Image

സര്‍ക്കാര്‍ ആനുകൂല്യം പറ്റിയവര്‍ക്ക് പൗരത്വം നല്‍കാതിരിക്കാന്‍ നിര്‍ദേശങ്ങള്‍ വീണ്ടും ചര്‍ച്ചയായി

Published on 27 August, 2018
സര്‍ക്കാര്‍ ആനുകൂല്യം പറ്റിയവര്‍ക്ക് പൗരത്വം  നല്‍കാതിരിക്കാന്‍ നിര്‍ദേശങ്ങള്‍ വീണ്ടും ചര്‍ച്ചയായി
പൗരത്വം റദ്ദാക്കാന്‍ മാത്രമല്ല സര്‍ക്കാര്‍ ആനുകൂല്യം പറ്റിയവര്‍ക്കു പൗരത്വം നല്‍കാതിരിക്കാനും ട്രമ്പ് ഭരണകൂടം ആലോചിക്കുന്നു. ഇതു സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ വീണ്ടും സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്നു. എന്തായാലും അന്തിമ തീരുമാനമൊന്നും ആയിട്ടില്ല.

ഇക്കാര്യം ട്രമ്പ് ഭരണമേറ്റെടുത്തപ്പോള്‍ മുതല്‍ ചര്‍ച്ചാവിഷയമായിരുന്നു. അതു സംബന്ധിച്ച ചര്‍ച്ച ശക്തിപ്പെട്ടതോടെ സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ വാങ്ങുന്നത് പലരും നിര്‍ത്തലാക്കിയതായി ന്യൂയോര്‍ക്ക് ടൈംസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഫുഡ് സ്റ്റാമ്പ്, പബ്ലിക് ഹൗസിംഗ്, മെഡി കെയര്‍ തുടങ്ങിയ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നവര്‍ക്ക് പൗരത്വത്തിനു അര്‍ഹത നഷ്ടപ്പെടുമെന്ന തരത്തിലാണ് നിര്‍ദേശങ്ങള്‍. എന്നാല്‍ മുന്‍കാലത്ത് ഇത് വാങ്ങിയവര്‍ക്ക് പ്രശ്നമുണ്ടാവില്ല.

അമേരിക്കയില്‍ വരുന്നവരും ഇവിടെയുള്ളവര്‍ ഇമിഗ്രേഷന്‍ സ്റ്റാറ്റസ് മാറ്റുമ്പോഴും അവര്‍ പൊതു ഖജനാവിന് ബാധ്യതയാവില്ല എന്നു ഉറപ്പുവരുത്തണമെന്നനിലപാടിലാണു ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ്സ് സെക്യൂരിറ്റി മുന്നോട്ടുപോകുന്നത്.

ഒബാമ കെയര്‍ പ്രകാരം കുറഞ്ഞ നിരക്കിലുള്ള (സര്‍ക്കാര്‍ സബ്സിഡിയുള്ള) ഹെല്ത്ത് കെയര്‍ ആനുകൂല്യം നേടിയിട്ടുണ്ടെങ്കിലും അയോഗ്യത കല്‍പിക്കാം.

ഇവിടെ ജനിച്ച മക്കളുണ്ടെങ്കിലും സര്‍ക്കാര്‍ സഹായം നേടിയിട്ടുണ്ടെങ്കില്‍ പൗരത്വം ലഭിക്കില്ല എന്നും നിര്‍ദേശമുണ്ട്. കുട്ടിക്ക് പൗരത്വം ഉണ്ടാവില്ല എന്ന രീതിയിലാണ് നിര്‍ദേശം.

ഗ്രീന്‍ കാര്‍ഡിനു അപേക്ഷിന്നയാളുടെ പ്രായം, ആരോഗ്യം, ജോലി ചെയ്യാനുള്ള കഴിവ്, സാമ്പത്തിക സ്ഥിതി എന്നിവ കൂടി പരിഗണിക്കാനും ഹോംലാന്‍ഡ്സ് സെക്യൂരിറ്റി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയേക്കും. വിലകൂടിയ മരുന്നും ചികിത്സയും വേണ്ടവര്‍ക്ക് സ്വന്തമായി അതിനു കഴിവില്ലെങ്കില്‍ അവര്‍ക്കും പൗരത്വം നിഷേധിക്കാം.

എന്നാല്‍ സ്‌കൂളില്‍ നിന്നു സൗജന്യ ഉച്ചഭക്ഷണം കഴിച്ചതോ, പബ്ലിക് സ്‌കൂളില്‍ പഠിച്ചതോ, കുത്തിവെയ്പുകള്‍ നടത്തിയതോ ഒന്നും 'പബ്ലിക് ചാര്‍ജ്' ആയി കണക്കിലെടുക്കില്ല. ഫെഡറല്‍ സ്റ്റുഡന്റ്സ് ലോണ്‍ എടുത്തതും മറ്റും അയോഗ്യതയ്ക്ക് കാരണമാകുമോ എന്നു വ്യക്തമല്ല.

ക്രെഡിറ്റ് ചെക്ക്, മെഡിക്കല്‍ പരിശോധന എന്നിവയൊക്കെ നോക്കിയ ശേഷമാകാം ഗ്രീന്‍ കാര്‍ഡും പൗരത്വവുമൊക്കെ നല്‍കുക. പ്രായം, ആരോഗ്യം, വിദ്യാഭ്യാസ നിലവാരം, ജോലി ചെയ്യാനുള്ള കഴിവ്, സാമ്പത്തിക സ്ഥിതി എന്നിവയൊക്കെ പൗരത്വത്തിനും ഗ്രീന്‍ കാര്‍ഡിനും പരിശോധിക്കുമെന്നും കരട് രേഖയില്‍ പറയുന്നു.

കരട് രേഖ ചോര്‍ന്നത് മാര്‍ച്ചില്‍ ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ചിരുന്നു. പല കുടിയേറ്റക്കാരും അതോടെ ആനുകൂല്യം ലഭിക്കുന്നത് നിര്‍ത്തിയെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇങ്ങനെ ഫുഡ് സ്റ്റാമ്പ്, ഹെല്ത്ത് കെയര്‍ തുടങ്ങിയവ ഒഴിവാക്കുന്നത് പലര്‍ക്കും വലിയ വിഷമത സൃഷ്ടിക്കുന്നു.

എന്തായാലും ഇതെല്ലാം കരട് നിര്‍ദേശങ്ങളാണ്. നടപ്പിലാക്കുന്നതുവരെ പേടിക്കാനില്ല. നടപ്പിലാക്കുമെന്ന് ഉറപ്പുമില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക