Image

ചുറ്റും കുറേ 'പക്ഷേ'കള്‍ (ദീപ നിഷാന്ത്)

Published on 29 August, 2018
ചുറ്റും കുറേ 'പക്ഷേ'കള്‍ (ദീപ നിഷാന്ത്)
ചുറ്റും കുറേ 'പക്ഷേ'കള്‍ കേള്‍ക്കുമ്പോള്‍, ആ 'പക്ഷേ 'കളുടെ ഒട്ടും നിഷ്‌കളങ്കമല്ലാത്ത കുരുട്ടുയുക്തികളില്‍ കുറേ നിഷ്‌കളങ്കര്‍ വീഴുമ്പോള്‍(അതില്‍ പേരുകേട്ട അക്കാദമീഷ്യന്‍സുമുണ്ട്! ) നമ്മള്‍ മറക്കാന്‍ പാടില്ലാത്ത ചിലത്, Nelosn Joseph ഓര്‍മ്മിപ്പിക്കുന്നു.

' ഒരു മാസത്തെയല്ല, രണ്ട് മാസത്തെ ശമ്പളം തരാനും തയ്യാറാണ് പക്ഷേ ' എന്ന പോസ്റ്റിന്റെ റീച്ച് കണ്ടതുകൊണ്ട് മാത്രം എഴുതുന്നതാണ്. ഈ നിമിഷം വരെ അതിന് പതിനായിരത്തോളം ഷെയറുണ്ട്.

ഇന്‍ഫോക്ലിനിക്കിന്റെ ഷെയര്‍ കണക്ക് മാത്രം കണ്ടതിന്റെ അറിവ് വച്ച് ഫേസ്ബുക്കില്‍ മാത്രം ആ പോസ്റ്റ് പത്തുലക്ഷത്തിനു മേലെ ആളുകള്‍ കണ്ടിട്ടുണ്ട്. അതിന്റെ പതിന്മടങ്ങ് വാട്‌സാപ്പിലും...അതായത് മൂന്നിലൊന്ന് കേരളീയരില്‍ ഇപ്പോള്‍ അതെത്തിയിട്ടുണ്ടാവും..

ഇത് പറയാനുള്ള കാരണം മറ്റൊന്നുമല്ല. കഴിഞ്ഞ ദിവസം മലയാളികളായ മലയാളികളെല്ലാം കേട്ട ഒരു വോയ്‌സ് ക്ലിപ്പുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായം നല്‍കിയാല്‍ അത് എത്തേണ്ടിടത്ത് എത്തില്ല എന്നായിരുന്നു അതിന്റെ ഉള്ളടക്കം. ലളിതമായിപ്പറഞ്ഞാല്‍ അവിശ്വാസമാണ് പരത്തുന്നത്.

അതിന്റെ ഇമ്പാക്റ്റ് എത്രത്തോളമാണെന്ന് കേരളത്തിനു വെളിയിലെ സുഹൃത്തുക്കള്‍ക്ക് അറിയാമെങ്കിലും കുറച്ച് കണക്കുകള്‍ പറയാം.

കഴിഞ്ഞ ബുധനാഴ്ച വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി ലഭിച്ചത് 539 കോടി രൂപ മാത്രമാണ്. ഓണ്‍ലൈനായി നല്‍കിയത് 3.3 ലക്ഷം ആളുകള്‍. അതായത് മൂന്നരക്കോടിയുടെ ഒരു ശതമാനത്തില്‍ താഴെ...ഇതില്‍ കേരളത്തിനു പുറത്തുള്ളവരുമുണ്ടെന്നോര്‍മിക്കണം.

നീട്ടിയ എത്ര കൈകള്‍ ആ ഒരൊറ്റ വോയ്‌സ് ക്ലിപ്പില്‍ പിന്വലിഞ്ഞിട്ടുണ്ടാവും?

മുഖ്യമന്ത്രി പറഞ്ഞ കണക്കുകള്‍ വച്ച് തന്നെ 14 ജില്ലകളിലായി 3,91,494 കുടുംബങ്ങള്‍ക്ക് പതിനായിരം രൂപ വീതം അനുവദിക്കേണ്ടതുണ്ട്. അതായത് 3,92 കോടി രൂപ. ഒരല്പം ബോധമുള്ളവന് ചിന്തിച്ചാല്‍ മനസിലാകും ഈ പതിനായിരം ഒന്നുമാകില്ലെന്ന്. ഇത് കുടുംബങ്ങളുടെ മാത്രം കണക്ക്. പൊതുമുതല്‍ തൊട്ട് മുന്നോട്ട് എന്തെല്ലാം ഉണ്ടാവും?

നമ്മുടെ കയ്യിലുള്ള പണത്തിന്റെ കണക്കെടുത്താലും ഒന്നുമാവില്ല. കേന്ദ്രത്തിന്റെ 600 കോടി വാഗ്ദാനം ഇപ്പോല്‍ കിട്ടിയിട്ടുണ്ടോയെന്നും എപ്പോള്‍ കിട്ടുമെന്നും എനിക്കറിയില്ല. മറ്റ് വന്‍ തുകകളൊന്നും ഇതുവരെ ലഭിച്ചതായും അറിയില്ല. അപ്പോള്‍ മുന്നോട്ട് പണം വേണം..എവിടെനിന്നുണ്ടാകും?

ഏറ്റവും എളുപ്പമുള്ള വഴി ജനങ്ങളോട് ചോദിക്കുകയാണ്. അതാണിപ്പോള്‍ മുഖ്യമന്ത്രി ചെയ്യുന്നതും...

' വെറും പതിനൊന്ന് കാര്യങ്ങള്‍ ചെയ്താല്‍ രണ്ട് മാസത്തെ ശമ്പളം തരാം, പക്ഷേ....' ലളിതമായിപ്പറഞ്ഞാല്‍ ആ പതിനൊന്ന് കാര്യങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം... നമ്മുടെ രാഷ്ട്രീയക്കാരെ വിശ്വസിക്കാന്‍ കൊള്ളില്ല. അവരുടെ കയ്യില്‍ പണം ഏല്പിച്ചാല്‍ പോകുമെന്നുറപ്പ്...അവിശ്വാസം പരത്തല്‍...സുരേഷ് കൊച്ചേട്ടന്റെ ക്ലിപ്പിന്റെ പണിതന്നെ...

ആ പതിനൊന്ന് കാര്യങ്ങളില്‍ ഒന്ന് വായിച്ച് ചിരിച്ചുപോയി.. ' ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കണം '...റിപ്പോര്‍ട്ടില്‍ എത്ര പേജുണ്ടെന്നോ (ഗൂഗിള്‍ ചെയ്യാന്‍ ഓടിക്കോ...) എന്തൊക്കെയായിരുന്നു നടപ്പാക്കേണ്ടിയിരുന്ന ആ നിര്‍ദേശങ്ങളെന്നോ ഒക്കെ ചോദിച്ചാല്‍ സ്വാഹ...

അടുത്ത ഒന്നിനെ ലളിതമായി മനുഷ്യത്വരഹിതം എന്ന് വിളിക്കാം.. 'കയ്യേറ്റ സ്ഥലത്തുള്ള വീടും, കച്ചവട സ്ഥാപനങ്ങളും നഷ്ടമായവര്‍ക്കു പത്തു പൈസ ധനസഹായം കൊടുക്കരുത് '... ദുരിതാശ്വാസ ക്യാമ്പിലെത്തിയ പന്ത്രണ്ട് ലക്ഷത്തില്‍ ഭൂരിഭാഗവും പണക്കാരാണെന്നും അവര്‍ക്ക് പണം കൊടുക്കരുതെന്നും പറഞ്ഞത് ഓര്‍മവരുന്നുണ്ടോ?

ഇതൊക്കെ ചെയ്ത് തീര്‍ക്കേണ്ടത് ഇപ്പോഴുള്ള പുനരധിവാസത്തിനു പോലും കാശില്ലാതെ കൈനീട്ടുന്ന ഒരു സംസ്ഥാനമാണെന്നോര്‍മിക്കണം... അപ്പൊ ആ പതിനൊന്ന് പോയിന്റ് എഴുതിയവന്റെ സാമൂഹ്യബോധവും ചിന്താശേഷിയും എത്രത്തോളം കാണും?

ചുരുക്കിപ്പറഞ്ഞാ ഞാന്‍ കൊടുക്കില്ല, നിങ്ങളെക്കൊണ്ട് കൊടുപ്പിക്കുകയുമില്ല..പിന്തുണയ്ക്കാന്‍ പതിനായിരങ്ങളുണ്ട് ഇപ്പൊത്തന്നെ..

ഇതിന്റെ ഫലം എന്താവുമെന്ന് കണക്കുകൂട്ടിയെടുക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട. പുനരധിവാസപ്രവര്‍ത്തനങ്ങള്‍ താളം തെറ്റും. അത് മാത്രമല്ല സംസ്ഥാനത്തിന്റെ മുന്നോട്ടുപോക്കും..വലിയ തുകകള്‍ ദുരിതാശ്വാസനിധിയിലേക്ക് കിട്ടിയ കണക്കുകള്‍ കേട്ടവര്‍ക്ക് എന്തുകൊണ്ട് തങ്ങള്‍ക്ക് ലഭിച്ചത് ആകെ തുച്ഛമായ തുകയായിരുന്നെന്ന് തോന്നും.

വരാനിരിക്കുന്ന 2019 തിരഞ്ഞെടുപ്പില്‍ കൃത്യമായി സംസ്ഥാനത്തിന്റെ ഗതികേടാണ് വോട്ടാക്കേണ്ടതെന്ന് അറിവുള്ളവര്‍ക്ക് അതുതന്നെയാണാവശ്യവും..

ഞാന്‍ സ്വന്തം നാട്ടില്‍ ജോലി കിട്ടാതെ അന്യനാട്ടില്‍ കിടന്ന് അദ്ധ്വാനിക്കുന്ന പണത്തിന് വിലയുണ്ട്...

ഉണ്ട്..എല്ലാവരും സമ്പാദിക്കുന്ന പണത്തിനും വിലയുണ്ട്. എല്ലാവരും കോടീശ്വരന്മാരായിട്ടല്ല പണം നല്‍കിയത്. അത്താഴപ്പട്ടിണിക്കാരും സ്വന്തം ആവശ്യങ്ങള്‍ മാറ്റിവച്ചവരുമെല്ലാമുണ്ട് അക്കൂട്ടത്തില്‍...മണലാരണ്യത്തില്‍ കിടക്കുന്നവര്‍ക്കും മല്‍സ്യത്തൊഴിലാളിക്കുമെല്ലാം വിയര്‍ത്തുതന്നെയാണ് പണം കിട്ടുന്നത്..

ദുരിതാശ്വാസനിധിയില്‍ എത്ര രൂപ ലഭിച്ചുവെന്നും എത്ര, എങ്ങനെയെല്ലാം ചിലവാക്കിയെന്നും അണ പൈ തിരിച്ച് കണക്ക് ചോദിക്കാം, ചോദിക്കുകയും ചെയ്യും. ദുരുപയോഗിച്ചാല്‍ ജനത്തിനു പ്രതികരിക്കാന്‍ കഴിയുന്ന ഒരേയൊരു രീതിയില്‍ പ്രതികരിക്കുകയും ചെയ്യണം...

പക്ഷേ ഈയവസ്ഥയില്‍ ഒരിക്കലും നടപ്പാക്കാന്‍ കഴിയില്ലെന്ന് ഉറപ്പുള്ള നിര്‍ദേശങ്ങള്‍ വച്ച് സംശയം വളര്‍ത്തി ഇപ്പോള്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് തിരിച്ചുവരവ് അസാദ്ധ്യമാക്കുകയല്ല അതിന്റെ മാര്‍ഗം

ഈ കുറിപ്പ് എത്രത്തോളം ആളുകളില്‍ എത്തുമെന്ന് എനിക്കറിയില്ല.പക്ഷേ എന്റെ വാളിലും അങ്ങനെ ചിന്തിക്കുന്നവരുണ്ടെന്ന് കണ്ടപ്പൊ എഴുതണമെന്ന് തോന്നി..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക