Image

മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞത്....

Published on 18 August, 2018
മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞത്....
ഈ നൂറ്റാണ്ടില്‍ കേരളം കണ്ടിട്ടുള്ള വലിയ പ്രളയക്കെടുതിയെയാണ് നാം അഭിമുഖീകരിച്ചത്. ഈ കെടുതിയെ ജനങ്ങളുടെയും കേന്ദ്ര സേനകളുടെയും സഹായത്തോടെ മറികടക്കുന്നതിനുള്ള ശക്തമായ ഇടപെടലാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്. ആ ഇടപെടല്‍ അതിന്റെ ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്.

ഈ പ്രളയത്തിന്റെ ആകസ്മികതയ്ക്ക് വഴി തെളിയിച്ചത് നീണ്ടുനിന്ന മഴയാണ്. സംസ്ഥാനാന്തര റിസര്‍വോയറുകളുടെ ഏകോപിത മാനേജ്‌മെന്റ് സംവിധാനത്തിലെ പ്രശ്‌നങ്ങള്‍, നിരവധി മേഘവിസ്‌ഫോടനം, ന്യൂനമര്‍ദ്ധം തുടങ്ങിയ പ്രത്യേകതകളും ഈ ദുരന്തത്തിന് കാരണമായിട്ടുണ്ട്.

*കേരളത്തിന്റെ സവിശേഷത*

ഇത്തരമൊരു ദുരന്തം മറ്റൊരു പ്രദേശത്തേക്കാള്‍ ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുക കേരളം പോലുള്ള സംസ്ഥാനത്താണ്. ഇതിന് മൂന്ന് കാരണങ്ങളുണ്ട്.
1. ദേശീയ ജനസാന്ദ്രത ചതുരശ്രകിലോമീറ്ററിന് 382 ആണെങ്കില്‍ കേരളത്തിലത് ഇരിട്ടയിലധികം വരുന്ന 860 ആണ്.
2. 10 ശതമാനത്തോളം പ്രദേശം സമുദ്ര നിരപ്പിന് താഴെയാണ്.
3. 41 നദികള്‍ അറബിക്കടലിലേക്ക് ഒഴുകുകയാണ്.
4. 80 ഡാമുകളും പ്രത്യേകം പ്രത്യേകം നദീതടങ്ങളും കേരളത്തിലുണ്ട്.
കേരളത്തിലെ ഈ സവിശേഷതകളും വെള്ളത്തിന്റെ സംഭരണത്തിന്റെ ഈ പ്രത്യേകതകളും വ്യക്തമായി മനസ്സിലാക്കിയാലേ ഫലപ്രദമായ ദുരന്ത നിവാരണം ഏകോപിപ്പിക്കാനാവൂ. നാടറിയുന്നവര്‍ക്കാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാനാവൂ.

*ദുരന്തത്തിന്റെ പ്രത്യേകത*

കേരളത്തിന്റെ ഈ സവിശേഷതകളെ കണ്ടുകൊണ്ടാണ് പ്രളയക്കെടുതി നേരിടുന്നതിനുള്ള സംവിധാനം സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയത്. ഏതെങ്കിലും ഒരു പ്രദേശത്ത് മാത്രം ഒതുങ്ങിയ ഒരു ദുരന്തമായിരുന്നില്ല ഇത്. സംസ്ഥാനത്തിന്റെ ഏറെക്കുറെ എല്ലാ ജില്ലകളിലും ഇത് വ്യാപിച്ചു. നദികളും തണ്ണീര്‍ത്തടങ്ങളും കരകവിഞ്ഞൊഴുകുന്ന സ്ഥിതിവിശേഷവും ഉണ്ടായി. പുഴ വഴിമാറി ഒഴുകി. ഡാമുകള്‍ നിറഞ്ഞുകവിഞ്ഞു. റോഡും റെയില്‍ സംവിധാനങ്ങളും തടയപ്പെട്ടതോടെ ഗതാഗത സംവിധാനങ്ങളും ഇല്ലാതായി. ജലമാര്‍ഗമാണെങ്കില്‍ നദികളിലെ കുത്തൊഴുക്ക് കാരണം രക്ഷാ പ്രവര്‍ത്തനം നടത്താന്‍ പ്രയാസം ഉള്ള സാഹചര്യവും സൃഷ്ടിച്ചു. മോശം കാലാവസ്ഥ ഹെലികോപ്റ്ററുകളുടെ പ്രവര്‍ത്തനത്തിനും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. ഹെലികോപ്റ്ററുകള്‍ ഇറങ്ങാന്‍ പറ്റുന്ന സാഹചര്യമാവട്ടെ വെള്ളം നിറഞ്ഞുകവിഞ്ഞൊഴുകുന്ന സ്ഥിതിയുണ്ടായി.

*സര്‍ക്കാരിന്റെ ഇടപെടല്‍*

തികച്ചും വെല്ലുവിളി ഉയര്‍ത്തുന്ന ഈ സാഹചര്യത്തെ നേരിട്ടുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങിയത്. കിട്ടാവുന്ന എല്ലാ ഘടകങ്ങളെയും യോജിപ്പിച്ച് നിര്‍ത്തിക്കൊണ്ട് കേരളത്തിലെ ഭരണയന്ത്രത്തിന്റെ കരുത്തിലും ജനങ്ങളുടെ ഉന്നതമായ മനുഷ്യസ്‌നേഹത്തിലും ജനാധിപത്യത്തിലൂന്നി നില്‍ക്കുന്ന നമ്മുടെ രാഷ്ട്രീയ സംസ്‌കരാത്തിന്റെ ബലവുമാണ് ഇത്തരമൊരു സാഹചര്യത്തെ അതിജീവിച്ച് മുന്നോട്ടുപോകാനാവുമെന്ന ആത്മവിശ്വാസം സര്‍ക്കാരിന് നല്‍കിയത്. പ്രളയക്കെടുതികള്‍ നിയന്ത്രണത്തിലാകുന്ന ഈ ഘട്ടത്തില്‍ നമ്മുടെ നാടിന്റെ ഒരുമ തന്നെയാണ് ഈ വിജയത്തിന്റെ അടിസ്ഥാനമെന്നത് ഏത് കേരളീയനും അഭിമാനത്തോടെ പറയാവുന്ന ഒന്നാണ്. അവയെ കൂട്ടിയോജിപ്പിക്കാനും അതിന്റെ ഭാഗമായി പ്രവര്‍ത്തിക്കാനുമായതില്‍ സര്‍ക്കാരിന് അഭിമാനമുണ്ട്.

*പ്രളയം കടന്നുവന്ന വഴി*

പ്രളയക്കെടുതിയുടെ ആദ്യ ഘട്ടത്തില്‍ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് നാശനഷ്ടമുണ്ടായത്. ഈ ഘട്ടത്തില്‍ തന്നെ സര്‍ക്കാര്‍ സംവിധാനങ്ങളെയും ദേശീയ ദുരന്തനിവാരണ സേനയെയും ഇന്ത്യന്‍ നേവി, ഫയര്‍ഫോഴ്‌സ് എന്നീ സേനകളെയും ഏകോപിപ്പിച്ച് പ്രവര്‍ത്തനം കുറ്റമറ്റതാക്കുന്നതിനുള്ള ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി. നാടിന്റെ എല്ലാ മേഖലയിലും പെട്ട ആളുകള്‍ തുടക്കം തൊട്ട് തന്നെ ഇതുമായി സഹകരിക്കാന്‍ തയ്യാറായി.

*സര്‍ക്കാരിന്റെ ഇടപെടല്‍*

ദുരന്തങ്ങള്‍ മുന്‍കൂട്ടി കണ്ടുകൊണ്ട് മുന്നറിയിപ്പുകളും സംസ്ഥാന സര്‍ക്കാര്‍ നല്‍കി. വയനാട്, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇത്തരത്തിലുള്ള മുന്നറിയിപ്പ് നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഇടപെട്ടു. 08.08.2018 ന് ചേര്‍ന്ന മന്ത്രിസഭാ യോഗം പ്രളയക്കെടുതിയ സംബന്ധിച്ച് വിശദമായി ചര്‍ച്ച ചെയ്ത് ആവശ്യമായ തീരുമാനങ്ങളും എടുത്ത് മുന്നോട്ടുപോയി.09.08.2018 ന് തന്നെ സെക്രട്ടറിയേറ്റില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നിരീക്ഷണ സെല്‍ ആരംഭിക്കുകയും, ജില്ലകളിലും അതിന് സമാന്തരമായി സെല്ലുകള്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിന്യസിച്ചുകൊണ്ട് ജില്ലാ ഭരണ സംവിധാനത്തെയും ശക്തമാക്കി.

*തയ്യാറെടുപ്പുകള്‍*

നാശനഷ്ടം നമുക്കുണ്ടാകും എന്ന് തിരിച്ചറിഞ്ഞ് അത് പരിഹരിക്കാനുള്ള ദീര്‍ഘകാല പദ്ധതികള്‍ക്കും സര്‍ക്കാര്‍ നേതൃത്വം നല്‍കി. ഓണാഘോഷ പരിപാടികള്‍ക്കായി വിവിധ വകുപ്പുകള്‍ക്ക് ലഭ്യമാക്കിയ തുക ദുരിതാശ്വാസപ്രവര്‍ത്തനത്തിനായി നീക്കിവെയ്ക്കാനുള്ള തീരുമാനവും എടുത്തു. ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി ലോകത്തെമ്പാടുമുള്ള മനുഷ്യസ്‌നേഹികളെ ഭാഗഭാക്കാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ നേതൃത്വം നല്‍കി. നഷ്ടപ്പെട്ടുപോയ രേഖകള്‍ തിരിച്ചുനല്‍കുന്നതിനുള്ള സംവിധാനം മാത്രമല്ല, സമയബന്ധിതമായ ദുരിതാശ്വാസത്തിന് നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭാ ഉപസമിതിയെയും സര്‍ക്കാര്‍ നിയോഗിച്ചു. ഇത്തരത്തില്‍ നമ്മുടെ നാടിന്റെ സവിശേഷത കണ്ടറിഞ്ഞുകൊണ്ടുള്ള രക്ഷാ പ്രവര്‍ത്തനത്തിനും അതോടൊപ്പം തന്നെ ജനങ്ങള്‍ക്കുള്ള നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഇടപെടലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നടപ്പിലാക്കുന്ന തരത്തിലുള്ള ഇടപെടലാണ് ഉണ്ടായത്.

*രക്ഷാ പ്രവര്‍ത്തനത്തിന്റെ ഇടപെടലുകള്‍*

രക്ഷാ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്തെ 40,000 പോലീസ് സേനയും 3,200 അഗ്‌നിശമന വിഭാഗങ്ങളെയും സര്‍ക്കാര്‍ ഭരണ സംവിധാനവും പൊതുജനങ്ങളും മത്സ്യതൊഴിലാളികളും ഈ പ്രവര്‍ത്തനങ്ങളില്‍ സജീവമായിട്ടുണ്ട്. തമിഴ്‌നാട്ടിലെയും ഒറീസയിലെയും അഗ്‌നിശമന വിഭാഗത്തിന്റെ സേവനവും നമുക്ക് ലഭ്യമാകുന്ന സ്ഥിതിയുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് സ്വകാര്യ ബോട്ടുകളെയും വന്‍തോതില്‍ രക്ഷാ പ്രവര്‍ത്തനത്തിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മത്സ്യതൊഴിലാളികളെയും കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ പ്ലാന്‍ ചെയ്തത്.

കേന്ദ്ര സേനയുടെ നല്ല നിലയിലുള്ള സഹായം തന്നെ നമുക്ക് ലഭിച്ചിട്ടുണ്ട്. കാലാവസ്ഥയുടെ പ്രശ്‌നങ്ങളും വിദൂര സ്ഥലങ്ങളില്‍ നിന്നാണ് എത്തിപ്പെടേണ്ടത് എന്ന കാര്യവും കൊണ്ട് വാഗ്ദാനം ചെയ്ത സമയത്തും എണ്ണവും എത്തിക്കുന്നതിലുള്ള ചില പ്രശ്‌നങ്ങള്‍ ഉണ്ടായി എന്നതൊഴിച്ചാല്‍ നല്ല നിലയിലുള്ള സഹകരണം ഈ പ്രവര്‍ത്തനത്തിന് ഉണ്ടായിട്ടുണ്ട്.

*രക്ഷാ പ്രവര്‍ത്തകരുമായി സഹകരിക്കുക*

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൈ-മെയ് മറന്ന് പങ്കെടുക്കുന്ന സന്നദ്ധ പ്രവര്‍ത്തകരും സേനാംഗങ്ങളും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അതേ പടി അനുസരിക്കുന്നതില്‍ ചിലയിടത്തെങ്കിലും കാണിക്കുന്ന വൈമുഖ്യം അവര്‍ക്ക് തന്നെ ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യം വന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും അനുസരിച്ച് ഈ പ്രവര്‍ത്തനത്തില്‍ ജനങ്ങള്‍ സഹകരിക്കണം. വെള്ളം ഇപ്പോള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ വെള്ളം കയറുമെന്ന ധാരണയുണ്ടാവണം. കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായ വെള്ളപ്പൊക്കത്തിന്റെ അനുഭവങ്ങള്‍ ഉള്ളവര്‍ അതുവെച്ച് ഈ ദുരന്തത്തെ അളക്കരുത്. ഇതിന് സമാനമായ ഒന്ന് 94 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കേരളത്തിന് അഭിമുഖീകരിക്കേണ്ടിവന്നത്. അതുകൊണ്ട് അഭ്യര്‍ത്ഥിക്കാനുള്ളത് ദുരിതാശ്വാസ പ്രവര്‍ത്തകര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ തയ്യാറാവണം. തത്ക്കാലം ചില പ്രയാസങ്ങള്‍ ഉണ്ടാകുമെങ്കിലും ജീവന്‍ സംരക്ഷിക്കുക പ്രധാനമാണെന്ന ധാരണയോടെ നിര്‍ദ്ദേശങ്ങളെ ഉള്‍ക്കൊള്ളണം.

*ഭക്ഷ്യ ദൗര്‍ലഭ്യം എന്ന കള്ളക്കഥ*

സംസ്ഥാനത്ത് ഭക്ഷ്യ ദൗര്‍ലഭ്യമുണ്ടാകുമെന് പ്രചരണം ചില കോണുകളില്‍ നിന്ന് ഉയര്‍ന്നുവന്നിട്ടുണ്ട്. ഇതിലൂടെ ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കാനുള്ള ശ്രമങ്ങളുമുണ്ട്. എന്നാല്‍ ഇത് വസ്തുതകള്‍ക്ക് വിരുദ്ധണാണ്. കേരളം ഓണാഘോഷത്തെ വരവേല്‍ക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്ന ഘട്ടമാണിത്. എല്ലാ മൊത്തവ്യാപാരികളും 30 ശതമാനത്തിലേറെ സ്റ്റോക്ക് ഇതിന്റെ ഭാഗമായി എടുത്തിട്ടുണ്ട്. അതുകൊണ്ട് ഭക്ഷ്യദൗര്‍ലഭ്യം ഉണ്ടാകും എന്നത് അസബന്ധമാണ്. റോഡു ഗതാഗത്തില്‍ ചിലയിടത്ത് ഉണ്ടായ തടസ്സമാണ് ചില്ലറ വ്യാപാര സ്ഥാപനത്തിലേക്ക് എത്തുന്നതിലുണ്ടാകുന്ന തടസ്സം മാത്രമാണ് പ്രശ്‌നം. റോഡ് ഗതാഗതം സാധാരണ നിലയിലാകുന്നതോടെ ഈ പ്രശ്‌നം പരിഹരിക്കപ്പെടും. ഏതെങ്കിലുമൊരു സ്ഥലത്ത് ഉണ്ടാകുന്ന പ്രശ്‌നത്തെ പര്‍വ്വതീകരിച്ച് കാണരുത്.

*കോര്‍ഡിനേഷന്‍ ഇല്ലെന്ന വിമര്‍ശനം*

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യക്തമായ കോര്‍ഡിനേഷന്‍ സംസ്ഥാനത്തുണ്ട്. ജില്ലയിലെ കളക്ടറാണ് ഇതിന്റെ പൊതുനിയന്ത്രണം. എന്നാല്‍ രക്ഷാ പ്രവര്‍ത്തനത്തിന്റെ ഉത്തരവാദിത്തം പോലീസ് സംവിധാനത്തിനാണ്. മറ്റു ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ജില്ലാ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുമാണ് നടക്കുന്നത്. ഐ.എ.എസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ ജില്ലകളില്‍ സ്‌പെഷ്യല്‍ ഓഫീസര്‍മാരായി പ്രവര്‍ത്തിക്കുന്നുണ്ട്.
സംസ്ഥാനത്ത് നടക്കുന്ന രക്ഷാ പ്രവര്‍ത്തനങ്ങളെയെല്ലാം നിരീക്ഷിക്കുന്നതിനും പരിശോധിക്കുന്നതിനും എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നുമുണ്ട്. അതിന്റെ വിലയിരുത്തലുകളും തുടര്‍ന്ന് നടത്തേണ്ട പ്രവര്‍ത്തനങ്ങളും മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിക്കുന്നുമുണ്ട്.

*കേന്ദ്ര സര്‍ക്കാരിന്റെ സഹായം*

വെള്ളപ്പൊക്കവും കെടുതികളും സംസ്ഥാന സര്‍ക്കാര്‍ അതാത് അവസരത്തില്‍ വിലയിരുത്തുകയും സ്ഥിതിഗതികള്‍ പ്രധാനമന്ത്രിയെയും പ്രതിരോധ മന്ത്രിയെയും ധരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആഭ്യന്തര മന്ത്രിയും പ്രധാനമന്ത്രിയും പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇവിടെ സന്ദര്‍ശിക്കാന്‍ സന്നദ്ധമാവുകയും ചെയ്തിട്ടുണ്ട്. ആഭ്യന്തരമന്ത്രി 100 കോടിയും പ്രധാനമന്ത്രി 500 കോടിയും അടിയന്തര സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. 19,512 കോടി രൂപയുടെ നഷ്ടം ഇപ്പോള്‍ തന്നെ പ്രാഥമിക കണക്കില്‍ ഉണ്ടായിട്ടുണ്ട് എന്നത് കണക്കിലെടുത്ത് 20,000 കോടി രൂപയുടെ സഹായം ആവശ്യപ്പെട്ടിട്ടുമുണ്ട്. അടിയന്തര ആശ്വാസമായി 2,000 കോടി രൂപയും ആവശ്യപ്പെട്ടു.

*സൈന്യവും രക്ഷാ പ്രവര്‍ത്തനവും*

നമ്മുടെ രാജ്യത്തെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ സിവില്‍ ഭരണ സംവിധാനവും സൈന്യവും യോജിച്ചുനിന്നുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. ഇതുപോലുള്ള എല്ലാ അവസരങ്ങളിലും ജില്ലാ ഭരണസംവിധാനത്തിനോടൊപ്പം അവരെ സഹായിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുക എന്നതാണ് സൈന്യത്തിന്റെ കര്‍ത്തവ്യം. സിവില്‍ ഭരണസംവിധാനത്തെ സഹായിക്കുക എന്നതാണ് സൈന്യത്തിന്റെ ചുമതല എന്നാണ് ഇതില്‍ നിന്നും വ്യക്തമാവുന്നത്.

നാടിനെ പരിചയമുള്ളവരുടെ സഹായത്തോടെ സൈന്യം ഒത്തുചേര്‍ന്നുകൊണ്ട് ജില്ലാ ഭരണ സംവിധാനം ഒരുക്കുന്ന സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി പ്രവര്‍ത്തിക്കുകയാണ് അവര്‍ ചെയ്യുന്നത്. ഒരിക്കലും സൈന്യം മാത്രമായി ഒരു ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഓപ്പറേഷനും സാധ്യമല്ല. സംസ്ഥാന ഭരണ സംവിധാനങ്ങള്‍ സൈന്യത്തിന് പുറമെ എന്‍.ഡി.ആര്‍.എഫ്, കോസ്റ്റ്ഗാര്‍ഡ്, സി.ആര്‍.പി.എഫ്, ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് എന്നീ കേന്ദ്ര സേനകളുടെയും ഫയര്‍ഫോഴ്‌സ്, പോലീസ്, എസ്.ഡി.ആര്‍.എഫ്, റവന്യൂ, തദ്ദേശസ്വയംഭരണ ഉദ്യോഗസ്ഥരുടെയും യോജിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ മാത്രമേ ഇത് സാധിക്കുകയുള്ളൂ.

സംസ്ഥാന തലത്തില്‍ കേന്ദ്രീകരിക്കപ്പെടുന്ന ജോയിന്റ് കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്റര്‍ അഥവാ ഖീശിേ ഛുലൃമശേീി ഞീീാെ ആണ് ഈ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. ഇത് തന്നെയാണ് മുമ്പുള്ള എല്ലാ സാഹചര്യങ്ങളിലും രാജ്യത്ത് അനുവര്‍ത്തിച്ചുവരുന്നത്. ആസാമിലെയും ചെന്നൈയിലെയും ജമ്മുകാശ്മീരിലെയും പ്രളയത്തിന്റെയും ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയും ഭൂകമ്പത്തിന്റെയും ഒക്കെ ഘട്ടത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ സൈന്യത്തിനെ മാത്രം ഏല്‍പ്പിച്ചിരുന്നില്ല. ജമ്മുകാശ്മീരിന്റെ സവിശേഷമായ സാഹചര്യത്തില്‍ പോലും സംസ്ഥാന സര്‍ക്കാരും സൈന്യവും ഒന്നിച്ചു പ്രവര്‍ത്തിക്കുന്ന രീതിയാണുള്ളത്.

*കേന്ദ്ര സര്‍ക്കാരിന്റെ സഹായം*

നമ്മുടെ നാട്ടിലെ മഴക്കെടുതിയുടെ ആരംഭം മുതല്‍ തന്നെ കേന്ദ്ര സര്‍ക്കാരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിക്കൊണ്ടുള്ള ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളാണ് നമ്മള്‍ നടത്തിക്കൊണ്ടിരുന്നത്. ഇപ്പോഴുണ്ടായ എറ്റവും വലിയ കെടുതിയുടെ ഘട്ടത്തിലും ഒരു കുറവും വരാതെ തന്നെയാണ് കേന്ദ്ര സേനകള്‍ ഇടപെട്ടിരുന്നത്. പ്രധാനമന്ത്രിയോടും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരോടും നിരന്തരം ബന്ധപ്പെട്ട് ഈ സാഹചര്യം അവരുടെ ശ്രദ്ധയില്‍കൊണ്ടുവരികയും ചെയ്തിരുന്നു. ഓഖി ദുരിതാശ്വാസത്തിലെന്ന പോലെ ഈ പ്രവര്‍ത്തനത്തിലും കേന്ദ്ര- സംസ്ഥാന ഏജന്‍സികള്‍ യോജിച്ചുനിന്നുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്.

*പ്രശ്‌നമുള്ള പ്രദേശങ്ങളില്‍ പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്*

ഇന്നലെ ചേര്‍ന്ന സംസ്ഥാന വിലയിരുത്തല്‍ യോഗത്തില്‍ രണ്ട് പ്രദേശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് നിശ്ചയിച്ചത്. അത് ചാലക്കുടിയും ചെങ്ങന്നൂരുമാണ്. അതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ ഭക്ഷണവും ഹെലികോപ്റ്ററിനെയും നാവിക, കരസേനാ വിഭാഗങ്ങളെയും ദുരന്തനിവാരണ സേനയെയും പോലീസിനെയും കൂടുതലായി വിന്യസിക്കുന്നതിന് ഇവിടെ നിശ്ചയിക്കുകയും ചെയ്തതാണ്. അതിനനുസരിച്ച് നല്ല നിലിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്ന സ്ഥിതി അവിടെയും ഉണ്ടായിട്ടുണ്ട്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ എവിടെയെങ്കിലും ആരെങ്കിലും കുടുങ്ങിപ്പോയിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ട കണ്‍ട്രോള്‍ റൂമിലോ അധകൃതരെയോ അറിയിച്ചാല്‍ ആവശ്യമായ രക്ഷാ പ്രവര്‍ത്തനങ്ങള്‍ അവിടെ നടത്താനുള്ള സംവിധാനവും ഒരുക്കിക്കഴിഞ്ഞിട്ടുണ്ട്.

*ജനങ്ങളില്‍ ആത്മവിശ്വാസം ഉണ്ടാക്കുക പ്രധാനം*

ജനങ്ങളില്‍ ആത്മവിശ്വാസം ഉണ്ടാക്കുകയും അതിജീവിക്കുന്നതിനുള്ള ബലം നല്‍കുകയും ചെയ്യുക എന്നത് രക്ഷാ പ്രവര്‍ത്തനത്തിന്റെ ബാലപാഠങ്ങളിലൊന്നാണ്. എന്നാല്‍ അത് മറന്നുകൊണ്ട് ജനങ്ങളെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നതിനുള്ള പ്രചരണങ്ങളും ഇടപെടലുകളും പ്രഖ്യാപനങ്ങളും ഇത്തരം പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്താനേ സഹായിക്കുകയുള്ളൂ. അത്തരം ഇടപെടല്‍ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അത് അവസാനിപ്പിക്കേണ്ടതാണ്. നാമൊരു ദുരന്തത്തിന്റെ നടുവിലാണ്. അത് ഉയര്‍ത്തിയ പ്രശ്‌നങ്ങളെ ഒന്നായി നിന്ന് ഒരു മനസ്സോടെ നേരിടുന്ന ഘട്ടത്തില്‍ ഇത്തരം അപസ്വരങ്ങള്‍ ഒഴിവാക്കേണ്ടതാണ്.

*ഇന്നത്തെ രക്ഷാ പ്രവര്‍ത്തനം*

ഇന്നത്തെ രക്ഷാ പ്രവര്‍ത്തനത്തില്‍ 22 ഹെലികോപ്പ്റ്ററുകളും 83 നേവി ബോട്ടുകളും 169 എന്‍.ഡി.ആര്‍.എഫ് ടീമിന്റെ ബോട്ടും 5 ബി.എസ്.എഫ് ടീമും 35 കോസ്റ്റ്ഗാര്‍ഡ് ടീമും ബോട്ടും 25 ആര്‍മി എന്‍ജിനീയറിംഗ് ടീമും കേരള ഫയര്‍ഫോഴ്‌സിന്റെ 59 ബോട്ടും 600 മത്സ്യതൊഴിലാളി ബോട്ടുകളും 40000 പോലീസ് സേനയും അവരുടെ ബോട്ടുകളും 3200 ത്തിലേറെ വരുന്ന ഫയര്‍ സര്‍വ്വീസ് സേനയും രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തിട്ടുണ്ട്. ഇതിനുപുറമെ ബഹുജനങ്ങളും വിവിധ സ്ഥാപനങ്ങളും സംഘടനകളും രക്ഷാ പ്രവര്‍ത്തനത്തില്‍ സജീവമായി മുഴുകിയിട്ടുണ്ട്.

*യോജിപ്പിന്റെ അതിജീവനം*

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നല്ല നിലയുള്ള സഹായമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും കേരളത്തിലെ ജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. ഈ ഒരുമയാണ് ഈ മഹാദുരന്തത്തെ ഉള്ളംകൈയ്യിലെന്ന പോലെ ഒതുക്കിയെടുക്കാന്‍ നമ്മുടെ സംസ്ഥാനത്തിന് സഹായകമായത്. ആ ഒരുമ എന്നും കാത്തുസൂക്ഷിക്കാനായാല്‍ ഏത് പ്രതിസന്ധിയെയും നമൂക്ക് നേരിടാമെന്നും നാടിനെ വികസനത്തിന്റെ കുതിപ്പുകളിലേക്ക് നയിക്കാനാവുമെന്ന പാഠം കൂടിയാണ് ഇത് നമുക്ക് നല്‍കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക