Image

പ്രളയത്തിന് മുമ്പ് എഴുതിയത് പ്രളയത്തിന് ശേഷം വായിക്കുമ്പോള്‍ (ദീപ കരുവാട്ട്)

Published on 25 August, 2018
പ്രളയത്തിന് മുമ്പ് എഴുതിയത് പ്രളയത്തിന് ശേഷം വായിക്കുമ്പോള്‍ (ദീപ കരുവാട്ട്)
പരമനിസ്സഹായനായി നില്ക്കുന്നൊരുവന്റെ മുന്നില്‍
സര്‍വ്വസന്നാഹങ്ങളോടെ
ഏറ്റവും മികച്ച പോരാളികളെ പോലെ
വെല്ലുവിളിച്ച് പ്രകൃതിയും ജീവിതവും കൈകോര്‍ക്കുമ്പോള്‍
ഓരോ രോമകൂപങ്ങളിലും
ഒട്ടിക്കിടക്കുന്ന അഹം വിയര്‍പ്പായി പുറത്തേക്കൊഴുകുകയാണ്...

ദുരന്തം അസഹ്യമായി വളരുമ്പോള്‍
നീട്ടിപ്പിടിച്ച കൈകളില്‍
വെളിച്ചത്തിന്റെ ഒരു ദുര്‍ബ്ബലമായ രശ്മിയെങ്കിലും ആകുകയെന്നത് തന്നെയാണ് ഇവിടെ ചെയ്യാനുള്ളത്..

പ്രതീക്ഷകളില്ലാത്ത പരീക്ഷണങ്ങളിലുടെ മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നവര്‍ക്കു മുന്നില്‍
കൃത്യമായ ഒരു രേഖപോലെ അടയാളപ്പെടുകയെന്നത്
ജീവിതത്തിന്റെ പുണ്യപ്പെടലാണ്.

നോക്കൂ
ആഴമളക്കാന്‍ കഴിയാത്ത ഗര്‍ത്തത്തിന്റെ വക്കിലാണെന്നറിഞ്ഞ്
ദൈവമേ, ദൈവമേ, എന്ന് വിളിച്ച്
ആത്മാവിന്റെ അസ്വസ്ഥതയെ മറച്ച്,
പ്രതിരോധിക്കുന്നവരേ..

തീര്‍ച്ചയായും
ദൈവങ്ങളെല്ലാം മരിച്ചുപോയിരിക്കുന്നു.
ഇനി ഉണരാനവര്‍ക്ക് ഇഷ്ടമല്ലത്രേ.
സ്തുതികളും പ്രാര്‍ത്ഥനകളും അവരുടെ മോക്ഷത്തിനാവട്ടെ.

ശരിക്കും
ഇപ്പോള്‍
നമ്മളേ ഉള്ളൂ
ഇവിടെ...
മനുഷ്യനെന്ന മതവും
പ്രകൃതിയെന്ന ഈശ്വരനും...!

*****************************
ഹോ.!
തണുപ്പെത്ര ശാന്തതയാണെന്നോ..?
എതിര്‍പ്പില്ലാതെ
വ്യത്യസ്ത ഉടലുകള്‍,
മഴവെള്ളത്തിലൂടെ നീങ്ങുന്നത്
എത്രമാത്രം ശാന്തമായാണ്.
പാപബോധമില്ലാതെ,
നിശബ്ദതയില്‍ മുങ്ങി മരിച്ച്
മഴവെള്ളത്തിന്റെ
തണുപ്പില്‍
വിറങ്ങലിച്ച്
ഒന്ന് മറ്റൊന്നിനോട് ചേര്‍ന്ന്...
എന്തൊക്കെ ഒലിച്ചു പോയെന്ന് വേവലാതിപ്പെടാതെ,
വേറെവേറെയിടങ്ങളിലേക്ക്.
ശരിക്കും
തണുപ്പെന്നത് എത്രമാത്രം ശാന്തതയാണെന്ന് തോന്നുകയാണിപ്പോള്‍.

അത്രതന്നെ തോന്നുകയാണ്..

അനന്തമായ പ്രളയത്തിലും
കാലപ്രയാണത്തിലും
ചോരയും കണ്ണീരും
മറന്നുപോകാത്ത
മനുഷ്യരെത്ര വിചിത്രമായ അനുഭവമാണെന്ന്..!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക