Image

രക്ഷാകരങ്ങള്‍ എത്തിയില്ല, പറവൂര്‍ പള്ളിയില്‍ അഭയംതേടിയ ആറ് പേര്‍ മരിച്ചു

Published on 18 August, 2018
രക്ഷാകരങ്ങള്‍ എത്തിയില്ല, പറവൂര്‍ പള്ളിയില്‍ അഭയംതേടിയ ആറ് പേര്‍ മരിച്ചു

പ്രളയക്കെടുതില്‍ ജീവന്‍ രക്ഷതേടി പറവൂര്‍ പള്ളിയില്‍ ആഭയം തേടിയ ആറ് പേര്‍ സഹായം തേടി പലരെയും വിളിച്ചെങ്കിലും ആ വിളി കേള്‍ക്കാന്‍ ആരും തയ്യാറായില്ല. നേര്‍ത്ത കുത്തിയതോട് പള്ളിയില്‍ അഭയം തേടിയവരില്‍ ആറ് പേരാണ് മരിച്ചത. പള്ളിയുടെ ഒരുഭാഗം ഇടിഞ്ഞാണ് ആറുപേര്‍ മരിച്ചത്. പറവൂര്‍ എംഎല്‍എ വിഡി സതീശനാണ് ഇക്കാര്യം സ്ഥീരികരിച്ചത്.

പലതവണ സഹായം അഭ്യര്‍ത്ഥിച്ച്‌ പലരെയും വിളിച്ചെങ്കിലും സഹായം കിട്ടിയില്ലെന്ന് പള്ളിയില്‍ രക്ഷതേടി എത്തിയവര്‍ പറയുന്നു. നിരവധി പേരാണ് ഇപ്പോഴും പള്ളിയില്‍ കുടുങ്ങിക്കിടക്കുന്നത്. ഇന്നലെ രാവിലെ മുതല്‍ ഭക്ഷണത്തിനും മരുന്നിനുമായി പലരെയും വിളിച്ചെങ്കിലും ആരും പള്ളിയില്‍ എത്തിയില്ല. രക്ഷാപ്രവര്‍ത്തകര്‍ അ്‌ങ്ങോട്ട് തിരിച്ചിട്ടുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. 


പറവൂര്‍ മേഖലയില്‍ ഏഴായിരത്തോളം പേര്‍ ഒറ്റപ്പെട്ട് കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് നാട്ടുകാര്‍ മാത്രമാണ് എത്തുന്നത്. സഹായം ലഭിക്കുന്നത് റോഡ് സൈഡില്‍ അഭയം തേടിയവര്‍മാത്രമാണെന്നും കുടുങ്ങിക്കിടക്കുന്നവര്‍ പറയുന്നു

സമീപപപ്രദേശമായ കളമശ്ശേരിയിലും സ്ഥിതി വ്യത്യസ്തമല്ല. കളമശേരി മണ്ഡലത്തില്‍ പ്രളയക്കെടുതി രൂക്ഷമായ പ്രദേശങ്ങളില്‍ സേനയുടെ അടിയന്തിര സഹായം അഭ്യര്‍ഥിച്ച്‌ വികെ ഇബ്രാഹിം കുഞ്ഞ് എംഎല്‍എ രംഗത്തെത്തി 


മണ്ഡലത്തിലെ കളമശേരി നഗരസഭ പരിധി ഒഴിച്ചുള്ള സ്ഥലങ്ങളെല്ലാം പൂര്‍ണമായും വെള്ളത്തിലാണ്. ഏലൂര്‍ നഗരസഭ, കടുങ്ങല്ലൂര്‍, കരുമാല്ലൂര്‍, കുന്നുകര, ആലങ്ങാട് പഞ്ചായത്തുകളിലെ മിക്ക വീടുകളും വെള്ളത്തിനടിയിലായിക്കഴിഞ്ഞു.

ബോട്ട്, തോണി എന്നിവ ഉപയോഗിച്ചുള്ള രക്ഷാ പ്രവര്‍ത്തനം സാധ്യമല്ലാത്ത വിധം ഇവിടങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. സേനയുടെ ഇടപെടല്‍ കൊണ്ട് മാത്രമേ ഇവിടെയുള്ളവരെ രക്ഷപ്പെടുത്താന്‍ സാധിക്കുകയുള്ളു. 
ഇന്ന് പെരിയാറിലെ ജലനിരപ്പ് അല്‍പ്പം കുറഞ്ഞിട്ടുണ്ടെങ്കിലും ധാരാളം ആളുകള്‍ വിവിധ ദുരിതാശ്വാസ ക്യാമ്ബുകളിലും അവരുടെ വീടുകളിലുമായി മുകള്‍ തട്ടില്‍ കഴിയുന്നുണ്ട്.

രക്ഷാ പ്രവര്‍ത്തനത്തിന് എയര്‍ ലിഫറ്റിങ്ങല്ലാതെ മറ്റു മാര്‍ഗങ്ങളില്ല. പലര്‍ക്കും ഭക്ഷണവും കുടിവെള്ളവും കിട്ടിയിട്ട് രണ്ടു മൂന്ന് ദിവസങ്ങളായി. മെഡിക്കല്‍ പരിചരണവും ലഭിച്ചിട്ടില്ല, വലിയ ദുരിതത്തിലാണ് ഇവിടങ്ങളിലെ ആള്‍ക്കാരെല്ലാം. രക്ഷാപ്രവര്‍ത്തനത്തിന് ഇനിയും വൈകിയാല്‍ വലിയ ദുരന്തത്തിലേക്ക് അത് വഴിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക