Image

ഐ.എന്‍.ഒ.സി കോര്‍പ്പറേഷനാണെന്ന്‌ മല്‍ഹോത്ര

Published on 30 March, 2012
ഐ.എന്‍.ഒ.സി കോര്‍പ്പറേഷനാണെന്ന്‌ മല്‍ഹോത്ര
ന്യൂയോര്‍ക്ക്‌: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ യു.എസ്‌.എ (ഐ.എന്‍.ഒ.സി -യു.എസ്‌.എ) കോര്‍പ്പറേഷനാണെന്നും താന്‍ അതിന്റെ പ്രസിഡന്റായി തുടരുമെന്നും ഡോ സുരീന്ദര്‍ മല്‍ഹോത്ര.

പ്രസിഡന്റ്‌ സ്ഥാനത്തുനിന്നും തന്നെ ആര്‍ക്കും മാറ്റാനാവില്ല. ഇന്ത്യന്‍ പനോരമ പത്രാധിപര്‍ പ്രൊഫ. ഇന്ദ്രജിത്‌ സലൂജയ്‌ക്കു നല്‍കിയ മറുപടിയില്‍ മല്‍ഹോത്ര പറയുന്നു.
ഐ.എന്‍.ഒ.സി സ്വതന്ത്ര സ്ഥാപനമാണ്‌. മറ്റാരില്‍ നിന്നും അത്‌ ഉത്തരവ്‌ സ്വീകരിക്കില്ല. ഞാന്‍ ഒരിക്കലും മറ്റാരുടേയും കീഴിലായിരുന്നില്ല. കോണ്‍ഗ്രസിന്റെ ആശയങ്ങളില്‍ താന്‍ ഉറച്ചുനില്‍ക്കും.

ഡല്‍ഹിയിലുള്ളവരുമായി തങ്ങള്‍ എപ്പോഴും ബന്ധപ്പെടുകയും പരസ്‌പരം ആശയങ്ങള്‍ കൈമാറുകയും ചെയ്‌തിരുന്നു. അതു മറ്റൊരു കാര്യം. ഇനിയും അങ്ങനെ തന്നെ ചെയ്യും. സോണിയാ ഗാന്ധിയുടെ അനുഗ്രഹവും ഉപദേശവും ഇനിയും സ്വീകരിക്കും. എങ്കിലും ഐ.എന്‍.ഒ.സിയുടെ മേല്‍ ആര്‍ക്കും അധീശത്വമില്ല.

ഐ.എന്‍.ഒ.സിയെ നിരീക്ഷിക്കാന്‍ പാര്‍ട്ടി ഏര്‍പ്പെടുത്തിയ ഡോ. കരണ്‍ സിംഗിനേയും പാര്‍ട്ടിയേയും ധിക്കരിക്കാനുള്ള പുറപ്പാടാണോ എന്ന ചോദ്യത്തിന്‌ താന്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിയെ ധിക്കരിക്കില്ലെന്നായിരുന്നു മറുപടി. കോണ്‍ഗ്രസിലെ വിശ്വസ്‌തനായ പോരാളിയാണ്‌ താന്‍. പാര്‍ട്ടി കാരണം തന്റെ ജീവനുപോലും ഭീഷണിയുണ്ടായി. കോണ്‍ഗ്രസ്‌ ആശയങ്ങള്‍ പിന്തുടര്‍ന്നതിനാല്‍ തന്റെ സമുദായത്തില്‍ നിന്നുവരെ തനിക്ക്‌ തനിക്ക്‌ പുറത്താക്കല്‍ നേരിടേണ്ടിവന്നു. എങ്കിലും തന്റെ നേതാവ്‌ സോണിയയോടും കോണ്‍ഗ്രസ്‌ ആശയങ്ങളോടുമുള്ള തന്റെ വിശ്വാസം ഒട്ടും കുറഞ്ഞിട്ടില്ല. എങ്കിലും ഒരുകാര്യം പറയാതെ വയ്യ. തന്റെ വിശ്വാസ്യതയും പ്രവര്‍ത്തനങ്ങളും കണക്കിലെടുക്കാതെ ഐ.എന്‍.ഒ.സിയിലെ വിമത വിഭാഗത്തിന്റെ മുഖസ്‌തുതിയില്‍ വീണുപോയ കരണ്‍സിംഗാണ്‌ പാര്‍ട്ടിയെ ധിക്കരിച്ചത്‌. സ്വേഛാധിപത്യ രീതിയില്‍ ഐ.എന്‍.ഒ.സിയെ പുനസംഘടിപ്പിച്ച കരണ്‍ സിംഗാണ്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടിക്കെതിരേ പ്രവര്‍ത്തിച്ചത്‌.

കരണ്‍സിംഗ്‌ നല്‍കിയ നിയമ
ഉത്തരവ്‌ താങ്കള്‍ അംഗീകരിക്കില്ലെന്നാണോ ഇതിനര്‍ത്ഥമെന്ന ചോദ്യത്തിന്‌ ഇല്ലെന്നായിരുന്നു മറുപടി. കരണ്‍സിംഗിന്‌ അത്തരമൊരു നിയമനം നടത്താന്‍ അധികാരമില്ല. താന്‍ പ്രസിഡന്റായ സ്ഥാപനമാണത്‌. എനിക്കല്ലാതെ മറ്റാര്‍ക്കും അതിന്‍മേല്‍ അധീശത്വമില്ല.

കോണ്‍ഗ്രസില്‍ ആരാണ്‌ കൂടുതല്‍ പ്രചോദനമായത്‌ എന്ന ചോദ്യത്തിന്‌ സോണിയാഗാന്ധിയാണ്‌ തന്റെ പ്രചോദനമെന്നായിരുന്നു മറുപടി. തന്റെ അഭ്യുദയകാംക്ഷിയും അവരാണ്‌. പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാനുള്ള അവസരം അവര്‍ തനിക്ക്‌ നല്‍കി. കോണ്‍ഗ്രസ്‌ ആശയങ്ങള്‍ക്കനുസരിച്ച്‌ പ്രവര്‍ത്തിക്കാനുള്ള തന്റെ കഴിവില്‍ അവര്‍ വിശ്വാസമര്‍പ്പിച്ചു. ആ ലക്ഷ്യങ്ങള്‍ നേടുവാനായതില്‍ തനിക്ക്‌ അഭിമാനമുണ്ട്‌. അതിനു തന്റെ സഹപ്രവര്‍ത്തകരുടെ സഹകരണവും സോണിയയുടെ ആശീര്‍വാദവുമുണ്ടായിരുന്നു.

ഐ.എന്‍.ഒ.സി 2001-ല്‍ തുടങ്ങുമ്പോള്‍ കോണ്‍ഗ്രസിനെപ്പറ്റി പോലും പലര്‍ക്കും ധാരണയില്ലായിരുന്നു. എന്നാല്‍ ഐ.എന്‍.ഒ.സി വന്നതോടെ കോണ്‍ഗ്രസ്‌ പാര്‍ട്ടിയെപ്പറ്റി അവബോധം വളര്‍ന്നു. താഴെത്തട്ടില്‍ നിന്ന്‌ പാര്‍ട്ടിക്ക്‌ നല്ല പിന്തുണയാണ്‌ ലഭിച്ചത്‌.

ഐ.എന്‍.ഒ.സിയെ പുനസംഘടിപ്പിക്കാന്‍ കരണ്‍സിംഗിന്‌ അധികാരമില്ലെന്ന്‌ മല്‍ഹോത്ര പറഞ്ഞത്‌ ശരിയാണോ എന്ന്‌ മലയാളി പത്രലേഖകന്‍ കരണ്‍സിംഗിനോട്‌ ചോദിച്ചതിനു മറുപടിയുണ്ടായില്ല.

സലൂജക്ക്‌ കരണ്‍സിംഗ്‌ അയച്ച കത്തില്‍ ശരിയായി രൂപീകരിച്ച എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി ഐ.എന്‍.ഒ.സിയ്‌ക്ക്‌
ഇല്ലായിരുന്നെന്നും സംഘടനയെ `വണ്‍മാന്‍ഷോ' ആയാണ്‌ മല്‍ഹോത്ര കൊണ്ടുനടന്നതെന്നും കരണ്‍സിംഗ്‌ പറഞ്ഞു. സംഘടനയ്‌ക്കുവേണ്ടി മല്‍ഹോത്ര ഒട്ടേറെ സമയവും ഊര്‍ജ്ജവും ചെലവഴിച്ചതിന്റെ പേരിലാണ്‌ അദ്ദേഹത്തെ സംഘടനയുടെ ചെയര്‍മാന്‍ എമേരിറ്റസ് ആയി നിയമിച്ചത്‌. ശരിയായ രീതിയിലുള്ള എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി വേണമെന്നുകണ്ടാണ്‌ പുനസംഘടന നടത്തിയത്‌. എ.ഐ.സി.സിയുടെ വിദേശ വിഭാഗത്തിന്റെ ചുമതല കോണ്‍ഗ്രസ്‌ അധ്യക്ഷയായ സോണിയാ ഗാന്ധിയാണ്‌ തന്നെ ഏല്‍പിച്ചത്‌. അതനുസരിച്ചാണ്‌ കഴിഞ്ഞവര്‍ഷം താന്‍ മല്‍ഹോത്ര പ്രസിഡന്റായി എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി പുനസംഘടിപ്പിച്ചത്‌. എന്നാല്‍ ഐക്യത്തില്‍ പ്രവര്‍ത്തിക്കുന്നതിനുപകരം കടുത്ത വൈരാഗ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ്‌ ഉണ്ടായത്‌. അതേ തുടര്‍ന്നുണ്ടായ ഇമെയില്‍ സന്ദേശങ്ങള്‍ സംഘടനയെപ്പറ്റി നല്ല ധാരണയല്ല ഉണ്ടാക്കിയത്‌.

പുതിയ കമ്മിറ്റി സൗഹൃദാന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുമെന്നാണ്‌ താന്‍
കരുതുന്നത്‌ . ഐ.എന്‍.ഒ.സിക്ക്‌ 25 രാജ്യങ്ങളില്‍ ശാഖകളുണ്ടെന്നും കത്തില്‍ പറയുന്നു.

പുതിയ കമ്മിറ്റിയില്‍ സീനിയര്‍ വൈസ്‌ പ്രസിഡന്റായി നിയമിതനായ ശുദ്ധ്‌ ജസൂജയോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോ കരണ്‍സിംഗിന്റേയോ ബന്ധുക്കളുടേയോ
ചാരിറ്റി സംഘടനക്ക് സംഭാവന നല്‍കിയിട്ടുണ്ടോ എന്ന ചോദ്യത്തിന്‌ ഇല്ലെന്നായിരുന്നു കരണ്‍സിംഗിന്റെ മറുപടി. ജസൂജയേയും മറ്റുള്ളവരേയും കുറെക്കാലമായി തനിക്ക്‌ അറിയാമെന്നു മാത്രം.

മല്‍ഹോത്ര ഇത്തരമൊരു നിലപാട്‌ എടുത്തതില്‍ പുതിയ ഭാരവാഹികള്‍ക്ക്‌ അതിശയമൊന്നുമില്ല. സംഘടന മല്‍ഹോത്ര കോര്‍പ്പറേഷനായി രജിസ്റ്റര്‍ ചെയ്‌തത്‌ സംഘടനാ പ്രസിഡന്റ്‌ എന്ന നിലയിലാണ്‌. നേതൃത്വം ഒഴിയുമ്പോള്‍ പുതിയ നേതാക്കള്‍ക്ക്‌ വിട്ടുകൊടുക്കുകയാണ്‌ വേണ്ടത്‌. ചില പള്ളി- ക്ഷേത്ര കമ്മിറ്റികളും സെന്ററുകളും സ്ഥാപനം തങ്ങളുടെ കൈവശം തന്നെ വെയ്‌ക്കാന്‍ ഉപയോഗിക്കുന്ന ആയുധമാണ്‌ ഇന്‍കോര്‍പ്പറേഷന്‍ നിയമം.

തങ്ങള്‍ക്ക്‌ നേതൃത്വത്തിന്റെ പിന്തുണയുള്ളതിനാല്‍ മല്‍ഹോത്രയുടെ നീക്കം വിജയിക്കാന്‍ പോകുന്നില്ലെന്നും ഔദ്യോഗികപക്ഷം ചൂണ്ടിക്കാട്ടുന്നു. സംഘടനയെ കൈപ്പിടിയിലാക്കി സ്വകാര്യ സ്ഥാപനമാക്കി എക്കാലവും കൊണ്ടുപോകാമെന്നത്‌ വ്യാമോഹം മാത്രമാണ്‌. പാര്‍ട്ടിയോട്‌ കൂറുള്ള ആരും സംഘടനയ്‌ക്ക്‌ ദോഷം വരുന്ന വിധത്തില്‍ പ്രവര്‍ത്തിക്കില്ല. ഹൈക്കമാന്‍ഡിനെ ചോദ്യം ചെയ്യുകയുമില്ല.

എന്തായാലും കുറച്ചു ചിന്താക്കുഴപ്പമുണ്ടാക്കാന്‍ മല്‍ഹോത്രയ്‌ക്ക്‌ കഴിയുമെന്നല്ലാതെ ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നാണ്‌ പൊതുവെ കരുതുന്നത്‌. അധികാരം പോകുമ്പോള്‍ പാര്‍ട്ടിയേയും നേതാക്കളേയുമൊക്കെ ധിക്കരിക്കുകയെന്ന കോണ്‍ഗ്രസ്‌ സംസ്‌കാരമാണ്‌ മല്‍ഹോത്രയും പിന്തുടരുന്നതെന്നാണ്‌ പലരും കരുതുന്നത്‌.
ഐ.എന്‍.ഒ.സി കോര്‍പ്പറേഷനാണെന്ന്‌ മല്‍ഹോത്ര
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക