Image

പ്രളയത്തില്‍ ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് നോയല്‍ മാത്യു ഭൂമി നല്‍കും; അവിടെ ഫോമാ നന്മയുടെ ഒരു ഗ്രാമം പണിയും

അനില്‍ പെണ്ണുക്കര Published on 29 August, 2018
പ്രളയത്തില്‍ ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് നോയല്‍ മാത്യു ഭൂമി നല്‍കും;  അവിടെ ഫോമാ നന്മയുടെ ഒരു ഗ്രാമം പണിയും
മൂന്നടി മണ്ണ് ചോദിച്ച വാമനന് മുന്നില്‍ ശിരസ്സ് നമിച്ചു തന്റെ ഭൂമിയെല്ലാം സ്വന്തമാക്കുവാന്‍ അനുവാദം നല്‍കിയ നമ്മുടെ സ്വന്തം ചക്രവര്‍ത്തി മഹാബലിയുടെ മഹാമനസ്‌കതെയെ ഓര്‍മ്മിപ്പിച്ചു കൊണ്ട് ഇതാ ഒരു ചെറുപ്പക്കാരന്‍ .....

അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ ഫെഡറേഷന്‍ ആയ ഫോമയുടെ കമ്മിറ്റി അംഗവും, ഫ്ലോറിഡ മലയാളി യുവ സമൂഹത്തിന്റെ പരിച്ഛേദവുമായ
നോയല്‍ മാത്യു ....

കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക അവസ്ഥകളെ മാറ്റിമറിച്ച മഹാ പ്രളയത്തില്‍ മണ്ണ് നഷ്ടപ്പെട്ട ഇരുപത്തിയഞ്ചു കുടുംബങ്ങള്‍ക്ക് വീട് വയ്ക്കുവാനുള്ള ഭൂമി ദാനമായി നല്‍കുകയാണ് നോയല്‍ മാത്യു ...അദ്ദേഹം നല്‍കുന്ന ഭൂമിയില്‍ വീടുകള്‍ നിര്‍മ്മിച്ച് നല്‍കി നന്മയുടെ യുടെ ഒരു ഗ്രാമം പണിയുവാന്‍ ഫോമാ കൂടി രംഗത്തുവരുന്നതോടെ കേരളത്തിന്റെ പ്രളയക്കെടുതിയില്‍ ഹൃദയം തൊട്ടുള്ള സഹായത്തിനാണ് നോയലും, ഫോമയും കൈകോര്‍ക്കുന്നത് ...

കോഴിക്കോട് സ്വദേശിയായ നോയല്‍ ഈ ഭൂമി നല്‍കുന്നത് കോഴിക്കോട്, വയനാട് , മലപ്പുറം ജില്ലകളുടെ അതിര്‍ത്തി പങ്കിടുന്ന പ്രദേശത്തുള്ള ഭൂമിയാണ്. വയനാട്ടില്‍ മഹാപ്രളയം ഉണ്ടാക്കിയ നാശ നഷ്ടത്തില്‍ നിരവധി ആളുകള്‍ക്കാണ് ഭൂമിയും, വീടും വസ്തു വകകളും നഷ്ടപ്പെട്ടത്. മലപ്പുറം ജില്ലയുടെയും കോഴിക്കോട് ജില്ലയുടെയും ചില ഭാഗങ്ങളെയും പ്രളയം വിഴുങ്ങിയിരുന്നു. ഈ മുന്ന് ജില്ലയിലെയും, പ്രളയക്കെടുതിയില്‍ ഭൂമിയും വീടും നഷ്ടപ്പെട്ട മറ്റു ജില്ലകളിലെ നിര്‍ധനരായവര്‍ക്കും കൂടി ഇവിടെ വീടുകള്‍ നിര്‍മ്മിക്കുവാനുള്ള രീതിയിലാണ് ഇപ്പോള്‍ ഫോമാ നേതൃത്വം നാഷണല്‍ കമ്മിറ്റിയില്‍ പ്രാഥമിക തീരുമാനത്തിലെത്തിയത്. കൂടുതല്‍ വിവരങ്ങള്‍ ഫോമയുടെ നേതൃത്വം ഉടന്‍ അറിയിക്കും.

ഫോമയുടെ നാഷണല്‍ കമ്മിറ്റി കൂടിയ സമയത്ത് പ്രളയത്തില്‍ വീടുകളും, ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് എന്തുചെയ്യാം എന്ന ആശയം ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലാണ് മുന്നോട്ട് വയ്ക്കുന്നത്. ഈ നിര്‍ദേശം സജീവ ചര്‍ച്ചയായ സമയത്താണ് ഈ നല്ല ആവശ്യത്തിനായി സ്വന്തം ഭൂമി വിട്ടുകൊടുക്കാന്‍ നോയല്‍ മാത്യു തയ്യാറായത്.

മണ്ണിനെ അറിഞ്ഞു ജീവിച്ച മനുഷ്യന്റെ ഭൂമിയും,അവന്റെ വര്‍ഷങ്ങളുടെ അദ്ധ്വാനമായ വീടും, അവന്റെ എല്ലാം ആണ് മഹാപ്രളയം കവര്‍ന്നെടുത്തത്. അപ്പോള്‍ സഹോദരരായ അവര്‍ക്ക് കൈത്താങ്ങ് ആകുക എന്നാണ് ഈ ചെറുപ്പക്കാരന്‍ ചിന്തിച്ചത് .ഈ ചിന്തയ്ക്ക് ഒപ്പം കൂടാന്‍ നോയലിന്റെ അച്ഛനും, അമ്മയും, ഭാര്യയും മക്കളും അടങ്ങുന്ന കുടുംബം കൂടി ആയപ്പോള്‍ ഈ ഭൂമിദാനം ഒരു മഹാദാനമായി മാറും.

പ്രവാസിമലയാളികളോട് ഒരു വാക്ക് ...
അമേരിക്കന്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള പല പ്രവാസി സുഹൃത്തുക്കള്‍ക്കും കേരളത്തില്‍ പലയിടത്തും ഉപയോഗമില്ലാതെ നിരവധി ഏക്കര്‍ ഭൂമിയുണ്ട്. അവര്‍ക്കെല്ലാം ഒരു പ്രചോദനം കൂടി നോയലിന്റെ ഭൂമിദാനവും, ഫോമയുടെ വില്ലേജ് പ്രോജക്ടും. പല പ്രവാസികളുടെയും വസ്തുവകകള്‍ കാലങ്ങള്‍ ചെല്ലുമ്പോളേക്കും അന്യാധീനപ്പെട്ടു പോകുന്ന കാഴ്ച്ചയാണ് ഇപ്പോള്‍ കാണുന്നത്. പലതും കേസിലും അവസാനിക്കുന്നു. അവയൊക്കെ നമുക്ക് ഉപയോഗമാക്കിയെടുക്കുവാന്‍, മണ്ണിനെ മനോഹരമായ ഭൂമിയാക്കി മാറ്റുവാന്‍ നോയലിന്റെ ചിന്ത ഏവര്‍ക്കും പ്രചോദനമാകട്ടെ.

നോയല്‍ മാത്യു നല്‍കിയ ഊര്‍ജം ഫോമയുടെ ചാരിറ്റി പ്രവര്‍ത്തങ്ങളുടെ കേരളത്തിലേക്കുള്ള രണ്ടാം പ്രവേശത്തിനുള്ള തുടക്കം കൂടിയാണ്. ഫോമയുടെ കാന്‍സര്‍ പ്രോജക്ടിന് ശേഷം കേരളത്തില്‍ ഒരു ലാന്‍ഡ് മാര്‍ക്ക് കൂടി ആകുന്ന തരത്തില്‍ വില്ലേജ് പ്രോജക്ടിന് തുടക്കമിടാന്‍ നോയലിന്റെ വലിയ മനസ് കാട്ടിയ സ്നേഹത്തിനു ഫോമയുടെയും അമേരിക്കന്‍ മലയാളികളുടെയും അകമഴിഞ്ഞ പിന്തുണയും, ഒപ്പം അഭിനന്ദനങ്ങളും അറിയിക്കുന്നതായി ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, ജോ.സെക്രട്ടറി സാജു ജോസഫ്, ജോ.ട്രഷറര്‍ ജെയിന്‍ മാത്യു എന്നിവര്‍ അറിയിച്ചു.

ചെറിയ വാക്കുകളിലൂടെ നോയല്‍ നമുക്ക് നല്‍കുന്ന സന്ദേശം വലിയ കാര്യങ്ങള്‍ ആണ്. നാളെ മലയാളി യുവജനങ്ങള്‍ ഇരു കയ്യും നീട്ടി സ്വീകരിക്കുന്ന സന്ദേശം ...

കേരളം സമാജം ഓഫ് സൗത്ത് ഫ്ളോറിഡയുടെ മുന്‍ സെക്രട്ടറിയും മികച്ച സാമൂഹ്യ പ്രവര്‍ത്തകനും കൂടിയാണ് നോയല്‍ മാത്യു. 2017 സെപ്റ്റംബറില്‍ ഇര്‍മ ചുഴലിക്കാറ്റ് ഫ്ളോറിഡയെ പിടിച്ചുകുലുക്കുകയും നാശനഷ്ടങ്ങള്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി കുടുംബങ്ങള്‍ക്ക് ഉണ്ടായപ്പോള്‍ നോയലിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ദുരിതാശ്വാസ പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും, ഓരോ വീടുകളിലുമേത്തി വീടും പരിസരവും വാസയോഗ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെപ്പെടുകയും ചെയ്തത് ഫ്ലോറിഡയിലെ ജനങ്ങള്‍ മറക്കാനിടയില്ല.

സാമൂഹ്യ പ്രവര്‍ത്തനത്തോടൊപ്പം തന്നെ തികഞ്ഞ ഒരു കലാകാരന്‍ കൂടിയാണ് നോയല്‍. മികച്ച ഒരു പെര്‍ക്കഷനിസ്റ്റ് എന്ന നിലയിലും അദ്ദേഹം അറിയപ്പെടുന്നു. ഫ്ലോറിഡയിലെ ഒരു സംഗീത ബാന്‍ഡിലെ ഒരംഗം കൂടിയാണ് നോയല്‍ . അറിയപ്പെടുന്ന സംഗീതഞ്ജയനായ സ്റ്റീഫന്‍ ദേവസിയുടെ അമേരിക്കന്‍ പ്രോഗ്രാമുകളില്‍ ഒപ്പം കൂടുവാന്‍ നോയലുമുണ്ടാകും. അങ്ങനെ നല്ല കലാകാരന്‍ ഒരു മനുഷ്യ സ്നേഹികൂടിയാണെന്നു ഒരിക്കല്‍ കൂടി തെളിയിക്കുന്നു.

നന്മയുള്ള മനസുകളെ ഇരു കയ്യും നീട്ടി സ്വീകരിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍ . എല്ലാം നഷ്ടപ്പെട്ടവരെ ഒപ്പം കൂട്ടുക,' നീ വിഷമിക്കേണ്ട നിനക്ക് ഞാനുണ്ട്' എന്ന് പറയുന്ന ഒരു കൂട്ടുകാരനാകാന്‍, ഈ പ്രളയ കാലത്തു നിരവധി ആളുകള്‍ നമുക്കൊപ്പം ഉണ്ടായിരുന്നു.

പക്ഷെ നോയല്‍ അവിടെ വ്യത്യസ്തനാകുന്നത് എല്ലാം നഷ്ടപ്പെട്ടവന് തിരിച്ചു പിടിക്കാനാകാത്ത തരത്തില്‍ അകന്നു പോയ മണ്ണിനെ അവരുടെ ഹൃദയത്തിന്റെ ഭാഗമാക്കാന്‍ ഒപ്പം നില്‍ക്കുമ്പോഴാണ്. ആ മനസിനും, ഒപ്പം നില്‍ക്കുന്ന കുടുംബത്തിനും മുന്‍പില്‍ ഇ-മലയാളിയുടെ ഹൃദയ വന്ദനം.
പ്രളയത്തില്‍ ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് നോയല്‍ മാത്യു ഭൂമി നല്‍കും;  അവിടെ ഫോമാ നന്മയുടെ ഒരു ഗ്രാമം പണിയും പ്രളയത്തില്‍ ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് നോയല്‍ മാത്യു ഭൂമി നല്‍കും;  അവിടെ ഫോമാ നന്മയുടെ ഒരു ഗ്രാമം പണിയും
Join WhatsApp News
ശശിയുടെ അച്ചൻ 2018-08-30 09:19:43
ഇപ്പോൾ Publicity എടുക്കാൻ കുറേ പേർ ഇറങ്ങിയിട്ടുണ്ട്. അന്വേഷിച്ചാൽ അറിയാം അവിടെ സ്ഥലം ഉണ്ടോ എന്ന്. ആയിരം ഡോളർ പിരിക്കാൻ കഴിയാത്ത സംഘടനകളാണ് വീടു് പണിയാൻ പോകുന്നത്. ഷിക്കാഗോയിലെ പിള്ളാരെ കണ്ടു പഠിക്ക്, ഒരു പബ്ലിസിറ്റിക്കും വേണ്ടിയല്ല അവർ ഒന്നര മില്യൻ കൊടുത്തത്. ഫോമയും മറ്റു സംഘടനകളും കൊടുക്കാൻ പോകുന്നു എന്ന് ന്യൂസ് കൊടുത്തു, പക്ഷെ ഒന്നും ചെയ്യാൻ പോകുന്നില്ല. ആദ്യം ചെയ്തു കാണിക്ക്, എന്നിട്ട് ന്യൂസ് കൊടുക്ക്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക