Image

ഇത് നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം: രക്ഷാപ്രവര്‍ത്തനം ലക്ഷ്യത്തോടടുക്കുന്നുവെന്നും മുഖ്യമന്ത്രി

Published on 18 August, 2018
 ഇത് നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം: രക്ഷാപ്രവര്‍ത്തനം ലക്ഷ്യത്തോടടുക്കുന്നുവെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായത് നുറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഴയും ന്യൂനമര്‍ദ്ദവും കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയെന്നും എന്നാല്‍ രക്ഷാപ്രവര്‍ത്തനം ലക്ഷ്യത്തോടടുക്കുകയാണെന്നും പ്രളയക്കെടുതി വിലയിരുത്തി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി

പ്രളയക്കെടുതിയെ നേരിടാന്‍ നടത്തിയ ശ്രമങ്ങള്‍ ലക്ഷ്യത്തിലേക്ക് അടുക്കുകയാണെന്ന് മുഖ്യമന്ത്രി. കേരളത്തിലെ ജനസാന്ദ്രത ദേശീയ ശരാശരിയെക്കാള്‍ ഇരട്ടിയാണ്. സങ്കീര്‍ണ്ണമായ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ കഴിയുക നാടിനെ അറിയുന്നവര്‍ക്കാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ സേനകള്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തനത്തിന് ആദ്യം മുന്നിട്ടിറങ്ങിയത് നാട്ടുകാരായിരുന്നു. നദികളിലെ കുത്തൊഴുക്ക് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായെന്നും, മോശം കാലാവസ്ഥ ഹെലികോപ്ടര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ ഒരുമയാണ് രക്ഷാപ്രവര്‍ത്തനത്തിന്റെ വിജയത്തിന് കാരണമെന്ന് പിണറായി കൂട്ടിച്ചേര്‍ത്തു. 

അതേസമയം രക്ഷാപ്രവര്‍ത്തനത്തിന് കേന്ദ്രസേനയുടെ മികച്ച രീതിയിലുള്ള സഹായം ലഭിച്ചുവെന്നും പിണറായി പറഞ്ഞു. എന്നാല്‍ മുന്‍ ധാരണകള്‍ വെച്ച് ഒഴിഞ്ഞു പോകാന്‍ ചിലര്‍ തയാറാകാത്തതും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തകര്‍ നലകുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് വീണ്ടും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. അതേസമയം സംസ്ഥാനത്ത് ഭക്ഷ്യദൗര്‍ലഭ്യം ഉണ്ടെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക