Image

ഏഷ്യന്‍ ഗെയിംസ്: ഇന്ത്യന്‍ പ്രതീക്ഷയും മലയാളി മോഹവും (എ.എസ് ശ്രീകുമാര്‍)

Published on 17 August, 2018
ഏഷ്യന്‍ ഗെയിംസ്: ഇന്ത്യന്‍ പ്രതീക്ഷയും മലയാളി മോഹവും (എ.എസ് ശ്രീകുമാര്‍)
ഏഷ്യയുടെ കായിക കരുത്തും മിഴിവും പ്രകടിപ്പിക്കുവാന്‍ പൊതുവായ കായികമേള എന്ന നിലയില്‍ 1951ല്‍ ഇന്ത്യയില്‍ പിറവിയെടുത്ത ഏഷ്യന്‍ ഗെയിംസ് ഇപ്പോള്‍ ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയിലേയ്ക്ക് ദീപശിഖ ജ്വലിപ്പിച്ചിരിക്കുന്നു. 18-ാമത് ഗെയിംസിന് തിരിതെളിയാന്‍ ഇനി മണിക്കുറുകള്‍ മാത്രം ശേഷിക്കെ ഈ കായിക മാമങ്കത്തിന്റെ ഒരു ലഘുചരിത്രം. രണ്ടാം ലോകമഹായുദ്ധ ശേഷം ഏഷ്യാ വന്‍കരയിലെ നിരവധി രാജ്യങ്ങള്‍ സ്വതന്ത്രമായി. ഏഷ്യയുടെ കരുത്തും കഴിവുകളും പ്രകടിപ്പിക്കുവാന്‍ പൊതുവായ ഒരു കായികമേള ആവശ്യമാണെന്ന ചിന്ത പല പുതുരാഷ്ട്രങ്ങളും മുന്നോട്ടുവച്ചു. 1948 ഓഗസ്റ്റ് മാസം ലണ്ടനില്‍ നടന്ന പതിനാലാമത് ഒളിമ്പിക്‌സിനിടയില്‍ ഇന്ത്യന്‍ ഒളിമ്പിക്‌സ് കമ്മിറ്റി പ്രതിനിധിയായിരുന്ന ഗുരു ദത്ത് സോന്ധി ഏഷ്യന്‍ രാജ്യങ്ങള്‍ക്കു മാത്രമായി ഒരു കായികമേള എന്ന ആശയം ഇതര രാജ്യങ്ങളിലെ പ്രതിനിധികളുമായി പങ്കുവച്ചു. ഇതേത്തുടര്‍ന്ന് ഏഷ്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ രൂപവത്കരിക്കാന്‍ ധാരണയായി. 1949 ഫെബ്രുവരിയില്‍ ഏഷ്യന്‍ ഗെയിംസ് ഫെഡറേഷന്‍ എന്നപേരില്‍ പ്രസ്തുത സംഘടന ഔദ്യോഗികമായി നിലവില്‍വന്നു. ആദ്യത്തെ ഏഷ്യന്‍ ഗെയിംസ് 1951ല്‍ ഇന്ത്യന്‍ തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ നടത്താനും ധാരണയായി.

ജക്കാര്‍ത്തയിലും പാലെംബാങ്ങിലും നടക്കുന്ന മേളക്ക് മുന്നോടിയായി ഇന്ത്യ എഴുപത്തിരണ്ടാം സ്വാതന്ത്ര്യദിനത്തില്‍ ഗെയിംസ് വില്ലേജില്‍ ദേശീയ പതാക ഉയര്‍ത്തിയിരുന്നു. ഡെപ്യൂട്ടി ചീഫ് ദ മിഷന്‍ ബല്‍ബീര്‍ സിങ് കുശുവയാണ് പതാക ഉയര്‍ത്തിയത്. ഇരുപത്തിയഞ്ചോളം കായിക താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. ഏഷ്യന്‍ ഗെയിംസ് സംഘാടകരിലൊരാളായ യാസിര്‍ അരാഫത്ത് പരിപാടിയിലെ മുഖ്യ ക്ഷണിതാവായിരുന്നു. ഏഷ്യന്‍ ഗെയിംസ് നടക്കുന്ന മറ്റൊരു സ്ഥലമായ ജക്കാര്‍ത്തയിലും ചെറിയ ചടങ്ങില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയിരുന്നു. ഒഫീഷ്യലുകളും കായിക താരങ്ങളും ഈ ചടങ്ങിലും പങ്കെടുക്കാനെത്തി. ഓഗസ്ത് 18 മുതല്‍ സപ്തംബര്‍ നാലുവരെയാണ് ഗെയിംസ് നടക്കുക. ഇന്ത്യയില്‍ നിന്നും 572 കായിക താരങ്ങള്‍ ഗെയിംസില്‍ പങ്കെടുക്കുന്നുണ്ട്. മുപ്പത്തിനാല് ഇനങ്ങളിലായി കായികതാരങ്ങള്‍ ഇത്തവണ ഇന്ത്യയ്ക്കുവേണ്ടി ഏഷ്യന്‍ ഗെയിംസില്‍ മത്സരിക്കും. 11 സ്വര്‍ണം 10 വെള്ളി 36 വെങ്കലം എന്നിങ്ങനെ 57 മെഡലുകള്‍ കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ നേടിയിരുന്നു.

എല്ലാത്തവണയുമെന്നപോലെ വലിയ പ്രതീക്ഷയുമായി ഇന്ത്യയില്‍നിന്നും വലിയൊരു സംഘമാണ് ജക്കാര്‍ത്തയിലെ ട്രാക്കിലും ഫീല്‍ഡിലും മാറ്റുരയ്ക്കുക. കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച പ്രകടനം ഇക്കുറി കാഴ്ചവെക്കാനാകുമെന്നാണ് പ്രതീക്ഷ. ഏഷ്യന്‍ ഗെയിംസിലെ ഉറച്ച മെഡല്‍ പ്രതീക്ഷകളായ ചില ഇന്ത്യന്‍ താരങ്ങളെ പരിചയപ്പെടാം..

*നീരജ് ചോപ്ര: ഇരുപതുകാരനായ നീരജ് ഇപ്പോള്‍ ലോകത്തിലെ മുന്‍നിര ജാവലിന്‍ ത്രോ താരങ്ങളുടെ പട്ടികയിലുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ നീരജ് ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണനേട്ടം ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷ. ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയിരുന്ന താരം കോമണ്‍വെല്‍ത്തില്‍ കൂടാതെ ഫിന്‍ലന്‍ഡില്‍ നടന്ന സാവോ ഗെയിംസിലും സ്വര്‍ണം നേടിയിരുന്നു.
*ഗുസ്തിയില്‍ സുശീല്‍ കുമാറും ബജ് രംഗ് പൂണിയയും: ഗുസ്തിയില്‍ ഇന്ത്യയ്ക്ക് എത്ര സ്വര്‍ണം ലഭിക്കുമെന്നേ അറിയേണ്ടതുള്ളൂ. രണ്ടുതവണ ഒളിമ്പിക്‌സ് മെഡല്‍ നേടിയ സുശീല്‍ കുമാര്‍, യുവതാരം ബജ്‌രംഗ് പൂണിയ, വനിതാ താരം വിനേഷ് ഫോഗട്ട് എന്നിവര്‍ സ്വര്‍ണം ഉറപ്പിക്കുന്നു. ഇവരെ കൂടാതെ ഇന്ത്യയുടെ മറ്റു യുവ താരങ്ങളും മെഡല്‍ നേടാന്‍ പ്രാപ്തിയുള്ളവരാണ്.
*ബാഡ്മിന്റണില്‍ സിന്ധുവും ശ്രീകാന്തും പ്രണോയിയും: ബാഡ്മിന്റണില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘം ലോക നിലവാരത്തിലുള്ളവരാണ്. പി.വി സിന്ധു, കെ ശ്രീകാന്ത്, എ.ച്ച് എസ് പ്രണോയി, സൈന നേവാള്‍ എന്നിവരിലാണ് പ്രതീക്ഷ. ഈ മാസം നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ സിന്ധു വെള്ളി നേടിയിരുന്നു. മറ്റു താരങ്ങള്‍ പ്രതീക്ഷിച്ച ഫോമിലല്ലെങ്കിലും ഈ ഇനത്തില്‍ മെഡല്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.
*ഷൂട്ടിങ്ങില്‍ മനു ഭാക്കറും അനീഷ് ഭന്‍വാലയും ശ്രദ്ധാകേന്ദ്രം: ഷൂട്ടിങ്ങിലാണ് ഇന്ത്യയുടെ മറ്റൊരു സുവര്‍ണ പ്രതീക്ഷകള്‍. ഒരുപിടി മികച്ച താരങ്ങള്‍ ഏഷ്യന്‍ ഗെയിംസ് വേദിയില്‍ ഇന്ത്യയ്ക്കായി ഇറങ്ങും. ഇവരില്‍ പതിനഞ്ചുകാരനായ അനീഷ് ഭന്‍വാലയും പതിനാറുകാരി മനു ഭാക്കറുമാണ് ശ്രദ്ധാകേന്ദ്രം. ഇരുവരും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയിരുന്നു. ഹീന സിദ്ദു ഉള്‍പ്പെടെയുള്ള താരങ്ങളിലും ഇന്ത്യയ്ക്ക് പ്രതീക്ഷയുണ്ട്.
*അത്‌ലറ്റിക്‌സില്‍ ഹിമ ദാസ്: ലോക ജൂനിയര്‍ അത്‌ലറ്റിക്‌സില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടിയ ഹിമ ദാസ് ഏഷ്യന്‍ ഗെയിംസിലും മത്സരിക്കുന്നുണ്ട്. ഇഷ്ടയിനമായ 400 മീറ്ററിലാണ് ഹിമ ട്രാക്കിലിറങ്ങുക. ഡിസ്‌കസ് താരം സീമ പൂണിയയും ഇന്ത്യയ്ക്ക് മെഡല്‍നേട്ടമുണ്ടാക്കുമെന്ന് കരുതുന്നു. മുപ്പത്തിയഞ്ചുകാരിയായ സീമയുടെ അവസാനത്തെ ഏഷ്യന്‍ ഗെയിംസ് ആയിരിക്കും ഇത്.
*മെഡല്‍ ഉറപ്പിക്കുന്ന മറ്റ് ഇനങ്ങള്‍ ഇവയാണ്: ടെന്നീസ് പുരുഷ ഡബിള്‍സില്‍ രോഹന്‍ ബോപണ്ണ, ദിവിജ് ശരണ്‍ സഖ്യം മെഡല്‍ നേടിയേക്കും. ബോക്‌സിങ്ങില്‍ വികാസ് കൃഷന്‍, ശിവ ഥാപ്പ, സോണിയ ലാതര്‍. ജിംനാസ്റ്റിക്‌സില്‍ ദിപ കര്‍മാകര്‍. ടേബിള്‍ ടെന്നീസില്‍ അചന്ത ശരത് കമല്‍, മാനിക ബത്ര തുടങ്ങിയവരും ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടുമെന്ന പ്രതീക്ഷയുണ്ട്.

ഇന്ത്യന്‍ സംഘത്തില്‍ മലയാളികളുടെ അഭിമാനം കാക്കാന്‍ 39 പേരുണ്ട്. പതിവുപോലെ അത്‌ലറ്റിക്‌സ് ഇനത്തിലാണ് കേരളത്തില്‍ നിന്നും കൂടുതല്‍ താരങ്ങള്‍ ഇടം പിടിച്ചത്. പതിമൂന്നുപേര്‍ അത്‌ലറ്റിക്‌സ് സംഘത്തിലുണ്ട്. ഇന്ത്യയുടെ വനിതാ വോളിബോള്‍ ടീം മലയാളി സംഘമായി. ടീമിലെ 14 പേരില്‍ പത്തുപേരും കേരളത്തില്‍ നിന്നുള്ളവരാണ്. വൈ. മുഹമ്മദ് അനസ്, ജിന്‍സണ്‍ ജോണ്‍സണ്‍, ജിസ്‌ന മാത്യു, ബി സൗമ്യ, പി കുഞ്ഞുമുഹമ്മദ്, കെ.ടി ഇര്‍ഫാന്‍, എം ശ്രീശങ്കര്‍, ജിത്തു ബേബി, എ.വി രാകേഷ് ബാബു, പി.യു ചിത്ര, ആര്‍ അനു, നയന ജയിംസ്, വി നീന, എന്നിവരാണ് അത്‌ലറ്റ്ക്‌സ് ടീമില്‍ ഉള്‍പ്പെട്ടത്. 

എച്ച്.എസ് പ്രണോയ് ബാഡ്മിന്റന്‍, റെയ്ഹാന്‍ തോമസ് ഗോള്‍ഫ്, ടി.ബി ശിവശങ്കര്‍ കനോയിങ്, സുനന്യ കുരുവിള, ദീപിക പള്ളിക്കല്‍ സ്‌ക്വാഷ്, സജന്‍ പ്രകാശ് നീന്തല്‍, അലീന റെജി സൈക്ലിങ്, എന്‍.ബി ബിനിഷ, പി.സി അശ്വിന്‍ കുറാഷ്, എന്നിങ്ങനെയാണ് വ്യക്തിഗത ഇനത്തില്‍ പങ്കെടുക്കുന്ന മലയാളികള്‍. വനിതകളുടെ വോളിബോള്‍ ടീമില്‍ അഞ്ജു ബാലകൃഷ്ണന്‍, മിനിമോള്‍ ഏബ്രഹാം, അശ്വനി കണ്ടോത്ത്, കെ.എസ് ജിനി, എസ് രേഖ, ശ്രുതി മുരളി, കെ.പി അനുശ്രീ, അഞ്ജലി ബാബു, എസ് സൂര്യ എന്നിവരും പുരുഷന്മാരുടെ ടീമില്‍ സി അജിത് ലാല്‍, ജി.കെ അഖിന്‍ എന്നിവരും ഉള്‍പ്പെട്ടു. കൂടാതെ വനിതാ ബാസ്‌കറ്റബോള്‍ ടീമില്‍ പി.എസ് ജീന, പി.ജി.അഞ്ജന, സ്‌റ്റെഫി നിക്‌സണ്‍, പ്രിയങ്ക പ്രഭാകര്‍ എന്നിവര്‍ ബാസ്‌കറ്റ്‌ബോള്‍ വനിതാ ടീമിലുണ്ട്.

എന്നാല്‍ ടിന്റു ലൂക്കയുടെ പിന്‍മാറ്റം തിരിച്ചടിയായി. തിരുവനന്തപുരത്ത് നടക്കേണ്ടിയിരുന്ന ട്രയല്‍സില്‍നിന്ന് ടിന്റു പിന്മാറിയതോടെ ഇന്ത്യയുടെ അത്‌ലറ്റിക്‌സ് ടീമില്‍ ഇടംപിടിക്കാനുള്ള അവസാന സാധ്യതയും ഇല്ലാതാവുകയായിരുന്നു. പരിക്കിന്റെ പിടിയിലായതാണ് പിന്മാറ്റത്തിന് കാരണമായി ടിന്റു പറയുന്നത്. ടിന്റുവിന് കാലുവേദനയുണ്ടെന്നും അതുകൊണ്ടാണ് പിന്‍മാറുന്നതെന്നും പരിശീലകയായ പി.ടി ഉഷ വ്യക്തമാക്കി. 2014 ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയിരുന്ന ടിന്റവിന്റെ പിന്മാറ്റം ഇന്ത്യയ്ക്ക് മെഡല്‍ നഷ്ടമുണ്ടാക്കും. ഒരു മിനിറ്റ് 59.19 സെക്കന്‍ഡിലാണ് ടിന്റു അന്ന് 800 മീറ്റര്‍ ഓട്ടം പൂര്‍ത്തിയാക്കി വെള്ളിനേടിയത്. 4 x 400 മീറ്റര്‍ റിലേയില്‍ സ്വര്‍ണം നേടിയ ടീമിലും ടിന്റു അംഗമായിരുന്നു. അതേസമയം, സമീപകാലത്തായി ടിന്റു ഫോമിലല്ല. ഈവര്‍ഷം പ്രധാന മത്സരങ്ങളില്‍ പങ്കെടുക്കുകയും ചെയ്തില്ല. പ്രതീക്ഷച്ച രീതിയില്‍ പ്രകടനം നടത്താന്‍ കഴിയില്ലെന്ന തോന്നലാണ് ടിന്റുവിന്റെ പിന്മാറ്റത്തിന് കാരണം. 

ഇതാ മറ്റൊരു പിന്‍മാറ്റം. മികച്ച പ്രകടനം നടത്താന്‍ ഒരുങ്ങുന്ന ഇന്ത്യയ്ക്ക് കനത്ത നഷ്ടമായി ലോക ചാമ്പ്യന്‍ പുറത്ത്. ഭാരോദ്വഹന ചാമ്പ്യനായ മീരാഭായ് ചാനുവാണ് പിന്‍മാറിയത്. നേരത്തെ പരിക്കുമൂലം വിശ്രമത്തിലായിരലുന്ന ചാനു പരിക്ക് ഭേദമാകാത്തതോടെ ഗെയിംസില്‍ നിന്നും പിന്‍വാങ്ങുന്നതായി അറിയിക്കുകയായിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയിരുന്ന താരമാണ് മീരാഭായ്. പരിക്ക് തുടരുന്നതോടെ ഏഷ്യന്‍ ഗെയിംസ് ഒഴിവാക്കുന്നതാണ് നല്ലതെന്ന് ദേശീയ കോച്ച് വിജയ് ശര്‍മ നിര്‍ദ്ദേശിച്ചു. പരിക്ക് ഗുരുതരമായാല്‍ അത് ഒളിമ്പിക്‌സ് തയ്യാറെടുപ്പിനെ ബാധിച്ചേക്കും. ഇന്ത്യയുടെ ഒളിമ്പിക്‌സ് മെഡല്‍ പ്രതീക്ഷകൂടിയായ മീരാഭായിക്ക് കൂടുതല്‍ ശക്തിയോടെ തിരിച്ചുവരാന്‍ കഴിയുമെന്ന് ശര്‍മ പറഞ്ഞു.

ഏഷ്യന്‍ ഗെയിംസിലെ നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യയുടെ ഹോക്കി ടീമിന് 2014ലേതു പോലെ സ്വര്‍ണതിളക്കം ആവര്‍ത്തിക്കാന്‍ കഴിയുമോ എന്ന് കായിക പ്രേമികള്‍ ആശങ്കപ്പെടുന്നു. മലയാളി താരം പി.ആര്‍ ശ്രീജേഷും സംഘവും 2014ലെ വിജയം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. സമീപകാലത്ത് മികച്ച ഫോമില്‍ കളിക്കുന്ന ടീമില്‍ നല്ല പ്രതീക്ഷയുണ്ടെന്നും ഇന്ത്യക്ക് സ്വര്‍ണം നിലനിര്‍ത്താന്‍ ആകുമെന്നുമാണ് കഴിഞ്ഞ ദിവസം പരിശീലകന്‍ ഹരേന്ദ്ര സിങ് പറഞ്ഞത്. പൂള്‍ എ യില്‍ സൗത്ത് കൊറിയ, ജപ്പാന്‍, ശ്രീലങ്ക, ഹോങ്കോങ്, ചൈന, ഇന്തോനേഷ്യ എന്നിവര്‍ക്കൊപ്പമാണ് ഇന്ത്യ. ഗ്രൂപ്പ് ബി യില്‍ മലേഷ്യ, പാകിസ്താന്‍, ബംഗ്ലാദേശ്, ഒമാന്‍, തായ്‌ലന്‍ഡ്, ഇന്തോനേഷ്യ ടീമുകളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ റണ്ണറപ്പുകളായ ഇന്ത്യയ്ക്ക് ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണനേട്ടം ആവര്‍ത്തിക്കാനായാല്‍ 2020ലെ ടോക്കിയോ ഒളിമ്പിക്‌സില്‍ നേരിട്ട് യോഗ്യത ലഭിക്കും.  ശ്രീജേഷ് ആണ് ടീം ഇന്ത്യയുടെ ഗോള്‍ കീപ്പറും ക്യാപ്റ്റനും. മാസങ്ങളോളം പരിക്കിലായിരുന്ന ടീം നായകന്‍ ശ്രീജേഷ് ക്യാമ്പില്‍ തിരിച്ചെത്തിയതും മറ്റു താരങ്ങള്‍ ഫോമിലാണെന്നുള്ളതും തികഞ്ഞ ആത്മവിശ്വാസമാണ് ടീമിന് നല്‍കുന്നത്. ഓഗസ്റ്റ് 22ന് ഹോങ്കോങ്ങിനെതിരെയാണ് ഇന്ത്യയുടെ ആദ്യകളി.

2014 ഒക്ടോബറില്‍ നടന്ന ഏഷ്യന്‍ഗെയിംസില്‍ ഇന്ത്യ-പാക്ക് പോരാട്ടത്തെപ്പറ്റി ഒരോര്‍മ... അനുദവിച്ച സമയത്തില്‍ ഇരു ടീമുകകളും ഓരോ ഗോളുകള്‍ നേടി സമനിലയില്‍. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയ ഈ ഘട്ടത്തില്‍ ഇന്ത്യയുടെ ഗോള്‍ പോസ്റ്റില്‍ വന്‍ മതിലായി നിന്ന ശ്രീജേഷിന്റെ മികവില്‍ ഇന്ത്യ വിജയിച്ച് കയറി (സ്‌കോര്‍ 4-2). 16 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമായിരുന്നു ഇന്ത്യന്‍ ഹോക്കി ടീം കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ ചാമ്പ്യന്മാരായത്. ഏഷ്യ ഗെയിംസിന്റെ പൊന്നിന്‍ തിളക്കം കൊണ്ടു വന്ന ആവേശത്തോടെ 2014 ന് ശേഷം നിരവധി ടൂര്‍ണമെന്റുകളില്‍ ഇന്ത്യ കളിച്ചു കയറി. റിയോ ഒളിമ്പിംകിസില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ ഭംഗിയായി കളിച്ചെത്തി ടീം ഇന്ത്യ. ചാമ്പ്യന്‍സ് ട്രോഫിയില്‍ രണ്ടാം സ്ഥാനം, ലോക റാങ്കിംഗില്‍ അഞ്ചാം സ്ഥാനം, എഷ്യന്‍ വന്‍കരയിലെ ഒന്നാം സ്ഥാനക്കാര്‍ എന്നിങ്ങനെ ശക്തമായ നിരയിലുള്ള ഇന്ത്യന്‍ ഹോക്കി ടീം ഏഷ്യന്‍ ഗെയിംസിലെ മേധാവിത്വം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുമെന്ന് ആശിക്കാം.

ഇന്ത്യയുടെ ടെന്നീസ് ഇതിഹാസം ലിയാന്‍ഡര്‍ പേസ് ഗെയിംസില്‍നിന്നും പിന്മാറിയതും മറ്റൊരു തിരിച്ചടിയാണ്. അഖിലേന്ത്യാ ടെന്നീസ് ഫെഡറേഷനുമായി ഉടക്കിയാണ് പേസിന്റെ പിന്മാറ്റം. സുമിത് നഗലിനെയാണ് പേസിന് പങ്കാളിയായി ഫെഡറേഷന്‍ നിശ്ചയിച്ചത്. എന്നാല്‍, ഫോമിലുള്ള താരത്തെ വേണമെന്നായിരുന്നു പേസിന്റെ ആവശ്യം. രോഹന്‍ ബൊപ്പണ്ണയെയും ദിവിജ് ശരണിനെയും അവരുടെ അഭ്യര്‍ഥനപ്രകാരം ഒരു ടീമായി മത്സരിക്കാന്‍ അഖിലേന്ത്യാ ഫെഡറേഷന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍, പേസിന് പറ്റിയ പങ്കാളിയെ ലഭിച്ചതുമില്ല. രാംകുമാര്‍ രാംനാഥനായിരിക്കും പേസിന്റെ പങ്കാളിയാകുയെന്ന് സൂചനയുണ്ടായിരുന്നു. ഫെഡറേഷന്‍ ഇതിനും അനുമതി നല്‍കിയില്ല. ''പേസിന്റെ പിന്മാറ്റം നിരാശാജനകമാണ്. ഇന്ത്യയ്ക്ക് വലിയ നഷ്ടവും. എന്തൊക്കെയായാലും പേസ് ഒരു തികഞ്ഞ പ്രൊഫഷണലാണ്. പിന്തിരിയാനുള്ള തീരുമാനം അദ്ദേഹത്തിന്റേതും. എന്നാല്‍ രാജ്യത്തോടുള്ള പേസിന്റെ അര്‍പ്പണത്തെ ചോദ്യം ചെയ്യാനാകി...'' പരിശീലകന്‍ സീഷന്‍ അലി പറഞ്ഞു.

ഏഷ്യന്‍ ഗെയിംസ്: ഇന്ത്യന്‍ പ്രതീക്ഷയും മലയാളി മോഹവും (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക