Image

മുട്ടത്ത് വര്‍ക്കി കാവ്യസംസ്കാരത്തിന്റെ ആത്മശക്തിയുടെ പ്രതീകം (പി. ടി. പൗലോസ്)

Published on 17 August, 2018
മുട്ടത്ത് വര്‍ക്കി കാവ്യസംസ്കാരത്തിന്റെ ആത്മശക്തിയുടെ പ്രതീകം (പി. ടി. പൗലോസ്)
മുട്ടത്ത് വര്‍ക്കി ജീവിച്ചിരുന്ന കാലഘട്ടം മലയാള സാഹിത്യത്തിന്‍റെ അല്ലെങ്കില്‍ മലയാള വായനയുടെ സുവര്‍ണ കാലമായിരുന്നു. ആ കാലഘട്ടത്തിലെ ബാല കൗമാര യവ്വനങ്ങളിലൂടെ വളരുവാന്‍ സാധിച്ചു എന്നുള്ളതില്‍ ഞാനഭിമാനിക്കുന്നു. പ്രണയം ആഘോഷമാക്കിയ ഒരു കൗമാരം എനിക്കുണ്ടായിരുന്നു. എന്റെ പ്രണയ വര്‍ണ്ണങ്ങളില്‍ മുട്ടത്തു വര്‍ക്കിയുടെ സര്‍ഗ്ഗസമ്പന്നതയുടെ നിറപ്പകിട്ടുണ്ടായിരുന്നു. ഞാനെഴുതിയ പ്രണയ ലേഖനങ്ങള്‍ ഇണപ്രാവുകളുടെയും അഴകുള്ള സെലീനയുടെയും തെക്കന്‍ കാറ്റിന്റെയും പട്ടുതൂവാലയുടെയും ഒക്കെ കൊച്ചു കൊച്ചു പതിപ്പുകള്‍ ആയിരുന്നു എന്ന് പറയുന്നതില്‍ എനിക്ക് ലജ്ജയില്ല.

തനിക്ക് ചുറ്റുമുള്ള മനുഷ്യരുടെ വേദനയുടെ ചിത്രം വരച്ച് അറുപതുകളിലും എഴുപതുകളിലും മലയാള നോവല്‍ സാഹിത്യത്തില്‍ മുട്ടത്തു വര്‍ക്കി നിറഞ്ഞു നിന്നു. അറുപതുകളുടെ അവസാനത്തില്‍ അഥവാ എഴുപതുകളുടെ ആരംഭത്തില്‍ മലയാള സാഹിത്യത്തിന് മറ്റൊരു ദിശാബോധം കൈവന്നപ്പോള്‍, മറ്റൊരര്‍ത്ഥത്തില്‍ കാലഘട്ടത്തിന്റേതായ ഒരു ദുര്‍ഘടസന്ധിയില്‍ മുട്ടത്തു വര്‍ക്കി 'പൈങ്കിളി' എഴുത്തുകാരന്‍, 'നസ്രാണി' എഴുത്തുകാരന്‍ ഇങ്ങനെ ബ്രാന്‍ഡ് ചെയ്യപ്പെട്ടു. അതിനുള്ള കാരണങ്ങള്‍ ചികയുന്നതിനു മുന്‍പായി അന്നത്തെ പ്രശസ്തരായ സമകാലിക എഴുത്തുകാര്‍ മുട്ടത്തു വര്‍ക്കിയെ പറ്റി പറഞ്ഞത് നമുക്കൊന്ന് ശ്രദ്ധിക്കാം.

എസ്. കെ. പൊറ്റക്കാട് സഞ്ചാര
സാഹിത്യത്തിലൂടെ മലയാള സാഹിത്യത്തെ ദേശാന്തരങ്ങളിലെത്തിച്ച, സഞ്ചാരം ഒരു ലഹരി ആക്കി മാറ്റിയ, കാപ്പിരികളുടെ നാടായ ആഫ്രിക്കയുടെ ജാലകങ്ങള്‍ മലയാളിക്കായി ആദ്യം തുറന്നു കൊടുത്ത, സാഹിത്യത്തിലെ മഹോന്നത പദവി ആയ ജ്ഞാനപീഠം കരസ്ഥമാക്കിയ എസ് . കെ. പൊറ്റക്കാട് മുട്ടത്തു വര്‍ക്കിയെ പറ്റി പറഞ്ഞത് പൊറ്റക്കാടിന്റെ തന്നെ ഭാഷയില്‍ ;

''മലയാള സാഹിത്യത്തിന്‍റെ ഊഷരഭൂമിയില്‍ അല്പമെങ്കിലും ആശ്വാസം പകരാന്‍ കെല്‍പ്പുള്ള ഒരു നോവലിസ്‌റേറയുളളു. അദ്ദേഹത്തിന്റെ തൂലിക ചലിക്കുന്നത് ജനസാമാന്യത്തിന്റെ ആത്മസ്പന്ദനങ്ങള്‍ക്ക് അനുസൃതമായിട്ടാണ്. സഹൃദയരുടെ ഏറ്റവും പ്രിയപ്പെട്ട സാഹിത്യകാരനാണ് അദ്ദേഹം. അതുല്യ പ്രഭാവനായ ഒരുത്തമ കലാകാരന്‍. അദ്ദേഹത്തിന്റെ പേരാണ് സാക്ഷാല്‍ മുട്ടത്തു വര്‍ക്കി. മനുഷ്യത്വത്തിന്റെ മഞ്ജുളമേഖലയില്‍ നിന്നുകൊണ്ട് ക്ലിക്കുകളെയും ചേരിതിരിവുകളെയും അതിജീവിച്ചുകൊണ്ട് തനിക്കു താന്‍ പോന്നവനായി അദ്ദേഹം അനുസ്യൂതം സാഹിത്യ സൃഷ്ടി നടത്തുന്നു. മലയാള സാഹിത്യത്തില്‍ അദ്ദേഹം പുതിയൊരു വഴിത്താര വെട്ടിതുറന്നിരിക്കുന്നു. യുഗപ്രഭാവനായ ആ കലാകാരന് നമുക്ക് നന്മകള്‍ നേരാം ''

കേസരി ബാലകൃഷ്ണപിള്ള ''മലയാളിക്ക് വായനയുടെ വാതായനങ്ങള്‍ തുറന്നിട്ട അനശ്വര പ്രതിഭയാണ് മുട്ടത്തു വര്‍ക്കി''

സുകുമാര്‍ അഴീക്കോട് ''താത്ത്വികമായി, മലയാള സാഹിത്യ ശ്രീകോവിലിലെ ഏതോ ഉന്നതമായ സിംഹാസനത്തില്‍ ഇരിപ്പിടം കിട്ടേണ്ട എഴുത്തുകാരനായിരുന്നു മുട്ടത്തു വര്‍ക്കി''

ഇവര്‍ പറഞ്ഞതൊക്കെ അംഗീകരിക്കുമ്പോള്‍ തന്നെ ശരിക്കും ഒരു സാഹിത്യകാരന്‍ ആകണമെങ്കില്‍ 'മാതൃഭൂമി' വരികയിലോ ചുരുങ്ങിയ പക്ഷം 'മലയാളനാടി' ലോ എഴുതണമെന്ന ഒരു അലിഖിത നിയമം അന്ന് നിലനിന്നതായി തോന്നുന്നു. കോട്ടയത്ത് സാഹിത്യപ്രവര്‍ത്തക സഹകരണസംഘം രൂപീകരിച്ചപ്പോള്‍ അതിന്റെ മുന്‍പന്തിയില്‍ മുട്ടത്തു വര്‍ക്കി ഉണ്ടായിരുന്നില്ല. അതിന് ചുക്കാന്‍ പിടിച്ചവരില്‍ പ്രമുഖര്‍ മുണ്ടശ്ശേരി, കാരൂര്‍, ഡി. സി. കിഴക്കേമുറി, പൊന്‍കുന്നം വര്‍ക്കി എന്നിവരായിരുന്നു. അപ്പോള്‍ മുട്ടത്തു വര്‍ക്കി 'ദീപിക' യില്‍ തന്നെ ഒതുങ്ങി നിന്നു . അക്കാലത്ത് കോട്ടയം വൈ. എം. സി. എ. ഹാളില്‍ നടന്ന സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ഒരു സമ്മേളനത്തില്‍ മുട്ടത്തു വര്‍ക്കി പങ്കെടുത്ത സംഭവം പറഞ്ഞു കേട്ടിട്ടുണ്ട്. മുണ്ടശ്ശേരി മാസ്റ്റര്‍ ആയിരുന്നു അധ്യക്ഷന്‍. എം. ടി. വാസുദേവന്‍ നായരും മുട്ടത്തു വര്‍ക്കിയും മറ്റു പലരും പ്രസംഗകരുടെ ലിസ്റ്റില്‍ ഉണ്ട്. മുണ്ടശ്ശേരി തന്റെ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. നമ്മുടെ നോവല്‍ രചയിതാക്കള്‍, വിശ്വ സാഹിത്യകാരന്മാരായ ടോള്‍സ്‌റ്റോയ്, ദസ്തയേവ്‌സ്കി എന്നിവരെ മാതൃകയാക്കണം. വിശ്വ സാഹിത്യം ഉള്‍ക്കൊണ്ടിട്ടു വേണം നമ്മളിവിടെ നോവല്‍ രചനക്ക് കളമൊരുക്കേണ്ടത്. മുട്ടത്തു വര്‍ക്കി തന്റെ പ്രസംഗത്തില്‍ പറഞ്ഞത് മുണ്ടശ്ശേരിക്ക് കുറിക്കുകൊണ്ടു. എനിക്ക് ഒരു ടോള്‍സ്‌റോയിയോ ദസ്തയേവ്‌സ്കിയോ ആകാന്‍ കഴിയില്ല. എനിക്ക് മുട്ടത്തു വര്‍ക്കി ആകാനേ കഴിയുള്ളു. ഞാന്‍ ഞാനായിട്ട് തന്നെ മലയാളമണ്ണിലെ പച്ചയായ മനുഷ്യരുടെ ഹൃദയത്തുടിപ്പുകള്‍ കുറിച്ചിട്ടു. അത് മലയാളി നെഞ്ചിലേറ്റി.എന്റെ ഇണപ്രാവുകളും മൈലാടാന്‍കുന്നും തെക്കന്‍കാറ്റുമെല്ലാം മുഷിഞ്ഞ കവര്‍ച്ചട്ടയുമായി കേരളത്തിലെ വായനശാലകളില്‍ സജീവമാണ്. എനിക്ക് അതുമതി. ഈ പറഞ്ഞ വിശ്വ സാഹിത്യകാരന്മാരെ ഉള്‍ക്കൊണ്ട് മുണ്ടശ്ശേരി മാസ്റ്റര്‍ എഴുതിയ പുസ്തകങ്ങള്‍ വായനക്കാരില്ലാതെ വെട്ടിത്തിളങ്ങുന്ന പുറംചട്ടയോടെ മാസ്റ്ററുടെ മച്ചിന്‍പുറത്ത് അട്ടിയിട്ടു വച്ചിരിക്കുന്നത് മറച്ചു വച്ചുകൊണ്ടാണ് മാസ്റ്റര്‍ പ്രസംഗിച്ചത്. പിന്നെ ആ ഗ്രൂപ്പില്‍ മുട്ടത്തു വര്‍ക്കി ഉണ്ടായിരുന്നതായി കേട്ടിട്ടില്ല. എം. പി. പോള്‍സ് ട്യൂട്ടോറിയല്‍ കോളേജില്‍ കോട്ടയത്ത് കുറേക്കാലം അധ്യാപകന്‍ ആയിട്ട് ഉണ്ടായിരുന്നെങ്കിലും, ബഷീറിനെ പോലെ പലരെയും മലയാള സാഹിത്യത്തിന്‍റെ മുന്പന്തിയിലേക്ക് കൊണ്ടുവന്ന എം. പി. പോള്‍ .മുട്ടത്തു വര്‍ക്കിയുടെ കാര്യത്തില്‍ .നിസ്സംഗത പാലിച്ചു. എന്നിരുന്നാലും എം.പി. പോള്‍ ഒരിക്കലും മുട്ടത്തു വര്‍ക്കിയെ തള്ളി പറഞ്ഞിട്ടില്ല. മുട്ടത്തു വര്‍ക്കിയുടെ പുസ്തകങ്ങള്‍ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം അച്ചടിക്കാനും പ്രസിദ്ധീകരിക്കാനും മടിച്ചു എന്നാണറിയുന്നത്. അതിന് അവര്‍ മുട്ടത്തു വര്‍ക്കിക്ക് കല്പിച്ച അയോഗ്യത, ഭരണസമിതി അംഗങ്ങളുടെ പുസ്തകങ്ങളേക്കാളധികം വര്‍ക്കിയുടെ പുസ്തകങ്ങള്‍ വായിക്കപ്പെടുന്നു എന്നതായിരുന്നു. അടിയുറച്ച
ക്രിസ്തുമത വിശ്വാസിയായ മുട്ടത്തു വര്‍ക്കി ഒരു ഇടതുപക്ഷ സഹയാത്രികന്‍ അല്ലായിരുന്നു എന്നുള്ളതും വര്‍ക്കിയെ മുഖ്യധാരയില്‍നിന്ന് അകറ്റിയതിന് മറ്റൊരു കാരണമാകാം.

ഇന്ന് എല്ലാവരും ഒന്നായി സമ്മതിക്കും. കവിതാ സാഹിത്യത്തില്‍ ചങ്ങമ്പുഴയുടെ സംഭവനക്കൊപ്പമെത്തും നോവല്‍
സാഹിത്യത്തില്‍ മുട്ടത്തു വര്‍ക്കിയുടെ സംഭാവനയെന്ന് .

മണ്ണിനെയും മനുഷ്യനെയും ഒരുപോലെ സ്‌നേഹിച്ച സാഹിത്യകാരന്‍. മലമടക്കുകളിലെ മരക്കൊമ്പുകളില്‍ മറഞ്ഞിരിക്കുന്ന മണ്ണാത്തിക്കിളികളും പൂങ്കുയിലുകളും കാക്കത്തമ്പുരാട്ടികളും വര്‍ക്കിയുടെ പുസ്തകത്താളുകളിലേക്ക് പറന്നിറങ്ങി. വെള്ളിമേഘങ്ങളും ഓണനിലാവും കൈകോര്‍ക്കുന്ന മലയോരഗ്രാമഭംഗിയെ അദ്ദേഹം അക്ഷരങ്ങളിലേക്ക് ആവാഹിച്ചു. അങ്ങനെ അഴകുള്ള സെലീനയും ഇണപ്രാവുകളും തെക്കന്‍കാറ്റും പാടാത്ത പൈങ്കിളിയും പട്ടുതൂവാലയും മൈലാടുംകുന്നുമെല്ലാം കാല്പനികതയുടെ മാധുര്യത്തോടെ മലയാള മണ്ണിലേക്ക് പിറന്നുവീണു.

ജനപ്രിയ സാഹിത്യത്തിന്‍റെ മലയാളഭാവുകത്വമായ കാവ്യസംസ്കാരത്തിന്റെ ആത്മശക്തിയുടെ പ്രതീകമായ മുട്ടത്തു വര്‍ക്കി ഏറ്റവും കൂടുതല്‍ നോവലുകളെഴുതി മറ്റൊരര്‍ത്ഥത്തില്‍ മലയാളി മനസ്സിന്റെ ചരിത്രമെഴുതി. അവ ഏറ്റവും കൂടുതല്‍ ചലച്ചിത്രങ്ങള്‍ക്ക് ജന്മം നല്‍കി റെക്കോര്‍ഡിട്ടു. ആ സിനിമകളില്‍ പാട്ടെഴുതാന്‍ വയലാര്‍ പോലും മുട്ടത്തു വര്‍ക്കിയുടെ ഭാവനാസമ്പന്നത കടമെടുത്തിട്ടുണ്ടാകാം. കിഴക്കേ മലയിലെ വെണ്ണിലാവിനെ ക്രിസ്തിയാനി പെണ്ണാക്കിയ വയലാറില്‍ ഒരു മുട്ടത്തു വര്‍ക്കി ടച്ചില്ലേ? കുഞ്ഞാറ്റക്കുരുവികളെ കുരുത്തോല പെരുന്നാളിന് പള്ളിയില്‍ കൊണ്ടുപോയ വയലാറില്‍ ഒരു മുട്ടത്തു വര്‍ക്കി ടച്ചില്ലേ ?

കുടിയേറ്റ കര്‍ഷകന്റെ അടുക്കളയിലെ 'അടിച്ചേററി'
യില്‍ മുളകുപൊട്ടിച്ചു കപ്പ തിന്നുന്ന
പച്ചയായ മനുഷ്യന്റെ കഥ പറഞ്ഞ
മുട്ടത്തു വര്‍ക്കിയെ 'കപ്പതീനി വര്‍ക്കി'
ആയി ആധുനികര്‍ ആക്ഷേപിച്ചു. മുറ്റത്തു നിന്ന് ചുറ്റിത്തിരിയുന്ന 'മുറ്റത്തു
വര്‍ക്കി' യാണ് മുട്ടത്തു വര്‍ക്കിയെന്നും.
ഞൊറിമുണ്ടും ചട്ടയും മേക്കാക്കുണുക്കും ധരിച്ച ക്രിസ്ത്യാനി ചേട്ടത്തിയെ വരച്ചു കാട്ടിയ മുട്ടത്തു വര്‍ക്കിയെ 'പളളിമതിലേല്‍ക്കിളുത്ത നസ്രാണിവര്‍ക്കി' എന്നാക്ഷേപിച്ച അവര്‍ ഒന്ന് മനസ്സിലാക്കിയില്ല, മലയോര കര്‍ഷകന്റെ മുറ്റത്തു ചുറ്റിത്തിരിഞ്ഞ മുട്ടത്തു വര്‍ക്കി സഹൃദയരായ മുഴുവന്‍ മലയാളികളുടെയും മനസ്സിന്റെ ശ്രീകോവിലില്‍ രത്‌നസിംഹാസനം പണിത് ഉപവിഷ്ടനായെന്ന് .

മുട്ടത്തു വര്‍ക്കിയുടെ തൂലികയില്‍ നിന്നും ഇതള്‍ വിരിഞ്ഞ പ്രണയകാവ്യങ്ങളില്‍ പ്രഭാത പുഷ്പങ്ങളുടെ നൈര്‍മ്മല്യമുണ്ടായിരുന്നു . മഞ്ഞുതുളളിയുടെ പരിശുദ്ധിയുണ്ടായിരുന്നു. ഊഷ്മള സ്‌നേഹത്തിന്റെ ആര്‍ദ്രത ഉണ്ടായിരുന്നു. തന്റെ ഗ്രാമത്തിലെ നീലാകാശത്തിലെ നക്ഷത്രങ്ങള്‍ക്ക് അദ്ദേഹം കൂടുതല്‍ ശോഭ നല്‍കി. ഗ്രാമവൃക്ഷങ്ങളില്‍ ഇരുന്നു പാടിയ കുയിലുകളുടെ പാട്ടുകള്‍ക്ക് അനശ്വര പ്രേമത്തിന്റെ ഈണം നല്‍കി. ഗ്രാമകന്യകമാരുടെ മെയ്യഴകിന് ഏഴ് വര്‍ണ്ണങ്ങളും നല്കി. അവരുടെ ഇടനെഞ്ചില്‍ പ്രേമ സാഫല്യത്തിന്റെ കുളിര്‍മഴ പെയ്യിച്ച, അവരുടെ ആത്മാവിന്‍െറ അന്തരാളങ്ങളില്‍ അവാച്യമായ അനുഭൂതികളുടെ തായമ്പക കൊട്ടിച്ച അക്ഷരങ്ങളുടെ തമ്പുരാന്‍ ! ആ അനശ്വര കഥാകാരന്റെ ഓര്‍മ്മകള്‍ക്കുമുന്പില്‍ ആദരവിന്റെ ആയിരം പുഷ്പദളങ്ങള്‍ !!!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക