Image

മലയാളി നനഞ്ഞാല്‍ (ചില പ്രളയ ചിന്തകള്‍-ജിജി പുഞ്ചത്തലക്കല്‍)

Published on 22 August, 2018
മലയാളി നനഞ്ഞാല്‍  (ചില പ്രളയ ചിന്തകള്‍-ജിജി പുഞ്ചത്തലക്കല്‍)
മലയാളി നനഞ്ഞു. പക്ഷെ കുളിച്ചു കയറാന്‍ തന്നെ തീരുമാനിച്ചു. ചില ദുരന്തങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ മലയാളി ഇതുപോലെ ഒന്നിച്ച ചരിത്രം എന്റെ ഓര്‍മ്മയില്‍ ഇല്ല. ബൈക്കിനും ലഹരിക്കും, നവമാധ്യമത്തിനും അടിപെട്ട പുതു തലമുറയെ വിമര്‍ശിച്ചവര്‍ തല താഴ്ത്തി നിന്ന് പോയി.

ഫേസ്ബുക്കും വാട്‌സ്ആപ്പും വഴി നടന്ന രക്ഷാ പ്രവര്‍ത്തനം കണ്ടു .പുതിയ തലമുറയ്ക്ക് ഒന്നും അറിയില്ല എന്ന് വിലപിച്ചവര്‍ നിശബ്ദരായി. എന്തിനു പറയണം മാര്‍ക്ക് സക്കര്‍ബര്‍ഗ് പോലും വിചാരിച്ചില്ല ഇത് ഇത്രയ്ക്കു സാധ്യതകളുള്ള ഒരു മാധ്യമം ആയി മാറും എന്ന് . എന്തിലും ഏതിലും രാഷ്ട്രീയം, ജാതി ഇവ കാണുന്ന പഴയ തലമുറ വിറങ്ങലിച്ചു നിന്നപ്പോള്‍ വിരല്‍ തുമ്പില്‍ കണ്‍ട്രോള്‍ മുറികള്‍ തുറന്നു പുതു തലമുറ. കേരള പോലീസും സര്‍ക്കാരും നടത്തിയ ഏകോപനങ്ങളെക്കാള്‍ എത്രയോ മടങ്ങു വലുതാണ് സോഷ്യല്‍ മീഡിയ വഴി നടത്തിയ ഏകോപനങ്ങള്‍ .

ആര്‍ക്കും വലിയ നേട്ടമൊന്നും അവകാശപ്പെടാന്‍ ഇല്ലാത്ത, മനുഷ്യന്‍ മനുഷ്യനെ സഹായിച്ചത് കൊണ്ട് മാത്രം തരണം ചെയ്ത പ്രളയം, ഉദ്ദേശ ലക്ഷ്യങ്ങള്‍ ഇല്ലെന്നു പഴിക്കുന്ന പുതു തലമുറ മനുഷ്യനെ മനുഷ്യനായി കാണാന്‍ നമ്മള്‍ പഠിക്കണം എന്ന് ഓര്‍മിപ്പിച്ചു കടന്നു പോയ പ്രളയം, നമുക്ക് കാത്തു സൂക്ഷിക്കാം ഈ പ്രളയ ചിത്രങ്ങള്‍ ഒരു ഓര്മപ്പെടുത്തലിനു വേണ്ടി..

ഒരു പ്രളയവും പേമാരിയും കഴിഞ്ഞപ്പോള്‍ ക്രിസ്ത്യാനി മുസ്ലിം പള്ളിയില്‍ പോകുന്നതും, മുസ്ലിം അമ്പലം കഴുകുന്നതും വാര്‍ത്തയായി മാറുന്നു.

സ്വാതന്ത്ര്യം കിട്ടി 71 വര്ഷം കഴിഞ്ഞപ്പോള്‍ മാത്രം ഇത് വാര്‍ത്തയായി. വാവരുടെ പള്ളിയില്‍ പോയി ശബരിമല കയറുന്നവരുടെ നാട്, ഗരുഢന്‍ തൂക്കത്തിന് ഉറക്കമിളച്ചു കാത്തിരുന്ന എന്നെപ്പോലെയുള്ളവരുടെ നാട , അന്ത്യ അത്താഴ ചിത്രം സ്വന്തം ഊണുമുറിയില്‍ തൂക്കിയ നായന്മാരുടെ നാട്, പിന്നെ എന്തിനാണ് ഇപ്പോള്‍ ഇതിനു ഇത്ര പ്രാധാന്യം ?

ഉത്തരം വളരെ ലളിതം, ഇതൊന്നും ഇങ്ങനെ അകാന്‍ പാടില്ല എന്ന് ശാഠ്യം പിടിക്കുന്ന ഭരണാധികാരികള്‍ മാത്രമാണ് ഈ വാര്‍ത്ത പ്രാധാന്യത്തിനു കാരണം. പുതിയ തലമുറയ്ക്ക് ഇത് ഇന്ന് വാര്‍ത്തയാണ്, കാരണം ഈ വേര്‍തിരിവിന്റെ രാഷ്ട്രീയമാണ് അവര്‍ കാണുന്നത്. അങ്ങനെ ചിന്തിക്കാനാണ് അവരെ പഠിപ്പിക്കുന്നത്.

നെഹ്രുവിനെയും കോണ്‍ഗ്രസിനെയും എന്നും വിമര്‍ശിച്ചവര്‍ ഇന്ന് ഏതു ത്രാസില്‍ തൂക്കും ഈ പുതിയ ധൃവീകരണത്തെ?. അഴിമതി മുക്ത, കോണ്‍ഗ്രസ് മുക്ത ഭാരതം കെട്ടിപ്പടുക്കാന്‍ ഇറങ്ങിയവര്‍ നമുക്കും നമ്മുടെ ഭാവി തലമുറക്കും നല്‍കുന്ന സ്വച്ഛ സുന്ദര ഭാരതം ഇതാണ്, വര്‍ഗീയതയുടെയും വെറുപ്പിന്റെയയും ഭാരതം.

ദുരന്ത മുഖത്തെ 'ദുരന്തങ്ങള്‍ ' ആര്‍ക്കും വേണ്ടാത്ത ഒരു വിദേശ മലയാളീ സംഘടനയുടെ ഓണഘോഷത്തിനു പോയ മന്ത്രിയും, വെള്ളമെല്ലാം ഇറങ്ങിക്കഴിഞ്ഞു ലൈഫ് ജാക്കറ്റും ഇട്ടിറങ്ങിയ ജ്വല്ലറി മുതലാളിയും, ദുരിതാശ്വാസ ക്യാമ്പില്‍ കിടന്നുറങ്ങിയപ്പോള്‍ അദ്ദേഹം പോലും അറിയാതെ ആ ചിത്രം പോസ്റ്റ് ചെയ്ത കേന്ദ്രമന്ത്രിയുമാണ് ഈ ദുരന്ത മുഖത്ത് വന്‍ ദുരന്തമായതു.
Join WhatsApp News
Asha Johnson 2018-08-22 20:49:22
Well said.Good job Jigi
Sam Joseph 2018-08-23 13:18:11
good thoughts 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക