Image

പ്രളയ ബാധിത മേഖലകളില്‍ ആവശ്യത്തിനു കുടിവെള്ളമെത്തിക്കാന്‍ വാട്ടര്‍ അതോറിറ്റി

Published on 19 August, 2018
 പ്രളയ ബാധിത മേഖലകളില്‍ ആവശ്യത്തിനു കുടിവെള്ളമെത്തിക്കാന്‍ വാട്ടര്‍ അതോറിറ്റി
 പ്രളയ ബാധിത മേഖലകളില്‍ ആവശ്യത്തിനു കുടിവെള്ളമെത്തിക്കാന്‍ വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ തീവ്ര ശ്രമം നടക്കുന്നു. ശനിയാഴ്ച രാത്രി മാത്രം പത്തനംതിട്ട, കോട്ടയം ജില്ലകളിലേക്ക് തിരുവനന്തപുരം ആസ്ഥാനമായ സെന്‍ട്രല്‍ സര്‍ക്കിളില്‍നിന്ന് 30,000 ലിറ്റര്‍ കുടിവെള്ളം കയറ്റിയയച്ചു.
ടാങ്കര്‍ ലോറികളിലും കുപ്പിവെള്ളമായുമാണ് വെള്ളം എത്തിക്കുന്നത്. ശനിയാഴ്ച വൈകിട്ട് അഞ്ചു മുതല്‍ ഞായറാഴ്ച രാവിലെ അഞ്ചു വരെയുള്ള 12 മണിക്കൂറിനിടെ കുമരകം ഭാഗത്തു മാത്രം 10,000 ലിറ്റര്‍ വെള്ളം എത്തിച്ചതായി വാട്ടര്‍ അതോറിറ്റി കണ്‍ട്രോള്‍ റൂമില്‍നിന്ന് അറിയിച്ചു. കോട്ടയം മുനിസിപ്പല്‍ മേഖലയില്‍ 2000 ലിറ്ററും മണ്ണാര്‍കാട് ഭാഗത്ത് 2000 ലിറ്ററും വൈക്കം മുനിസിപ്പാലിറ്റിയില്‍ 2500 ലിറ്ററും വെള്ളം വിതരണം ചെയ്തു. കുമരകം, മണ്ണാര്‍കാട് ഭാഗങ്ങളില്‍ 300 ലിറ്റര്‍ വീതം കുപ്പിവെള്ളവും എത്തിച്ചിരുന്നു. 
പത്തനംതിട്ട കളക്ടറേറ്റില്‍ ശനിയാഴ്ച രാത്രി 5000 ലിറ്റര്‍ വെള്ളം എത്തിച്ചു. പന്തളം എന്‍എസ്‌എസ് ഹാളിലെ ദുരിതാശ്വാസ ക്യാമ്ബില്‍ 2000 ലിറ്ററും എസ്.പി. ഓഫിസില്‍ 5000 ലിറ്ററും വെള്ളം എത്തിച്ചു. ഇരവിപേരൂര്‍, പൂമറ്റം, എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് 1850 ലിറ്റര്‍ വെള്ളം ശനിയാഴ്ച രാത്രി എത്തിച്ചതായും വാട്ടര്‍ അതോറിറ്റി ദക്ഷിണ മേഖലാ ഓഫിസില്‍നിന്ന് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളാണു ദക്ഷിണ മേഖലയ്ക്കു കീഴില്‍ വരുന്നത്.
തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ സാധാരണ നിലയില്‍ ജലവിതരണം നടക്കുന്നുണ്ട്. വെള്ളക്കെട്ടിനെത്തുടര്‍ന്ന് ജലവിതരണം താറുമാറായ ഭാഗങ്ങളില്‍ അറ്റകുറ്റപ്പണി നടത്തി വെള്ളം എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക