Image

പ്രവര്‍ത്തിക്കേണ്ടത് സിവില്‍ ഭരണവും സൈന്യവും യോജിച്ച് -മുഖ്യമന്ത്രി

Published on 19 August, 2018
പ്രവര്‍ത്തിക്കേണ്ടത് സിവില്‍ ഭരണവും സൈന്യവും യോജിച്ച് -മുഖ്യമന്ത്രി
നമ്മുടെ രാജ്യത്തെ ദുരന്ത നിവാരണപ്രവര്‍ത്തനങ്ങളില്‍ സിവില്‍ ഭരണ സംവിധാനവും സൈന്യവും യോജിച്ചുനിന്നാണ് പ്രവര്‍ത്തിച്ചുവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഇതുപോലുള്ള എല്ലാ അവസരങ്ങളിലും ജില്ലാ ഭരണസംവിധാനത്തിനോടൊപ്പം സഹായിക്കുന്നതരത്തില്‍ പ്രവര്‍ത്തിക്കുകയാണ് സൈന്യത്തിന്റെ കര്‍ത്തവ്യം. നാടിനെ പരിചയമുള്ളവരുടെ സഹായത്തോടെ സൈന്യം ഒത്തുചേര്‍ന്ന് ജില്ലാ ഭരണസംവിധാനം ഒരുക്കുന്ന സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി പ്രവര്‍ത്തിക്കണം. 

സൈന്യം മാത്രമായി ഒരു ദുരന്തനിവാരണ ഓപ്പറേഷനും സാധ്യമല്ല. സംസ്ഥാന, ഭരണ സംവിധാനങ്ങള്‍ സൈന്യത്തിന് പുറമെ എന്‍.ഡി.ആര്‍.എഫ്, കോസ്റ്റ്ഗാര്‍ഡ്, സി.ആര്‍.പി.എഫ്, ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് എന്നീ കേന്ദ്ര സേനകളുടെയും ഫയര്‍ഫോഴ്സ്, പോലീസ്, എസ്.ഡി.ആര്‍.എഫ്, റവന്യൂ, തദ്ദേശസ്വയംഭരണ ഉദ്യോഗസ്ഥരുടെയും യോജിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ മാത്രമേ ഇത് സാധിക്കുകയുള്ളൂ.

സംസ്ഥാന തലത്തില്‍ കേന്ദ്രീകരിക്കപ്പെടുന്ന ജോയിന്റ് കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്ററാണ് ഈ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. ഇത് തന്നെയാണ് മുമ്പുള്ള എല്ലാ സാഹചര്യങ്ങളിലും രാജ്യത്ത് അനുവര്‍ത്തിച്ചുവരുന്നത്. ആസാമിലെയും ചെന്നൈയിലെയും ജമ്മുകാശ്മീരിലെയും പ്രളയത്തിന്റെയും ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയും ഭൂകമ്പത്തിന്റെയും ഒക്കെ ഘട്ടത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ സൈന്യത്തിനെ മാത്രം ഏല്‍പ്പിച്ചിരുന്നില്ല. ജമ്മുകാശ്മീരിന്റെ സവിശേഷമായ സാഹചര്യത്തില്‍ പോലും സംസ്ഥാന സര്‍ക്കാരും സൈന്യവും ഒന്നിച്ചുപ്രവര്‍ത്തിക്കുന്ന രീതിയാണുണ്ടായതെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

സംസ്ഥാനത്ത് ഭക്ഷ്യദൗര്‍ലഭ്യമില്ല -മുഖ്യമന്ത്രി

സംസ്ഥാനത്ത് ഭക്ഷ്യ ദൗര്‍ലഭ്യമുണ്ടാകുമെന്ന പ്രചരണം വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കാനുള്ള ശ്രമങ്ങളുമുണ്ട്. കേരളം ഓണാഘോഷത്തെ വരവേല്‍ക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്ന ഘട്ടമാണിത്. എല്ലാ മൊത്തവ്യാപാരികളും 30 ശതമാനത്തിലേറെ സ്റ്റോക്ക് ഇതിന്റെ ഭാഗമായി എടുത്തിട്ടുണ്ട്. അതുകൊണ്ട് ഭക്ഷ്യദൗര്‍ലഭ്യം ഉണ്ടാകും എന്നത് അസബന്ധമാണ്. റോഡു ഗതാഗത്തില്‍ ചിലയിടത്ത് ഉണ്ടായ തടസ്സമാണ് ചില്ലറ വ്യാപാര സ്ഥാപനത്തിലേക്ക് എത്തുന്നതിലുണ്ടാകുന്ന തടസ്സം മാത്രമാണ് പ്രശ്നം. റോഡ് ഗതാഗതം സാധാരണ നിലയിലാകുന്നതോടെ ഈ പ്രശ്നം പരിഹരിക്കപ്പെടും. പ്രശ്നത്തെ പര്‍വതീകരിച്ച് കാണരുതെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. കൂടാതെ ധാന്യമായി നല്‍കാന്‍ വിവിധ സംസ്ഥാനങ്ങള്‍ മുന്നോട്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനങ്ങളില്‍ നിന്ന് മികച്ച സഹായം

വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് മികച്ച രീതിയില്‍ കേരളത്തിന് സഹായം ലഭിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. തെലങ്കാന -25 കോടി, മഹാരാഷ്ട്ര- 20 കോടി, ഉത്തര്‍പ്രദേശ് -15 കോടി, മധ്യപ്രദേശ്, ദല്‍ഹി, പഞ്ചാബ്, കര്‍ണാടക, ബീഹാര്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്ന് 10 കോടി വീതം, തമിഴ്നാടും ഒഡിഷയും അഞ്ചുകോടി വീതം, ചത്തീസ്ഗഡ് മൂന്നുകോടിയും ഏഴുകോടിയും ധാന്യവും എന്നിങ്ങനെയാണ് സഹായം ലഭിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക