Image

പ്രളയ കേരളവും പ്രകൃതി ചൂഷണവും (ജോസഫ് പടന്നമാക്കല്‍)

Published on 18 August, 2018
പ്രളയ കേരളവും പ്രകൃതി ചൂഷണവും (ജോസഫ് പടന്നമാക്കല്‍)
ചരിത്രത്തിലെ ഏറ്റവും അതിരൂക്ഷമായ പ്രളയ ദുരിതങ്ങളാണ് കേരള ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതിനോടകം കേരളസംസ്ഥാനമാകെ മുന്നൂറ്റി എഴുപതോളം മനുഷ്യ ജീവിതങ്ങള്‍ നഷ്ടപ്പെട്ടതായി വാര്‍ത്തകളില്‍ അറിയുന്നു. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാനായി കേരളമൊന്നാകെ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയാകളിലും ഫേസ് ബുക്കിലും പലരുടെയും കരളലിയിക്കുന്ന നിലവിളികളും സഹായത്തിനായുള്ള അഭ്യര്‍ത്ഥനകളും കേള്‍ക്കാം. നാട്ടില്‍ ഉറ്റവരായ ബന്ധു ജനങ്ങളുടെ അപകട ഭീതിയില്‍ വിദേശ മലയാളികളും എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിലാണ്. ദുരിത മേഖലയില്‍ വസിക്കുന്നവരെക്കാളും വിദേശത്തു താമസിക്കുന്ന ബന്ധുജനങ്ങള്‍ കൂടുതല്‍ ആകുലരായും കാണുന്നു. പലരുടെയും നിസ്സഹായാവസ്ഥയിലുള്ള നിലവിളികള്‍ കേള്‍ക്കുന്നവരുടെയും മനസുകളെ ചഞ്ചലവും ദുഃഖഭരിതവുമാക്കുന്നുണ്ട്.

പ്രളയ കെടുതിയില്‍ നിന്ന് രക്ഷപെടാന്‍, ജീവനെ നിലനിര്‍ത്താന്‍, കിടപ്പാടം ഉപേക്ഷിച്ചും മനുഷ്യര്‍ നെട്ടോട്ടം ഓടുന്ന കാഴ്ചകളാണ് ദൃശ്യ മാധ്യമങ്ങളിലും വാര്‍ത്തകളിലും ദിനം പ്രതി വായിക്കുന്നത്. പല സ്ഥലത്തും കുടിവെള്ളം പോലുമില്ല. മിക്ക സ്ഥലങ്ങളിലും വൈദ്യുതിയും നിലച്ചു. റയില്‍, വിമാനം ഗതാഗതങ്ങളും സ്തംഭിച്ചു. നെറ്റ് വര്‍ക്കുകള്‍ തകരാറിലായതിനാല്‍ ആശയ വിനിമയങ്ങളും ദുഷ്ക്കരമായിരിക്കുന്ന സ്ഥിതി വിശേഷമാണ് കേരളത്തിലുള്ളത്. സൈന്യങ്ങളും രക്ഷാപ്രവര്‍ത്തകരും രാവും പകലും പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്നുണ്ടെങ്കിലും ഇന്നും രക്ഷപെടാന്‍ സാധിക്കാതെ അനേകായിരങ്ങളാണ് വെള്ള തുരുത്തുകളില്‍ കുടുങ്ങി കിടക്കുന്നത്. കുഞ്ഞുങ്ങളും സ്ത്രീകളും വൃദ്ധരായവരും എല്ലാം അക്കൂടെയുണ്ട്. പലയിടത്തും വീടുകള്‍ മുങ്ങി. ജീവനുവേണ്ടിയുള്ള നിലവിളികള്‍ നാടിന്‍റെ നാനാഭാഗത്തു നിന്നും കേള്‍ക്കാം. അക്കൂടെ ഉരുള്‍ പൊട്ടലില്‍ക്കൂടിയും ദുരന്തങ്ങള്‍ സംഭവിക്കുന്നു. നദികളും ആറുകളും നിയന്ത്രണമില്ലാതെ മലവെള്ള പാച്ചിലോടെ പായുന്നു. ഫേസ്ബുക്കിലും മാദ്ധ്യമങ്ങളിലും രക്ഷിക്കണേയെന്നുള്ള നിലവിളികളോടെ സന്ദേശങ്ങളും തുടര്‍ച്ചയായി എത്തുന്നു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുന്നുണ്ടെങ്കിലും പലയിടത്തും സേവനം ഇതുവരെയും എത്തിയിട്ടില്ല.

പ്രകൃതി ദുരന്തവും പേമാരിയും ഒരു നാടിന്റെ സംസ്ക്കാരത്തെ തന്നെ അട്ടിമറിക്കാറുണ്ട്. കേരളത്തിലും അത്തരം ദുരന്തങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ക്ഷോപം ഉണ്ടായത് 1924 ആഗസ്റ്റില്‍ എന്ന് കരുതുന്നു. മലയാള മാസം 1099 കര്‍ക്കിടകത്തില്‍ ഈ ദുരന്തം സംഭവിച്ചതുകൊണ്ടു 99 ലെ വെള്ളപ്പൊക്കമെന്നു മുതിര്‍ന്ന തലമുറകള്‍ പറഞ്ഞിരുന്നു. കേരള നാടിന്റെ നാനാഭാഗങ്ങളിലുമുള്ള ജനവിഭാഗങ്ങളുടെ ദൈനം ദിന ജീവിതത്തെ തകിടം മറിച്ച ഒരു ചരിത്ര സംഭവമായിരുന്നു അത്. വാര്‍ത്താ സൗകര്യങ്ങള്‍ അധികം ഇല്ലാതിരുന്ന അന്നത്തെ കാലഘട്ടം കേട്ടറിവിനേക്കാള്‍ ഭയാനകമായിരുന്നു. മൂന്നാഴ്ചയോളം നീണ്ടു നിന്നിരുന്ന അന്നത്തെ പേമാരിയില്‍ നാടുനീളെയുള്ള താണ പ്രദേശങ്ങള്‍ മുഴുവന്‍ വെള്ളത്തിന്റെ അടിയിലായി പോയിരുന്നു. മദ്ധ്യ തിരുവിതാംകൂറിനെയും തെക്കേ മലബാറിനെയും പ്രളയം അതിരൂക്ഷമായി ബാധിച്ചിരുന്നു. അതിനു ശേഷം അത്രമാത്രം വലിയ ഒരു മഴ പെയ്തിട്ടില്ല.

എത്ര മനുഷ്യര്‍ അന്നത്തെ വെള്ളപൊക്കത്തില്‍ മരിച്ചുവെന്നതും വ്യക്തമല്ല. മരിച്ചവരുടെ സ്ഥിതി വിവര കണക്കുകള്‍ എടുക്കാനുള്ള സംവിധാനങ്ങള്‍ അന്നുണ്ടായിരുന്നില്ല. ഉയര്‍ന്ന പ്രദേശങ്ങള്‍ അഭയാര്‍ത്ഥികളെ കൊണ്ട് നിറഞ്ഞിരുന്നു. പട്ടിണിയും വസന്തയും നാടാകെ പടര്‍ന്നു പിടിച്ചിരുന്നു. എറണാകുളം പട്ടണത്തിന്റെ ഭൂരി ഭാഗം ഭൂപ്രദേശങ്ങളും വെള്ളത്തിന്റെ അടിയിലായിരുന്നു. ഇരുപതടിയില്‍ കൂടുതല്‍ വെള്ളത്തിന്റെ നിരപ്പ് ഉയര്‍ന്നിരുന്നു. കോഴിക്കോട് പട്ടണവും വെള്ളത്തിന്റെ അടിയിലായിരുന്നു. കേരളത്തിന് അനുഭവിക്കേണ്ടി വന്ന ഏറ്റവും ദുരിതം മൂന്നാറിലെ ബ്രിട്ടീഷ്കാര്‍ സ്ഥാപിച്ച തേയില തോട്ടങ്ങളുടെ നാശമായിരുന്നു.

അന്ന് മൂന്നാറില്‍ വൈദ്യുതിയും റെയില്‍വേയും ഉണ്ടായിരുന്നു. മോണോ റെയില്‍ സിസ്റ്റത്തിലുള്ള റയില്‍വേ ആയിരുന്നു ഉണ്ടായിരുന്നത്. മൂന്നാര്‍ പട്ടണവും റോഡുകളും റെയില്‍വേയും നശിച്ചിരുന്നു. മലവെള്ള പാച്ചിലും ഒഴുകി വരുന്ന മരങ്ങളും തട്ടി ആയിരക്കണക്കിന് ഭവനങ്ങള്‍ ഇല്ലാതായി. ബ്രിട്ടീഷുകാര്‍ പട്ടണം പുതുക്കി പണിതെങ്കിലും തേയിലത്തോട്ടങ്ങള്‍ കൃഷി ചെയ്‌തെങ്കിലും റോഡുകള്‍ നന്നാക്കിയെങ്കിലും അന്ന് സ്ഥാപിച്ച റെയില്‍വേ ചരിത സ്മാരകമായി മാറി. കുണ്ടളവാലി റെയില്‍വേ എന്നായിരുന്നു അത് അറിയപ്പെട്ടിരുന്നത്. മാസങ്ങളോളം നീണ്ട പ്രയത്‌നങ്ങളുടെ ഫലമായിട്ടാണ് റോഡുകള്‍ പുതുക്കി പണിയാനും യാത്രാസൗകര്യങ്ങള്‍ ഉണ്ടാക്കാനും സാധിച്ചത്.

കേരളത്തിലെ ഇപ്പോഴുള്ള അടിയന്തിര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയുടെ എയര്‍ഫോഴ്‌സ്, നേവി, ആര്‍മി സൈന്യങ്ങള്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നുണ്ട്. യുദ്ധത്തില്‍ മാത്രമല്ല സമാധാന കാലത്തും സൈന്യത്തിന്റെ ആവശ്യമുണ്ടെന്ന് ഈ പ്രളയ വേളകളില്‍ കേരള ജനതയെ ബോധ്യപ്പെടുത്തുന്നു. ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങളും പട്ടാളവും വെള്ളപ്പൊക്കത്തില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള തീവ്ര ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. യാത്രാ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി രക്ഷാപ്രവര്‍ത്തകര്‍ റോഡുകള്‍ വൃത്തിയാക്കുകയും കേടായ പാലങ്ങള്‍ നന്നാക്കുകയും ചെയ്യുന്നു. കൊച്ചിന്‍ വിമാനത്താവളം വെള്ളം നിറഞ്ഞിരിക്കുന്നതിനാല്‍ താല്‍ക്കാലികമായ വിമാന സര്‍വീസുകളെല്ലാം റദ്ദാക്കിയിരിക്കുകയാണ്. അതുപോലെ ട്രെയിന്‍ സര്‍വീസും മെട്രോ സര്‍വീസും നിറുത്തി വെച്ചിരിക്കുന്നു. പുതിയ പത്ര വാര്‍ത്തകളിലെ റിപ്പോര്‍ട്ടുകളനുസരിച്ച് മഴയുടെ ശക്തി കുറയുന്നുവെന്നും ഡാമുകള്‍ സുരക്ഷിതമെന്നും വെള്ളം താഴോട്ട് വളരെയധികം ഇതിനോടകം ഒഴുകി കഴിഞ്ഞിരിക്കുന്നുവെന്നുമാണ്.

ഈ വര്‍ഷം ഇന്ത്യയാകെയുള്ള മണ്‍സൂണ്‍ കാലാവസ്ഥ ഏഴു സംസ്ഥാനങ്ങളെ ബാധിച്ചിട്ടുണ്ട്. മൊത്തം സംസ്ഥാനങ്ങളില്‍ നിന്നായി ആയിരം പേര്‍ മരിച്ചതായി ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. അതില്‍ 400 പേരോളം കേരളത്തില്‍ നിന്നുമാണ്. അതി മഴയും മണ്ണൊലിപ്പും ഭൂമികുലുക്കവും വെള്ളപ്പൊക്കവും മരണകാരണങ്ങളായി കണക്കാക്കുന്നു. കേരളത്തില്‍ പതിനാലു ജില്ലകളിലായി രണ്ടേകാല്‍ ലക്ഷം ജനങ്ങളാണ് മഴയുടെ തീവ്രത മൂലം കഷ്ടപ്പെടുന്നത്. സംസ്ഥാനത്ത് ഏകദേശം 32500 ഹെക്റ്റക്കര്‍ ഭൂമിയില്‍ മഴമൂലം കൃഷി നാശങ്ങള്‍ വന്നു. രണ്ടു ലക്ഷം ജനങ്ങള്‍ താല്‍ക്കാലിക കേന്ദ്രങ്ങളില്‍ താമസിക്കുന്നതും കേരളത്തെ സംബന്ധിച്ച് പുതുമയുള്ള ചരിത്രമാണ്. വെള്ളത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ 165 ബോട്ടുകള്‍ രാവും പകലുമില്ലാതെ ശ്രമിക്കുന്നുണ്ട്. അതുപോലെ ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന്റെ 23 ഹെലികോപ്റ്ററുകളും 11 യാത്രാ വിമാനങ്ങളും ദുരിത മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. ഇന്ത്യന്‍ നേവിയും എയര്‍ ഫോഴ്‌സും ആര്‍മിയും ഒരു പോലെ ശ്രമകാരമായ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു.

കേരളം അഭിമുഖീകരിക്കുന്ന ഈ ദുരന്തങ്ങള്‍ കൈകാര്യം ചെയ്യുന്ന ഉത്തരാവാദിത്വത്തില്‍ കേരള സര്‍ക്കാരിനെ അഭിനന്ദിക്കാതെ വയ്യ. മനുഷ്യ നാശങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ വളരെ സമര്‍ത്ഥമായി കാര്യങ്ങള്‍ നിര്‍വഹിക്കുന്നുവെന്നും കരുതണം. കേരളത്തിന്റെയും ഫെഡറലിന്റെയും കിട്ടാവുന്ന ഫണ്ട് മുഴുവന്‍ ഈ ദുരന്ത നിവാരണത്തിനായി ഉപയോഗിക്കുകയാണ്. ഇത്രമാത്രം വലിയ ദുരന്തങ്ങള്‍ ഉണ്ടായിട്ടും മുന്‍കാല അനുഭവങ്ങള്‍ തുലനം ചെയ്യുമ്പോള്‍ മരണം വളരെ കുറവു മാത്രമേ സംഭവിച്ചിട്ടുള്ളൂ. പ്രകൃതി ദുരന്തങ്ങള്‍ വളരെയധികം ഗുരുതരമായ സ്ഥിതിക്ക്, അതിനായി തന്നെ ഒരു ഡിപ്പാര്‍ട്‌മെന് രൂപീകരിച്ച് ദുരിതത്തില്‍ അകപ്പെട്ടവരെ സഹായിക്കാനായി പ്രത്യേകം പരിശീലനം നല്‍കിയവരെ നിയമിക്കേണ്ടതാണ്. അത്തരം രക്ഷാപ്രവര്‍ത്തകര്‍ തീരദേശ നിവാസികളില്‍ നിന്നാണെങ്കില്‍ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ സമര്‍ഥമായി കൈകാര്യം ചെയ്യാന്‍ സാധിക്കുകയും ചെയ്യും. ദുരന്തനിവാരണത്തിനായി ശ്രമിക്കുന്ന യത്‌നങ്ങള്‍ രാഷ്ട്രീയമായുള്ള മുതലെടുപ്പിനായിരിക്കരുത്. രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരവും നല്‍കണം.

വര്‍ദ്ധിച്ച പേമാരിമൂലം ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇടുക്കി ഡാം തുറന്നു വിട്ടത്. ഡാമുകളില്‍ സംഭരിച്ച വെള്ളം അഞ്ചു ഷട്ടറുകളില്‍ നിന്നായി തുറന്നു വിടേണ്ടി വന്നു. കേരളത്തിലുണ്ടായ ഈ വെള്ളപ്പൊക്കത്തിനു കാരണം പ്രകൃതിയാണോ മനുഷ്യന്‍ സൃഷ്ടിച്ചതോയെന്ന വിവാദങ്ങള്‍ തുടരുന്നു. വെള്ളപ്പൊക്കവും വരള്‍ച്ചയും വനം കത്തുന്നതും ആഗോള തലത്തില്‍ നിത്യം കേള്‍ക്കുന്ന വാര്‍ത്തകളാണ്. കേരളത്തിലെ ഈ ദുരിതം ആഗോള താപനിലകൊണ്ടോ കാലാവസ്ഥ വ്യതിയാനം കൊണ്ടോ സംഭവിച്ചതാകുമോ എന്നാണ് ചോദ്യം ഉയര്‍ന്നിരിക്കുന്നത്. ആഗോള ഭൂമിയുടെ താപനില കണക്കാക്കുമ്പോള്‍ കേരളത്തിലെ പ്രശ്‌നങ്ങള്‍ എവിടെനിന്ന് തുടങ്ങിയതെന്ന് ഒരു തീരുമാനത്തില്‍ വന്നെത്തുവാന്‍ സാധിക്കില്ല. ഒരു സ്ഥലത്തെ കാലാവസ്ഥ നിര്‍ണ്ണയങ്ങള്‍ക്ക് നിരവധി കാരണങ്ങള്‍ കണക്കാക്കേണ്ടതായി ഉണ്ട്. സമുദ്രത്തിന്റെ താപനില ഒരു കാരണമാകും. അന്തരീക്ഷത്തിന്റെയും കാറ്റിന്റെ ഗതികളും കാരണങ്ങളാകാം. എന്നാല്‍ സൂര്യ താപ തരംഗങ്ങളുടെ ഏറ്റക്കുറച്ചിലുകളാണ് കാലാവസ്ഥ വ്യതിയാനങ്ങള്‍ക്ക് കാരണം. സമുദ്രത്തില്‍ മഞ്ഞുരുകുന്നതും ആഗോള കാലാവസ്ഥക്ക് മാറ്റങ്ങള്‍ ഉണ്ടാക്കും. കേരളത്തെ സംബന്ധിച്ച് ഇപ്പറഞ്ഞതെല്ലാം കാരണങ്ങളെന്നും ഗൗനിക്കാന്‍ സാധിക്കില്ല.

കഴിഞ്ഞ നാലഞ്ചു വര്‍ഷമായി കേരളത്തില്‍ കാര്യമായ മഴയൊന്നും ലഭിച്ചിട്ടില്ലായിരുന്നു. ശരാശരി മഴയെക്കാള്‍ കുറവാണ് ലഭിച്ചിരുന്നത്. ഈ വര്‍ഷം മഴ അതിനേക്കാള്‍ പതിന്മടങ്ങ് വളരെയധികം കൂടുതലായിരുന്നു. ഇത്രമാത്രം മഴയുണ്ടാകാന്‍ കാരണവും മനുഷ്യരുടെ നോട്ടക്കുറവായിരുന്നുവെന്നു കാണാം. നിയമ പരമല്ലാത്ത ഭൂമി കയ്യേറ്റം, വന ഭൂമി നശിപ്പിക്കല്‍ എന്നിവകള്‍ കാരണങ്ങളാകാം. മലം പ്രദേശങ്ങള്‍ കിളച്ചു മണ്ണ് ഇളക്കിയതിനാല്‍ പ്രകൃതിയുടെ പിന്തുണയും കുറഞ്ഞു. മണ്ണൊലിപ്പുകളും കൂടിയതുകൊണ്ടു കൂടുതല്‍ നാശ നഷ്ടങ്ങള്‍ക്കും കാരണമായി. മരങ്ങള്‍ വെട്ടുന്നത് നിയന്ത്രാണാധീതമായി വര്‍ദ്ധിച്ചിട്ടും ഉണ്ട്. വനഭൂമിയെ രക്ഷിക്കാന്‍ കേരളം കാര്യമായ പരിഗണനകള്‍ നല്‍കാറുമില്ല. അതേസമയം പരിഷ്കൃത രാജ്യങ്ങളില്‍ വനഭൂമിയെ രക്ഷിക്കാനും മരങ്ങള്‍ നട്ടു വളര്‍ത്താനും ബഡ്ജറ്റില്‍ നല്ലൊരു തുക നീക്കി വെക്കുന്നുമുണ്ട്. വലിയ മരങ്ങള്‍ മലകളിലും പര്‍വത നിരകളിലുമുണ്ടെങ്കില്‍ വെള്ളം മുഴുവന്‍ മരങ്ങള്‍ സ്വീകരിക്കും. അതുകൊണ്ടു വലിയ മലയൊഴുക്ക് മലകളില്‍ നിന്നും ഉണ്ടാവുകയില്ല.

കേരളത്തില്‍ ഇപ്പോഴത്തെ പ്രകൃതി ദുരന്തത്തിനും പ്രളയത്തിനും കാരണം പ്രകൃതി ക്ഷോപം മാത്രമല്ലെന്നും നിരുത്തരവാദ പരമായ മനുഷ്യന്റെ പ്രവര്‍ത്തന ഫലമാണെന്നും പ്രസിദ്ധ പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ ഗാഡ്ഗില്‍ അഭിപ്രായപ്പെടുകയുണ്ടായി. പശ്ചിമഘട്ട സുരക്ഷയ്ക്ക് വേണ്ടി തയ്യാറാക്കിയിരുന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കിയിരുന്നെങ്കില്‍ പ്രകൃതി ക്ഷോപം വളരെ പരിമിതമായേ ഉണ്ടാവുമായിരുന്നുള്ളൂവെന്ന് ഗാഡ്ഗില്‍ അഭിപ്രായപ്പെട്ടു. ദുരന്തം സംഭവിക്കുമായിരുന്നെങ്കിലും അതിന്റെ വ്യാപ്തിയെ കുറക്കാന്‍ സാധിക്കുമായിരുന്നുവെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

ഭൂമിയും മണ്ണും പശ്ചിമഘട്ടങ്ങളില്‍ ദുരുപയോഗം ചെയ്തു. പ്രകൃതി വിഭവങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ ശരിയായി ഉപയോഗിക്കണമെന്ന് ഗാഡ്ഗില്‍ കമ്മറ്റി ശുപാര്‍ശ ചെയ്തിരുന്നു. കമ്മറ്റിയുടെ റിപ്പോര്‍ട്ടിനെ കാറ്റില്‍ പറത്തിക്കൊണ്ട് പശ്ചിമ ഘട്ടത്തിലെ ഭൂമിയുടെ കയ്യേറ്റം ഇരട്ടിയായി വര്‍ദ്ധിച്ചു. ഭൂമി മാഫിയാക്കാരും രാഷ്ട്രീയക്കാരും അവിടെ സാമ്പത്തിക താല്‍പ്പര്യത്തിനുവേണ്ടി ആധിപത്യം സ്ഥാപിച്ചു. ജലാശയങ്ങളും ഭൂഗര്‍ഭ ജലങ്ങള്‍ സൂക്ഷിച്ചിരുന്ന പ്രദേശങ്ങളും ഇടിച്ചു നിരപ്പാക്കി. വെള്ളത്തിന്റെ ഒഴുക്കിന്റെ ഗതി മാറി. പാറ പൊട്ടീര് കാരണം മണ്ണിടിച്ചിലും വര്‍ദ്ധിച്ചു. പശ്ചിമ ഘട്ടം സ്വന്തമാക്കാനുള്ള സ്ഥാപിത താല്പര്യക്കാരുടെ പ്രവര്‍ത്തന ഫലമാണ് ഈ ദുരന്തങ്ങള്‍ക്ക് നിദാനമെന്നു ഗാഡ്ഗിലും പരിസ്ഥിതി വാദികളും വാദിക്കുന്നു.

കേരളത്തില്‍ വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന വ്യാപകമായ വനനശീകരണവും വൃഷങ്ങളുണ്ടായിരുന്ന പ്രദേശങ്ങളിലെ മണ്ണൊലിപ്പുകളും കാരണം ഡാമുകളുടെ ജലസംഭരണശേഷി കുറച്ചിരിക്കുന്നു. പരമ്പരാഗത ജലസംഭരണികളായ ജലാശയങ്ങള്‍ക്കും കൃഷിയിടങ്ങള്‍ക്കും വെള്ളം ശേഖരിക്കാന്‍ സാധിക്കാതെ വരുന്നു. കുന്നുകളിടിച്ചു നികത്തിയതുവഴി, പെയ്ത മഴയത്രയും തത്സമയം തന്നെ ഒഴുകി നദികളില്‍ ചെന്നുചേരാന്‍ ഇടയാക്കുന്നു. ഡാമുകള്‍ തുറക്കുകകൂടി ചെയ്തതോടെ ഏറെനാളത്തെ കയ്യേറ്റങ്ങളെ തുടര്‍ന്നു വിസ്തൃതി കുറഞ്ഞ നദികള്‍ കരകവിഞ്ഞു ജനവാസകേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്താനും ഇടയായി.

അമിതമായ പ്രകൃതി വിഭവ ചൂഷണത്തിന് ആക്കം കൂട്ടുന്ന വികലമായ വികസന നയങ്ങളുടെ സൃഷ്ടിയാണ് ഇപ്പോള്‍ അഭിമുഖീകരിക്കുന്ന വെള്ളപ്പൊക്കക്കെടുതികള്‍. കേരളത്തില്‍ ഇന്ന് അവശേഷിക്കുന്ന വനങ്ങളും മലകളും തണ്ണീര്‍തടങ്ങളും കൃഷിയിടങ്ങളും സംരക്ഷിക്കുന്ന വികസന നയങ്ങള്‍ നടപ്പാക്കിയാല്‍ മലവെള്ള പാച്ചിലിനെ തടയാന്‍ സാധിക്കും. അതുപോലെ വനവിസ്തൃതി വര്‍ധിപ്പിക്കുകയും ചെയ്യുന്ന നയങ്ങള്‍ പിന്തുടരുകയുമാണ് യഥാര്‍ത്ഥ ദുരന്തനിവാരണ മാര്‍ഗം. ‘പ്രകൃതിയില്‍ എല്ലാവര്‍ക്കും ആവശ്യത്തിനുള്ള വിഭവങ്ങളുണ്ട്. 'എന്നാല്‍ പ്രകൃതി വിഭവങ്ങള്‍ ധൂര്‍ത്തടിക്കാനുള്ളതല്ല' എന്ന ഗാന്ധിജിയുടെ ഉദ്ധരണി വികസന നയങ്ങളുടെ ആവശ്യകതയും ചൂണ്ടി കാണിക്കുന്നു.

കേരളത്തില്‍ ഇത്രമാത്രം മഴ ഭീകരത സൃഷ്ടിച്ചത് മനുഷ്യ സൃഷ്ടി തന്നെയെന്നുള്ളതിലും നീതികരണമുണ്ട്. ഇടുക്കിയെ തന്നെ രണ്ടു വിധത്തില്‍ വിശകലനം ചെയ്യാന്‍ സാധിക്കും. ആദ്യത്തേത് നമ്മള്‍ പ്രകൃതിയെ നശിപ്പിച്ചുവെന്നുള്ളതാണ്. മനുഷ്യന്‍ പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ട് സ്വാര്‍ത്ഥത പ്രകടിപ്പിക്കുന്നു. രണ്ടാമത്തേത് കാലാവസ്ഥ വ്യതിചലനം മൂലവും. കാലാവസ്ഥ വ്യതിചലനമെന്നുള്ളത് ഒരു ആഗോള പ്രശ്‌നമാണ്. അതില്‍ നമുക്ക് ഒന്നുംതന്നെ ചെയ്യാന്‍ സാധിക്കില്ല. എന്നാല്‍ അന്തരീക്ഷത്തിലുള്ള വാതകങ്ങളില്‍ നിന്നും കാര്‍ബണ്‍ ഡയ് ഓക്‌സൈഡ്, മെതേന്‍ വാതകങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കും. അങ്ങനെ ഒരു ശ്രമത്തില്‍ വിജയിച്ചാല്‍ കാലാവസ്ഥ വ്യതിയാനത്തിലും മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കും.

നദി തീരം സംരക്ഷിയ്‌ക്കേണ്ടത് ഇന്ന് അത്യാവശ്യമായിരിക്കുന്നു. ഏറ്റവും കൂടുതല്‍ വെള്ളപ്പൊക്കം മൂലം ദുരിതമുണ്ടാക്കിയത് കുട്ടനാട്ടിലാണ്. കൃഷിഭൂമികളില്‍ വന്‍കിട കെട്ടിടങ്ങള്‍ പണിയുന്നതുമൂലം വെള്ളം ഒഴുക്കിനെ ആ പ്രദേശങ്ങള്‍ തടയുന്നു. വെള്ളത്തിനു നദികളിലേക്ക് ഒഴുകി പോവാന്‍ സാധിക്കാതെ വരുന്നു.

പ്രളയമെന്നു പറയുന്നത് ചരിത്രാതീത കാലം മുതലുള്ളതാണ്. പഴയ കാലങ്ങളില്‍ പ്രളയം ഉണ്ടായാല്‍ അത് നിയന്ത്രിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. പ്രാര്‍ത്ഥന മാത്രമായിരുന്നു മനുഷ്യന്‍ പരിഹാരമായി കണ്ടത്. എന്നാല്‍ ഇന്ന് ടെക്‌നോളജി വളര്‍ച്ചയോടെ പ്രകൃതിയുടെ ദുരന്തങ്ങളെ നേരത്തെ മനസിലാക്കാനും അതനുസരിച്ച് പദ്ധതികള്‍ തയാറാക്കാനും സാധിക്കുന്നു. അതുകൊണ്ട് വെള്ളപ്പൊക്കത്തില്‍ സംഭവിക്കാവുന്ന നഷ്ടം ഒരു അളവുവരെ മുന്‍കൂട്ടിക്കണ്ട് പരിഹരിക്കാനും സാധിക്കുന്നു. പ്രകൃതി ദുരിതങ്ങള്‍ സാമ്പത്തിക പുരോഗതി നേടിയ രാജ്യങ്ങളും അഭിമുഖീകരിക്കാറുണ്ട്. കേരളത്തില്‍ വെള്ളപ്പൊക്കം കൊണ്ട് ജനലക്ഷങ്ങള്‍ കഷ്ടപ്പെടുമ്പോലെ ഫ്രാന്‍സിലും പ്രളയ പ്രശ്‌നങ്ങളുണ്ട്. അവിടെയും വെള്ളപ്പൊക്ക കെടുതികള്‍ വരാറുണ്ട്. ഇന്ത്യയിലെ തീരദേശങ്ങളില്‍ താമസിക്കുന്നവര്‍ ഫ്രാന്‍സിനേക്കാളും പതിന്മടങ്ങാണെന്നു കാണാം. ഫ്രാന്‍സില്‍ നദീ തീരത്ത് ആരും വീടുകള്‍ ഉണ്ടാക്കാറില്ല. ഒരു കെട്ടിടം പണിയുന്നതിന് മുമ്പ് സമുദ്ര തീരത്തുനിന്നും മാറി എത്രമാത്രം ദൂരത്തിലാണെന്നു കണക്കാക്കും. അത്തരം പദ്ധതികളോടെ ജീവിക്കുന്ന കാരണം വെള്ളം ഉയര്‍ന്നാലും അവിടെ നഷ്ടങ്ങള്‍ സംഭവിക്കുന്നത് വളരെ കുറവായിരിക്കും. ചിലപ്പോള്‍ അവരുടെ പ്രതീക്ഷകള്‍ക്കും അപ്പുറത്ത് വെള്ളം ഉയര്‍ന്നാല്‍ അവരുടെ പട്ടണങ്ങളും വെള്ളപ്പൊക്കത്തില്‍ അകപ്പെടാറുണ്ട്. ഫ്രാന്‍സില്‍ ദുരിത നിര്‍മ്മാണത്തിനായി പ്രത്യേകം ഡിപ്പാര്‍ട്ടുന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരം സാഹചര്യങ്ങള്‍ നേരിടാന്‍ നല്ല പ്രായോഗിക പരിശീലനം ലഭിച്ചവരുമുണ്ടായിരിക്കും.

പ്രകൃതി ദുരന്തങ്ങളെ തടയന്‍ മനുഷ്യന് സാധിക്കില്ല. പകരം നമ്മള്‍ പ്രകൃതി ദുരന്തത്തെ എങ്ങനെ അഭിമുഖീകരിക്കണമെന്നു മനസിലാക്കണം. പ്രകൃതി ക്ഷോപങ്ങള്‍ സമുദ്രത്തിന്റെ ഗതിയും ഭൂമിയുടെ സമതുലനാവസ്ഥയും ആശ്രയിച്ചിരിക്കും. പ്രകൃതിയുടെ ഊര്‍ജം മനുഷ്യന്റെ കഴിവിനേക്കാളും ശക്തിയേറിയതാണ്. കൊടുങ്കാറ്റും കൊടുമഴയും സമുദ്രവും ഭൂതലവായുവും പ്രകൃതി ദുരന്തത്തിലേക്ക് നയിക്കുന്നു. നമുക്ക് താല്‍ക്കാലികമായുള്ള കാലാവസ്ഥ നിര്‍ണ്ണയം മാത്രമേ സാധിക്കുള്ളൂ. കാലാവസ്ഥ നിര്‍ണ്ണയത്തില്‍ കൊടുങ്കാറ്റും മഴയും ആഞ്ഞടിക്കുന്ന സമയവും പ്രദേശങ്ങളും നിര്‍ണയിക്കും. ദുരിതം സംഭവിക്കുന്ന സ്ഥലങ്ങളില്‍ അധികാരികളെ അറിയിക്കുകയും അതനുസരിച്ച് ആ പ്രദേശങ്ങളില്‍ നിന്ന് അപകടം സംഭവിക്കുന്നതിനു മുമ്പ് ജനങ്ങളെ ഒഴിപ്പിക്കാനും സാധിക്കുന്നു.

രണ്ടു വര്‍ഷം മുമ്പ് മനിലയില്‍ കൊടുങ്കാറ്റ് വീശി പതിനായിരക്കണക്കിന് ജനം മരിച്ചു. അതേ കാലയളവില്‍ തന്നെ ഒറീസ്സയില്‍ കൊടുങ്കാറ്റ് വീശിയിരുന്നു. എന്നാല്‍ ടെക്‌നോളജി മുഖേന വിവരങ്ങള്‍ നേരത്തെ ലഭിച്ചതുകൊണ്ട് തീര ദേശങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റി പാര്‍പ്പിക്കുകയും അതുമൂലം മരണം നൂറില്‍ത്താഴെയാവുകയും ചെയ്തു. അതുകൊണ്ടു നമുക്ക് കാര്യക്ഷമമായ കാലാവസ്ഥ നിര്‍ണ്ണയ സംവിധാനങ്ങളും ആവശ്യമാണ്. എന്നാല്‍ ചില സ്ഥലങ്ങളില്‍ മുന്നറിയിപ്പു വന്നാലും അതില്‍ ഉത്തരവാദിത്വപ്പെട്ടവര്‍ മുന്നറിയുപ്പുകളെ അവഗണിക്കുകയോ കാര്യക്ഷമമായി പ്രശ്‌ന പരിഹാരങ്ങള്‍ക്കായി പ്രവര്‍ത്തിക്കാന്‍ കഴിയാതെയോ പോവാറുണ്ട്. കേരളതീരത്ത് 'ഒക്കി' അടിച്ചപ്പോഴും അതുതന്നെയാണ് സംഭവിച്ചത്. നാല്പത്തിയെട്ടു മണിക്കൂര്‍ മുമ്പ് തന്നെ ഡല്‍ഹി കാലാവസ്ഥ നിര്‍ണ്ണയ ഡിപ്പാര്‍ട്‌മെന്റില്‍ നിന്ന് പ്രകൃതി ദുരന്തത്തെപ്പറ്റി മുന്നറിയിപ്പുണ്ടായിരുന്നു. എന്നാല്‍ ആ സന്ദേശം സ്വീകരിക്കാന്‍ കേരളത്തില്‍ പ്രത്യേക ഡിപ്പാര്‍ട്‌മെന്റുകളോ ഉദ്യോഗസ്ഥരോ ഉണ്ടായിരുന്നില്ല. 'ഒക്കി' അവര്‍ നേരം വെളുത്തുണര്‍ന്നപ്പോള്‍ മാത്രമാണ് അതിന്റെ ഭീകരതയെപ്പറ്റി മനസിലാക്കിയത്. ഇരുപത്തിനാലു മണിക്കൂറും ഏഴുദിവസവും പ്രവര്‍ത്തിക്കുന്ന അത്യാധുനിക രീതിയിലുള്ള ഒരു കാലാവസ്ഥ നിരീക്ഷണ സംവിധാനം കേരളത്തില്‍ ഇല്ലാത്തത് മുന്നറിയിപ്പുകള്‍ ലഭിക്കുന്നതില്‍ പരാജയപ്പെടാന്‍ കാരണമാകുന്നു. എല്ലാ പട്ടണങ്ങളുടെയും താപ നിലകളെപ്പറ്റിയും ആകാശത്തെപ്പറ്റിയും അതിനുള്ള സെകുരിറ്റി നിര്‍ണ്ണയത്തെപ്പറ്റിയും പഠിക്കാനുള്ള സുരക്ഷിതമായ ഒരു സംവിധാനം ഇന്ത്യയില്‍ ഉണ്ടായിട്ടില്ല.

വനസമ്പത്തും ഭൂമിയും സമ്പന്ന വിഭാഗങ്ങളാണ് ചൂഷണം ചെയ്യാറുള്ളത്. ഈ ഭൂമി ഇന്ന് ജീവിക്കുന്ന മനുഷ്യര്‍ക്കും ജീവജാലങ്ങള്‍ക്കും മാത്രമുള്ളതല്ല മറിച്ചു സുരക്ഷിതമായി തന്നെ വരും തലമുറകള്‍ക്കുവേണ്ടിയും കൂടിയുള്ളതാണ്. ഭൂമിയില്‍ കുടികിടപ്പുകാരായ നാം വരും തലമുറയുടെ സുരക്ഷിതത്വവും കാത്തു സൂക്ഷിക്കേണ്ടതുണ്ട്. അത് ഇന്ന് ജീവിക്കുന്ന തലമുറകളുടെ കടപ്പാടുകള്‍ക്കൂടിയാണ്. പ്രകൃതി ദുരന്തങ്ങളും പേമാരിയും കൊടുങ്കാറ്റും പ്രകൃതിയെ നശിപ്പിക്കുന്ന ചില വികസന പ്രവര്‍ത്തങ്ങള്‍ മൂലം സംഭവിക്കുന്നതാണ്. മലകള്‍ ഇടിച്ചു നിരത്തുക, കൃഷിയിടങ്ങള്‍ നികത്തുക, വനങ്ങള്‍ നശിപ്പിക്കുക, കോണ്‍ക്രീറ്റ് കെട്ടിടങ്ങളും സൗധങ്ങളും വലിയ പള്ളികളും പണിയുക മുതലായവകള്‍ യുക്തി രഹിതങ്ങളും ദുരന്തങ്ങള്‍ക്ക് കാരണങ്ങളുമാണ്. അതിന്റെ ഫലമായി അന്തരീക്ഷത്തിന്റെ താപനില അമിതമായി ഉയരുന്നു. വരള്‍ച്ചയും അനുഭവപ്പെടുന്നു. പോയ വര്‍ഷങ്ങളിലും കര്‍ക്കിട മഴ അമിതമായും ഉണ്ടായിരുന്നു. ഓരോ വര്‍ഷവും പെയ്യുന്ന ശക്തമായ മഴ ഉള്‍ക്കൊള്ളാന്‍ ഉള്ള ഭൂപ്രകൃതി കേരളത്തിനുണ്ടായിരുന്നു. എന്നാല്‍ ഭൂമിയുടെ ചൂഷണം വര്‍ദ്ധിച്ചതോടെ പെയ്യുന്ന മഴ താങ്ങാനുള്ള കഴിവ് പ്രകൃതിക്ക് ഇല്ലാതെ പോയി. സ്വാര്‍ത്ഥ മനുഷ്യരുടെ മലയിടിക്കലും വനം നശീകരണവും മണ്ണൊലിപ്പുമാണ് ഈ വര്‍ഷം കൂടുതല്‍ നാശനഷ്ടങ്ങള്‍ക്ക് കാരണമായത്.

കേരളത്തിലെ കാലവര്‍ഷ കെടുതികളുടെയും മലവെള്ള പാച്ചിലിന്റെയും ശമനത്തോടൊപ്പം രാഷ്ട്രീയ കുറ്റാരോപണങ്ങളും അതിരൂക്ഷമായി ആരംഭിച്ചിട്ടുണ്ട്. ഓരോ രാഷ്ട്രീയ പാര്‍ട്ടികളും ജനങ്ങളുടെ ദുരന്തത്തില്‍ നിന്ന് വോട്ടു ബാങ്ക് ലക്ഷ്യമിട്ടുള്ള ആരോപണങ്ങളും ഉന്നയിക്കുന്നു. മതവും രാഷ്ട്രീയവും മാറ്റിവെച്ച് ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കേണ്ട ഈ സമയത്ത് കിംവദന്തികള്‍ തൊടുത്തു വിടുന്നവര്‍ ക്രിമിനലുകള്‍ക്ക് തുല്യമാണ്. അടിയന്തിരാവസ്ഥക്ക് തുല്യമായ ഈ സാഹചര്യത്തില്‍ മാനുഷിക മൂല്യങ്ങള്‍ക്ക് അവര്‍ വില കല്പിക്കാറില്ല. ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ നാസ്സാപോലുള്ള ഏജന്‍സികള്‍ ഭാരതത്തിലും നടപ്പാക്കേണ്ടതാണ്. കാലാവസ്ഥ നിര്‍ണയത്തിന് കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ രാജ്യത്ത് പ്രയോഗത്തില്‍ വരുത്തേണ്ടതായുണ്ട്. അങ്ങനെയെങ്കില്‍ മഹാ ദുരന്തത്തിന്റെ വിവരങ്ങള്‍ ജനങ്ങളെ മുന്‍കൂട്ടി അറിയിക്കാന്‍ സാധിക്കുകയും കൂടുതല്‍ മനുഷ്യ ജീവിതങ്ങളെ രക്ഷിക്കാന്‍ സാധിക്കുകയും ചെയ്യാമായിരുന്നു.
പ്രളയ കേരളവും പ്രകൃതി ചൂഷണവും (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
വിദ്യാധരൻ 2018-08-19 10:43:33
മരങ്ങൾ വെട്ടി മുറിച്ചു മാറ്റി 
മണലും മാന്തി വിറ്റു ജനം 
വനം വെട്ടി തെളിച്ചവിടെ 
കപ്പയും വാഴയും വച്ച് പിന്നെ
അതുകണ്ടിട്ടും നോക്കി നിന്ന് 
അത് കാക്കും നാടിന്റ ഭരണകൂടം 
പെരുമഴ വന്നു പ്രളയമായി 
മല വെള്ളം കുടിച്ചു വീർത്തു 
ഉരുൾപൊട്ടി വെള്ളം പാഞ്ഞു വന്നു 
അത് തടയുന്ന കാടും മരവുമെല്ലാം 
അതിൻ മുൻപേ വെട്ടി വിറ്റിരുന്നു 
ഇരുപ്പടം കുഴിക്കുന്ന നാട്ടുകാർ നാം 
തൂറാൻ നേരം കൂതി അന്വേഷിപ്പോർ 
ചൂഷണം എന്നത് സംക്രമിപ്പൂ 
നമ്മുടെ രക്തധമനിയിലൂടെയെന്നും 
എലനക്കി നായുടെ ചിറിയിൽ നിന്നും 
നക്കി തിന്നുന്ന വർഗ്ഗമത്രെ 
ദുരിതങ്ങൾ മാറ്റുവാൻ നാം പിരിക്കും 
പണമൊക്കെ അവരുടെ കയ്യിൽ പെട്ടാൽ 
അതു കട്ടു മുടിച്ചു തേക്കും
സുനാമിക്കായി പണ്ടു പണം 
എവിടെ പോയി എന്നാർക്കറിയാം ?
ആറ്റിൽ കളഞ്ഞാലും അളന്നു വേണം 
കളയുവാനെന്നത് മറന്നിടല്ലേ 
സ്വാർത്ഥത നമ്മിൽ നിന്നെന്നു മാറും 
അന്നേ കേരളം നന്മ വരിക്കുകുള്ളു 

നല്ലൊരു ലേഖനത്തിന് അഭിനന്ദനം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക