Image

പ്രധാനമന്ത്രി എത്തി ;കനിവിനായി കാത്ത് കേരളം

അനില്‍ പെണ്ണുക്കര Published on 17 August, 2018
പ്രധാനമന്ത്രി എത്തി ;കനിവിനായി കാത്ത് കേരളം
പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി .തുടര്‍ന്നുള്ള മണിക്കൂറുകളില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ക്കായും പ്രവര്‍ത്തനങ്ങള്‍ക്കായും കേരളം കാതോര്‍ക്കും.ശുഭോദര്‍ക്കമായ വാക്കുകള്‍ അദ്ദേഹത്തില്‍ നിന്നും ഉണ്ടാകും എന്ന് നമുക്ക് പ്രതീക്ഷയുണ്ട് .

പട്ടാളമല്ല അതിന്റെ അപ്പുറത്ത് എന്തെങ്കിലും ഉണ്ടെങ്കില്‍ അതും കൊണ്ടുവരണം എന്നാണ് കേരളത്തിന്റെ ഇപ്പോളത്തെ അവസ്ഥ കാണിക്കുന്നത് .കേന്ദ്രവും പ്രധാനമന്ത്രിയും കേരളത്തിന്റെതു കൂടിയാണ്.ആ തിരിച്ചറിവിനായി കേരളം കാത്തിരിക്കുന്നു .ഉറങ്ങാതെ .ലോകമെമ്പാടുമുള്ള മലയാളികള്‍ കേരളത്തിലേക്ക് കണ്ണും നട്ടു ദുരന്തത്തിന്റെ തീവ്രതയില്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ എല്ലാവരുടെയും പ്രതീക്ഷ ഇപ്പോള്‍ നമ്മുടെ പ്രധാന മന്ത്രിയിലാണ് .

അങ്ങ് അറിയണം കലിതുള്ളി പെയ്യുന്ന കാലവര്‍ഷത്തിലും പ്രകൃതി ദുരന്തങ്ങളിലും ഓഗസ്റ്റ് ഒമ്പതിന് ആരംഭിച്ച ഒരാഴ്ചക്കാലത്തിനിടയില്‍ മുന്നൂറിലധികം ജീവനുകള്‍ ആണ് നമുക്ക് നഷ്ടമായത് . ഇവിടെ ഒറ്റപ്പെട്ടുപോയ അനേകം പേരെ കണ്ടെത്തി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള അത്യന്തം ശ്രമകരമായ ദൗത്യത്തിലാണ് ദുരന്തനിവാരണ സേനയും സംസ്ഥാനത്തെ സര്‍ക്കാര്‍ സംവിധാനങ്ങളും സന്നദ്ധ പ്രവര്‍ത്തകരും.

എട്ടു പതിറ്റാണ്ടുകള്‍ക്കുശേഷം കേരളം കണ്ട ഏറ്റവും ഭയാനകമായ പ്രളയവും പേമാരിയും പ്രകൃതി ദുരന്തവുമാണിത്. കേരളത്തില്‍ ഇപ്പോള്‍ നിലവിലുള്ള സംവിധാനങ്ങള്‍ക്ക് പരിഹരിക്കാവുന്നതിലുമേറെ വ്യാപ്തിയും ആഴവുമേറിയ ദുരന്തദിനങ്ങളാണ് ഇത്. ഈ സ്ഥിതിവിശേഷത്തെ നേരിടാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അകമഴിഞ്ഞ സഹായ സഹകരണങ്ങള്‍ കൂടിയെ തീരു. കര, നാവിക, വ്യോമസേനാ വിഭാഗങ്ങളുടെ രക്ഷാദൗത്യസംഘങ്ങളും ഹെലികോപ്റ്റര്‍, കോസ്റ്റ്ഗാര്‍ഡിന്റെ ബോട്ടുകള്‍ ഇനിയും എത്തേണ്ടതുണ്ട് . ഈ പ്രകൃതിദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് സമഗ്ര പിന്തുണ നല്‍കുമെന്നാണ് കേരളം പ്രതീക്ഷിക്കുന്നത് .

എഫ്‌സിഐ അടക്കം പൊതുമേഖലാ ഭക്ഷ്യധാന്യ വിതരണ ശൃംഖലകളില്‍ നിന്ന് അവ തടസം കൂടാതെ ലഭ്യമാക്കാനും വിലക്കയറ്റം സൃഷ്ടിക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാനും ദുരിതാശ്വാസ ക്യാമ്പുകളിലടക്കം സൗജന്യമായി വിതരണം ചെയ്യേണ്ടിടങ്ങളിലെല്ലാം അവ എത്തിക്കാനും കരുതലുണ്ടാവണം. പ്രതികൂല കാലാവസ്ഥയും മാനസിക സമ്മര്‍ദ്ദവും ക്യാമ്പുകളിലെ പരിമിതികളും രോഗങ്ങള്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വഴിവെച്ചേക്കാം. ഇരുപത്തിനാലു മണിക്കൂറും രോഗനിരീക്ഷണത്തിനും ചികിത്സയ്ക്കും ഔഷധലഭ്യതയ്ക്കും രോഗപ്രതിരോധത്തിനും ആവശ്യമായ സൗകര്യങ്ങള്‍ കൂടിയേ തീരൂ. ഇതിനെല്ലാം അങ്ങയുടെ ശ്രദ്ധ ഇന്നത്തെ യാത്രയില്‍ ഉണ്ടാകുമെന്നു കേരളം പ്രതീക്ഷിക്കുകയാണ് .
പ്രധാനമന്ത്രി എത്തി ;കനിവിനായി കാത്ത് കേരളം പ്രധാനമന്ത്രി എത്തി ;കനിവിനായി കാത്ത് കേരളം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക