Image

പ്രളയം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍-(ബാബു പാറയ്ക്കല്‍)

ബാബു പാറയ്ക്കല്‍ Published on 03 September, 2018
പ്രളയം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍-(ബാബു പാറയ്ക്കല്‍)
കേരളചരിത്രത്തിലെ ഏറ്റവും വലിയ പ്രളയദുരന്തം നാം കണ്ടു. പാഞ്ഞു കയറിയ വെള്ളപ്പാച്ചിലിനു മുമ്പില്‍ ജനങ്ങള്‍ നിസഹായരായി നോക്കിനില്‍ക്കേണ്ടി വന്നു. മണിക്കൂറുകള്‍ക്കകം നിസ്സാരമെന്നു കരുതിയ വെള്ളപ്പൊക്കം ജീവന്മരണ പ്രശ്‌നമായി മാറി. അവസരത്തിനൊത്തുയര്‍ന്ന സര്‍ക്കാരും സന്നദ്ധസംഘടനകളും ആയിരക്കണക്കിനാളുകളെ ദുരിതാശ്വാസ ക്യാമ്പിലേക്കു മാറ്റി. പക്ഷേ പിന്നീടു ജലവിതാനം ഉയര്‍ന്നതോടെ വെള്ളത്തില്‍ പരിചയമില്ലാത്തവര്‍ക്കു കാര്യമായി ഒന്നും ചെയ്യുവാനായില്ല. വീടുകള്‍ക്കുള്ളിലേക്കു വെള്ളം ഇരച്ചുകയറിയതോടെ രക്ഷാമാര്‍ഗ്ഗങ്ങള്‍ അടഞ്ഞു. മരണത്തെ മുന്നില്‍ കണ്ടു മനസ്സു മരവിച്ചു നിന്നവര്‍ക്കു മണിക്കൂറുകള്‍ കഴിയുംതോറും പ്രതീക്ഷ അസ്തമിച്ചു തുടങ്ങി. ദൈവത്തോടു പ്രാര്‍ത്ഥിക്കയല്ലാതെ മറ്റൊന്നും ചെയ്യാനില്ലായിരുന്നു. പല വീടുകളിലും പ്രായമായ മാതാപിതാക്കള്‍ മാത്രം. മക്കളൊക്കെ വിദേശത്ത്. മറ്റു പലയിടത്തും ഭര്‍ത്താവ് വിദേശത്തും ഭാര്യയും കൊച്ചുകുട്ടികളും പ്രളയത്തില്‍ ഭയവിഹ്വലരായി നില്‍ക്കുകയും ചെയ്യുന്നു. തൊഴുത്തിലും പറമ്പിലും കെട്ടിയിട്ടിരുന്ന വളര്‍ത്തു മൃഗങ്ങള്‍ വെള്ളത്തില്‍ പിടഞ്ഞു ചാകുന്നതു നിസഹായരായി നോക്കി നിന്നപ്പോള്‍ അടുത്തുതന്നെ തങ്ങളുടെ അവസ്ഥയും ഇതുതന്നെയാകുമല്ലോയെന്നവര്‍ക്കുതോന്നി. അപ്പോഴാണ് ദൈവദൂതന്മാര്‍ മത്സ്യത്തൊഴിലാളികളുടെ വേഷത്തില്‍ വള്ളവുമായി എത്തിയത്. പക്ഷേ, ഈ ദൈവദൂതന്മാര്‍ക്കു അറിയാന്‍ പാടില്ലാത്ത ഒരു കാര്യമുണ്ടായിരുന്നു. അവര്‍ കടലില്‍ തിരമാലകളോടു മല്ലിട്ടു ജയിച്ചുവരുന്നവരാണ്. വെള്ളം തെല്ലും ഭയപ്പെടുത്തിയില്ല. പക്ഷേ, പല വീടുകള്‍ക്കു മുമ്പിലും ഉയര്‍ത്തിക്കെട്ടിയിരുന്ന മതിലുകളും അതിലുപരിയായി നില്‍ക്കുന്ന ഗേറ്റുകളും വെള്ളത്തിനടിയില്‍ മുങ്ങിക്കിടന്നിരുന്നത് അവര്‍ അറിഞ്ഞില്ല. പല ബോട്ടുകളും മതിലില്‍ ഇടിച്ചു തകര്‍ന്നു. മതിലിനകത്തേക്കുചാടി എട്ടും പത്തും അടി വെള്ളത്തില്‍കൂടി നീന്തിചെന്ന് വീടിനകത്തുനിന്നുനിന്നും ആളുകളെ രക്ഷിക്കുകയെന്നത് വളരെ ശ്രമകരമായിരുന്നു. ഒടുവില്‍ കിട്ടിയ കണക്കനുസരിച്ച് 468 ബോട്ടുകള്‍ക്കു രക്ഷാപ്രവര്‍ത്തനത്തില്‍ കേടുപാടുകള്‍ ഉണ്ടായി. എങ്കിലും എത്രയോ ആയിരങ്ങളുടെ ജീവനാണ് ഇവര്‍ രക്ഷിച്ചത്. യാതൊരു പ്രതിഫലവും വാങ്ങാതെയാണ് ഇവര്‍ ദൗത്യം നിറവേറ്റി മടങ്ങിയത്. ദൃശ്യമാധ്യമങ്ങളും സാമൂഹ്യമാധ്യമങ്ങളും മറ്റെല്ലാവരും ഇവരുടെ ആത്മാര്‍ത്ഥമായ സേവനത്തെ പ്രകീര്‍ത്തിച്ചു.

ഇപ്പോള്‍ എല്ലാവരും വീടുകള്‍ വൃത്തിയാക്കാനും പഴയ ജീവിതത്തിലേക്കു മടങ്ങാനുമുള്ള തന്ത്രപ്പാടിലാണ്. എല്ലാം പഴയ പടിയാക്കുമ്പോള്‍ നാം ഇതെല്ലാം മറക്കും. അപ്പോഴും മത്സ്യത്തൊഴിലാളികള്‍ കടലില്‍ തിരമാലകളോടു മല്ലടിച്ച് അന്നന്നത്തെ അന്നത്തിനുവേണ്ടി പ്രയത്‌നിക്കുകയായിരിക്കും. ഇവിടെ നാം ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്. കഴിഞ്ഞ നവംബര്‍ ഒടുവില്‍ 'ഓഖി' ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോള്‍ അനവധി മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ അനാഥമായി. കടലില്‍ മീന്‍ പിടിക്കാന്‍ പോയവര്‍ കടലിന്റെ ആഴങ്ങളിലേക്കു വലിച്ചെടുക്കപ്പെട്ടു. കടല്‍ത്തീരത്തെ അവരുടെ വീടുകളില്‍ നിന്നുയര്‍ന്ന അലമുറയിട്ട കരച്ചിലിന്റെ ശബ്ദം കടലിന്റെ ആരവത്തില്‍ ലയിച്ച് എങ്ങോ മറഞ്ഞു. വിധവകളും കൊച്ചുകുഞ്ഞുങ്ങളും കടലിലേക്കു നോക്കി ഒരിക്കലും മടങ്ങി വരില്ലെന്നറിയാവുന്ന പ്രിയതമന്റെ വരവും പ്രതീക്ഷിച്ചിരി്കകയാണ്. അവര്‍ക്കു നമ്മളാരും സഹായമെത്തിച്ചില്ല. കാരണം അവരൊക്കെ മുക്കുവന്മാരാണ്. മത്സ്യത്തൊഴിലാളികള്‍! വലിയ വിദ്യാഭ്യാസമൊന്നും ഇല്ലാത്തവര്‍. രണ്ടും മൂന്നും നിലയിലുള്ള വീടുകളില്ലാത്തവര്‍. അവരുടെ മുറ്റത്തു കാറുകളുമില്ല. നമ്മുടെ നിലയും വിലയുമൊന്നു അവര്‍ക്കില്ല. അതുകൊണ്ടാണല്ലോ മുക്കുവരെ നമ്മള്‍ മറ്റൊരു സമുദായമായി മാറ്റി നിര്‍ത്തിയിരിക്കുന്നത്. നമ്മള്‍ സ്റ്റാറ്റസുള്ള അച്ചായന്മാരുടെ പള്ളികളില്‍ പോലും അവരെ അടുപ്പിക്കില്ല. മത്സ്യത്തൊഴിലാളികളില്‍ ഭൂരിഭാഗവും ലത്തീന്‍കത്തോലിക്കരാണ്. അവര്‍ക്കു പ്രത്യേകമായി അച്ചന്മാരും ബിഷപ്പുമുണ്ട്. അവരുടെയൊക്കെ നിറം നമ്മളെക്കാള്‍ അല്‍പ്പം കൂടി കറുത്തതാണ്. ഇങ്ങനെയൊക്കെ ആയതുകൊണ്ട് 'ഓഖി' ആഞ്ഞടിച്ച് തീരത്തു ദുരന്തം വിതച്ചപ്പോള്‍ നാം പുറം തിരിഞ്ഞുനിന്നു. കാരണം നാം സമുദായത്തിലെ ഉന്നത ശ്രേണിയില്‍പ്പെടുന്നവരാണല്ലോ.

പക്ഷേ, രണ്ടും മൂന്നും നിലകളുള്ള കോടികളുടെ വീടുകളില്‍ കിടന്നുറങ്ങിയ നമ്മുടെ കട്ടിലിന്റെ കാലുകള്‍ വെള്ളത്തില്‍ മുങ്ങിനില്‍ക്കുന്നത് ഉണര്‍ന്നപ്പോള്‍ മാത്രമാണ് കണ്ടത്. ഏതാനും അടി ദൂരത്തില്‍ മാത്രം നില്‍ക്കുന്ന മരണത്തിന്റെ മുഖം നാം നേരില്‍ കണ്ടു. ഇതു ലോകാവസാനം ആണെന്നു പലരും കരുതി. മരണത്തെ തോല്‍പ്പിച്ച് ഓടിയെത്തിയ ദൈവദൂതന്മാര്‍ നമ്മുടെ കൈപിടിച്ച് രക്ഷയുടെ തീരത്ത് എത്തിച്ചു. അവിടെ സൂക്ഷിച്ചുനോക്കിയപ്പോള്‍ അവര്‍ക്കു മുക്കുവരുടെ മുഖമായിരുന്നു. ആശ്വാസത്തോടെ നാം നെടുവീര്‍പ്പിട്ടു.

ഇവിടെയാണ് പ്രളയം ഉയര്‍ത്തുന്ന ഒരു ചോദ്യം. ഇനിയെങ്കിലും മാറുവാന്‍ നാം തയ്യാറാകുമോ? മത്സ്യത്തൊഴിലാളികള്‍ നമ്മുടെ സഹോദരങ്ങളാണെന്ന് അംഗീകരിക്കുമോ? അവരില്‍ സാമ്പത്തിക ദുരിതമനുഭവിക്കുന്ന കുടുംബങ്ങളിലെ ഒരു കുട്ടിയുടെ വിദ്യാഭ്യാസചെലവു വഹിക്കാന്‍ പ്രളയത്തില്‍ നിന്നും രക്ഷിക്കപ്പെട്ട സാമ്പത്തികശേഷിയുള്ള ഓരോ കുടുംബവും തയ്യാറാകണം. അവര്‍ അവരുടെ ജീവന്‍ പണയംവച്ച് നമ്മളെ ജീവിതത്തിലേക്കു മടക്കികൊണ്ടുവന്നു. ഇനി നാം അവര്‍ക്കു കൈത്താങ്ങാകണം. വള്ളം കേടുപറ്റിയവര്‍ക്കും നഷ്ടപ്പെട്ടവര്‍ക്കും പുതിയ വള്ളം വാങ്ങാന്‍ സഹായിക്കണം. ഓഖിയില്‍ അനാഥരായ കുഞ്ഞുങ്ങളെ പരിപാലിക്കാനുള്ള പദ്ധതിയില്‍ പങ്കുചേരുക. അങ്ങനെ പല കാര്യങ്ങളും ചെയ്യാം. നമ്മുടെ മനസ്സാക്ഷിയെ ഒരുക്കിയെടുത്താല്‍ മതി. പല മതിലുകളും ഇനിയും ഇടിയേണ്ടതായിട്ടുണ്ട്. നാം തന്നെ അതിനു വഴിയൊരുക്കിയില്ലെങ്കില്‍ ഈശ്വരന്‍ അതിനും വഴിയുണ്ടാക്കും. അതു വേണോ?
.
പ്രളയം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍-(ബാബു പാറയ്ക്കല്‍)
Join WhatsApp News
Sudhir Panikkaveetil 2018-09-03 09:30:30
വളരെ നല്ല ലേഖനം ശ്രീ പാറക്കൽ.  "ഇനിയെങ്കിലും 
മാറുവാൻ നാം തയ്യാറാകുമോ?     മതിലുകൾ 
ഇനിയും ഇടിയേണ്ടതായിട്ടുണ്ട്. വായിക്കുന്നവരെ 
ചിന്തിപ്പിക്കുന്ന ആശയങ്ങൾ . അഭിനന്ദനങ്ങൾ !!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക