Image

പേടിച്ചിരിക്കുന്ന കേരളത്തോട് ചില നിര്‍ദ്ദേശങ്ങള്‍ (മുരളി തുമ്മാരുകുടി)

Published on 17 August, 2018
പേടിച്ചിരിക്കുന്ന കേരളത്തോട് ചില നിര്‍ദ്ദേശങ്ങള്‍ (മുരളി തുമ്മാരുകുടി)
ബഹുമാനപ്പെട്ട മുഖ്യമന്ത്രി പറഞ്ഞതുപോലെ അതീവ ഗുരുതരമായ ഒരു സാഹചര്യത്തെയാണ് കേരളം നേരിട്ട് കൊണ്ടിരിക്കുന്നത്. ഇന്നലെവരെ പൊതുവെ ധൈര്യത്തില്‍ ആയിരുന്നുവെങ്കിലും രാത്രിയോടെ പത്തനംതിട്ടയിലും ആലുവക്കടുത്തും ആളുകള്‍ വീട്ടില്‍ കുടുങ്ങിയ വാര്‍ത്ത വന്നതോടെ ജനങ്ങള്‍ വലിയ ഭീതിയിലാണ്. ദുരന്തകാലത്ത് ജനങ്ങള്‍ക്കും സര്‍ക്കാരിനും ആത്മവിശ്വാസം ഉണ്ടായിരിക്കുക എന്നത് ഏറ്റവും പ്രധാനമാണ്. ലോകത്തെ ഏറെ വെള്ളപ്പൊക്കങ്ങളും മറ്റു ദുരിതങ്ങളും കൈകാര്യം ചെയ്ത പരിചയത്തില്‍ ചില നിര്‍ദ്ദേശങ്ങള്‍ പറയാം.

സഹായം ചോദിക്കുന്നത് ശക്തിയാണ്, ദൗര്‍ബല്യമല്ല: ഇന്ത്യയിലെ ദുരന്തനിവാരണ സംവിധാനം ഏറെ വിഭവങ്ങളുള്ളതാണ്. ആര്‍മിയും നേവിയും എയര്‍ഫോഴ്സും ഉള്‍പ്പെട്ട സൈന്യം, ദുരന്തനിവാരണ സേന ഇവയെല്ലാം നമ്മുടെ വിളിപ്പുറത്തുണ്ട്. ഇവരുടെ എല്ലാം പരമാവധി സഹായം തേടുന്നതില്‍ ഒരു മടിയും വേണ്ട. 'First deploy and then withdraw if not needed' എന്ന തത്വമാണ് ഇപ്പോള്‍ ലോകത്ത് ദുരന്തനിവാരണ രംഗത്ത് ബെസ്റ്റ് പ്രാക്ടീസ് ആയി കരുതപ്പെടുന്നത്. പണ്ടൊക്കെ അത്യാവശ്യം വന്നാല്‍ മാത്രമേ മറ്റു സഹായങ്ങള്‍ അഭ്യര്‍ത്ഥിക്കാറുള്ളു. ഇപ്പോള്‍ അങ്ങനെയല്ല.

വ്യക്തിപരമായും ഇത് തന്നെയാണ് നിര്‍ദ്ദേശം. ബഹുഭൂരിപക്ഷം മലയാളികളും ദുരന്തങ്ങള്‍ ടി വിയില്‍ കണ്ട പരിചയം മാത്രം ഉള്ളവരാണ്. ദുരന്തത്തില്‍ അകപ്പെട്ടവരെ സഹായിച്ചാണ് നമുക്ക് ശീലം, സഹായം അഭ്യര്‍ത്ഥിച്ചല്ല. അതുകൊണ്ടു തന്നെ സഹായം ചോദിക്കാനും ദുരിതാശ്വാസ ക്യാംപിലേക്ക് പോകാനും ആളുകള്‍ക്ക്. പ്രത്യേകിച്ചും മധ്യവര്‍ഗ്ഗത്തിന് മുകളില്‍ ഉള്ളവര്‍ക്ക് മടിയുണ്ടാകും. ഒരു മടിയും വേണ്ട. ദുരന്തകാലത്ത് എല്ലാവരും ഒരു പോലെ ആണ്. ദുരിതാശ്വാസം എന്നത് ആരുടേയും ഔദാര്യമല്ല, നമ്മുടെ അവകാശമാണ്.

3. കേരളം ഒറ്റക്കെട്ടായി പിന്നിലുണ്ട്: കേരളസമൂഹ മാധ്യമത്തിന്റെ ശാക്തീകരണത്താല്‍ കേരളത്തില്‍ ദുരന്തത്തെപ്പറ്റി അറിയാത്തവരായി ആരുമില്ല. ദുരന്തത്തില്‍ അകപ്പെടാത്തവരെല്ലാം ഏതു രീതിയിലും സഹായിക്കാന്‍ തയ്യാറാണ്. ഇപ്പോഴത്തെ കണക്കു വച്ച് നോക്കിയാല്‍ തന്നെ കേരളത്തിലെ ഒരു ശതമാനം ആളുകള്‍ പോലും ദുരിതാശ്വാസ ക്യാംപുകളില്‍ ഇല്ല. ബന്ധുവീടുകളിലേക്ക് മാറിയിരിക്കുന്നവരുടെ എണ്ണം കൂട്ടിയാലും പത്തു ശതമാനത്തില്‍ കൂടില്ല. പത്തില്‍ ഒന്‍പത് മലയാളികളും ഇപ്പോഴും സഹായം നല്കാന്‍ കെല്പും താല്പര്യവും ഉള്ള സാഹചര്യത്തിലാണ്. ഇത് സര്‍ക്കാര്‍ സംവിധാനങ്ങളുമായി സംയോജിപ്പിച്ച് ഉപയോഗിക്കാനുള്ള ഒരു പദ്ധതിയുണ്ടാക്കിയാല്‍ മാത്രം മതി. നമ്മുടെ ഓരോ റെസിഡന്റ് അസ്സോസ്സിയേഷനുകളോടും ആളുകളെ താമസിപ്പിക്കണമെന്നോ ഭക്ഷണം ഉണ്ടാക്കിക്കൊടുക്കണമെന്നോ എന്താവശ്യപ്പെട്ടാലും അവര്‍ ചെയ്യാന്‍ സന്നദ്ധരാണ്. ദുരന്തകാലത്ത് എല്ലാം ചെയ്യാന്‍ സര്‍ക്കാരിന് കഴിവുണ്ടെങ്കില്‍ പോലും പൊതുജനങ്ങളെ ഉള്‍പ്പെടുത്തണം. അങ്ങനെയാണ് നമ്മുടെ സമൂഹ മൂലധനം കൂടുന്നത്. അതേ സമയം സഹായവുമായി മുന്നോട്ടു വരുന്നവരെ സര്‍ക്കാര്‍ അംഗീകാരം വേണം എന്നൊക്കെ പറഞ്ഞു കണ്‍ഫ്യൂഷനില്‍ ആക്കരുത്. ഈ ദുരന്തം സര്‍ക്കാരിന് മാത്രം കൈകാര്യം ചെയ്യാന്‍ പറ്റുന്നതല്ല, സന്നദ്ധ സംഘടനകള്‍ക്ക് വലിയ പങ്കുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ എല്ലാം പഴയ നിലയില്‍ ആകുമ്പോള്‍ ഉറപ്പായും ഈ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സംയോജിപ്പിക്കണം.

4. ജനങ്ങളോട് സംവദിക്കണം: വലിയ ദുരന്തസമയത്ത് എല്ലാ വിവരങ്ങളും സര്‍ക്കാര്‍ പങ്കുവെക്കുന്നില്ലെന്ന ഭീതിയാണ് പലപ്പോഴും പരിഭ്രാന്തിയുണ്ടാക്കുന്നത്. എല്ലാ ദിവസവും രാവിലെ ദുരന്തനിവാരണ അതോറിറ്റിയുടെ മീറ്റിങ്ങിനു ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ പതിനഞ്ചു മിനുട്ടെങ്കിലും കാണുക എന്നൊരു പതിവുണ്ടാക്കിയാല്‍ ഈ പ്രശ്‌നം പകുതി മാറും. 2015 ലെ ചെന്നൈ വെള്ളപ്പൊക്കം വഷളാകാന്‍ ഒരു കാരണം മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ജനങ്ങളില്‍ നിന്നും മാറിനിന്നതാണ്. ആവശ്യം വന്നാല്‍ ആകാശവാണിയും ദൂരദര്ശനും സമൂഹമാധ്യമങ്ങളും വഴി ജനങ്ങളോട് സംസാരിക്കണം.

5. ശരിയായ വിവരങ്ങള്‍ യഥാസമയം ലഭ്യമാക്കണം: ദുരന്തസമയത്ത് ഓരോ നാലു മണിക്കൂറിലും ചിത്രങ്ങള്‍ ഉള്‍പ്പെടെ ഒരു സിറ്റുവേഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണം. എത്ര സ്ഥലങ്ങള്‍ ദുരിത ബാധിതം ആണ്, എത്ര പേര്‍ക്ക് ജീവഹാനി സംഭവിച്ചു, മിസ്സിംഗ് ആയത് എത്രപേരാണ്, എത്ര ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്, എത്ര മാത്രം സൈന്യവും മറ്റുള്ള സംവിധാനവും നിയോഗിക്കപ്പെട്ടിട്ടുണ്ട് എന്നിങ്ങനെ ശരിയായ വിവരങ്ങള്‍ കൃത്യമായ ഇടവേളയില്‍ വരുമ്പോള്‍ തട്ടിപ്പുകളും കിംവദന്തികളും ഇല്ലാതാകും. മാധ്യമങ്ങള്‍ക്ക് മാത്രമായി ഒരു ഹെല്പ് ഡെസ്‌ക് ഉണ്ടാക്കുന്നതും, ഓരോ ദിവസവും മാധ്യമങ്ങള്‍ക്ക് സാങ്കേതിക വിദഗ്ദ്ധര്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കുന്നതും നല്ല പ്രാക്ടീസ് ആണ്.

6. മറുനാട്ടുകാര്‍ക്ക് വിവരങ്ങളും സഹായവും: തല്ക്കാലം കേരളത്തിലെ ദുരന്തനിവാരണത്തെപ്പറ്റിയുള്ള വര്‍ത്തകളൊക്കെയും മലയാളത്തിലും ഇംഗ്ലീഷിലുമാണ്. നമ്മുടെ ബഹുഭൂരിപക്ഷം മറുനാടന്‍ തൊഴിലാളികള്‍ക്കും ഇത് വായിക്കാനറിയില്ല. അതുപോലെ നമ്മള്‍ നല്‍കുന്ന ഹെല്‍പ്പ് ഡെസ്‌കില്‍ ബംഗാളിയോ ഓറിയയോ അറിയുന്ന ആളുകളില്ല. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ഒരു പ്രത്യേക ഹെല്‍പ് ഡെസ്‌ക്ക് ഉണ്ടാക്കണം. അതുപോലെ എല്ലാ വിഷയങ്ങളും വിവിധ ഭാഷകളില്‍ പ്രസിദ്ധീകരിക്കുകയും വേണം. ഇതിന് മറ്റു ഭാഷകള്‍ അറിയാവുന്നവരുടെ ഒരു സന്നദ്ധ സേന രൂപീകരിക്കണം. ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ കൂടി സഹായം നല്‍കാന്‍ കഴിവുള്ളവരെ കണ്ടുപിടിക്കാം.

7. ഹെലികോപ്റ്റര്‍ നിരീക്ഷണം: വെള്ളം പൂര്‍ണ്ണമായി ഇറങ്ങുന്നതുവരെ ഓരോ ദിവസം രാവിലെയും വൈകിട്ടും ഹെലികോപ്ടര്‍ നിരീക്ഷണപ്പറക്കല്‍ നടത്തണം. കൊച്ചിയില്‍നിന്നും ഒരു ട്രിപ്പ് തെക്കോട്ടും ഒരു ട്രിപ്പ് വടക്കോട്ടും നടത്തുക. യാത്രയുടെ മുഴുവന്‍ വീഡിയോയും ഫോട്ടോയുമെടുത്ത് വെക്കുന്നത് പില്‍ക്കാലത്തെ പ്ലാനിംഗിന് വളരെ സഹായകമാകും. ഓരോ ദിവസവും മൂന്നോ നാലോ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഹെലികോപ്ടറില്‍ യാത്രചെയ്യാന്‍ അനുമതി നല്‍കുന്നത് വിവര വിനിമയത്തിന് ഏറെ സഹായിക്കും.

8. കേരളത്തില്‍ പലയിടത്തും ആളുകള്‍ ഇപ്പോള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. അവര്‍ ഔദ്യോഗിക സംവിധാനത്തിലും പിന്നെ അവര്‍ക്കാരിയുന്നവരെ ഒക്കെയും വിളിക്കുന്നുണ്ട്. ഇങ്ങനെ വിവരം കിട്ടുന്നവര്‍ എല്ലാം തന്നെ വീണ്ടും ഔദ്യോഗിക സംവിധാനത്തിലേക്ക് വിളിക്കുന്നു. കുറേപ്പേര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നു, അത് ഏറെപ്പേര്‍ ഷെയര്‍ ചെയ്യുന്നു. കുടുങ്ങിക്കിടക്കുന്നവരുടെ മനോനില മനസ്സിലാക്കാമെങ്കിലും ഇങ്ങനെ വ്യാപകമായി ഷെയര്‍ ചെയ്യുന്നത് കൊണ്ട് ഒരു കുഴപ്പമുണ്ട്. ഒന്നാമത് ഇപ്പോള്‍ ഉള്ള പ്രശ്‌നം യഥാര്‍ത്ഥത്തില്‍ ഉള്ളതിലും നൂറു മടങ്ങായി എല്ലാവര്ക്കും തോന്നും, ആത്മ വിശ്വാസം കുറയും. രണ്ടാമത് ഒരാള്‍ക്ക് വേണ്ടി നൂറു പേര്‍ സര്‍ക്കാര്‍ സംവിധാനത്തിലേക്ക് വിളിക്കുമ്പോള്‍ അവിടുത്തെ തിരക്ക് കൂടും, പുതിയതായി അറിയിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ലൈന്‍ കിട്ടാതാകും, അവരും മറ്റുള്ളവരെ വിളിക്കാന്‍ തുടങ്ങും. മൂന്നാമത് ഒരിക്കല്‍ രക്ഷപ്പെടുത്തി കഴിഞ്ഞാലും അതറിയാത്തവര്‍ വീണ്ടും ഇതേ കേസിന് വേണ്ടി വിളിച്ചുകൊണ്ടിരിക്കും. അതുകൊണ്ട് ഇത്തരം വിവരം കിട്ടുന്നവര്‍ ആദ്യം തന്നെ ഈ വിവരം ശരിയാണോ എന്നറിയാന്‍ ശ്രമിക്കുക, അതും വാട്ട്‌സ് ആപ്പോ എസ് എം എസോ വഴി. അതിനു ശേഷം ഔദ്യോഗിക നമ്പറിലേക്ക് മെസ്സേജ് കൊടുക്കുക. ഇങ്ങനെ കൊടുക്കുന്ന മെസ്സേജിന് മറുപടി കിട്ടിയാല്‍ പിന്നെ കാര്യങ്ങള്‍ ഔദ്യോഗിക സംവിധാനങ്ങള്‍ക്ക് വിടുക.

9. ദുരന്ത സമയത്ത് സുരക്ഷിതര്‍ ആയിരിക്കുന്നതാണ് നിങ്ങള്‍ സുരക്ഷിതരാണെന്ന് ലോകത്തെ മുഴുവന്‍ അറിയിക്കുന്നതിലും പ്രധാനം. അതേ സമയം എപ്പോഴാണ് കറണ്ട് പോകുന്നതെന്ന് അറിയില്ല. അതുകൊണ്ട് നിങ്ങള്‍ വെള്ളം ഉയരുന്ന സ്ഥലത്തുള്ള ആള്‍ ആണെങ്കില്‍, നിങ്ങള്‍ സുരക്ഷിതരാണെങ്കില്‍ ഏറ്റവും അടുത്ത ഒരു സുഹൃത്തിനെ വിവരം അറിയിക്കുക, ഇനി എട്ടുമണിക്കൂര്‍ കഴിഞ്ഞു വിളിക്കാം എന്ന് പറയുക. എന്നിട്ട് മൊബൈല്‍ ഓഫ് ചെയ്തു വക്കുക. അല്ലെങ്കില്‍ ലോകത്തുള്ള എല്ലാ ബന്ധുക്കളും മിത്രങ്ങളും നിങ്ങള്‍ സുരക്ഷിതരാണോ എന്ന് ചോദിച്ചു നിങ്ങളെ വിളിക്കും, നിങ്ങളുടെ മൊബൈലിലെ ചാര്‍ജ്ജ് പോകുന്നത് മാത്രമല്ല, നെറ്റ് വര്‍ക്ക് ഡൌണ്‍ ആക്കുകയും ചെയ്യും.

10. നിങ്ങളുടെ സുഹൃത്തുക്കളോ ബന്ധുക്കളോ ഒക്കെ എവിടെയെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ട് എന്ന് സംശയം ഉണ്ടെങ്കില്‍ വണ്ടിയും എടുത്ത് അങ്ങോട്ട് പാഞ്ഞു ചെല്ലരുത്. അവര്‍ സഹായം അഭ്യര്‍ത്ഥിക്കുകയും ഔദ്യോഗിക സംവിധാനങ്ങള്‍ക്ക് അവരെ രക്ഷിക്കാന്‍ കഴിയില്ല എന്ന് നിങ്ങള്‍ക്ക് തോന്നുകയും ചെയ്യുന്ന അപൂര്‍വ്വ സാഹചര്യത്തില്‍ അത് ചെയ്യാം. പക്ഷെ പരിചയമില്ലാത്ത സ്ഥലത്ത് പരിചയമില്ലാത്ത ജോലി ചെയ്യാന്‍ പോകുന്നത് നിങ്ങള്‍ക്കും അവര്‍ക്കും അപകടമുണ്ടാക്കുകയേ ഉള്ളൂ. രക്ഷിക്കാനായി എല്ലാവരും വേറൊരു സംവിധാനവും ഇല്ലാതെ സ്ഥലത്തേക്ക് ഓടിയെത്തിയാല്‍ റോഡുകള്‍ ബ്ലോക്ക് ആവുകയും ചെയ്യും.

11. പണം ഒരു വിഷയമാകില്ല: കേരളത്തിന് അകത്തും പുറത്തുമുള്ളവരെല്ലാം തന്നെ ഈ ദുരിതകാലത്ത് കേരളത്തിനുവേണ്ടി എന്തും ചെയ്യാന്‍ തയ്യാറായി നില്‍ക്കുകയാണ്. അതുകൊണ്ട് തന്നെ ദുരിതാശ്വാസ കാര്യങ്ങളില്‍ ഒരു തരത്തിലും സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകില്ല. സുനാമി ഫണ്ടൊക്കെ വകമാറ്റി ചെലവാക്കി എന്നൊക്കെ പലപ്പോഴും പത്രത്തില്‍ വായിച്ചതിനാല്‍ ഏറെപ്പേര്‍ക്ക് സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ ചില ആശങ്കകളുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ഫണ്ട് ചെലവ് ഒരു സോഷ്യല്‍ ഓഡിറ്റിന് വിധേയമാകുമെന്നും അതിനായി സമൂഹത്തിലെ വിശ്വസ്തരായ രണ്ടുപേരുടെ പേരും നിര്‍ദ്ദേശിച്ചാല്‍ ഇക്കാര്യത്തിലും വലിയ മാറ്റമുണ്ടാകും.

12. വെല്ലുവിളികള്‍ വരാനിരിക്കുന്നതേ ഉള്ളൂ. രണ്ടോ മൂന്നോ ദിവസത്തിനകം വെള്ളമിറങ്ങും. മഴ മാറിയാല്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയും മാറും. പക്ഷെ, കേരളത്തിന്റെ വെല്ലുവിളികള്‍ തുടങ്ങുന്നതേയുള്ളു. 99 ലെ വെള്ളപ്പൊക്കത്തില്‍ ഏറ്റവുമധികം ആളുകള്‍ മരിച്ചത് വെള്ളപ്പൊക്കത്തിലല്ല. അതിനിശേഷം ഉണ്ടായ പനി, കൃഷിനാശം മൂലമുണ്ടായ പട്ടിണി ഇതിലൊക്കെയാണ്. മഴ കഴിഞ്ഞ് തിരിച്ചു വീട്ടിലെത്തുന്നവര്‍ക്ക് ആരോഗ്യകാര്യത്തില്‍ പ്രത്യേകിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കണം, കുടിവെള്ള സ്രോതസ്സുകള്‍ മലിനമായത് ശുദ്ധീകരിച്ച് എടുക്കാനുള്ള ജോലികള്‍ തുടങ്ങണം. കേരളത്തില്‍ പട്ടിണിമരണം ഉണ്ടാകാതിരിക്കാന്‍ വന്‍ തോതിലുള്ള ഒരു തൊഴിലുറപ്പ് പദ്ധതിയും ഉണ്ടാക്കണം. മറുനാടന്‍ മലയാളികള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ആദ്യ ദിവസങ്ങളില്‍ നാട്ടില്‍ ആളുകളുടെ അടുത്തും പണം കാണു. പക്ഷെ സ്വന്തം വീട്ടില്‍ തന്നെ അറ്റകുറ്റ പണികള്‍ ചെയ്യേണ്ടി വരികയും തൊഴില്‍ ചെയ്യുന്നവര്‍ക്ക് തൊഴില്‍ ഇല്ലാതെ വരികയും ആശുപത്രി ചിലവുകള്‍ കൂടുകയും ചെയ്യുമ്പോള്‍ നാട്ടില്‍ പണത്തിന് ബുദ്ധിമുട്ട് വരും. അപ്പോഴാണ് നിങ്ങളുടെ യഥാര്‍ത്ഥ സഹായം വേണ്ടത്.

13. നുണ ബോംബുകാരെ നിലക്ക് നിര്‍ത്തണം: ഈ ദുരന്തകാലത്തും തെറ്റായ വാര്‍ത്തകള്‍ ഉണ്ടാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരുണ്ടെന്നത് ദുഃഖകരമാണ്. ഇതിനെതിരെ കര്‍ശനമായ മുന്നറിയിപ്പ് നല്‍കണം. ഒന്നോ രണ്ടോ പേരെ അറസ്റ്റ് ചെയ്യുകയും വേണം. കേരളത്തില്‍ ഓഖിയും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും കണ്ട് പേടിച്ചിരിക്കുന്നവരുടെ നേരെ ഫേക്ക് ന്യൂസ് ആക്രമണം വളരെ ഫലപ്രദമാണ്. ആളുകള്‍ മൊത്തമായി പേടിച്ചോടും, അപകടങ്ങളോ സംഘര്‍ഷങ്ങളോ വസ്തുക്കളുടെ അനാവശ്യമായ വാങ്ങലോ പൂഴ്ത്തിവക്കലോ ഇതുമൂലം ഉണ്ടാകാം. ഇത് ഒഴിവാക്കണം.

14. സന്നദ്ധ സേവനം നടത്തുന്നവരെ സംയോജിപ്പിക്കണം: കേരളത്തിലെ മൊത്തം ജനങ്ങള്‍ സന്നദ്ധ സേവനത്തിന് തയ്യാറായി ഇരിക്കുകയാണ്. അവര്‍ വ്യക്തിപരമായി പലതും ചെയ്യുന്നുമുണ്ട്. അവരെ ഒരുമിച്ചു കൊണ്ടുവരുന്ന ഒരു സംവിധാനം ആണ് വേണ്ടത്. ആരോഗ്യം, ഭക്ഷണം, റെസ്‌ക്യൂ, ക്യാംപ്, ടെലികോം എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരെ ഓരോരോ ഗ്രൂപ്പ് ആക്കി അവരോട് ഓരോ സര്‍ക്കാര്‍ വകുപ്പുകള്‍ സംവദിക്കുകയും അവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്യുന്ന ക്ലസ്റ്റര്‍ കോ ഓര്‍ഡിനേഷന്‍ സിസ്റ്റം ആണ് ഐക്യരാഷ്ട്ര സഭ നടപ്പിലാക്കുന്നത്. വരും ദിവസങ്ങളില്‍ സാനിറ്റേഷന്‍, വാട്ടര്‍ സപ്പ്‌ളൈ, ആരോഗ്യം, വിദ്യാഭ്യാസം ഇവയില്‍ ഒക്കെയാകും കൂടുതല്‍ പ്രധാനമായി വേണ്ട സന്നദ്ധ സേവനം. ഇക്കാര്യങ്ങള്‍ അതാത് സര്‍ക്കാര്‍ വകുപ്പുകള്‍ സംയോജിപ്പിക്കാനുള്ള മുന്‍കൈ എടുക്കണം.

15. പുരകത്തുമ്പോള്‍ വാഴ വെട്ടുന്നവരെ പിടിച്ചുകെട്ടണം: ദുരന്തസമയത്ത് സാധനങ്ങള്‍ പൂഴ്ത്തിവെച്ചോ വാഹനങ്ങള്‍ക്കും കെട്ടിടത്തിനും അമിതവാടക വാങ്ങിയോ സ്വകാര്യ ലാഭമുണ്ടാക്കുന്നവര്‍ക്കെതിരെ കര്‍ശന മുന്നറിയിപ്പ് നല്‍കണം. ഇക്കാര്യത്തില്‍ വ്യാപാരി വ്യവസായികളോടും വാഹനങ്ങളോടും സഹായം അഭ്യര്‍ത്ഥിക്കുക. അവസരം മുതലാക്കി പണമുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ ജയിലിലടക്കണം.

16. അപമാനകരമായ പ്രവര്‍ത്തികള്‍ അനുവദിക്കരുത്: രാജ്യത്തിനും ലോകത്തിനും മാതൃകയായി മലയാളികള്‍ ഒന്നടങ്കം ദുരന്തത്തില്‍ പെട്ടവരെ സഹായിക്കുകയാണ്. അതിനിടയില്‍ ഏതെങ്കിലും തരത്തില്‍ ദുരിതബാധിതരെ ദ്രോഹിക്കുന്നവരെ, കമ്പുകളില്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തുക, മതപരമായോ ജാതീയമായോ വിവേചനങ്ങള്‍ കാണിക്കുക, വിദ്വേഷപോസ്റ്റുകള്‍ ഇടുക എന്നിങ്ങനെ നമ്മുടെ സംസ്‌കാരത്തിനും സമൂഹത്തിനും അപമാനകരമായി പെരുമാറുന്നവരെ കര്‍ശനമായി കൈകാര്യം ചെയ്യണം.

17. വെള്ളം പൊങ്ങുന്നതിന്റെ വേഗം കുറയും. ഞാനിതെഴുതുമ്പോഴും നാട്ടില്‍ മഴ പെയ്യുകയാണ്. പക്ഷെ പുഴ അതിന്റെ അതിരുകള്‍ കടന്നാല്‍ പിന്നെ അതിന് പരക്കാന്‍ ഏറെ വിസ്തൃതി ഉണ്ട്. പുഴക്ക് അതിരുകള്‍ക്കുള്ളില്‍ ഒരു മീറ്റര്‍ വെള്ളം പൊങ്ങാന്‍ വേണ്ടതിന്റെ പത്തോ നൂറോ ഇരട്ടി വെള്ളം വേണം (ഫ്‌ളഡ് പ്ലെയിനിന്റെ വിസ്തൃതി അനുസരിച്ച്) അതിരുകള്‍ കടക്കുന്ന പുഴക്ക് അത്രയും വെള്ളം പൊങ്ങാന്‍. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ (അതായത് മുകളില്‍ നിന്നും ഏറെ അധികം വെള്ളം തുറന്നു വിടുകയും നാട്ടില്‍ വളരെ വലിയ മഴ പെയ്യുകയും ചെയ്തില്ലെങ്കില്‍) ഇനി അതിവേഗത്തില്‍ വെള്ളത്തിന്റെ നിരപ്പ് ഉയരില്ല. ഇപ്പോള്‍ കടലില്‍ ഹൈ ടൈഡ് വരികയാണ്. അതുകൊണ്ട് വെള്ളം ഒഴുകിപ്പോകാന്‍ അല്പം താമസം ഉണ്ടെന്നത് ഒരു പ്രശ്‌നമാണ്. വൈകുന്നേരത്തോടെ വെള്ളം സ്റ്റെബിലൈസ് ആകുകയോ ഇറങ്ങി തുടങ്ങുകയോ ചെയ്യണം. പക്ഷെ ഇതിനൊക്കെ പ്രാദേശികമായ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം, അതുകൊണ്ട് ചുറ്റുപാടും നിരീക്ഷിക്കുക. അഞ്ചടി വെള്ളം ഇപ്പോള്‍ പൊങ്ങും എന്നൊക്കെ മെസ്സേജ് വന്നാല്‍ വിശ്വസിക്കേണ്ട കാര്യമില്ല.

18. ഈ നൂറ്റാണ്ടിലെ അവസരം: ഓരോ ദുരന്തവും ഓരോ അവസരങ്ങള്‍ കൂടിയാണ്. ദുരന്ത സാധ്യതകളും കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രശ്‌നങ്ങളും ഉള്‍പ്പെടുത്തിയ ഒരു ഭൂമി ഉപയോഗ സമ്പ്രദായം നമുക്ക് വേണമെന്ന കാര്യം കേരളത്തിലെ ജനങ്ങള്‍ ഇപ്പോള്‍ മനസിലാക്കിക്കഴിഞ്ഞു. വെള്ളമിറങ്ങിയാല്‍ അത് മറക്കാന്‍ അധികം സമയം ഒന്നും വേണ്ട. അതുകൊണ്ടുതന്നെ നാശനഷ്ടമുണ്ടായ വീടുകളും റോഡുകളും അതുപോലെ തന്നെ പുനര്‍ നിര്‍മ്മിക്കുന്നതിനു മുന്‍പ് പുതിയ യാഥാര്‍ത്ഥ്യത്തിന് യോജിച്ച ലാന്‍ഡ് യൂസ് നിയമങ്ങള്‍ കൊണ്ടുവരണം. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഉണ്ടാകാവുന്ന കാലാവസ്ഥാവ്യതിയാനത്തെ കൂടി ഉള്‍ക്കൊള്ളുന്നതായിരിക്കണം അത്. ഇത്തരത്തില്‍ ചിന്തിക്കാന്‍ നമുക്ക് സാധിച്ചാല്‍ നമ്മുടെ പുതിയ നയങ്ങളും നിയമങ്ങളും ലോകോത്തരമായ മാതൃക തന്നെയാകും. സംശയമില്ല. ഈ ദുരന്തം കേരളത്തെ സുസ്ഥിര വികസനത്തിന്റെ പാതയിലേക്ക് കൊണ്ടുവരാനുള്ള ഒരു അവസരമായി നമുക്ക് കാണാം, കാണണം.

ധൈര്യമായിരിക്കുക, സുരക്ഷിതരായിക്കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക