Image

ദേശീയ ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി സുരക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി

Published on 19 August, 2018
ദേശീയ ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി സുരക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി
ന്യൂഡല്‍ഹി:
ദേശീയ ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി (എന്‍.സി.എം.സി)യുടെ ഇന്നു ചേര്‍ന്ന മൂന്നാമത്തെ യോഗത്തില്‍ കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളില്‍ നടക്കുന്ന സുരക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. കാബിനറ്റ് സെക്രട്ടറി ശ്രീ പി.കെ. സിന്‍ഹയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കേരളത്തിലെ ചീഫ് സെക്ട്രറിയുമായി നടത്തിയ വിഡിയോ കോഫറന്‍സിങ്ങിലൂടെ പ്രളയത്തിന്റെ നിലവിലെ സ്ഥിതിയെക്കുറിച്ചും സുരക്ഷാസൈന്യം, യന്ത്രവല്‍ക്കൃത ബോട്ടുകള്‍, ഹെലികോപ്റ്ററുകള്‍, സുരക്ഷാജാക്കറ്റുകള്‍ എന്നിവയുടെ വിന്യാസത്തെക്കുറിച്ചും ആഹാരം, വെള്ളം, ഔഷധങ്ങള്‍ എന്നിവയ്ക്കുള്ള വ്യവസ്ഥയെക്കുറിച്ചും വൈദ്യുതി, ടെലികോം, ഗതാഗത ബന്ധങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്തു.

വെള്ളത്തിനടയിലുള്ള സ്ഥലങ്ങളില്‍ നിന്നു ജനങ്ങളെ ദുരിതാശ്വാസക്യാമ്പില്‍ എത്തിക്കുന്നതിനായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയുടെ നിര്‍ദ്ദേശപ്രകാരം മുമ്പൊന്നുമില്ലാത്ത തരത്തിലുള്ള പ്രയത്നത്തിലൂടെ 67 ഹെലികോപ്റ്ററുകള്‍, 24 വിമാനങ്ങള്‍, 548 യന്ത്രവല്‍കൃതബോട്ടുകള്‍ എന്നിവയും നാവിക-വ്യോമ, സേനകളില്‍നിന്നും സൈന്യം, ദേശീയ ദുരന്തനിവാരണസേന (എന്‍.ഡി.ആര്‍.എഫ്), തീരദേശസംരക്ഷണസേന, മറ്റ് സി.എ.പി.എഫുകള്‍ എന്നിവയില്‍നിന്ന് ആയിരിക്കണക്കിന് പേരെയും നിയോഗിച്ചു. 6,900ലധികം ജീവന്‍രക്ഷാ ജാക്കറ്റുകള്‍, 3000 ലൈഫ് ബോയികള്‍, വലിയ വെളിച്ചം ലഭ്യമാക്കുന്ന 167 ടവര്‍ വിളിക്കുകള്‍, 2,100 മഴക്കോട്ടുകള്‍, 1,300 ഗംബൂട്ടുകള്‍, 153 യന്ത്രവല്‍കൃത ഈര്‍ച്ചവാളുകള്‍ എന്നിവ സംസ്ഥാന ഗവണ്‍മെന്റിന്റെ ആവശ്യപ്രകാരം ലഭ്യമാക്കിയിട്ടുണ്ട്.

ഐ.എ.എഫ്, നാവികസേന, ഒ.എന്‍.ജി.സി എന്നിവയോട് അഞ്ച് ഹെലികോപ്റ്ററുകള്‍ കൂടി ലഭ്യമാക്കാന്‍ കാബിനറ്റ് സെക്രട്ടറി നിര്‍ദ്ദേശിച്ചു. ഇവ നാളെമുതല്‍ രംഗത്തുണ്ടാകും. വിന്യസിക്കാന്‍ തയ്യാറായി കൂടുതല്‍ യന്ത്രവല്‍ക്കൃതബോട്ടുകള്‍ ലഭ്യമാക്കിയിട്ടുമുണ്ട്.
ഇതിനകംതന്നെ വിവിധ കേന്ദ്ര മന്ത്രാലയങ്ങള്‍ ആഹാരം, വെള്ളം, മരുന്നുകള്‍ എന്നിവ ലഭ്യമാക്കിയിട്ടുണ്ട്. 3,00,000 ഭക്ഷ്യപാക്കറ്റുകള്‍, 6,00,000 മെട്രിക് ടണ്‍ പാല്‍, 14,00,000 ലിറ്റര്‍ കുടിവെള്ളം, 1,00,000 ശേഷിയുള്ള 150 ലഘു കുടിവെള്ള ശുചീകരണ കിറ്റുകള്‍ എന്നിവയും ഇതില്‍ പെടും. ഈറോഡ് മധുരവഴി ട്രെയിനുകള്‍ തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തുന്നതായി റെയില്‍വേ അറിയിച്ചു. വഴിയിലുള്ള സ്റ്റേഷനുകളില്‍ ആഹാരവും മരുന്നുകളും വിതരണം ചെയ്യണമെങ്കില്‍ സംസ്ഥാന ഗവണ്‍മെന്റിന്റെ ആവശ്യപ്രകാരം തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് ആഹാരവും മരുന്നുകളും വഹിച്ചുകൊണ്ടുള്ള പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ നടത്താനും സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
ഓഗസ്റ്റ് ഇരുപതോടെ യാത്രവിമാനങ്ങളുടെ സര്‍വീസിനായി കൊച്ചിയിലെ നാവികസേനാ ആസ്ഥാനത്തെ എയര്‍സ്ട്രിപ്പ് മാറ്റിയെടുക്കാനും അവലോകനയോഗത്തില്‍ തീരുമാനിച്ചു. വൈദ്യുതി ലൈനുകള്‍ പുനഃസ്ഥാപിക്കുന്നതിനും പെട്രോള്‍, പാചകവാതകം, ആരോഗ്യസൗകര്യങ്ങള്‍ ആവശ്യമായ മരുന്നുകള്‍, ആഹാരം, കാലിത്തീറ്റ തുടങ്ങിയവയൊക്കെ ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ സഹായത്തോടെ ലഭ്യമാക്കാനും തീരുമാനിച്ചു.

ടെലഫോണ്‍ ബന്ധം മെച്ചപ്പെടുത്തുന്നതിനായി ടെലികോം വകുപ്പ് സര്‍ക്കിളുകള്‍ക്കുള്ളിലുള്ള റോമിങ് സൗകര്യങ്ങള്‍ സാദ്ധ്യമാക്കി. ഇതിലൂടെ ഒരു സേവനദാതാവിന്റേതല്ലെങ്കില്‍ മറ്റൊരു സേവനദാതാവിന്റെ ടവറുകള്‍ ഉപയോഗിക്കാന്‍ കഴിയും. ഇന്നലെ മുതല്‍ എല്ലാ ഓപ്പറേറ്റര്‍മാരും സൗജന്യ ഡാറ്റായും എസ്.എം.എസ് സൗകര്യവും വാഗ്ദാനം ചെയ്തിട്ടുണ്ട്. സര്‍വീസിന് തടസ്സമുണ്ടാകാതിരിക്കാനും ബന്ധം നഷ്ടപ്പെടാതിരിക്കാനുമായി 'സെല്ലുലാര്‍ ഓണ്‍ വീല്‍സ്' എന്നറിയപ്പെടുന്ന മൊബൈല്‍ ടവറുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

പ്രളയജലം ഇറങ്ങിക്കഴിഞ്ഞാല്‍ അടിയന്തിരമായിത്തന്നെ വിന്യസിക്കുന്നതിനായി മെഡിക്കല്‍ ടീമും മരുന്നുകളും ആരോഗ്യമന്ത്രാലയം ഒരുക്കിനിര്‍ത്തിയിട്ടുണ്ട്. വിവിധ സംസ്ഥാന സര്‍ക്കാരുകളും മറ്റ് ഏജന്‍സികളും നല്‍കുന്ന സഹായങ്ങളും സാധനങ്ങളും ഫലപ്രദമായി വിതരണം ചെയ്യുന്നതിനു ശരിയായ വിധമുള്ള ഏകോപനം ഉണ്ടാകണന്നെ് കാബിനറ്റ് സെക്രട്ടറി നിര്‍ദേശിച്ചു.

സമയോചിതമായ കേന്ദ്ര സഹായത്തെ കേരള ചീഫ് സെക്രട്ടറി അഭിനന്ദിച്ചു. മഴയ്ക്ക് ചെറിയ വിരാമമുണ്ടെന്നും ഡാമുകളിലെ ജലനിരപ്പ് സ്ഥിരതയിലെത്തിയെന്നും അദ്ദേഹം അറിയിച്ചു. ഒന്നു രണ്ടു ജില്ലകള്‍ ഒഴികെ മറ്റിടങ്ങളില്‍നിന്നു മഴ അകന്നുപോകുന്നുവെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം.

കേന്ദ്ര ആഭ്യന്തര, ആരോഗ്യ, വ്യോമയാന, ഭക്ഷ്യസംസ്‌കരണ, ജലവിഭവ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാരും കരസേന, നാവികസേന, വ്യോമസേന, തീരദേശ സംരക്ഷണസേന, ദേശീയ ദുരന്ത നിവാരണ സേന, ദേശീയ ദുരന്ത പരിപാലന അതോറിറ്റി (എന്‍.ഡി.എം.എ) എന്നിവയുടെ പ്രതിനിധികളും കേന്ദ്ര ജലകമ്മിഷന്‍ ചെയര്‍മാന്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ സംബന്ധിച്ചു. കേരള ചീഫ് സെക്രട്ടറിയും ടീമും വിഡിയോ കോഫറന്‍സിങ്ങിലൂടെയാണു യോഗത്തില്‍ പങ്കെടുത്തത്.
എന്‍.സി.എം.സി. നാളെ വീണ്ടും സ്ഥിതിഗതികള്‍ അവലോകനം ചെയ്യും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക