ്രഖ്യാപിച്ചിട്ടുണ്ട്. 13 ജില്ലകളിലും കനത്ത മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കുന്നു. തിരുവനന്തപുരത്ത് നിന്നുമുള്ള മിക്ക ട്രെയിനുകളും റദ്ദാക്കി. കോട്ടയം വഴിയുള്ള ട്രെയിന്‍ പൂര്‍ണ്ണമായും റദ്ദാക്കി. വിദേശികള്‍ അടക്കം നിരവധി യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നു. ആലപ്പുഴ വഴിയുള്ള ട്രെയിനുകള്‍ എറണാകുളം വരെ മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്. ദീര്‍ഘദൂര ട്രെയിനുകള്‍ തിരുനെല്‍വേലി വഴി തിരിച്ചുവിടുന്നു. മഹാപ്രളയത്തിന് ശമനമില്ല. കഴിഞ്ഞ മൂന്നു ദിവസമായി മരിച്ചത് 103 പേര്‍. സംസ്ഥാനത്ത് ആകെ 1155 ക്യാംപുകളിലായി 1,66,538 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്. കൂടുതല്‍ കേന്ദ്രസേന എത്തും. രക്ഷകാത്ത് നൂറുകണക്കിനാളുകള്‍.

പ്രധാന മന്ത്രി നരേന്ദ്ര മോദി 17-ാം തീയതി പൈകിട്ടാണ് കേരളത്തിലെത്തുക. മുഖ്യമന്ത്രിയായി ചര്‍ച്ച നടത്തും. 18ന് പ്രളയ ബാധിത മേഖലകളില്‍ വ്യോമനിരീക്ഷണം നടത്തും. ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2402 അടി. 2403 ആണ് പരമാവധി സംഭരണ ശേഷി. ഇടുക്കിയില്‍ ഹൈ അലെര്‍ട്ടാണിപ്പോള്‍. 12 ഹെലികോപ്റ്ററുകള്‍ ഇന്ന് രാവിലെ പ്രവര്‍ത്തന സജ്ജമാകും എന്നാണ് മുഖ്യമന്ത്രി ഇന്നലെ രാത്രി നടത്തിയ മാധ്യമ സമ്മേളനത്തില്‍ പറഞ്ഞത്. എറണാകുളം, പത്തനംതിട്ട തൃശൂര്‍ മേഖലകളിലെ രക്ഷാപ്രവര്‍ത്തനങ്ങളിലായിരിക്കും ഇവയെ നിയോഗിക്കുക. ഇതോടെ 23 ഹെലികോപ്റ്ററുകള്‍ രക്ഷാപ്രവര്‍ത്തന രംഗത്തുണ്ടാകും. തമിഴ്‌നാട് ഫയര്‍ഫോഴ്‌സിന്റെ ബോട്ടുകളും സഹായത്തിനെത്തും. രക്ഷാപ്രവര്‍ത്തനം സംസ്ഥാന സര്‍ക്കാരിന്റേയും കേന്ദ്ര സര്‍ക്കാരിന്റേയും സംയുക്ത പ്രവര്‍ത്തനമാണ്. വിവിധ ഏജന്‍സികള്‍ ഏകോപനത്തോടെ നടത്തുന്ന രക്ഷാപ്രവര്‍ത്തനവും ഒഴിപ്പിക്കല്‍ നടപടിയും പെട്ടെന്ന് തന്നെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമാണ് മുഖ്യമന്ത്രി പ്രകടിപ്പിച്ചത്.

കലികാലപ്പെയ്ത്തിന്റെ ദുരിതത്തിലമര്‍ന്ന് കേരളം (എ.എസ് ശ്രീകുമാര്‍)
കലികാലപ്പെയ്ത്തിന്റെ ദുരിതത്തിലമര്‍ന്ന് കേരളം (എ.എസ് ശ്രീകുമാര്‍)
കലികാലപ്പെയ്ത്തിന്റെ ദുരിതത്തിലമര്‍ന്ന് കേരളം (എ.എസ് ശ്രീകുമാര്‍)
കലികാലപ്പെയ്ത്തിന്റെ ദുരിതത്തിലമര്‍ന്ന് കേരളം (എ.എസ് ശ്രീകുമാര്‍)
കലികാലപ്പെയ്ത്തിന്റെ ദുരിതത്തിലമര്‍ന്ന് കേരളം (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക