Image

കുമരകത്തും തിരുവാര്‍പ്പിലും പ്രളയം രൂക്ഷം; ആളുകളെ മാറ്റുന്നു,

Published on 19 August, 2018
കുമരകത്തും തിരുവാര്‍പ്പിലും പ്രളയം രൂക്ഷം; ആളുകളെ മാറ്റുന്നു,
കോട്ടയം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ പ്രളയ ദുരിതം രൂക്ഷമായി. ജനങ്ങള്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ ജില്ലാ ഭരണകൂടം അടിയന്തര നിര്‍ദേശം നല്‍കി. 8000 ത്തോളം പേരാണ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറാന്‍ കാത്തുനില്‍ക്കുന്നത്. ഇതില്‍ കുമരകത്ത് 3000 പേരും തിരുവാര്‍പ്പില്‍ 5000 പേരുമാണ് കുടുങ്ങിക്കിടക്കുന്നതെന്നാണ് വിവരങ്ങള്‍.

90000 പേരാണ് കോട്ടയം ജില്ലയില്‍ ക്യാമ്ബുകളില്‍ കഴിയുന്നത്. ജില്ലയില്‍ പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം ആറായി. പാരിപ്പള്ളിക്കടവില്‍ വീണ് ഗോപാലകൃഷ്ണന്‍ എന്നയാള്‍ ഞായറാഴ്ച മരിച്ചു. ജില്ലയിലെ അഞ്ച് താലൂക്കുകളിലായി 406 ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കുമരകം, തിരുവാര്‍പ്പ് എന്നിവയ്ക്ക് പുറമെ വൈക്കം, കോട്ടയം നഗരസഭയുടെ പടിഞ്ഞാറന്‍ മേഖലകള്‍ എന്നിവിടങ്ങളില്‍ ദുരിതം രൂക്ഷമാണ്.

കെഎസ്‌ആര്‍ടിസി കോട്ടയം ഡിപ്പോയിലെ 89ല്‍ 44 സര്‍വീസുകള്‍ നടത്തുന്നുണ്ട്. ബാക്കി സര്‍വീസ് ഉടന്‍ ആരംഭിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. വെള്ളപ്പൊക്കം കാരണം ജീവനക്കാര്‍ക്ക് ജോലിക്കെത്താന്‍ സാധിച്ചിട്ടില്ല. 17 കെഎസ്‌ആര്‍ടിസി ബസുകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിട്ടുനല്‍കിയിട്ടുണ്ട്. എംസി റോഡിലൂടെ സര്‍വീസ് ആരംഭിച്ചു. പലയിടത്തും സര്‍വീസ് നടത്താന്‍ സാധിക്കുന്ന സ്ഥലം വരെ ബസുകള്‍ പോകുന്നുണ്ട്. സ്വകാര്യ ബസുകള്‍ മിക്കതും സര്‍വീസ് ആരംഭിച്ചിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക