Image

ദുരിതബാധിതരെ ചൂഷണം ചെയ്യുന്നവര്‍ (മൊയ്തീന്‍ പുത്തന്‍ചിറ)

മൊയ്തീന്‍ പുത്തന്‍ചിറ Published on 29 August, 2018
ദുരിതബാധിതരെ ചൂഷണം ചെയ്യുന്നവര്‍  (മൊയ്തീന്‍ പുത്തന്‍ചിറ)
1924ലെ (99ലെ) വെള്ളപ്പൊക്കത്തിനുശേഷം ചരിത്ര രേഖകളില്‍ എഴുതിച്ചേര്‍ക്കാവുന്ന മറ്റൊരു മഹാപ്രളയത്തിനാണ് കേരളം ഇപ്പോള്‍ സാക്ഷ്യം വഹിച്ചത്. നൂറ്റാണ്ടിനുശേഷം കേരളത്തിന്റെ ഒരു ഭാഗം കശക്കിയെറിഞ്ഞ ഈ പ്രളയത്തിന് പക്ഷെ ഓമനപ്പേരുകളൊന്നും കൊടുത്തതായി കേട്ടില്ല. അമേരിക്കയിലായിരുന്നെങ്കില്‍ എന്തെങ്കിലുമൊക്കെ ഒരു പേര് ഈ പ്രളയത്തോടൊപ്പം കാണുമായിരുന്നു, കേള്‍ക്കാന്‍ സുഖമുള്ള പേര്. ഈ പ്രളയം കൊണ്ട് നേട്ടമാണോ കോട്ടമാണോ കേരളത്തിനുണ്ടായതെന്ന് ചോദിച്ചാല്‍ നേട്ടമാണെന്നേ പറയാന്‍ കഴിയൂ. കാരണം, വീടുകളടക്കം വിലപിടിപ്പുള്ള സര്‍വ്വതും പലര്‍ക്കും നഷ്ടപ്പെട്ടെങ്കിലും കേരളീയരുടെ മനസ്സ് ഒരു ശുദ്ധികലശം ചെയ്തതുതന്നെയാണ് മഹാ നേട്ടമായത്. ആ നേട്ടം ശാശ്വതമായി നിലനില്‍ക്കട്ടേ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.

ജാതി, മത, വര്‍ഗ, വര്‍ണ, വിവേചനമില്ലാതെ മനുഷ്യന്‍ ഒന്ന് എന്ന സാര്‍വലൗകികതയാണ് മാനവികതയുടെ കാതല്‍ എന്ന് കേരളീയര്‍ക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ ഒരു മഹാപ്രളയം തന്നെ വേണ്ടിവന്നു. കൂടാതെ സ്‌നേഹവും സൗഹൃദവും സേവന സന്നദ്ധതയും മാത്രമല്ല, നന്മയും നീതിയും കാരുണ്യവും എന്താണെന്നും കേരളീയര്‍ പഠിച്ചു. ആ വിലമതിക്കാനാവാത്ത നേട്ടമല്ലേ ഈ പ്രളയം കൊണ്ട് കേരളീയര്‍ക്ക് ലഭിച്ചത്. പണ്ഡിതനും, പാമരനും, ധനികനും, ദരിദ്രനുമെല്ലാം ഒരുമിച്ച് ഭക്ഷണം പാകം ചെയ്ത് ഒരുമിച്ച് കഴിച്ച് ഒരേ കൂരക്കീഴില്‍ അന്തിയുറങ്ങിയത് ഒരു അത്ഭുത പ്രതിഭാസമല്ലാതെ മറ്റെന്താണ്. അതുകൊണ്ടാണ് ഈ പ്രളയം കോട്ടമല്ല നേട്ടമാണ് ഉണ്ടാക്കിയതെന്ന് പറഞ്ഞത്.

'കണ്ണു തെറ്റിയാല്‍ അടിവസ്ത്രം വരെ അടിച്ചു മാറ്റും' എന്ന് പണ്ട് പ്രവാസി മലയാളികള്‍ പറഞ്ഞിരുന്നു. കൃത്യമായി പറഞ്ഞാല്‍ കൊച്ചി വിമാനത്താവളത്തിന്റെ ആരംഭ കാലത്ത് ഗള്‍ഫില്‍ നിന്ന് വരുന്ന മലയാളികളെ കൊള്ളയടിച്ച കസ്റ്റംസുകാരെക്കുറിച്ചാണ്. അക്കാലത്ത് ഗള്‍ഫില്‍ നിന്ന് വരുന്ന ആരേയും ആക്രാന്തം മൂത്ത കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വെറുതെ വിടുമായിരുന്നില്ല. യാത്രക്കാരുടെ പെട്ടി തുറന്ന് അതിലുള്ള സാധനങ്ങളില്‍ പകുതിയും അവര്‍ അടിച്ചു മാറ്റിയിരുന്നു. എതിര്‍ക്കുന്നവരെ ഡ്യൂട്ടിയടിക്കുമെന്ന് പറഞ്ഞ് വിരട്ടിയാണ് അവരത് ചെയ്തിരുന്നതെന്ന് കേട്ടിട്ടുണ്ട്. അങ്ങനെയാണ് കസ്റ്റംസുകാര്‍ക്ക് 'അടിവസ്ത്രം വരെ അടിച്ചു മാറ്റുന്നവര്‍' എന്ന പേരു വീണത്. ഏതാണ്ട് അതുപോലെ തന്നെയാണ് ഇപ്പോള്‍ കേരളത്തിലും നടക്കുന്നത്. ഇവിടെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് കൊണ്ടുവരുന്ന വസ്ത്രങ്ങളില്‍ സ്ത്രീകളുടെ അടിവസ്ത്രം വരെ അടിച്ചു മാറ്റിയവരെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.

പ്രളയം കൊണ്ട് നേട്ടം കൊയ്തത് ആരൊക്കെ എന്നു ചോദിച്ചാല്‍ ആദ്യത്തെ പേരുകള്‍ വരുന്നത് ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് ജനങ്ങള്‍ എത്തിച്ച വസ്ത്രങ്ങളും മറ്റു നിത്യോപയോഗ സാധനങ്ങളും മോഷ്ടിക്കാന്‍ വന്ന ചില പാര്‍ട്ടി പ്രവര്‍ത്തകരുടേയും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും ഏതാനും ചില പോലീസ് ഉദ്യോഗസ്ഥരുടേതുമാണ്. രണ്ടാമതായി വിമാനക്കമ്പനികളാണ്. കൂടാതെ അവശ്യസാധനങ്ങള്‍ക്ക് ഒറ്റയടിക്ക് വിലകൂട്ടി വിറ്റ ചില കടയുടമകളും. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കൊണ്ടുവരുന്ന സാധനങ്ങള്‍ മോഷണം നടത്തുന്നതു കൂടാതെ പാര്‍ട്ടിയുടെ പേരില്‍ കടകള്‍ കൊള്ളയടിക്കുന്ന മറ്റൊരു വിഭാഗവും നിരവധി സ്ഥലങ്ങളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കേരളം ഒന്നടങ്കം ഏറ്റവും വലിയ ദുന്തത്തെ നേരിടുമ്പോഴാണ് മനഃസ്സാക്ഷിക്ക് നിരക്കാത്ത ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ഉത്തരവാദപ്പെട്ട ചിലരില്‍ നിന്നുണ്ടായത്. പരാതികള്‍ ലഭിച്ചപ്പോള്‍ ചൂഷകരായ ചിലര്‍ക്ക് മുന്നറിയുപ്പുമായി കേരളാ പൊലീസും രംഗത്ത് വന്നെങ്കിലും പിന്നീട് അവരില്‍ തന്നെ ചിലര്‍ ക്യാമ്പിലേക്ക് കൊണ്ടുവന്ന സാധന സാമഗ്രികളില്‍ കൈയ്യിട്ടു വാരാന്‍ തുടങ്ങി. പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന്റെ അവസ്ഥ മുതലാക്കി ചില ഹോട്ടലുകളും ചൂഷണം ചെയ്തതായി വാര്‍ത്തകള്‍ കണ്ടു.

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കൊണ്ടുവരുന്ന സാധനങ്ങളുടെ മോഷണം തടയാന്‍ പോലീസിനെ നിയോഗിച്ചെങ്കിലും 'വേലി തന്നെ വിളവു തിന്നുന്ന' പോലെയായി അവരും. സാധനങ്ങള്‍ അടിച്ചുമാറ്റുന്നതു മാത്രമല്ല, അടിച്ചുമാറ്റുന്നവര്‍ക്ക് കൂട്ടുനില്‍ക്കുകയും ചെയ്തത് പോലീസില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടാന്‍ കാരണമായി. അതോടെ ക്യാമ്പുകളിലുള്ളവര്‍ തന്നെ ജാഗ്രതയോടെ കാവല്‍ നില്‍ക്കുകയും കള്ളന്മാരെ കൈയ്യോടെ പിടികൂടാനും തുടങ്ങി. എന്നാല്‍ ഇങ്ങനെയുള്ള ചൂഷണങ്ങള്‍ തടയാന്‍ നേരിട്ട് ദുരിതാശ്വാസ ക്യാമ്പില്‍ സാധനങ്ങള്‍ എത്തിക്കാതെ ചില പോലീസ് സ്‌റ്റേഷനുകളില്‍ കളക്ഷന്‍ സെന്റര്‍ തുറക്കുവാനുള്ള സംവിധാനമൊരുക്കിയതിന്റെ അടിസ്ഥാനത്തിലാണ് കൊച്ചിയില്‍ കളക്ഷന്‍ സെന്റര്‍ ആരംഭിച്ചത്. അവിടെ നിന്നാണ് സ്ത്രീകള്‍ക്ക് നല്‍കാനായി കൊണ്ടുവന്ന അടിവസ്ത്രങ്ങളും നൈറ്റിയും മറ്റും ഒരു പോലീസുകാരി മോഷ്ടിച്ചത്.

പൊലീസ് സ്‌റ്റേഷനിലെത്തിച്ച സാധനങ്ങള്‍ തരം തിരിച്ച് പായ്ക്ക് ചെയ്യാനായി ചുമതലപ്പെടുത്തിയ സീനിയര്‍ വനിതാ പൊലീസ് ഓഫീസറാണത്രേ സാധനങ്ങള്‍ മോഷ്ടിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു പാക്കിംഗ് തുടങ്ങിയത്. പാക്കറ്റുകളില്‍ പുതിയ* വസ്ത്രങ്ങളാണെന്ന് കണ്ട പോലീസുകാരി തന്റെ ബന്ധുക്കളെ വിളിച്ചുവരുത്തിയാണ് ആറു കാറുകളിലായി സാധനങ്ങള്‍ കടത്തിയത്. ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞത് അവര്‍ അറിഞ്ഞില്ല. സംഭവത്തെക്കുറിച്ച് പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയെന്നും അറിയുന്നു.

*ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വ്യക്തികളും സംഘടനകളും മറ്റും നല്‍കുന്ന സാധനങ്ങള്‍, പ്രത്യേകിച്ച് വസ്ത്രങ്ങള്‍ പുതിയതായിരിക്കണം എന്ന നിബന്ധന വെച്ചത് ഇങ്ങനെ അടിച്ചുമാറ്റാനായിരുന്നു എന്ന് ചില ദോഷൈകദൃക്കുകള്‍ പറഞ്ഞിരുന്നുവെങ്കിലും അത് ശരിയാണെന്ന് ഇപ്പോള്‍ തോന്നുന്നു.

അടുത്തതായി പ്രളയക്കെടുതിയില്‍ നെടുമ്പാശേരി വിമാനത്താവളം അടച്ചതോടെ ഗള്‍ഫ് റൂട്ടുകളില്‍ വിമാനക്കമ്പനികള്‍ നടത്തുന്ന ചൂഷണമാണ്. നെടുമ്പാശേരിയില്‍ നിന്ന് പുറപ്പെടേണ്ട പല ഫ്‌ലൈറ്റുകളും തിരുവനന്തപുരം, കരിപ്പൂര്‍, കോയമ്പത്തൂര്‍ മുതലായ വിമാനത്താവളങ്ങളില്‍ നിന്നാണ് പുറപ്പെട്ടിരുന്നത്. ഓണം ബക്രീദ് മുതലായ ആഘോഷങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്കു മുതലെടുത്താണ് ടിക്കറ്റ് നിരക്ക് 14 ഇരട്ടിയോളമാക്കി വിമാനക്കമ്പനിക്കാര്‍ ചൂഷണം ആരംഭിച്ചത്. കരിപ്പൂരില്‍ നിന്ന് ദുബൈയിലേക്കുള്ള സാധാരണ വിമാന നിരക്കായ 4,500 രൂപയില്‍ നിന്ന് ബക്രീദ് ദിനത്തില്‍ 29,000 രൂപയാക്കിയപ്പോള്‍ തൊട്ടടുത്ത ദിവസങ്ങളിലെല്ലാം അത് 60,000 രൂപയിലധികമാക്കിയാണ് പ്രവാസികളെ വിമാനക്കമ്പനി ചൂഷണം ചെയ്തത്. ഓണം, ബക്രീദ് പ്രമാണിച്ചും പ്രളയക്കെടുതിയാലും നാട്ടിലേക്കു മടങ്ങുന്നവരും നാട്ടില്‍ നിന്ന് ഗള്‍ഫിലേക്കു പോകുന്നവരും വിമാനക്കമ്പനികളുടെ കടുത്ത ചൂഷണത്തിന് ഇരകളാവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓണം, ബക്രീദ്, വിഷു, ക്രിസ്മസ് വേളകളിലും ഗള്‍ഫ് രാജ്യങ്ങളില്‍ സ്‌കൂളുകള്‍ അടയ്ക്കുന്ന സമയത്തുമെല്ലാം വിമാനക്കമ്പനിക്കാര്‍ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടാറുണ്ടെങ്കിലും 60,000 രൂപയ്ക്കു മുകളില്‍ കടക്കുന്നത് ഇതാദ്യമാണെന്നാണ് പ്രവാസികള്‍ പറയുന്നത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ സര്‍വിസ് നിര്‍ത്തിയതാണ് പ്രധാനമായും വിമാനക്കമ്പനികള്‍ മുതലെടുക്കുന്നത്. സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ, ജെറ്റ് എയര്‍വേയ്‌സ്, എയര്‍ ഇന്ത്യ എക്‌സ്പ്രസ് അടക്കമുള്ള കമ്പനികളാണ് നിരക്കു കുത്തനെ കൂട്ടി പ്രവാസികളെ മറ്റൊരു ദുരിതത്തിലേക്ക് തള്ളിവിട്ടതെന്നും പരാതിയുയര്‍ന്നിട്ടുണ്ട്. വിമാനക്കമ്പനികളുടെ ഇത്തരത്തിലുള്ള പകല്‍ക്കൊള്ളയ്‌ക്കെതിരെ പ്രവാസികള്‍ ശബ്ദമുയര്‍ത്താറുണ്ടെങ്കിലും അവയെല്ലാം വൃഥാവിലയാകുകയെന്നാണ് അവര്‍ പറയുന്നത്. ബന്ധപ്പെട്ട അധികൃതരോടും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളോടും നിരന്തരം അഭ്യര്‍ത്ഥിച്ചിട്ടും യാതൊരു പ്രയോജനവുമില്ലെന്നും അവര്‍ പറയുന്നു. ഇപ്പോള്‍ കേരളത്തിലെ പ്രളയക്കെടുതി മുന്നില്‍ കണ്ടുകൊണ്ട് നിരക്കു വര്‍ധിപ്പിക്കരുതെന്ന് വ്യോമയാന മന്ത്രി സുരേഷ് പ്രഭു അഭ്യര്‍ഥിച്ചിരുന്നെങ്കിലും വിമാനക്കമ്പനികള്‍ അതു ചെവിക്കൊണ്ടിട്ടില്ലെന്നു പറയുന്നു. പ്രളയക്കെടുതിയില്‍ കടുത്ത സാമ്പത്തിക, മാനസിക പ്രയാസങ്ങള്‍ അനുഭവിക്കുന്നതിനിടയില്‍ ഇത്തരത്തിലുള്ള ചൂഷണം നടത്തുന്ന വിമാനക്കമ്പനികള്‍ക്കെതിരെ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്.

അടുത്തതായി പൊതുജനങ്ങള്‍ എങ്ങനെ ഈ പ്രളയം ചൂഷണം ചെയ്തു എന്നതാണ്. ഉപയോഗശൂന്യമായ വസ്ത്രങ്ങള്‍ വാരിക്കെട്ടി ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കയച്ചവരെക്കുറിച്ച് ക്യാമ്പ് വൊളണ്ടിയര്‍മാര്‍ പറയുന്നത് സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. അധികൃതര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും തങ്ങളുടെ പഴയ സാധനങ്ങള്‍ ഒഴിവാക്കാനുള്ള അവസരമായി ദുരിതാശ്വാസ ക്യാമ്പുകള്‍ ഉപയോഗിക്കുന്നു എന്ന ആക്ഷേപവും വ്യാപകമാണ്. കൂടാതെ ചില ബിസിനസ് സ്ഥാപനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ക്ക് അയച്ചുകൊടുത്ത സാധനങ്ങള്‍ വര്‍ഷങ്ങള്‍ പഴക്കമുള്ളവയാണെന്നതിനു തെളിവാണ് ആലപ്പുഴ അര്‍ത്തുങ്കല്‍ സെന്റ് ഫ്രാന്‍സിസ് അസീസി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ ലഭിച്ച സാധനങ്ങള്‍. ഇവിടേക്കെത്തിയ സാധനങ്ങളുടെ കൂട്ടത്തില്‍ 30 വര്‍ഷം പഴക്കമുള്ള ടൂത്ത് ബ്രഷ് കൂടി ഉള്‍പ്പെട്ടതാണ് സന്നദ്ധസേവകരെയും അധികൃതരെയും ഒരുപോലെ ആശയക്കുഴപ്പത്തിലാക്കിയത്.

1988 മെയ് മാസത്തില്‍ നിര്‍മ്മിച്ച ടൂത്ത് ബ്രഷിന്റെ വിലയായി രേഖപ്പെടുത്തിയിരിക്കുന്നത് 2.50 രൂപയാണ്. ഇത്രയും പഴക്കമുള്ള സാധനങ്ങള്‍ എങ്ങനെ ക്യാമ്പിലെത്തിയെന്നാണ് ഇപ്പോള്‍ എല്ലാവരുടെയും ചോദ്യം. 'നിങ്ങളുടെ പഴയ സാധനങ്ങള്‍ ഒഴിവാക്കാനുള്ള അവസരമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ കാണരുതെന്നും പുതിയ സാധനങ്ങള്‍ മാത്രമേ സംഭാവന ചെയ്യാവൂ' എന്നും അധികൃതര്‍ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു എന്നു പറയുന്നു. എന്നാല്‍, ഉപയോഗ്യ ശൂന്യമായ വസ്തുക്കളും മുഷിഞ്ഞ വസ്ത്രങ്ങളും നിരവധി പേര്‍ ക്യാമ്പിലേക്ക് ഇപ്പോഴും എത്തിച്ചു കൊണ്ടിരിക്കുന്നു എന്നും, ഇത് സന്നദ്ധപ്രവര്‍ത്തകര്‍ക്കും തലവേദനയായി മാറിയിരുന്നു എന്നും, ആ വക സാധനങ്ങള്‍ മിക്കയിടങ്ങളിലും കുന്നുകൂടി കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

അതിനിടെ ഈ പ്രളയം മനുഷ്യനിര്‍മ്മിതിയാണെന്നും, ദുരന്തനിവാരണ അഥോറിറ്റിയുടെ ജാഗ്രതയില്ലായ്മയാണെന്നും, കെഎസ്ഇബിയുടെ ലാഭക്കൊതിയാണെന്നുമൊക്കെയുള്ള പ്രസ്താവനകള്‍ നിരന്തരം പുറത്തുവന്നുകൊണ്ടിരിക്കുന്നുണ്ട്. പക്ഷെ, ലോകമൊട്ടാകെയുള്ള ജനത ഒറ്റക്കെട്ടായി നിന്ന് കേരളം നേരിട്ട നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ മുന്നോട്ടുവന്നത് ഒരുപക്ഷെ ചരിത്രത്തില്‍ തന്നെ ആദ്യ സംഭവമായിരിക്കാം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ മന്ത്രിസഭാംഗങ്ങളും ഉദ്യോഗസ്ഥരും കാണിക്കുന്ന ശുഷ്‌ക്കാന്തി പ്രശംസനീയം തന്നെ.  പ്രളയക്കെടുതിയിലെ നാശനഷ്ടങ്ങള്‍ എത്ര കോടി വരുമെന്ന കൃത്യമായ ഒരു കണക്കില്ലെങ്കിലും ആ നാശനഷ്ടങ്ങളെ അതിജീവിക്കാന്‍ കഴിയുമെന്ന മുഖ്യമന്ത്രിയുടെ ആത്മധൈര്യമാണ് ജനങ്ങള്‍ക്ക് ശക്തി പകര്‍ന്നത്. നിരന്തരം പത്ര സമ്മേളനങ്ങള്‍ നടത്താനോ ചാനല്‍ ചര്‍ച്ചകളില്‍ സജീവമാകാനോ അവര്‍ നിന്നില്ല. എല്ലാവരും കര്‍മ്മോത്സുകരായി ജനങ്ങളോടൊപ്പം നിന്നതുകൊണ്ട് ജനങ്ങളും അവരോടൊപ്പം ചേര്‍ന്നു. 

ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകളുടെ കണക്ക് ചോദിച്ച് പ്രകോപനം സൃഷ്ടിക്കാനുള്ള ചിലരുടെ ശ്രമങ്ങള്‍ക്ക് മറുപടിയായി മുഖ്യമന്ത്രിയുടെ ഒരു പത്രസമ്മേളനം തന്നെ ധാരാളം. അക്കൗണ്ടിലേക്ക് എത്ര വന്നു, എത്ര ചിലവായി, ഓഖി ദുരന്തത്തില്‍ പെട്ടവര്‍ക്ക് വേണ്ടി ലഭിച്ച പണമൊക്കെ എന്തു ചെയ്തു എന്ന ചോദ്യങ്ങള്‍ക്കെല്ലാം ഇന്നലെ അദ്ദേഹം നടത്തിയ പത്രസമ്മേളനത്തില്‍ കണക്കുകള്‍ നിരത്തി വിവരിച്ചു. ഒന്‍പതുവയസ്സുള്ള കുട്ടികള്‍ മുതല്‍ 90 വയസ്സുകാര്‍ വരെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ അയച്ചു എന്നു കേള്‍ക്കുമ്പോള്‍ 1924ലെ വെള്ളപ്പൊക്കത്തില്‍ നാശനഷ്ടങ്ങള്‍ വന്നപ്പോള്‍ ദുരിത നിവാരണത്തിന് പണം സമാഹരിക്കാന്‍ ഗാന്ധിജി തിരഞ്ഞെടുത്ത മാര്‍ഗമാണ് ഓര്‍മ്മ വന്നത്. ബ്രിട്ടീഷ് ഗവണ്മെന്റുമായി സഹകരിക്കാന്‍ പോലും തയ്യാറായ ഗാന്ധിജി തന്റെ പ്രസിദ്ധീകരണങ്ങളായ യംഗ് ഇന്ത്യ, നവജീവന്‍ തുടങ്ങിയ മാധ്യമങ്ങള്‍ വഴി ജനങ്ങളോട് ആഹ്വാനം ചെയ്തത് രാജ്യത്തെങ്ങുമുള്ള മനുഷ്യസ്‌നേഹികളെ സ്പര്‍ശിച്ചതായി ചരിത്ര രേഖകളിലുണ്ട്. അന്ന് കുട്ടികളടക്കമുള്ളവരാണ് പണം അയച്ച് സഹായിച്ചത്. അദ്ദേഹം സ്വീകരിച്ച പണത്തിന്റെ കണക്ക് സമയാസമയങ്ങളില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. ഇന്നത്തെപ്പോലെ സോഷ്യല്‍ മീഡിയകളോ ചാനലുകളോ പത്രങ്ങളോ ഒന്നും ഇല്ലാതിരുന്ന ആ കാലഘട്ടത്തിലാണ് ഗാന്ധിജി അത് ചെയ്തതെന്നോര്‍ക്കണം. ഗാന്ധിജിയുടെ ആഹ്വാനം കൊച്ചുകുട്ടികളുടെ മനസ്സില്‍ വരെ ആഴത്തില്‍ പതിയുകയും തങ്ങളാല്‍ കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തതായി ചരിത്രമുണ്ട്. പണമായും സ്വര്‍ണ്ണണമായുമൊക്കെയാണത്രേ സംഭാവനകള്‍ ലഭിച്ചത്. പലരും ഒരു ദിവസത്തെ ഭക്ഷണം വേണ്ടെന്നുവച്ച് ആ പണം സംഭാവന ചെയ്തു. ഒരു പെണ്‍കുട്ടി താന്‍ മോഷ്ടിച്ചെടുത്ത മൂന്നു പൈസയാണ് അയച്ചുകൊടുത്തതെന്ന് കേള്‍ക്കുമ്പോള്‍ കേരളത്തിലെ ഈ പ്രളയദുരന്തത്തിന് തമിഴ്‌നാട്ടിലെ ഒരു ഒന്‍പതു വയസ്സുകാരി സൈക്കിള്‍ വാങ്ങാന്‍ സ്വരുക്കൂട്ടി വെച്ചിരുന്ന 4000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചുകൊടുത്തതാണ് ഓര്‍മ്മ വരുന്നത്.  തങ്ങളുടെ സഹായം സ്വീകരിക്കുമെങ്കില്‍ അധികൃതര്‍ നിയമിക്കുന്ന കമ്മിറ്റിയുമായി സഹകരിക്കുമെന്ന് ഗാന്ധിജി തന്റെ ലേഖനത്തില്‍ വ്യക്തമാക്കിയിരുന്നു. സഹായം വേണ്ടെന്നാണു നിലപാടെങ്കില്‍, കമ്മിറ്റിയില്‍ ചേരാതെ വ്യക്തിപരമായി ആവും വിധത്തില്‍ സഹായിക്കുമെന്നും അതിനാല്‍ നിലപാടു നോക്കാതെ ദുരിത നിവാരണത്തിന് ഇറങ്ങാന്‍ ഏവരും തയ്യാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അത് വിജയിക്കുകയും ചെയ്തു. 

ഏതാണ്ട് ഇതുപോലെയൊക്കെത്തന്നെയല്ലേ ഈ പ്രളയക്കെടുതിയെ അതിജീവിക്കാന്‍ പിണറായി വിജയന്‍ ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതും. വരവു ചിലവ് കണക്കുകള്‍ ചോദിക്കുന്നവര്‍ സര്‍ക്കാരിനൊപ്പം ചേര്‍ന്ന് ദുരന്ത നിവാരണം ത്വരിതപ്പെടുത്തുകയല്ലേ ചെയ്യേണ്ടത്? ഗാന്ധിജി പറഞ്ഞതുപോലെ 'ഈ ഭയാനക ദുരന്തത്തെ അതിജീവിക്കാന്‍ സര്‍ക്കാരുമായി പങ്കുചേരുന്നതിന് കോണ്‍ഗ്രസുകാര്‍ മടിക്കേണ്ടതില്ല. ആപത്തുകാലത്ത് വിചിത്ര ബന്ധങ്ങളുണ്ടാകുന്നത് സ്വാഭാവികമായി കാണണം.'

ദുരിതബാധിതരെ ചൂഷണം ചെയ്യുന്നവര്‍  (മൊയ്തീന്‍ പുത്തന്‍ചിറ)ദുരിതബാധിതരെ ചൂഷണം ചെയ്യുന്നവര്‍  (മൊയ്തീന്‍ പുത്തന്‍ചിറ)ദുരിതബാധിതരെ ചൂഷണം ചെയ്യുന്നവര്‍  (മൊയ്തീന്‍ പുത്തന്‍ചിറ)ദുരിതബാധിതരെ ചൂഷണം ചെയ്യുന്നവര്‍  (മൊയ്തീന്‍ പുത്തന്‍ചിറ)ദുരിതബാധിതരെ ചൂഷണം ചെയ്യുന്നവര്‍  (മൊയ്തീന്‍ പുത്തന്‍ചിറ)ദുരിതബാധിതരെ ചൂഷണം ചെയ്യുന്നവര്‍  (മൊയ്തീന്‍ പുത്തന്‍ചിറ)
Join WhatsApp News
വിദ്യാധരൻ 2018-08-29 12:27:05
ശരിയാണ് നമ്മളെല്ലാവരും നാടിനെ 
പുനർ നിർമ്മിക്കാൻ ഒത്തു  ചേർന്നിടേണം 
എല്ലാരും ഒന്നിച്ചു നില്ക്കുകിൽ നാടിനെ 
തിരികെ നിറുത്താം രണ്ടു കാലിൽ 
കാര്യങ്ങൾ ഇങ്ങനെ ആണെന്നാകിലും 
ചോരന്മാരെ നമ്മൾ സൂക്ഷിക്കണം 
വെട്ടിപ്പും തട്ടിപ്പും കൊള്ളയടിക്കലും  
നാടിൻ ഞരമ്പിൽ പണ്ടേ സംക്രമിപ്പൂ  
നിയമപാലകർ  നിയമലംഘകർ ആകുമ്പോൾ 
പൊതുജനം എങ്ങനെ നോക്കി നില്ക്കും ?
'എമ്പ്രാന്മാരൊക്കെ കട്ട് ഭുജിച്ചീടിൽ 
അമ്പലവാസിയും' കക്കുകില്ലേ ?
ശരിയാണ് നമ്മളെല്ലാവരും നാടിനെ 
പുനർ നിർമ്മിക്കാൻ ഒത്തു  ചേർന്നിടേണം 
എല്ലാരും ഒന്നിച്ചു നില്ക്കുകിൽ നാടിനെ 
തിരികെ നിറുത്താം രണ്ടു കാലിൽ 
ദൈവനാമത്തിൽ  കൊള്ളയടിച്ചൊരുകൂട്ടർ
സുരക്ഷിതാരായി വാണിടുന്നു 
വീടുകൾ ഇല്ലാതെ ഭക്ഷണമില്ലാതെ 
അബാലവൃദ്ധർ ഞെരുങ്ങിടുമ്പോൾ
ആർക്കും പ്രയോചനം  ഇല്ലാതിരിക്കുന്നു
നിലവറയ്ക്കുള്ളിൽ ഒളിച്ചു വച്ച, 
ശതകോടിരൂപടെ സ്വർണ്ണം പണ്ഡം
അത് പറയുമ്പോൾ പുരികം ചുളിയുന്നു 
അവരുടെ കാവൽ നായ്ക്കൾക്കൊക്കെ
 ശരിയാണ് നമ്മളെല്ലാവരും നാടിനെ 
പുനർ നിർമ്മിക്കാൻ ഒത്തു  ചേർന്നിടേണം 
എല്ലാരും ഒന്നിച്ചു നില്ക്കുകിൽ നാടിനെ 
തിരികെ നിറുത്താം രണ്ടു കാലിൽ 
എവിടെപ്പോയി ദൈവങ്ങൾ ദേവന്മാരൊക്കെയും 
അവരുടെ ഭക്തരെ വെള്ളത്തിൽ മുക്കിയിട്ട് ?
ഗുരുവായൂരപ്പനെ കണ്ടില്ല, അയ്യപ്പനെ കണ്ടില്ല
പരുമല, മലയാറ്റൂർ, അവിടെ ഇരിക്കും മൂർത്തിമാരേം 
കണ്ടില്ല ബാവാമാർ, മുള്ളമാർ പീഡകവർഗ്ഗത്തെ ഒന്നിനെയും 
കണ്ടതോ കടലിന്റെ അരുമ സന്താനങ്ങൾ 
ഹൃദയത്തിൽ നന്മ സൂക്ഷിച്ചിടുന്നോർ 
ഇളകി മറിയുന്ന കടലിന്റെ തിരകളെ  
പടവെട്ടി മീനെപിടിക്കും മുക്കവരെ. 
തോൽപ്പിക്കാനായില്ല  അവരുടെ വീര്യത്തെ 
ഉരുൾപൊട്ടിയെത്തും വെള്ള പാച്ചിലിനും 
ശരിയാണ് നമ്മളെല്ലാവരും നാടിനെ 
പുനർ നിർമ്മിക്കാൻ ഒത്തു  ചേർന്നിടേണം 
എല്ലാരും ഒന്നിച്ചു നില്ക്കുകിൽ നാടിനെ 
തിരികെ നിറുത്താം രണ്ടു കാലിൽ 
കേരളമെന്നത് ചേരന്മാർ വാണ നാടായിരുന്നു 
എന്നാലതിനെ നാം ചോരന്മാരുടെ നാടാക്കിടല്ലേ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക