Image

പടിക്കു പുറത്തെത്തുന്ന മാലിന്യം (മുരളി തുമ്മാരുകുടി)

Published on 25 August, 2018
പടിക്കു പുറത്തെത്തുന്ന മാലിന്യം (മുരളി തുമ്മാരുകുടി)
ഓരോ ദുരന്തത്തിന് ശേഷവും ആയിരക്കണക്കിന് ടണ്‍ ഖരമാലിന്യ ഉണ്ടാകുമെന്നും അവ വേര്‍തിരിച്ച് വേണ്ടപോലെ സംസ്കരിക്കുകയാണ് ശരിയായ രീതി എന്നും ഞാന്‍ പറഞ്ഞിരുന്നു.

ഇന്നിപ്പോള്‍ പ്രളയം ബാധിച്ച പ്രദേശങ്ങളിലൂടെ ഒരു യാത്ര പോയി. എല്ലാ വീട്ടിനു മുന്‍പിലും ഒരു ചെറിയ പിക്ക് അപ്പില്‍ കയറ്റാനുള്ള അത്രയും മാലിന്യം ഉണ്ട്. കിടക്കയും കുഷ്യനും പ്ലാസ്റ്റിക്ക് കസേരയും ഉള്‍പ്പടെ എല്ലാം ഒരുമിച്ച് കൂട്ടിയിട്ടിരിക്കയാണ്.

കുറച്ചു സ്ഥലങ്ങളില്‍ എല്ലാം ഈ മാലിന്യങ്ങള്‍ വീടിനു പുറത്തെത്തി തുടങ്ങി. എന്റെ വീടിനു ചുറ്റും തന്നെ ആളുകള്‍ കത്താവുന്നതൊക്കെ കത്തിച്ചു തുടങ്ങി. ഇതുപോലെ മഴയില്ലാതെ ഒരാഴ്ച കൂടി നിന്നാല്‍ കിടക്കകളും സോഫയും ഒക്കെ തീയിട്ടു തുടങ്ങും.

മാലിന്യങ്ങള്‍ കത്തിക്കുന്നത് ശരിയല്ല എന്നെനിക്കറിയാം. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുന്നത് ആസ്തമ പോലെ പ്രശ്‌നം ഉള്ളവരുടെ രോഗം കൂടുതല്‍ ഗുരുതരം ആക്കും. കാന്‍സര്‍ പോലെ ഉള്ള രോഗങ്ങള്‍ അതുണ്ടാക്കും. പക്ഷെ ഇതൊക്കെ ഉണ്ടെങ്കിലും മറ്റൊരു മാര്‍ഗ്ഗം അവര്‍ക്ക് ഇപ്പോള്‍ നല്‍കിയില്ലെങ്കില്‍ ആളുകള്‍ അവര്‍ക്ക് സാധിക്കുന്നതും തോന്നുന്നതും ആയ മാര്‍ഗ്ഗങ്ങള്‍ തേടും.

കേരളത്തില്‍ നമുക്ക് ഒരു മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനം ഇല്ല. അതിന്റെ കുഴപ്പം ഒക്കെ ആണ് ഇപ്പോള്‍ നാം അനുഭവിക്കുന്നത്. കൃത്യമായ മാലിന്യ സംവിധാനങ്ങളും സാങ്കേതിക വിദഗ്ദ്ധരും ഉള്ള രാജ്യങ്ങളില്‍ പോലും വലിയ ദുരന്തം ഉണ്ടാകുമ്പോള്‍ ഇത്തരം സാഹചര്യം നേരിടാന്‍ ബുദ്ധിമുട്ടും. രണ്ടായിരത്തി പതിനൊന്നിലെ ജപ്പാന്‍ സുനാമിക്കാലത്ത് ജപ്പാനില്‍ തീരപ്രദേശത്ത് എല്ലാം നഗരങ്ങളില്‍ പല വര്‍ഷങ്ങളില്‍ ഉണ്ടാകുന്ന ഖരമാലിന്യം ആണ് ഒരു മണിക്കൂറിനകം ഉണ്ടായി. ഇക്കാര്യത്തെ പറ്റി പഠിക്കാന്‍ ഒരു അന്താരാഷ്ട്ര സംഘത്തെ നയിച്ച അനുഭവത്തിന്റെ വെളിച്ചത്തില്‍ ചില നിര്‍ദ്ദേശങ്ങള്‍ പറയാം.

1. ഏറ്റവും വേഗത്തില്‍ ഈ മാലിന്യങ്ങള്‍ സംഭരിച്ചു വക്കാനുള്ള സ്ഥലം കണ്ടു പിടിക്കണം.

2. മാലിന്യത്തെ മരം, ബെഡുകള്‍, പ്ലാസ്റ്റിക് മാലിന്യം, വൈറ്റ് ഗുഡ്‌സ് എന്നിങ്ങനെ പത്തോ പതിനഞ്ചോ വിഭാഗങ്ങള്‍ ആയി തിരിച്ചു വേണം ഇത് സംഭരിക്കാന്‍.

3. കേരളം ടി വിക്കും ഫ്രിഡ്ജിനും ഒക്കെ ഉള്ള ഇന്ത്യയിലെ ഒന്നാമത്തെ കമ്പോളം ആണ്. ആയിരക്കണക്കിന് പുതിയ ടി വി കളും ഒക്കെ ആണ് ആളുകള്‍ വാങ്ങാന്‍ പോകുന്നത്. അതുകൊണ്ടു തന്നെ പഴയ ടി വി കളും ഫ്രിഡ്ജുകളും ഒക്കെ തിരിച്ചെടുക്കുന്ന ഉത്തരവാദിത്തം നമുക്ക് ആ കമ്പനികളെ ഏല്‍പ്പിക്കാനുള്ള കമ്പോള സമ്മര്‍ദ്ദം ചെലുത്താനുള്ള കഴിവ് നമുക്കുണ്ട്. ഋഃലേിറലറ ജൃീറൗരലൃ ഞലുെീിശെയശഹശ്യേ എന്നൊരു തത്വ ശാസ്ത്രം ഈ രംഗത്ത് ഉണ്ട്. അതുകൊണ്ട് ഈ വന്‍കിട കമ്പനികളെ ഇക്കാര്യം ഏല്‍പ്പിക്കുന്നതില്‍ ഒരു വിഷമവും വേണ്ട, അങ്ങനെ ചെയ്യാത്തവര്‍ തല്‍ക്കാലം കേരളത്തില്‍ ടി വിയും ഫ്രിഡ്ജും വില്‍ക്കേണ്ട എന്ന് സര്‍ക്കാര്‍ തീരുമാനം എടുത്താല്‍ അവര്‍ തീര്‍ച്ചയായും ഈ കാര്യത്തില്‍ ഇടപെടും. അതുപോലെ തന്നെ പഴയ ടി വി കൊണ്ടുവരുന്നവര്‍ക്ക് പുതിയത് വാങ്ങാന്‍ രണ്ടോ മൂന്നോ ആയിരം രൂപ കുറച്ചു കൊണ്ട് കൊടുക്കും എന്ന് പറഞ്ഞാല്‍ ആളുകള്‍ ടി വി പുറത്തേക്ക് ഇടാതിരിക്കും.

വസ്തുക്കള്‍ ശേഖരിച്ചു വക്കാന്‍ ഉള്ള സംവിധാനം ഒക്കെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നിര്‍ദ്ദേശിക്കുകയാണെങ്കില്‍ ഇങ്ങനെ ശേഖരിക്കുന്ന വസ്തുക്കള്‍ എങ്ങനെ ആണ് വീണ്ടും ഉപയോഗിക്കുന്നത്, സംസ്കരിക്കുന്നത് എന്നൊക്കെ കൂടുതല്‍ ഉപദേശങ്ങള്‍ നല്‍കാം. പക്ഷെ അങ്ങനെ ഒന്നും കാണാത്തിടത്തോളം കാലം പുതിയ ആശയങ്ങള്‍ കൊടുത്തിട്ട് എന്ത് കാര്യം ?

അടുത്ത രണ്ടോ മൂന്നോ ദിവസത്തിനകം ഇക്കാര്യത്തില്‍ തീരുമാനങ്ങള്‍ എടുത്തില്ലെങ്കില്‍ പ്രളയബാധിത പ്രദേശനത്തില്‍ ഉള്ള കാനകളും തോടുകളും ഒക്കെ ചെളി കൊണ്ട് നിറയും, രാത്രി മാലിന്യങ്ങള്‍ നദിയില്‍ എത്തും, കേരളത്തില്‍ എമ്പാടും ചെറിയ തീക്കൂനകള്‍ ഉണ്ടാകും, കുട്ടികള്‍ക്കും രോഗികള്‍ക്കും വായു മലിനീകരണം പ്രശ്‌നം ഉണ്ടാക്കും, കുറച്ചാളുകള്‍ക്കെങ്കിലും ഇത് മാറാരോഗങ്ങള്‍ ഉണ്ടാക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക