Image

ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Published on 19 August, 2018
ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
കൊച്ചി: കേരളജനതയുടെ പോരാട്ട വീര്യത്തെ പ്രധാനമന്ത്രി പ്രശംസിച്ചു, അഭിവാദ്യം അര്‍പ്പിച്ചു. ലോക രാജ്യങ്ങളുള്‍പ്പെടെ ഈ നിര്‍ണായക നിമിഷത്തില്‍ കേരളത്തിനൊപ്പം നില്‍ക്കുമ്പോള്‍ ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.

പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു:

''വെള്ളപ്പൊക്ക ദുരിതത്തില്‍ ജീവന്‍ വെടിഞ്ഞവരുടെ ബന്ധുക്കള്‍ക്കൊപ്പമാണ് എന്റെ മനസ്. പരിക്കേറ്റവര്‍ക്ക് അതിവേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു.

കേന്ദ്രം കേരളത്തിന് സാധ്യമായ സഹായങ്ങളെല്ലാം നല്‍കുന്നു. ഇതില്‍ സാമ്പത്തിക സഹായമുണ്ട്, മരുന്ന്, ഭക്ഷണം തുടങ്ങിയവയുള്‍പ്പെടെയുണ്ട്. ദേശീയ പാത അതോറിറ്റിക്കും എന്‍ടിപിസിക്കും മറ്റും അടിസ്ഥാന സൗകര്യ വികസനമുള്‍പ്പെടെ ലഭ്യമാക്കാന്‍ നിര്‍ദ്ദേശം നല്‍കി.

എന്‍ഡിആര്‍എഫ്, ബിഎസ്എഫ്, സിഐഎസ്എഫ്, ആര്‍എഎഫ് വിഭാഗങ്ങള്‍ പ്രവര്‍ത്തന സജ്ജരായി സംസ്ഥാനത്തുണ്ട്. വ്യോമസേന, കരസേന, നാവിക സേന, കോസ്റ്റല്‍ ഗാര്‍ഡ് മേല്‍നോട്ടം വഹിക്കുന്നു.''

അടിയന്തരമായി സംസ്ഥാനത്തിനു വേണ്ടുന്ന ഏഴുകാര്യങ്ങള്‍ക്ക് തീരുമാനമെടുത്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍നിന്ന് മടങ്ങിയത്.

1. സമയബന്ധിതമായി ഇന്‍ഷുറന്‍സ് നഷ്ടപരിഹാരങ്ങള്‍ നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനികളോട് പ്രത്യേക ക്യാമ്പുകളും മറ്റും നടത്തി അതിവേഗ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ കമ്പനികളോട് നിര്‍ദ്ദേശിച്ചു.

2. കാര്‍ഷിക ഇന്‍ഷുറന്‍സ് പദ്ധതിയായ ഫസല്‍ ബീമാ യോജനയില്‍ അംഗങ്ങളായ കര്‍ഷകര്‍ക്ക് കാര്‍ഷിക സഹായം എത്രയും വേഗം നല്‍കാന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശംനല്‍കി.

3. ദേശീയ പാതകള്‍ അറ്റകുറ്റപ്പണി എത്രയും വേഗം ചെയ്യാന്‍ നാഷണല്‍ ഹൈവേ അതോറിറ്റിയോട് നിര്‍ദ്ദേശിച്ചു.

4. വൈദ്യുതി വിതരണ സംവിധാനങ്ങള്‍ പുനസ്ഥാപിക്കാന്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ എന്‍ടിപിസി, പിജിസിഐഎല്‍ തുടങ്ങിയവയോട് സംസ്ഥാന സര്‍ക്കാരിന് നല്‍കാവുന്ന പരമാവധി സഹായങ്ങള്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ചു.

5. ഗ്രാമങ്ങളിലെ തകര്‍ന്ന താല്‍ക്കാലിക വീടുകള്‍ പുനര്‍ നിര്‍മ്മിക്കാന്‍ പ്രധാനമന്ത്രിയുടെ പാര്‍പ്പിട പദ്ധതിയില്‍ മുന്‍ഗണന കൊടുക്കാന്‍ നിര്‍ദ്ദേശിച്ചു.

6. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ പെടുത്തി കേരള പുനര്‍ നിര്‍മാണത്തിന് അഞ്ചരക്കോടി തൊഴില്‍ ദിനങ്ങള്‍ക്ക് സഹായം നല്‍കാന്‍ തീരുമാനിച്ചു.

7. ഹോര്‍ട്ടി കള്‍ചര്‍ സംയേജിത വികസന പദ്ധതിയില്‍ പെടുത്തി കര്‍ഷകര്‍ക്ക് നശിച്ചുപോയ വിളകളുടെ പുനഃകൃഷിക്ക് ധന സഹായം നല്‍കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക