Image

പ്രളയം കഴിഞ്ഞു - ചെളി വാരിയെറിയല്‍ തുടങ്ങി (രാജു മൈലപ്രാ)

രാജു മൈലപ്രാ Published on 27 August, 2018
പ്രളയം കഴിഞ്ഞു - ചെളി വാരിയെറിയല്‍ തുടങ്ങി (രാജു മൈലപ്രാ)
ഉള്ളില്‍ ഭയാശങ്കകളുടെ കനലെരിയുമ്പോഴും, മുഖത്തു പുഞ്ചിരിയുടെ പ്രകാശം പരത്തിക്കൊണ്ട് നൃത്തച്ചുവടുകളോടെ, ആട്ടവും പാട്ടും, സദ്യയുമായി അവര്‍ ഓണമാഘോഷിച്ചു. അവിടെ മതങ്ങളുടെ മതിലുകളില്ല, മുള്ളുവേലികളില്ല, ഹിന്ദുവില്ല, മുസല്‍മാനില്ല, ക്രിസ്ത്യാനിയില്ല. മാനുഷ്യരെല്ലാരും ഒന്നു പോലെ. അങ്ങിനെ ഒരു ദിവസത്തേക്കെങ്കില്‍, ഒരു ദിവസത്തേക്ക് കേരളം വീണ്ടും മാവേലിനാടായി. പ്രളയക്കെടുതിയില്‍ ദുരിതത്തിലായി, അഭായാര്‍ത്ഥി ക്യാമ്പുകളില്‍ അഭയം തേടിയെത്തിയ ഹതഭാഗ്യരായ ആളുകളായിരുന്നു അവര്‍!

പാതിരാത്രിയുടെ നിശബ്ദതയേ ഭേദിച്ചു കൊണ്ട്, മലവെള്ളപ്പാച്ചില്‍ മലയാളികളുടെ വീടുകളിലേക്കും, നെഞ്ചിലേക്കും ഇരച്ചു കയറി. ഒരു ആയുസിന്റെ സ്വപ്നങ്ങളും, സമ്പാദ്യങ്ങളും അവരുടെ കണ്‍മുന്‍പിലൂടെ ഒലിച്ചു പോകുന്നത് അവര്‍ നിസ്സഹായതയോടു കൂടി നോക്കി നിന്നു. മണ്ണുമാന്തിയും, മലയിടിച്ചും, പാടം നികത്തിയും, പാറപൊട്ടിച്ചും ഭൂമിയുടെ നെഞ്ചു പിളര്‍ന്ന മനുഷ്യനോടു പ്രകൃതി നടത്തിയ മധുരപ്രതികാരം.

കിഴക്കുവെള്ളം പൊങ്ങിയെന്നു കേട്ടപ്പോള്‍ മനസു പിടഞ്ഞത് ഇങ്ങു പടിഞ്ഞാറാണ്. കറുത്തമ്മയും, പരീക്കുട്ടിയും, പളനിയും മാത്രമാണ് മുക്കുവന്റെ മുഖമെന്നു കരുതിയിരുന്ന മലയാളികള്‍ മുക്കുവന്റെ മറ്റൊരു മുഖം കണ്ടു.

വെള്ളപ്പൊക്കത്തില്‍ അടിമുടി മുങ്ങിപ്പോയ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിയത് എഴുപതിനായരിത്തോളം ജീവന്‍!

കടലാഴങ്ങളില്‍ വലയെറിയുന്നതു പോലെ അവര്‍ അനേകായിരങ്ങളെ കൈപിടിച്ചു കൊണ്ടുവന്നു. ലക്കും ലഗാനുമില്ലാതെ കുത്തിയൊഴുകുന്ന പ്രളയ ജലത്തില്‍ മുങ്ങിത്താഴ്ന്നു മരണം കാത്തുകിടന്നവര്‍ ജീവിതത്തിന്റെ കരയിലേക്കു കണ്ണു തുറന്നു. ദുരന്ത മുഖത്തു പങ്കായം കൊണ്ടവര്‍ പുതു ചരിത്രമെഴുതി. പ്രളയം മുക്കിപ്പിടിച്ച കേരളത്തെ കൈക്കുമ്പിളില്‍ കോരിയെടുത്തു കരയ്ക്കു വച്ച മത്സ്യത്തൊഴിലാളികള്‍ക്ക് നാടു പുതിയൊരു പേരു ചാര്‍ത്തി: നാടിന്റെ സൈനികര്‍.

അവര്‍ രക്ഷപ്പെടുത്തിയ ചിലയാളുകളുടെ കഥകേട്ടാല്‍ നമ്മളുടെ തലനരച്ചു പോകും. ചെങ്ങന്നുര്‍ പാണ്ടനാട് ഇല്ലിമല പാലത്തിനടുത്തെ വീടിന്റെ മുകള്‍ നിലയിലെ കട്ടില്‍ ഒഴുകിപ്പോകാതിരിക്കുവാന്‍ ശരീരം തളര്‍ന്നു, ഏതു നിമിഷവും പ്രളയം ജീവനെടുക്കാമെന്ന പേടിയില്‍ അനങ്ങാന്‍ പോലുമാകാതെ കിടക്കുന്ന ഒരു വൃദ്ധന്‍. ആ വീട്ടിലെ സ്ത്രീകളെയും കുട്ടികളേയും, തലേന്ന്  നാട്ടുകാര്‍ ചങ്ങാടം കെട്ടി രക്ഷപ്പെടുത്തി.

ആ വയോധികനെ താങ്ങിയെടുക്കുവാന്‍ നാലു പേരു വേണം. പ്ലാസ്റ്റിക് കസേര സംഘടിപ്പിച്ചു ആളെ അതിലിരുത്തി ചുമന്നു താഴെ വള്ളത്തിലെത്തിച്ചു. അവിടെ നിന്നും ആംബുലന്‍സില്‍ ആശുപത്രിയിലേക്കും.

പ്രളയദുരിതത്തില്‍ സൈന്യമെന്നപോല്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ അവര്‍ ഇന്നു വെറും മീന്‍പിടുത്തക്കാരല്ല. അവരാല്‍ രക്ഷപ്പെട്ട എഴുപതിനായിരത്തോളം ആളുകളുടെ പ്രാര്‍ത്ഥന അവര്‍ക്കു തുണയായുണ്ട്. ആ പ്രാര്‍ത്ഥനയുടെ ശക്തിയില്‍, ഇനി കടലിന്റെ മക്കളുടെ വല സ്വര്‍ണ്ണ മത്സ്യങ്ങള്‍ കൊണ്ടു നിറയട്ടെ! പ്രതിഫലേഛയില്ലാത്ത അവരുടെ പ്രവര്‍ത്തനത്തിനു സ്രാഷ്ടാംഗ പ്രണാമം.

കേരളത്തിലെ ജനസംഖ്യയുടെ നാലു ശതമാനം ആളുകള്‍ വീടും  കുടിയും നഷ്ടപ്പെട്ട് അഭയ കേന്ദ്രങ്ങളില്‍ താമസിക്കുമ്പോള്‍ മലയാളി മനസും മടിശ്ശീലയും തുറന്നു. അഭയാര്‍ത്ഥികളുടെ ആവശ്യം കണ്ടെത്തി വ്യക്തികളും, സംഘടനകളും പുറത്തുനിന്നുള്ള ധനസഹായം കാത്തിരിക്കാതെ, സ്വന്തം പോക്കറ്റില്‍ നിന്നും പണം ചിലവാക്കി സാമഗ്രികള്‍ സംഘടിപ്പിച്ചു. നടന്നത് മനുഷ്യത്വത്തിന്റെ മഹാപ്രകടനമായിരുന്നു.

ഈ മഹാദുരന്തത്തിനിടയിലും രാഷ്ട്രീയക്കാര്‍ അവരുടെ വികൃതമുഖം പുറത്തെടുത്തു. ഒരുമിച്ചുനിന്ന് ഇതിനൊരു പരിഹാരം കാണേണ്ടതിനു പകരം, അവര്‍ ചാനല്‍ ചര്‍ച്ചകളിലൂടെ പരസ്പരം പഴിചാരി ചെളി വാരിയെറിഞ്ഞു.

അഭയാര്‍ത്തി ക്യാമ്പുകളിലേക്കെത്തിയ വിലപിടിപ്പുള്ള സാധനങ്ങള്‍ എല്ലാം അവര്‍ സ്വന്തം വീടുകളിലേക്കും, പാര്‍ട്ടി ഓഫീസിന്റെ ഗോഡൗണുകളിലേക്കും അടിച്ചുമാറ്റി. ഇതുപോലെയൊരു നാണം കെട്ട വര്‍ഗ്ഗം. ഇവരെ വിളിക്കുവാന്‍ പറ്റിയൊരു പേര് എനിക്കു നല്‍കാന്‍ കഴിയാത്ത മലയാളമേ, നിനക്കു വാക്കുകള്‍ക്ക് ഇത്ര ദാരിദ്ര്യമോ?

അമേരിക്കന്‍ സംഘടനകളും പണം സ്വരൂപിക്കുന്നു എന്നു വായിച്ചറിഞ്ഞു. ചിലര്‍ ഓണമുണ്ടും, ചിലര്‍ ഉണ്ണാവ്രതമെടുത്തും സഹായം എത്തിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. പതിനായിരം ഡോളര്‍ പിരിച്ച്, പത്തുപേര്‍ അതുമായി ഇവിടെ വന്ന്, പത്രക്കാരെ വിളിച്ച് പടമെടുപ്പിച്ചിട്ട് അതു കൈമാറുന്ന രംഗം ഒന്നും ദയവായി ആവര്‍ത്തിച്ച് ഞങ്ങളെ വീണ്ടും വീണ്ടും നാറ്റിക്കരുത് എന്നൊരു അപേക്ഷ.

ഇതിനിടെ അഡ്വക്കേറ്റ് ജയശങ്കര്‍ ഫൊക്കാനായെപ്പറ്റി എന്തോ പറഞ്ഞുവെന്നു പറഞ്ഞ് പാപ്പാന്മാരെല്ലാം കലിതുള്ളിരിക്കുകയാണ്. അങ്ങേരു ക്ഷമ പറയണം പോല്‍, അങ്ങേരുടെ പട്ടി പറയും ക്ഷമ.

ആ പരാമര്‍ശത്തെ തൊടാതെ വിട്ടിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനേ എന്ന് വായനക്കാരുടെ പ്രതികരണങ്ങള്‍ വായിച്ചപ്പോള്‍ തോന്നിപ്പോയി. നാണക്കേട് ചോദിച്ചു വാങ്ങുകയെന്നുള്ളത് ചിലരുടെ ഒരു വിനോദമാണ്.

ഒരു സംഘടനയുടേയും പിന്‍ബലമില്ലാതെ ലക്ഷക്കണക്കിനു ഡോളര്‍ സമാഹരിച്ച ചിക്കാഗോയിലെ ചെറുപ്പക്കാര്‍ക്ക് ഒരു ബിഗ് സല്യൂട്ട്! അന്‍പതു കഴിഞ്ഞ നാടന്‍ ചെറുപ്പക്കാരെയല്ലാതെ, തലയില്‍ ആളുതാമസമുള്ള ചെറുപ്പക്കാരൊന്നും, എന്തേ, ഫൊക്കാന, ഫോമാ, തുടങ്ങിയ സംഘടിനകളിലേക്കു വരാത്തത്. 
വെറുതേ ഒന്നു ചിന്തിച്ചതാ. 
ഒരു കാര്യവുമില്ല.
Join WhatsApp News
ചെളി 2018-08-27 20:53:01
ചെളി വാരിയെറിയൽ പലവിധം.

ഈ കൊല്ലം ഓണം ആഘോഷിക്കുന്നില്ലായെന്ന് പറഞ്ഞവർക്കായി പുതിയ ഓഫറുകളുമായി ഇറങ്ങിയിട്ടുണ്ട് കുറെയെണ്ണം. ഒന്നെടുത്തൽ മറ്റൊന്ന് ഫ്രീ. ഒരു ടിക്കറ്റിൽ രണ്ടാൾക്ക് പ്രവേശനം.

ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ ധാരാളമുണ്ട്. തിരിച്ചറിയാൻ മലയാളികൾക്ക് കഴിവും ഉണ്ട്. 
വിദ്യാധരൻ 2018-08-27 20:55:19
ചരിത്രത്തിൻ ഏടുകൾ മറിച്ചു നോക്കു 
അവിടെല്ലാം കാണാം അടിച്ചുമാറ്റൽ
നൂറ്റാണ്ടുകളായി ഭരണവർഗ്ഗം 
അടിച്ചുമാറ്റൽ തുടങ്ങിയിട്ട് 
ശ്രീപത്മനാഭ ക്ഷേത്രത്തിൻ നിലവറയിൽ
അവിടെയ്ക്കൊന്നു  കടന്നു ചെല്ലൂ 
അവിടെ കിടക്കുന്ന സ്വർണ്ണപണ്ഡം  കണ്ട് 
ഒരു പക്ഷെ നിങ്ങൾ ബോധരഹിതനാകും 
35000 കോടിരൂപ നഷ്ടവുമായി 
കേരളം ഇരിക്കുന്നിരുണ്ട ഭാവിയുമായി
ആനവായിൽ അമ്പഴങ്ങപോലെത്തുന്നു 
പണം മലയാളി വസിക്കും ദിക്കിൽ നിന്നും 
"അണ്ണാൻകുഞ്ഞും തന്നാലായതെന്ന്
പറയും ഇപ്പോൾ  നിങ്ങളെന്നെനിക്കറിയാം 
പല തലമുറ അണ്ണാൻ കുഞ്ഞുങ്ങൾ ചേർന്നന്നാലും 
കേരളത്തെ പുനർനിർമ്മിക്കാൻ സാദ്യമല്ല
സാധ്യത ഒന്നുമാത്രമേയുള്ളൂ 
തിരികെ പിടിക്കണം കൊള്ളയടിച്ച സ്വർണ്ണ പണ്ഡമൊക്കെ
ഇത് പറയുമ്പോൾ ചിലർക്കൊക്കെ 
അടിമുടി ചൊരിഞ്ഞുകേറും 
അവർ പറയുന്നതസാദ്യമെന്നു 
ഉരുൾപൊട്ടി വന്ന പ്രളയം നമ്മെ 
ഒരുജാതിയാക്കി മാറ്റിയില്ലേ ?
ജാതിമതരാഷ്ട്രീയ ചിന്ത മാറ്റി 
ഒരുമിച്ചു നില്ക്കുകിൽ കേരളത്തെ 
പുനർനിർമ്മിക്കാം അവിടം സ്വർഗ്ഗമാക്കാം 
ജനങ്ങൾ ഒന്നായി നിന്നീടുകിൽ 
തുറന്നിടും തുറക്കാത്തയേതു നിലവറയും
ഇത് പറയുമ്പോൾ ചിലരുമെന്നെ 
ചെളിവാരിയെറിയുന്നു നിഷ്ക്കരുണം 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക