Image

പ്രളയദുരിത കാലത്തെ അനാശാസ്യമായ മുല്ലപ്പെരിയാര്‍ രാഷ്ട്രീയം (എ.എസ് ശ്രീകുമാര്‍)

Published on 18 August, 2018
പ്രളയദുരിത കാലത്തെ അനാശാസ്യമായ മുല്ലപ്പെരിയാര്‍ രാഷ്ട്രീയം (എ.എസ് ശ്രീകുമാര്‍)
സമാനതകളില്ലാത്ത പ്രളയ ദുരന്തത്തിലും ദുരിതത്തിലുമാണ് കേരളം. കാലവര്‍ഷക്കെടുതികളില്‍ മരിച്ചവരുടെ എണ്ണം മഴക്കെടുതിയില്‍ മരണം 324 ആയെന്ന് മുഖ്യമന്ത്രി ഔദ്യോഗികമായി അറിയിച്ചിരിക്കുന്നു. സസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വളരെ ഗുരുതരമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. പരിക്കേറ്റവര്‍ അതിലുമെത്രയോ ഇരട്ടി. ആര്‍ത്തലച്ചെത്തിയ മലവെള്ളപ്പാച്ചിലില്‍ പലരുടെയും ജീവിതകാലത്തെ മുഴുവന്‍ സമ്പാദ്യങ്ങളും ചോര്‍ന്നൊലിച്ചു. കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളിലുണ്ടായ ഉരുള്‍ പൊട്ടലിലും വെള്ളപ്പാച്ചിലിലും ചില കുടുംബങ്ങള്‍ അപ്പാടെയാണു തകര്‍ന്നടിഞ്ഞത്. ഇങ്ങനെ പ്രളയനഷ്ടങ്ങള്‍ കരകവിഞ്ഞ് കുത്തിയൊലിക്കുന്നു. ഇവിടെ മുല്ലപ്പെരിയാര്‍ അണക്കെട്ടും കേരള-തമിഴ്‌നാട് സര്‍ക്കാരുകളും തമ്മിലുള്ള കാലപ്പഴക്കം ചെന്ന ഉരസലുകള്‍ പ്രസക്തമാവുന്നു. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് കേരളത്തിന്റെ താത്പര്യമനുസരിച്ച് 139 അടിയായി കുറയ്ക്കാന്‍ സുപ്രീം കോടതിയുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാവുമെന്ന പ്രതീക്ഷയിലാണ് കേരളം.  

അണകെട്ടി നിര്‍ത്തിയ വെള്ളത്തിന്റെ പേരില്‍ കേരളവും തമിഴ്‌നാടും തമ്മിലുള്ള പഴക്കം ചെന്ന തര്‍ക്കത്തിന് മാത്രമല്ല, തൊട്ടുരുമ്മി കിടക്കുന്ന ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള കൊടിയ ശത്രുതയ്ക്കാണ്് മുല്ലപ്പെരിയാര്‍ അണക്കെട്ട് എക്കാലത്തും കാരണമായിട്ടുള്ളത്. ഈ ഡാം കേരളത്തിലാണെങ്കിലും അതിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് തമിഴ്‌നാടാണ് എന്നതാണ് നമുക്ക് അംഗീകരിക്കാനാവാത്ത വസ്തുത. അതും പാഴായിപ്പോയ ഒരു കരാറിന്റെ പേരില്‍. കേരളം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്ന മഹാപ്രളയത്തിന്റെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ ഡാമും ഗൗരവമുള്ള ചര്‍ച്ചയ്ക്ക് വിഷയമായിരിക്കുന്നു. മഹാമേരി തുടരുന്നതിനാല്‍ ഡാമിലെ ജലനിരപ്പ് 142 അടി കവിഞ്ഞ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാറിന്റെ ഷട്ടറുകള്‍ തുറക്കാന്‍ തമിഴ്‌നാട് നിര്‍ബന്ധിതമായി. എന്നാല്‍ ജലനിരപ്പ് 142 അടിയായി നിലനിര്‍ത്തിക്കൊണ്ടു തന്നെ മനസാക്ഷിയില്ലാതെ വെള്ളം തുറന്നുവിട്ടുകൊണ്ടിരിക്കുകയാണ് തമിഴ്‌നാട്. 

മുല്ലപ്പെരിയാറിലെ വെള്ളം തമിഴ്‌നാടിന് അത്യാവശ്യമാണ്. കേരളത്തിന്റെ സുരക്ഷ അവര്‍ക്ക് നിസ്സാരം. മനുഷ്യത്വമില്ലാതത്ത ഈ ധാര്‍ഷ്ട്യത്തെയും സ്വാര്‍ത്ഥതയേയും അപലപിക്കാന്‍ സഭ്യമായ ഭാഷയില്‍ വാക്കുകളേയില്ല. സുപ്രീം കോടതിയില്‍ നിന്ന് ലഭിച്ച ഒരു വിധി കടലാസും പൊക്കിപ്പിടിച്ചു കൊണ്ടാണ് തമിഴ്‌നാട് സര്‍ക്കാര്‍ ജലനിരപ്പ് 142 അടിയായി നിജപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെ ഈ കൊടിയ കാലവര്‍ഷത്തിലും അത് അവര്‍ തുടരുന്നു. കനത്ത മഴ പെയ്ത് ജലനിരപ്പ് 142 അടിക്ക് മേല്‍ ഉയര്‍ന്നിട്ടും ഡാമിന് ഒന്നും സംഭവിച്ചിട്ടില്ല എന്ന് സുപ്രീം കോടതിയെ ബോധ്യപ്പെടുത്താനാണ് അവര്‍ ഈ ഏകപക്ഷീയ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നത്. എന്നാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി താഴ്ത്തണമെന്ന കേരളത്തിന്റെ ആവശ്യത്തിന്മേല്‍ സുപ്രീം കോടതി അനുകൂല നിലപാടെടുക്കുമെന്നാണ് പ്രതീക്ഷ. കേരളവുമായി തമ്മിത്തല്ലേണ്ട സമയമല്ല ഇതെന്നും ദുരിതമഴയുടെ കഷ്ടനഷ്ടങ്ങള്‍ അനുഭവിക്കുന്ന കേരള ജനതയുടെ സുരക്ഷയ്ക്കാണ് പ്രാധാന്യമെന്നുമുള്ള അര്‍ത്ഥത്തില്‍ സുപ്രീം കോടതി ഇപ്പോള്‍ ഈ വിഷയത്തെ നിരീക്ഷിച്ചിരിക്കുന്നു.

ഇടുക്കി ജില്ലയില്‍ പീരുമേട് താലൂക്കില്‍ കുമളി ഗ്രാമപഞ്ചായത്തിലാണ് മുല്ലപ്പെരിയാര്‍ ഡാം. തമിഴ്‌നാട് അതിര്‍ത്തിയിലെ ശിവഗിരി മലകളില്‍നിന്ന് ഉത്ഭവിക്കുന്ന വിവിധ പോഷക നദികള്‍ ചേര്‍ന്നുണ്ടാകുന്ന മുല്ലയാര്‍, പെരിയാര്‍ നദിയായി അറിയപ്പെടുന്നു. മുല്ലയാര്‍ നദിക്ക് കുറുകെ പണിതിരിക്കുന്ന അണക്കെട്ടാണിത്. തമിഴ്‌നാടിലെ വൈഗ നദിയുടെ താഴ്‌വരയിലെ പ്രദേശങ്ങള്‍ക്ക് ജലസേചനത്തിനായി നിര്‍മ്മിച്ച് ഈ അണക്കെട്ട് കേള-തമിഴ്‌നാട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനു വിഷയമായിട്ട് പതിറ്റാണ്ടുകളായി. ജലനിരപ്പ് ഉയര്‍ത്തണമെന്ന് തമിഴ്‌നാട് ആവശ്യപ്പെടുകയും, എന്നാല്‍ ആ നടപടി അണക്കെട്ടിന്റെ സുരക്ഷയെ ബാധിക്കുമെന്ന് പറഞ്ഞ് കേരള സര്‍ക്കാര്‍ ഈ ആവശ്യത്തെ നിരാകരിക്കുകയും ചെയ്തു. 

യഥാര്‍ത്ഥത്തില്‍ 1961ലെ വെള്ളപ്പൊക്കത്തോടു കൂടിയാണ് ഈ അണക്കെട്ടിന്റെ സുരക്ഷയെച്ചൊല്ലിയുള്ള വാദങ്ങളും എതിര്‍വാദങ്ങളും ഉയര്‍ന്നു വന്നത്. ശര്‍ക്കരയും ചുണ്ണാമ്പും കൊണ്ടുള്ള സുര്‍ക്കി മിശ്രിതം ഉപയോഗിച്ചു പണിത ഈ അണക്കെട്ടിന് ശക്തമായ ഒരു വെള്ളപ്പാച്ചിലിനെ തടയാന്‍ കഴിയില്ല, അതുകൊണ്ട് തന്നെ അണക്കെട്ടിന്റെ താഴ്‌വരയില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് ഡാം  സുരക്ഷാഭീഷണിയാണെന്ന് അക്കാലത്ത് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 2014 മെയ് 7 ന് സുപ്രീം കോടതിയുടെ അഞ്ചംഗ ബഞ്ചിന്റെ വിധി തമിഴ്‌നാടിന് അനുകൂലമായി വന്നു. 136 അടിയില്‍ നിന്നും 142 അടിയായി ജലനിരപ്പ് ഉയര്‍ത്താമെന്നും, അണക്കെട്ടിന്റെ നിരീക്ഷണത്തിന് ഒരു മൂന്നംഗ സമിതിയെ നിയോഗിക്കാമെന്നും സുപ്രീം കോടതി വിധിയില്‍ പറയുന്നു. സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍.എം ലോധ അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ വിധി പ്രകാരം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കാന്‍ തമിഴ്‌നാടിന് അനുമതി ലഭിച്ചു. കേരളം നടപ്പിലാക്കിയ അണക്കെട്ട് സുരക്ഷാ നിയമം ഭരണഘടനാ വിരുദ്ധമാണെന്നും കോടതി അന്ന് നിരീക്ഷിക്കുകയുണ്ടായി. 

ലോകത്തില്‍ ഇന്ന് നിലവിലുള്ള ഉയരം കൂടിയ ഭൂഗുരുത്വ അണക്കെട്ടുകളില്‍ ഏറ്റവും പഴക്കമുള്ള അണക്കെട്ടാണ് മുല്ലപ്പെരിയാര്‍. നിര്‍മ്മാണ കാലഘട്ടത്തില്‍ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായിരുന്നു. സുര്‍ഖി മിശ്രിതം ഉപയോഗിച്ചു നിര്‍മ്മിച്ച അണക്കെട്ടുകളില്‍ ലോകത്ത് നിലവിലുള്ള ഏക അണക്കെട്ട് എന്ന പ്രത്യേകത ഇതിനുണ്ട്. 1895ല്‍ നിര്‍മ്മിച്ച അണക്കെട്ട് 999 വര്‍ഷത്തേയ്ക്ക് തമിഴ്‌നാട് പാട്ടത്തിനെടുത്തിരിക്കുകയാണ്. ഒരു അണക്കെട്ടിന്റെ കാലാവധി അറുപതു വര്‍ഷമാണെന്നിരിക്കേ നൂറു വര്‍ഷത്തിനു മുകളില്‍ പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് അതിന്റെ പ്രാന്തപ്രദേശങ്ങളിലുള്ളവര്‍ക്കും, കേരളത്തിലെ അഞ്ചു ജില്ലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന വാദം കേരളമുയര്‍ത്തുമ്പോള്‍, ഇതിനെക്കുറിച്ചു നടന്നിട്ടുള്ള ശാസ്ത്രീയ പഠനങ്ങള്‍ ചൂണ്ടിക്കാണിച്ച് കേരളത്തിന്റെ വാദങ്ങള്‍ക്ക് കഴമ്പില്ലെന്ന് തമിഴ്‌നാടും വാദിക്കുകയായിരുന്നു. പെരിയാര്‍ പാട്ടക്കരാര്‍ ഇന്ത്യ സ്വതന്ത്രയാവുന്നതിനു മുമ്പ് നിലവില്‍ വന്നതാണെന്നും, ഇന്ത്യ ബ്രിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്ര്യം നേടിയപ്പോള്‍ ബ്രിട്ടീഷുകാരും, ഇന്ത്യയിലെ നാട്ടുരാജ്യങ്ങളും തമ്മില്‍ നിലനിന്നിരുന്ന എല്ലാ ഉടമ്പടികളും, കരാറുകളും സ്വയമേവ റദ്ദായി എന്ന് കേരളവും സുപ്രീം കോടതിയില്‍ വാദിച്ചിരുന്നു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് 116 വര്‍ഷത്തെ പഴക്കമുണ്ട്. ഒരു അണക്കെട്ടിന്റെ കാലാവധി 50 വര്‍ഷമാണ്. വേണ്ടത്ര മുന്‍കരുതല്‍ എടുത്താലും ഒരു ദുരന്തത്തെ അതിജീവിക്കാന്‍ ഈ അണക്കെട്ടിന് കഴിയില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഡാമിന്റെ സുരക്ഷാ പ്രശ്‌നങ്ങള്‍ പരിശോധിക്കാം. നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന മിശ്രിതങ്ങള്‍ കാലപ്പഴക്കത്തെ അതിജീവിക്കുന്നില്ല, ഏറെ ഭാഗം ഒഴുകിപ്പോവുകയും ചെയ്തു. അണക്കെട്ട് നില്‍ക്കുന്നത് ഭൂകമ്പഭ്രംശ മേഖലയിലാണ്. അണക്കെട്ടിന്റെ ആകെ ഉയരത്തേക്കാള്‍ കൂടുതല്‍ വെള്ളം പൊങ്ങിയാല്‍ മുകളിലൂടെ വരുന്ന വെള്ളം അണക്കെട്ടിന്റെ താഴെ പതിക്കുകയും ആ സമ്മര്‍ദ്ദത്തില്‍ അണക്കെട്ടിന്റെ അടിത്തറ ഇളകുകയും, അണക്കെട്ട് നിലം പതിക്കുകയും ചെയ്യും. ഇതുകൂടാതെ അണക്കെട്ടിന്റെ അടിഭാഗം ഇളകി മറിയുകയും, നിരങ്ങി മാറുകയും ചെയ്യാം. പെട്ടെന്നുണ്ടായ പ്രളയ ജലത്തില്‍ മധ്യപ്രദേശിലെ ടിഗ്ര അണക്കെട്ട് ഇപ്രകാരം ആണ് നിലംപതിച്ചത്. എന്നാല്‍ കോടതി നിര്‍ദ്ദേശപ്രകാരമുള്ള അനുവദനീയമായ പരമാവധി സംഭരണ ശേഷി 136 അടിയാണ്. അതിപ്പോള്‍ 142 അടിയായിരിക്കുന്നു.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജനനിരപ്പ് 142 അടിയായിതന്നെ നിലനിര്‍ത്തുമെന്ന് തമിഴ്‌നാട്. ജലനിരപ്പ് 142 അടിയാക്കാന്‍ 2014 ല്‍ സുപ്രീം കോടതിയില്‍ നിന്നും തമിഴ്‌നാടിന് അനുമതി ലഭിച്ചിട്ടുണ്ടെന്നും അതിനാല്‍ ഇത്തവണയും മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയില്‍ നിലനിര്‍ത്തുമെന്നും ഉപസമതി യോഗത്തില്‍ തമിഴ്‌നാട് പ്രതിനിധികള്‍ അറിയിച്ചു. പെരിയാറിന് സമീപത്ത് താമസിക്കുന്ന ജനങ്ങളുടെ ജീവന് സുരക്ഷിതത്വം വേണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് തള്ളി. അതേ സമയം, ജലനിരപ്പ് ഉയര്‍ന്നാല്‍ പാലിക്കേണ്ട ഷട്ടര്‍ ഓപ്പറേറ്റിംങ്ങ് മാന്യുവല്‍ ഇതുവരെയും തമിഴ്‌നാട് കേരളത്തിന് നല്‍കിയിട്ടുമില്ല. തമിഴ്‌നാടിന്റെ നിഷേധാത്മക നിലപാട് മേല്‍നോട്ട സമിതിയെ അറിയിക്കാനാണ് കേരളത്തിന്റെ തീരുമാനം. സെക്കന്‍ഡില്‍ 5941 ഘനയടി വെള്ളം അണക്കെട്ടിലേയ്ക്ക് ഒഴുകി എത്തുമ്പോള്‍ സെക്കന്‍ഡില്‍ 2100 ഘനയടി വെള്ളംമാത്രമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത് എന്നറിയുക.

മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് നിരവധി ജനകീയ പ്രക്ഷോഭങ്ങള്‍ കേരളത്തിലും തമിഴ് നാട്ടിലും ഉണ്ടായിട്ടുണ്ട്. 2011 നവംബറില്‍ ഉണ്ടായ ഭൂചലനങ്ങളെത്തുടര്‍ന്ന് കേരളത്തില്‍ ജനകീയ വികാരം കൂടുതല്‍ ശക്തമായി. നവംബര്‍ 28ന് ഇടുക്കി ജില്ലയിലും 29ന് ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലും ഹര്‍ത്താല്‍ ആചരിക്കുകയുണ്ടായി. 28ന് പാര്‍ലമെന്റ് വളപ്പില്‍ കേരളത്തില്‍ നിന്നുള്ള എം.പി മാര്‍ സത്യാഗ്രഹമനുഷ്ഠിച്ചു. ഡിസംബര്‍ എട്ടിന് മുല്ലപ്പെരിയാര്‍ മുതല്‍ എറണാകുളം വരെ മനുഷ്യമതിലും സൃഷ്ടിക്കുകയുണ്ടായി. കേരളത്തിന്റെ പ്രതിഷേധവും പ്രക്ഷോഭവും നമ്മുടെ ന്യായയുക്തമായ ആവശ്യങ്ങള്‍ നിറവേറ്റപ്പെടുംവരെ തുടരുകതന്നെ ചെയ്യും.

പ്രളയദുരിത കാലത്തെ അനാശാസ്യമായ മുല്ലപ്പെരിയാര്‍ രാഷ്ട്രീയം (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക