Image

മനുഷ്യാവകാശ പ്രവര്‍ത്തകരെ മാവോയിസ്റ്റുകളായി അറസ്റ്റു ചെയ്യും കാലം (പി.വി.തോമസ് :ദല്‍ഹികത്ത്)

പി.വി.തോമസ് Published on 01 September, 2018
മനുഷ്യാവകാശ പ്രവര്‍ത്തകരെ മാവോയിസ്റ്റുകളായി  അറസ്റ്റു ചെയ്യും കാലം (പി.വി.തോമസ് :ദല്‍ഹികത്ത്)
ഒരു ഗവണ്‍മെന്റ് ജനത്തെ ഭയപ്പെടുമ്പോള്‍ അവിടെ സ്വാതന്ത്ര്യം ഉണ്ട്. ജനം ഗവണ്‍മെന്റിനെ ഭയക്കുമ്പോള്‍ അവിടെ സ്വേഛാധിപത്യം ആണ്.

ഇത് അമേരിക്കന്‍ ഐക്യനാടുകളുടെ സ്ഥാപക പിതാവായ തോമസ് ജഫേഴ്‌സ് ഉദ്ധരിച്ചുകൊണ്ട് ഇന്‍ഡ്യയുടെ സുപ്രീം കോടതിയുടെ മുഖ്യ ന്യായാധിപനായ ദീപക് മിശ്ര ഓഗസ്റ്റ് 28 ന് ഒരു ചടങ്ങില്‍ പങ്കെടുക്കവെ പറഞ്ഞതാണ്. അന്ന് തന്നെയാണ് അതും സംഭവിച്ചത്. 

എഴുപത്തി ഒന്നാം സ്വാതന്ത്ര്യദിനാഘോഷത്തിന് ശേഷം ചെങ്കോട്ടയുടെ എടുപ്പില്‍ നിന്നും ത്രിവര്‍ണ്ണപതാക അഴിച്ചുമാറ്റി അധികം താമസിയാതെ ഓഗസ്റ്റ് 28-ന് മഹാരാഷ്ട്ര പോലീസ് ഇന്‍ഡ്യ ഉടനീളം ഏഴ് നഗരങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനക്കു ശേഷം അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു തടങ്കലില്‍ ആക്കുവാനുള്ള ശ്രമം നടത്തിയത് സ്വാതന്ത്ര്യ ആഘോഷവേളയിലെ ഒരു വിരോധാഭാസം ആയിരിക്കാം. സുപ്രീം കോടതി ധൃതവേഗതയില്‍ ഇടപെട്ട് അവരുടെ കാരാഗൃഹവാസം സ്വന്തം വീടുകളിലേക്ക് മാറ്റിയത് മറ്റൊരു വലിയ നിയമ ഇടപെടലായി. അതിലും മഹത്തരം ആയിരുന്നു കോടതിയുടെ നിരീക്ഷണം. 'വിയോജിക്കുവാനുള്ള അവകാശം ജനാധിപത്യത്തിന്റെ രക്ഷാകവാടം ആണ്. അത് അനുവദിച്ചില്ലെങ്കില്‍ പ്രഷര്‍ക്കുക്കര്‍ പൊട്ടും.'

എന്താണ് അറസ്റ്റ് ചെയ്യപ്പെട്ട ഈ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആരോപണം? ആര് ആണ് ഇവര്‍? ഇവര്‍ക്ക് എതിരെ ഉള്ള ആരോപണങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വധിക്കുവാനുള്ള ഗൂഢാലോചന ശ്രമം മുതല്‍ ഇന്‍ഡ്യക്ക് എതിരെ യുദ്ധം ചെയ്യുവാനുള്ള കോപ്പ് കൂട്ടല്‍ വരെ ആണ്.

ബ്രിട്ടീഷ് സാമ്രാജ്യ ഭരണകാലത്തെ ചില കാലഹരണപ്പെട്ട നിയമങ്ങളുടെ പിന്‍ബലത്തോടെ ആണ് ഈ ഭരണകൂടം സ്വതന്ത്ര ഇന്‍ഡ്യയിലെ പൗരന്മാരെ കൂച്ചുവിലങ്ങിട്ട് തളച്ചിടുവാന്‍ ശ്രമിക്കുന്നത്. ബലാല്‍സംഗികളായ ആള്‍ ദൈവങ്ങളെക്കായിലും തീവെട്ടികൊള്‌ലക്കാരായ രാഷ്ട്രീയക്കാരെക്കാളും നിന്ദ്യമായിട്ടാണ് ഈ സ്വതന്ത്രചിന്തകരെയും പാവങ്ങള്‍ക്കും ചൂഷിതരുമായ ആദിവാസികള്‍ക്ക് വേണ്ടി നിലകൊണ്ടവരെയും ഭരണകൂടം കൈകാര്യം ചെയ്യുന്നത്. നായാടിപിടിക്കുന്നത്.

ആരാണ് ഈ ദേശദ്രോഹികള്‍? ആര്‍.എസ്.എസും, ഭരണകൂടവും ഉന്നം വയ്ക്കുന്ന ഈ വിധ്വംസവാദികള്‍ ആരാണ്? 78 വയസുള്ള  വരവരറാവു എന്ന വിപ്ലവകവി അവരില്‍ ഒരാള്‍ ആണ്. അദ്ദേഹത്തെ എനിക്ക് അറിയാം. ഞാന്‍ ഹൈദ്രാബാദില്‍ പത്രലേഖകന്‍ ആയിരിക്കുമ്പോള്‍ അദ്ദേഹം സെക്കന്ദരാബാദ് ഗൂഢാലോചനക്കേസില്‍ പ്രതി ആയിരുന്നു. പീപ്പിള്‍സ് വാര്‍ ഗ്രൂപ്പിന്റെ നേതാവ് കൊണ്ടപ്പള്ളി സീതാരാമയ്യ ആയിരുന്നു പ്രധാനപ്രതി. 1974-ല്‍ ആരംഭിച്ച കേസ്-ഇന്‍ഡ്യക്കെതിരെ യുദ്ധം നടത്തല്‍-1989-ല്‍ പ്രതികളെ വെറുതെവിട്ടുകൊണ്ട് തീര്‍ന്നു. ഇതിനിടെ എത്രയോ ജീവിതങ്ങള്‍ ജയിലില്‍ ദുരന്തം അനുഭവിച്ചു. എത്രയോ പ്രതിഭകള്‍ കെട്ടടങ്ങി. കണക്ക് ശാസ്ത്രത്തില്‍ പി.എച്ച്.ഡി. ഉള്ള ബാലഗോപാല്‍ മരിച്ചത് (പീപ്പിള്‍സ് യൂണിയന്‍ ഓഫ് സിവില്‍ ലിബേട്ടീസ്) പിന്നീട് ആണെങ്കിലും അദ്ദേഹവും ഈ കനല്‍ വഴിയിലൂടെ ആണ് കടന്നു പോയത്. 

വരവരറാവുവിന്റെ ശിഷ്യന്‍ ആയിരുന്നു അദ്ദേഹം. വരവരറാവും പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വധിക്കുവാന്‍ ശ്രമിച്ച ഒരു കേസിലും പ്രതി ആണ്. ഇത് വെറും കെട്ടുകഥ ആണെന്ന് കവി റാവു പറയുന്നു. നക്‌സലൈറ്റ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ജി.എന്‍.സായ്ബാബയെ രക്ഷിക്കുവാന്‍ ശ്രമിച്ചതിനുള്ള പ്രതികാരം ആണ് പുതിയ കേസ് എന്ന് വരവരറാവു കരുതുന്നു. സായ്ബാബ വീല്‍ചെയറില്‍ മാത്രം ചലിക്കുന്ന ഒരു സായുധവിപ്ലവകാരി ആണ്. കടുത്ത പ്രമേഹരോഗിയും ആണ്. പക്ഷേ, അദ്ദേഹത്തിന് ഇതുവരെ ന്വായം ലഭിച്ചിട്ടില്ല.

സുധാ ഭരദ്വാജ് എന്ന മനുഷ്യാവകാശ പ്രവര്‍ത്തകയാണ് അറസ്റ്റു ചെയ്യപ്പെട്ട മറ്റൊരു വ്യ്ക്തി, ഒരേയൊരു വനിത. 57 വയസ്സുള്ള സുധ ജനിച്ചത് അമേരിക്കയില്‍ ആണ്. പതിനൊന്ന് വയസ്സുള്ളപ്പോള്‍ ഇന്‍ഡ്യയിലേക്ക് തിരിച്ചുപോന്നു. 18 വയസില്‍ അമേരിക്കന്‍ പൗരത്വം ഉപേക്ഷിച്ചു. സുധയുടെ അച്ഛനും അമ്മയും സാമ്പത്തീക ശാസ്ത്രവിദഗ്ദ്ധര്‍ ആണ്. സുധയുടെ അമ്മ സാമ്പത്തീക ശാസ്ത്രത്തില്‍ പി.എച്ച്.ഡി. ചെയ്തത്. അമേരിക്കയിലെ എം.ഐ.റ്റി.യില്‍ നിന്നും ആണ്. സുധ 30 വര്‍ഷം ഛത്തീസ്ഘട്ടില്‍ പ്രവര്‍ത്തിച്ചു ആദിവാസികള്‍ക്കിടയില്‍. മനുഷ്യാവകാശ പ്രവര്‍ത്തകയായ സുധയും ജനദ്രോഹിയാണ്. അറസ്റ്റു ചെയ്യപ്പെട്ടു.

അറസ്റ്റു ചെയ്യപ്പെട്ട ഗൗതം നവ്‌ലാഖ ഒരു മാധ്യമപ്രവര്‍ത്തകന്‍ ആണ്. അദ്ദേഹം സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു മാധ്യമ പ്രവര്‍ത്തകന്‍ ആണ്. പക്ഷേ, ജനവിദ്വേഷി ആണ് ഭരണകൂടത്തിന്റെ കണ്ണില്‍. വെര്‍നല്‍ ഗോന്‍സാല് വെസും അരുണ്‍ ഫെറിയാറയും എഴുത്തുകാരും മനുഷ്യാവകാശ പ്രവര്‍ത്തകരും ആണ്. ആനന്ദ് റ്റെറ്റംബസെയും ജസ്യൂട്ട് പാതിരി സ്റ്റാന്‍ സ്വാമിയും പോലീസിന്റെ നിരീക്ഷണത്തില്‍ ആണ്. ഇവര്‍ ദളിതര്‍ക്കും ആദിവാസികള്‍ക്കും വേണ്ടി ശബ്ദം ഉയര്‍ത്തുന്നവര്‍ ആണ്. ഇവരെ റെയ്ഡ് നടത്തിയെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല.

എന്താണ് ഇവര്‍ക്കെതിരെയുള്ള കേസ്? പ്രധാനമന്ത്രിയെ വധിക്കുവാനുള്ള ഗൂഢാലോചന ഒന്ന്. മറ്റൊന്ന് രാജ്യത്തിനെതിരെ യുദ്ധസന്നാഹം നടത്തിയത്. എന്നാല്‍ മറ്റൊരു കാരണം കൂടെ ഉണ്ട്. നക്‌സല്‍ ബന്ധം തീര്‍ച്ചയായും ഉണ്ട് ആരോപിതമായി. പോലീസ് ഇവരെ നഗരത്തിലെ മാവോയിസ്റ്റുകള്‍ എന്നാണ് വിളിക്കുന്നത്.

2017 ഡിസംബര്‍ 31ന് എല്‍ഗാര്‍ പരിഷത്ത് എന്നൊരു സംഘടന ഒരു സമ്മേളനം വിളിച്ചുകൂട്ടി പൂനയില്‍. ഈ സമ്മേളനം സംഘടിപ്പിച്ചത് ദളിതും ഇടതുപക്ഷവും ആയിരുന്നുവെങ്കിലും അതിന്റെ മുഖ്യ സംഘാടകര്‍ മുന്‍ സുപ്രീം കോടതി ജഡ്ജി പി.ബി.സാവന്തു ഹൈക്കോടതി ജഡ്ജ് കോള്‍സെ പാട്ടീലും ആയിരുന്നു. സമ്മേളനത്തിന്റെ ഉദ്ദേശം കൊറിഗണ്‍-ഭീമ യുദ്ധത്തിന്റെ ഇരുനൂറാം വാര്‍ഷികം ആഘോഷിക്കുക എന്നതായിരുന്നു. ഇത് ദളിതര്‍ക്ക്(ബ്രിട്ടീഷ് ആര്‍മിയുടെ ഭാഗം) പേശ് വാസ് എന്ന ഉപരിവര്‍ഗ്ഗത്തില്‍ ഉണ്ടായ വിജയത്തിന്റെ ഘോഷം ആയിരുന്നു. ഏതായാലും പിറ്റെ ദിവസത്തെ ആഘോഷം(ജാനുവരി ഒന്ന്) സംഘര്‍ഷത്തില്‍ കലാശിച്ചു. മരണവും പരിക്കുകളും ഉണ്ടായി. അത് ഒരു ദളിത്-ഉപരി വര്‍ഗ്ഗ സംഘര്‍ഷമായി കാലാശിച്ചു. ആദ്യം ഹിന്ദുത്വ സംഘടനകളെ കുറ്റവാളികളായി കണ്ടെത്തി കേസ് എടുത്തെങ്കിലും അവരെ പോലീസ് വെറുതെ വിട്ടു ഇപ്പോള്‍ മാസങ്ങള്‍ക്ക് ശേഷം മനുഷ്യാവകാശ പ്രവര്‍ത്തകരെ  വളഞ്ഞ് പിടിച്ചിരിക്കുകയാണ്.

ഇതാണ് ഈ കേസ്. ഇന്‍ഡ്യയെ പ്രകോപ്പിച്ച കേസ്. പക്ഷേ, ആര്‍.എസ്.എസ്. ഇതിനെ സ്വാഭാവീകമായും സ്വാഗതം ചെയ്തിരിക്കുകയാണ്. ബി.ജെ.പി.യും.
ഈ കേസ് കള്ളക്കേസ് ആണോ യഥാര്‍ത്ഥം ആണോ എന്ന് അറിയുവാനുള്ള അവകാശം രാജ്യത്തിന് ഉണ്ട്. കാരണം ആരോപണ വിധേയര്‍ നിയമവിധ്വംസകര്‍ അല്ല. അവര്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആണ്. അവര്‍ മായാബെന്‍  കൊഡനാനിമാര്‍ അല്ല(ഗുജറാത്ത് വംശഹത്യ-29 വര്‍ഷം ജീവപര്യന്തം). സ്വാമി അസീമാനന്ദോ, സ്വാധിപ്രോഗ്യംക്കുറോ(കാവി ഭീകരവാദം) അല്ല. അല്ലെങ്കില്‍ ഗൗരിലങ്കേഷിനെയോ, കല്‍ബുര്‍ഗിയെയോ, ദാബോല്‍ക്കറെയോ, പന്‍സാരെയെയോ വെടിവെച്ചുകൊന്ന ഹിന്ദു ജനജാഗ്രത സമ്മതിയുടെ അംഗങ്ങളോ അല്ല. ഇവര്‍ മനുഷ്യാവകാശത്തിനുവേണ്ടി നില നില്‍ക്കുന്നവര്‍ ആണ്. മാവോയിസം നിഷിദ്ധം ആണെങ്കില്‍ ഹിന്ദുത്വയും നിഷിദ്ധം ആണ്. ഒരു ജനാധിപത്യവും അക്രമത്തെയും കൂട്ടക്കൊലയെയും ആള്‍ക്കൂട്ടക്കൊലപാതകത്തെയും അംഗീകരിക്കുന്നില്ല. മാവോയിസവും ഹിന്ദുത്വയും ഇസ്ലാമിക്ക് സ്‌റ്റേറ്റും ഇതിന് അതീതം അല്ല. ജനാധിപത്യം വിയോജിപ്പിനും വിമര്‍ശനത്തിനും അനുവമതി നല്‍കുന്നു. വിയോജിപ്പ് ഒരു കുറ്റം അല്ല ജനാധിപത്യത്തില്‍ പ്രിയപ്പെട്ട ഭരണാധികാരി, താങ്കള്‍ അറസ്റ്റു ചെയ്ത ഇവര്‍ താങ്കളേക്കാള്‍ ദേശസ്‌നേഹികള്‍, മനുഷ്യസ്‌നേഹികള്‍ ആണ്. അവരുടെ കൈകളില്‍ രക്തക്കറ ഇല്ല ഗുജറാത്തിലെപ്പോലെ.

മനുഷ്യാവകാശ പ്രവര്‍ത്തകരെ മാവോയിസ്റ്റുകളായി  അറസ്റ്റു ചെയ്യും കാലം (പി.വി.തോമസ് :ദല്‍ഹികത്ത്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക