Image

ഞാനിവിടെയുണ്ട്......ദേ ഇവിടെ (ഡോ: എസ്. എസ്. ലാല്‍)

Published on 25 August, 2018
ഞാനിവിടെയുണ്ട്......ദേ ഇവിടെ (ഡോ: എസ്. എസ്. ലാല്‍)
കഴിഞ്ഞ ശനിയാഴ്ച അമേരിക്കയില്‍ നിന്നും യാത്ര തിരിച്ചതാണ്. തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്തെത്തി. ഈ ദിവസങ്ങളില്‍ ഞാന്‍ ഫേസ്ബുക്കില്‍ നിശബ്ദതയില്‍ ആയിരുന്നു. ഫേസ്ബുക്കില്‍ മാത്രം. ഒരാഴ്ചയാകുന്നു. ഇനി ഞാന്‍ സംസാരിക്കാം.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇങ്ങനെ ഞാന്‍ നിശ്ശബ്ദനായിട്ടില്ല. മനഃപൂര്‍വമുള്ള നിശ്ശബ്ദതയായിരുന്നു. സംസാരത്തിനേക്കാള്‍ പ്രവൃത്തികള്‍ക്ക് പ്രാധാന്യമുള്ള ദിവസങ്ങളായിരുന്നു. പിന്നെ ഫേസ്ബുക്കില്‍ വെറുതേ വാചകമടിക്കാനോ തമാശ പറയാനോ തോന്നാത്ത ദിവസങ്ങളും. ഒരുപാട് മനുഷ്യര്‍ ദുരിതക്കയത്തിലാണ്. എന്നത്തേയ്ക്ക് തീരുമെന്ന് ഉറപ്പില്ലാത്ത ദുരിതത്തില്‍.

അമേരിക്കയില്‍ നിന്നും യാത്ര തിരിക്കുമ്പോള്‍ പറഞ്ഞിരുന്നതുപോലെ തന്നെ ഞാന്‍ സംസ്ഥാന ആരോഗ്യ വകുപ്പിന്‍റെ ഡയറക്ടറേറ്റില്‍ ഉണ്ട്. ദുരന്ത നിവാരണത്തെ ഏകോപിക്കുന്ന മുറിയില്‍. ഇവിടെ നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ എന്നെക്കൊണ്ടാവുന്ന സഹായങ്ങള്‍ ചെയ്യാനായി. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ ( ഐ.എം.എ) യുടെ സംസ്ഥാന ഓഫീസിലും പോയി. ഐ.എം.എ നേതാക്കളായ ഡോ: മാര്‍ത്താണ്ഡപിള്ള, ശ്രീജിത്ത്, സുല്‍ഫി എന്നിവരുമായി നിരന്തര സമ്പര്‍ക്കത്തിലാണ്.

ഇതിനിടയില്‍ ചെങ്ങന്നൂര്‍ പോലുള്ള ചില ദുരന്ത ബാധിത പ്രദേശങ്ങളിലെ ക്യാമ്പുകള്‍ സന്ദര്‍ശിച്ചിരുന്നു. ഐ.എം.എ. സംഘടിപ്പിച്ച ചില മെഡിക്കല്‍ ക്യാമ്പുകളിലും പോയിരുന്നു.

വിശ്വസിക്കാനാവാത്ത തരത്തിലുള്ള വലിയ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യരംഗത്തും നടക്കുന്നത്. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന കണ്‍ട്രോള്‍ മുറിയുണ്ട്. ഡയറക്ടര്‍ മുതല്‍ പുതിയ തലമുറയിലെ ഡോക്ടര്‍മാരുള്‍പ്പെടെയുമുള്ള ഉദ്യോഗസ്ഥര്‍ കൂട്ടായും വിശ്രമമില്ലാതെയും ഇവിടെ പ്രവര്‍ത്തിക്കുന്നു. ആരോഗ്യ വകുപ്പ് സെക്രട്ടറി എല്ലാ ദിവസവും പലപ്രാവശ്യം ഇവിടെ അവലോകന യോഗങ്ങള്‍ നടത്തുന്നു.

ജില്ലകളിലും പ്രളയബാധിത പ്രദേശങ്ങളിലും ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ഉറക്കമില്ലാതെ ജോലിചെയ്യുകയാണ്. ചില ഡോക്ടര്‍മാരും നഴ്‌സുമാരുമൊക്കെ ജോലി ചെയ്ത് വല്ലാതെ തളര്‍ന്നിരിക്കുന്നു.

ഐ.എം.എ. യുടെ സംസ്ഥാന ഓഫീസിലും യുദ്ധകാല പ്രതീതിയാണ്. ദേശീയ നേതാവ് ഡോ: ശ്രീജിത്തിന്‍റെയും സെക്രട്ടറി സുല്‍ഫിയുടെയും ഫോണുകള്‍ക്ക് വിശ്രമമില്ല. സഹായാഭ്യര്‍ത്ഥനകളും വാഗ്ദാനങ്ങളുമായി നിരവധി മനുഷ്യര്‍ ബന്ധപ്പെടുന്നു. ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാംപുകളില്‍ ഡോക്ടര്‍മാരെ തികയാതെ വരുമ്പോള്‍ അവിടെ ഐ.എം.എ. സഹായിക്കുന്നു.

ഇതര സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും വന്ന ഡോക്ടര്‍മാരുണ്ട്. അവരും സേവനങ്ങളില്‍ ഏര്‍പ്പെടുന്നു. വിമാനങ്ങളിലും ലോറികളിലുമൊക്കെ മരുന്നുകളും ചികിത്സാ സാധനങ്ങളും എത്തുന്നു.

മാധ്യമങ്ങളും ഉറക്കമില്ലാതെ ജനസേവനം നടത്തുകയാണ്. ഇതിനകം മൂന്ന് ടെലിവിഷന്‍ ചര്‍ച്ചകളില്‍ ഞാനും പങ്കെടുത്തുകഴിഞ്ഞു. വളരെ ഉത്തരവാദിത്തത്തോടെയും ക്രിയാത്മകമാകവുമായാണ് മാധ്യമ ഇടപെടല്‍. വിമര്‍ശനങ്ങളുടെ സ്ഥാനത്ത് നിര്‍ദ്ദേശങ്ങള്‍ മാത്രം.

ഞാന്‍ നാട്ടില്‍ വന്ന് അമേരിക്കയിലേയ്ക്ക് തിരികെപ്പോയിട്ട് മൂന്നാഴ്ച്ചയേ ആയിരുന്നുള്ളൂ. അപ്പോഴാണ് കേരളത്തിലെ പ്രളയക്കെടുതി മൂര്‍ദ്ധന്യാവസ്ഥയിലേയ്ക്ക് കടക്കുന്ന ചിത്രങ്ങള്‍ ടെലിവിഷനില്‍ കണ്ടത്. ഉടന്‍ തന്നെ തിരികെ വരാന്‍ തീരുമാനിക്കുകയായിരുന്നു. കുടുംബാംഗങ്ങളോട് പറഞ്ഞു. ഓഫീസില്‍ അറിയിച്ചു. പിന്നെ ആരോഗ്യ മന്ത്രിയെയും, വകുപ്പ് സെക്രട്ടറിയേയും ഡയറക്ടറെയും ഫോണില്‍ ബന്ധപ്പെട്ടു. വരാനുള്ള തീരുമാനത്തെ അവരെല്ലാം സ്‌നേഹത്തോടെ സ്വാഗതം ചെയ്തു.

പുറമേനിന്ന് ആരും ആവശ്യപ്പെട്ടിട്ടല്ലായിരുന്നു എന്‍റെ വരവ്. വ്യക്തിപരമായ തീരുമാനം. മനസാക്ഷിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുകയായിരുന്നു. മറ്റേതൊരു മലയാളിയ്ക്കുമെന്നപോലെ സാമൂഹ്യ ഉത്തരവാദിത്തങ്ങള്‍ എനിയ്ക്കുമുണ്ട്. കൂടാതെ ധാര്‍മിക ഉത്തരവാദിത്തവും.

വെള്ളം വിഴുങ്ങിയ വീടുകള്‍ക്കുള്ളില്‍ നിന്നുള്ള സ്വന്തം നാട്ടുകാരുടെ നിലവിളികളും ജീവിതത്തിലെ സകലസമ്പാദ്യങ്ങളും വീട്ടിലുപേക്ഷിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് ജീവനും കൊണ്ടോടിയ മനുഷ്യരുടെ ചിത്രങ്ങളും നിസ്സംഗതയോടെ കാണാന്‍ ഒരാള്‍ക്കും കഴിയില്ല. നാട്ടില്‍ തിരികെയെത്തി തന്നെക്കൊണ്ടാവുന്നത് ചെയ്യണമെന്ന് ഓരോ പ്രവാസി മലയാളിയും ആഗ്രഹിക്കുന്നു. ഞാന്‍ തിരികെ വരുന്ന കാര്യം ഫേസ്ബുക്കില്‍ അറിയിച്ചപ്പോള്‍ അതിനുതാഴെ കുറിക്കപ്പെട്ട അഭിപ്രായങ്ങളും എനിക്ക് വന്ന സന്ദേശങ്ങളും ഫോണ്‍ കോളുകളും അതാണ് എന്നെ മനസ്സിലാക്കിച്ചത്.

അമേരിക്കയില്‍ നിന്ന് യാത്ര തിരിക്കുന്നതിന് മുമ്പുതന്നെ പൊതുജനാരോഗ്യരംഗത്ത് താല്പര്യമുള്ളവരുടെ ഒരു ആഗോള കൂട്ടായ്മ ഞാന്‍ ഉണ്ടാക്കിയിരുന്നു. മുഖ്യമായും മലയാളികളാണ് അതില്‍. സ്വന്തം മേഖലകളില്‍ ആഗോള പ്രശസ്തരായ പലരും അതിലുണ്ട്. വിവിധ രാജ്യങ്ങളില്‍ ജീവിക്കുന്നവര്‍. ഈ പ്രതിസന്ധി ഘട്ടത്തിലും തുടര്‍ന്നും കേരളത്തിന്, പ്രത്യേകിച്ച് ആരോഗ്യരംഗത്തിന്, പിന്തുണ നല്‍കാന്‍ കഴിയുന്ന ഒരു വലിയ സംഘം. ഈ സംഘത്തില്‍ ഡോക്ടര്‍മാരും, യു.എന്‍. ഉദ്യോഗസ്ഥരും ലോകാരോഗ്യ സംഘടനയിലെ വിദഗ്ദ്ധരും ഒക്കെയുണ്ട്. ഞങ്ങള്‍ ആരോഗ്യവകുപ്പുമായും ഐ.എം.എ. യുമായും ഒക്കെ ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു. നിശബ്ദമായും പിന്നണിയില്‍ നിന്നും പ്രവര്‍ത്തിക്കാനാഗ്രഹിക്കുന്നവരാണ് ഇതില്‍ അധികവും. എങ്കിലും വരുന്ന ദിവസങ്ങളില്‍ അവരില്‍ പലരും നിങ്ങളുമായി സംവദിക്കാനുള്ള അവസരം ഉണ്ടാക്കാന്‍ ശ്രമിക്കാം.

എന്നെപ്പോലെ ഒരുപാടുപേര്‍ നാട്ടിലേയ്ക്ക് വന്നിട്ടുണ്ട്. ജോലിയിലെ ഉത്തരവാദിത്തങ്ങള്‍ കാരണം വരാന്‍ കഴിയാതെ വിഷമിക്കുന്ന ഒരുപാട് പ്രവാസികള്‍ ഉണ്ട്. അവരുടെയും കൂടി പ്രതിനിധികളായാണ് ഞാനുള്‍പ്പെടെ നാട്ടില്‍ തിരിച്ചെത്തിയവരെല്ലാം നില്‍ക്കുന്നത്.

വടക്കേ അമേരിക്കയിലെ മലയാളി ഡോക്ടര്‍മാരുടെ സംഘടനയായ എ.കെ.എം.ജി. യുടെ പ്രതിനിധിയായിക്കൂടിയാണ് ഞാന്‍ വന്നിരിക്കുന്നത്. എ.കെ.എം.ജി.യുടെ നേതൃത്വത്തില്‍ അമേരിക്കയിലും കാനഡയിലുമൊക്കെ കേരളത്തിനായി ധനസമാഹരണവും നടക്കുന്നുണ്ട്.

മുന്‍പൊരിക്കലും കണ്ടു പരിചയമില്ലാത്ത ദുരന്തമാണ് നമ്മള്‍ അനുഭവിച്ചത്. എന്നാല്‍ ഈ ദുരന്തം ചില നല്ല അനുഭവങ്ങളും നല്‍കി. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരു ഹെലികോപ്റ്ററില്‍ ഇരിക്കുന്നത് നമ്മള്‍ കണ്ടു. ഇന്ന് പാലക്കാട്ടെ ദുരിതാശ്വാസ ക്യാംപില്‍ ഓണം ഉണ്ണാന്‍ പാര്‍ലമെന്‍റ് അംഗം രാജേഷും നിയമസഭാം ഷാഫിയും ഒരുമിച്ചാണെത്തിയത്. ഈ യോജിപ്പ് ഒരു നല്ല തുടക്കമാണ്. പൊതുവായ കാര്യങ്ങളില്‍ ഈ കൂട്ടായ്മ ഇനിയും തുടരണം.

ഒരാഴ്ച ഫേസ്ബുക്കില്‍ എഴുതിയില്ലെങ്കിലും മറ്റുള്ള എഴുത്തുകള്‍ കാണുന്നുണ്ടായിരുന്നു. ആരോഗ്യരംഗത്തെ ചില സുഹൃത്തുക്കളും മുരളി തുമ്മാരുകുടിയേപ്പോലുള്ളവരും എഴുതുന്ന പ്രയോജനകരമായ ലേഖനങ്ങള്‍ കൂടുതല്‍ പ്രചരിപ്പിക്കാനും ശ്രമിച്ചിരുന്നു. മുരളിയുള്‍പ്പെടെ പല പ്രമുഖരുമായും കൂടിക്കാഴ്ചയും നടത്തി.

ഞാന്‍ വന്നിറങ്ങിയ നിമിഷം മുതല്‍ മൈത്രേയന്‍ ചേട്ടന്‍ എന്റെയൊപ്പമുണ്ട്. ഈ നിമിഷവും. അദ്ദേഹം പകര്‍ന്നു നല്‍കുന്ന അറിവും തിരിച്ചറിവും ഊര്‍ജ്ജവും വിലമതിക്കാനാകാത്തതാണു്.

ചിത്രം: ചെങ്ങന്നൂരിലെ ഒരു ദുരിതാശ്വാസ ക്യാമ്പില്‍ നിന്നാണ് ഇത് പകര്‍ത്തിയത്. പ്രശ്ങ്ങള്‍ക്കിടയില്‍ എല്ലാം മറന്ന് സെല്‍ ഫോണില്‍ കളിക്കുന്ന കുട്ടിയാണ് ചിത്രത്തില്‍. മുതിര്‍ന്നവര്‍ക്കും ഇതൊക്കെ ബാധകമാണ്. അവരുടെയും മാനസിക ഉല്ലാസത്തിനും തിരിച്ചുവരവിനും സംവിധാനങ്ങള്‍ ഉണ്ടാക്കേണ്ടിയിരിക്കുന്നു. ആ വിഷയത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് പറയാം.
ഞാനിവിടെയുണ്ട്......ദേ ഇവിടെ (ഡോ: എസ്. എസ്. ലാല്‍)
Join WhatsApp News
വിദ്യാധരൻ 2018-08-26 16:45:44
വരണം ഞങ്ങടെ നാടിനു നന്മ 
സംശയം ഇല്ലതിൽ അണുപോലും 
തിരക്കാണെന്നറിയാം എങ്കിലും 
തിരക്കി നോക്കണമങ്ങൊരുകാര്യം
മനുഷ്യരവിടെ പട്ടിണിയാൽ രോഗത്താൽ 
മരിച്ചു വീഴും നേരം നേതാക്കൾ  
പണത്തിനെന്തിന് യാചിപ്പൂ
ഉണ്ടാനാട്ടിൽ പണവുംപണ്ഡവും  
കുഴിച്ചു നോക്കാൻ പറയേണം
ശ്രീകോവിലുകളിൽ അൾത്താരകളിൽ 
അവയുടെ അടിയിൽ പൂട്ടിവച്ച നിലവറയിൽ 
ശതകോടികളുടെ പണവും പണ്ഡവും 
പൂത്തിവച്ചു തെണ്ടുന്നു 
അഴുമതിവീരർ അവരെ താങ്ങും കള്ളന്മാർ 
ഉണ്ടെന്നറിയാം അങ്ങവിടുന്നറിയാം
എന്നാൽ നിങ്ങൾ മറന്നീടല്ലേ 
ഞങ്ങടെ സംശയ നിവർത്തി വരുത്തീടാൻ 
ആര്‍ക്കുവേണ്ടി? 2018-08-26 21:13:35

Eternity is continuous like a flowing river. Nothing is Eternal or Permanent. what we assume as permanent is an illusion. It is in change, in motion; right before our eyes deceiving us or we are not yet capable of absorbing and conceiving the pattern of change.
The Earth, the Solar system, the Galaxy, the Milky Way, the known Universe, the Unknown Universe all are in perpetual change. the Earth and Solar system along with the rest of the Universe may explode or get absorbed into Black holes. But that is not the End, we too, along with the 'dust' of the Earth will be in the ever recycling/reincarnation process of Eternity.

So, Rejoice. We are eternal. But we should tell these to the rest of the Society & to our children. Do not try to fool them with fantasy- the man-made foolishness of Heaven, Hell, Angels & a god coming down to save us.

andrew

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക