Image

മഹാപ്രളയത്തിന്റെ പീഡാനുഭവകാലം മാറി; ഇനി ഉയിര്‍പ്പിന്റെ നല്ല നാളുകള്‍ (ഫ്രാന്‍സിസ് തടത്തില്‍)

Published on 03 September, 2018
മഹാപ്രളയത്തിന്റെ പീഡാനുഭവകാലം മാറി; ഇനി ഉയിര്‍പ്പിന്റെ നല്ല നാളുകള്‍ (ഫ്രാന്‍സിസ് തടത്തില്‍)
ന്യൂജേഴ്സി: മഹാപ്രളയം കെട്ടടങ്ങി; കേരളമെങ്ങും ഇപ്പോള്‍ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സുഗന്ധ വര്‍ഷം പെയ്തുകൊണ്ടിരിക്കുകയാണ്. പ്രളയം വരുത്തിയ ദുരിതത്തില്‍ നിന്ന് കരകയറാന്‍ ഒരേ മനസോടെ പരസ്പരം സഹായിക്കുന്ന കേരളീയരുടെ നന്മകള്‍ നിറഞ്ഞ മുഖം കണ്ട് ലോകം ആശ്ചര്യഭരിതരായിരിക്കുകയാണ്. ഇവിടെ ജാതിമത വര്‍ഗ വര്‍ണ ഭേദമില്ല, സഹായിക്കുന്നവന്‍ ആരെ സഹായിക്കുന്നു എന്ന് മുഖം നോക്കാറില്ല. സഹായം ലഭിക്കുന്നവരും സഹായിക്കുന്നവരെക്കുറിച്ചോ അവരുടെ ജാതിമതമേതെന്നോ അന്വേഷിക്കാറില്ല, ഒരൊറ്റ മുഖം മാത്രം മനുഷ്യത്വം!

പീഡാനുഭവം കഴിഞ്ഞു. കേരളം ഇനി ഉയര്‍ത്തെഴുന്നേല്‍ക്കുന്നതിന്റെ തയാറെടുപ്പിലാണ്. പ്രളയം തൂത്തെറിഞ്ഞത് വീടുകളും റോഡുകളും സ്ഥാപനങ്ങളും മാത്രമല്ല; പ്രകൃതിയുടെ തന്നെ മുഖച്ഛായ മാറ്റിക്കളഞ്ഞു. ദൈവത്തിന്റെ സ്വന്തം നാടിനു പഴയ പ്രതാപത്തിലും ഐശ്വര്യത്തിലും തിരിച്ചെത്താന്‍ ഇനിയും ഏറെ കടമ്പകള്‍ കടക്കേണ്ടിയിരിക്കുന്നു. എല്ലാം ഒന്നില്‍ നിന്നും തുടങ്ങേണ്ടിയിരിക്കുന്നു. മാറി ഉടുക്കാന്‍ വസ്ത്രമില്ല, ഭക്ഷണമുണ്ടാക്കാന്‍ പത്രങ്ങളില്ല, എങ്ങും പ്രളയം ബാക്കി വെച്ച ചെളികൂമ്പാരങ്ങളും മാലിന്യങ്ങളും മാത്രം. ഒരുപാടുപേരുടെ സ്വപ്നങ്ങളാണ് ആര്‍ത്തിരമ്പിവന്ന പ്രളയജലത്തില്‍ ഒഴികിപ്പോയത്. ഒരു മനുഷ്യായുസില്‍ സമ്പാദിച്ചതെല്ലാം ഒരു പൊടി പോലും ബാക്കി വയ്ക്കാതെ പ്രളയം നക്കിത്തുടച്ചു. കേരളം ഇന്നേ വരെ കാണാത്ത ആ മഹാ പേമാരി കെട്ടടങ്ങിയപ്പോള്‍ ഒരു പക്ഷെ പരശുരാമന്റെ മുഴുവെറിഞ്ഞ ഐതിഹ്യം അനുസ്മരിക്കപ്പെട്ടിട്ടുണ്ടാകാം. ഒരിക്കല്‍ കടല്‍ ആയിരുന്ന കേരളത്തെ ഒരു മഴുവെറിഞ്ഞു കരയാക്കിയപ്പോഴാണ് കേരളക്കരയുണ്ടായതെങ്കില്‍ പ്രളയം ഇന്നലെ അതുപോലെ തന്നെ തിരിച്ചെടുത്തു! ആകാശമേഘങ്ങള്‍ ഉള്‍വലിഞ്ഞപ്പോള്‍ കേരളക്കര വീണ്ടും തെളിഞ്ഞു. എങ്ങും ശാന്തത മാത്രം. എങ്കിലും എല്ലാം നഷ്ടപ്പെട്ടവന്റെ ഉള്ളില്‍ ഇപ്പോഴും കടലിരമ്പുകയാണ്. എങ്ങനെ ജീവിതം കരുപ്പിടിപ്പിക്കും? എങ്ങനെ കിടപ്പാടം പുനര്‍ നിര്‍മ്മിക്കും? ആര് ? എങ്ങനെ? എപ്പോള്‍? ഇങ്ങെനെ നീളുന്നു ആശങ്കയുടെ പട്ടികകള്‍. നഷ്ടപ്പെട്ടവന്റെ കണക്കുകള്‍ അവനു പോലുമറിയാത്തതിനാല്‍ എന്ത് കിട്ടുമെന്നുപോലും അറിയാതെ വിലപിക്കുകയാണ് ദുരന്തത്തിനിരയായവര്‍.

പല പ്രതിസന്ധികളെ തരണം ചെയ്തു വേണം നഷ്ടപ്രതാപം വീണ്ടെടുക്കാന്‍. വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ കുറഞ്ഞത് 5 വര്‍ഷമെങ്കിലും എടുത്തേക്കാം എല്ലാം പുനര്‍നിര്‍മ്മിക്കാന്‍. എന്നാല്‍ പ്രളയകാലത്തെ ഒത്തൊരുമയും പരസ്പര സഹകരണവും ഈ നിലയില്‍ തുടര്‍ന്നാല്‍ നാം നിഷ്പ്രയാസം കരകയറും. ആരൊക്കെ എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചാലും ആരൊക്കെ തടസങ്ങള്‍ സൃഷ്ടിച്ചാലും നാം കരകയറും. ചരിത്രത്തിന്റെ തങ്കലിപികളില്‍ ഒരു നാള്‍ ദൈവത്തിന്റെ സ്വന്തം നാട് ഒരിക്കല്‍ കൂടി ഇടം പിടിക്കും. ഒരു മഹാപ്രളയ ദുരിതക്കയത്തില്‍ നിന്ന് ഒരേ മനസോടെ കരകയറിയ ഒരു വലിയ ജനതയുടെ അപൂര്‍വ കഥയായി ചരിത്രത്തില്‍ ഇടം നേടുമ്പോള്‍ ലോകം മുഴുവനുമുള്ള മലയാളികള്‍ക്ക് നെഞ്ചുയര്‍ത്തി നില്‍ക്കാം. പ്രത്യേകിച്ച് പ്രവാസി മലയാളികള്‍ക്ക്; സ്വന്തം നാടിനെക്കുറിച്ചും സഹോദരങ്ങളെക്കുറിച്ചും അഭിമാനിക്കാം. പ്രളയകാലത്തും പുനര്നിര്‍മ്മാണത്തിലും അവര്‍ക്കൊപ്പം കൈത്താങ്ങായി നിന്നതിനെയോര്‍ത്തും ലോക ജനതയുടെ മുമ്പില്‍ മലയാളക്കരയുടെ യശസ് ഉയര്‍ത്തിയതിനെ ഓര്‍ത്തും.

കേരളത്തെ സംബന്ധിച്ച് ഏറ്റവും വലിയ പ്രതിസന്ധി കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ്. ഇന്ത്യ ഒരു വന്‍ സാമ്പത്തിക ശക്തിയായി മാറിയതിനാല്‍ ലോകരാജ്യങ്ങള്‍ക്കു മുന്‍പില്‍ യാചിക്കുന്നതെങ്ങനെയെന്നോര്‍ത്താണ് ഈ ദുരഭിമാനം. ഇതുവരെ കൊടുത്തുമാത്രം ശീലമുള്ള ഒരു രാജ്യത്തിലെ ഏറ്റവും ചെറിയ സംസ്ഥാനത്തിലൊരു ദുരന്തമുണ്ടായാല്‍ മറ്റു രാജ്യങ്ങളോട് സഹായം യാചിക്കുക; ചിന്തിക്കാന്‍ കൂടി വയ്യ നേതാക്കന്മാര്‍ക്ക്. നേപ്പാളിനും ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കുമൊക്കെ ദുരന്തകാലങ്ങളില്‍ വാരിക്കോരിക്കൊടുത്തവര്‍ പക്ഷെ കേരളത്തിന്റെ കാര്യം വന്നപ്പോള്‍ കഥ മാറി. തിന്നുകയുമില്ല തീറ്റിക്കുകയുമില്ല. വിദേശരാജ്യങ്ങള്‍ സ്വമേധയാ തരാന്‍ തീരുമാനിച്ച സഹായങ്ങള്‍ക്കുപോലും കൂച്ചുവിലങ്ങിട്ടു. കേന്ദ്രം കേരളത്തിനു അടിയന്തര സഹായമായി അനുവദിച്ചത് 600 കോടി രൂപ. യു എ ഇ ഗവണ്മെന്റ് നല്‍കാന്‍ തീരുമാനിച്ച സഹായം 700 കോടി രൂപ! ഒരു വിദേശ രാജ്യം സൗജന്യമായി നല്‍കാമെന്നു പറഞ്ഞ തുക പോലും വേണ്ടെന്നു വെച്ച കേന്ദ്ര സര്‍ക്കാര്‍ പിന്നെന്തു സഹായമാണ് കേരളത്തിന് വേണ്ടി ചെയ്യാന്‍ പോകുന്നത്?

പ്രളയ ദുരന്ത കാലത്തു നല്‍കിയ 600 കോടി രൂപയില്‍ നിന്ന് 240 കോടി രൂപ അരി നല്‍കിയ വകയില്‍ തിരിച്ചു നല്‍കണമത്രേ! അങ്ങനെ മൊത്തം കിട്ടിയ 600 കോടി രൂപയില്‍ 240 കോടി വെട്ടിക്കുറച്ചപ്പോള്‍ ബാക്കി വന്നത് 360 കോടി. ലോകം മുഴുവനുമുള്ള മലയാളികള്‍ ഇതിനകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാത്രം നല്കിയതു് 1300 കോടി രൂപ. ഇതു ഇന്നലെ വവരെയുള്ള കണക്കുകള്‍ . ദുരിത ബാധിതര്‍ക്കായി ലോകം മുഴുവനുമുള്ളവര്‍ നല്‍കിയ ഭക്ഷ്യ വസ്തുക്കളും മറ്റു സമഗ്രഹികളും അതിനപ്പുറം വരും. തീര്‍ന്നില്ല, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രവാസി മലയാളികളുടെ പ്രത്യേകിച്ച് അമേരിക്കന്‍ മലയാളികളുടെ ധന സമാഹാരം ഇപ്പോഴും തുടരുകയാണ്. ദുരിതമനുഭവിക്കുന്നവരുടെ വിദേശത്തും സ്വദേശത്തുമുള്ള ബന്ധുക്കള്‍ നേരിട്ടയച്ചു കൊടുത്തിട്ടുള്ള സഹായങ്ങള്‍ വേറെയുമുണ്ട്. അങ്ങനെ കേരളത്തെയും ജന്മ നാടിനെയും സ്നേഹിക്കുന്ന മലയാളികളുടെ സ്നേഹപ്രവാഹം ഒഴുകിയെത്തുകയാണ്.

പ്രധാനമന്ത്രിയും കേന്ദ്രത്തിലെ മറ്റു അധികാരികളും അറിയുവാനായി ഒരു കാര്യം പ്രത്യേകം പറയട്ടെ, ഞങ്ങള്‍ മലയാളികള്‍ ഒറ്റക്കെട്ടാണ്. ഞങ്ങള്‍ മലയാളികള്‍ സ്നേഹവും അല്‍മാര്‍ത്ഥതയും പരസ്പര സഹകരണവും ഉള്ളവരാണ്. സ്വന്തം ഹൃദയ രക്തംകൊണ്ടാണ് ഈ കരാറില്‍ ഒപ്പിടുന്നതെന്നു പറഞ്ഞുകൊണ്ട് സ്വന്തം നാട്ടിലെ വെള്ളം തമിഴ്നാടിന് 999 വര്‍ഷത്തെ പാട്ടക്കരാറില്‍ ഒപ്പിട്ട തിരുവതാംകൂര്‍ മഹാരാജാവിന്റെ വിശാലമനസ്‌കതയുള്ള നാട്ടുകാരാണ് ഞങ്ങള്‍. ആ കരാറിന്റെകൂടി ബാക്കിപത്രമായിരുന്നു കേരളത്തിലെ ദുരന്തത്തിന്റെ മറ്റൊരു മുഖമെന്നുകൂടി ഓര്‍ക്കണം. അതുകൊണ്ടു പറയട്ടെ ഞങ്ങള്‍ മലയാളികള്‍ തോല്‍ക്കില്ല. തോല്‍ക്കാന്‍ ഞങ്ങള്‍ക്ക് മനസില്ല. അതായിരുന്നു ഞങ്ങളുടെ പൂര്‍വികര്‍ ഞങ്ങള്‍ക്ക് പകര്‍ന്നു നല്‍കിയ പാഠം. ഞങ്ങള്‍ ഉയര്‍ത്തെഴുന്നേല്‍ക്കും. ചാരത്തില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ ഫീനിക്സ് പക്ഷിയെപ്പോലെ. ഒരേ മനസോടെ ഒരേ വികാരത്തോടെ ഒരു നവ കേരളം ഞങ്ങള്‍ പടുത്തുയര്‍ത്തും. ഞങ്ങള്‍ അതിനായി ഒരുക്കങ്ങളും ആരംഭിച്ചുകഴിഞ്ഞു.

നിങ്ങളറിഞ്ഞില്ലെങ്കില്‍ അറിയുക ഞങ്ങളില്‍ വിഭാഗീയത വളര്‍ത്തി മത സൗഹാര്‍ദ്ദമെന്ന നന്മ ഇല്ലാതാക്കിയത് നിങ്ങള്‍ തന്നെയെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു. മത വിഭാഗീയതക്ക് ഇനി കേരളമണ്ണില്‍ വേരോടുകില്ല. അകന്ന മനസുകളിലെ മാലിന്യങ്ങള്‍ മഹാപ്രളയത്തില്‍ ഒലിച്ചു പോയി. ലോകം മുഴുവനുമുള്ള മലയാളികളുടെ മനസ്സില്‍ ഒന്ന് മാത്രം ദൈവത്തിന്റെ സ്വന്തം നാട് ദൈവത്തിന് മാത്രം. ദൈവം ഞങ്ങളോട് കൂടെയുണ്ട്. ഉറപ്പാണ്!

ഇന്നലെ വരെ സ്വന്തം അയല്‍ക്കാരെ അറിയാത്തവര്‍ അവര്‍ക്കു ആശ്രയമായി മാറുന്ന കാഴ്ച്ചകളാണ് ഇപ്പോള്‍ കേരളമാകെ കാണാന്‍ കഴിയുക. എവിടെയായിരുന്നു ഈ സ്നേഹമൊക്കെ ഒളിപ്പിച്ചു വച്ചിരുന്നത്? ഇന്നലെ വരെ സഹായം ചോദിക്കുന്നവരോട് ജാതി ചോദച്ചിരുന്നവര്‍ക്കു വരെ കൈത്താങ്ങേങ്ങിയത് ജാതി പറയാത്തവര്‍! ഇവിടെ ഹിന്ദുവെന്നോ മുസല്‍മാനെന്നോ ക്രിസ്ത്യാനിയെന്നോ വേര്‍തിരിവില്ല. ദുരിതാശ്വാസ ക്യാമ്പുകളില്‍ ഒരേ കൂരയ്ക്കു കീഴില്‍ അന്തിയുറങ്ങിയപ്പോള്‍ ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്പുകള്‍ തകര്‍ത്തെറിയപ്പെട്ടിരുന്നു; ആര്‍ത്തലച്ചുവന്ന പേമാരിക്കൊപ്പം! പിന്നെന്തിനായിരുന്നു ജാതിക്കോമരങ്ങളെ ദൈവം കൈയൊപ്പ് ചാര്‍ത്തി നല്‍കിയ കേരളമെന്ന നാട്ടിലെ ജനങ്ങളെ തമ്മിലടിപ്പിച്ചും വിഘടിപ്പിച്ചും അതിര്‍വരമ്പുകള്‍ സൃഷിടിച്ചത്. ഏതായാലും നിങ്ങള്‍ വാരിയെറിഞ്ഞ ചേറില്‍ പൂണ്ടുപോയ മലയാളികളുടെ മനസാണ് ദൈവം കഴുകി വൃത്തിയാക്കിയത്. ആ ചേറു കഴുകിമാറ്റിയപ്പോള്‍ തെളിഞ്ഞു വന്ന മനുഷ്യത്വത്തിന്റെ മുഖമാണ് ഇന്ന് ലോകം അതിശയത്തോടെ തിരിച്ചറിഞ്ഞത്. നന്മയുടെ ഉറവ വറ്റാത്ത സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഇഴപിരിച്ചുള്ള സേവനം കണ്ട് ലോക ജനത ആശ്ചര്യം കൊണ്ടിരിക്കുകയാണ്. അങ്ങനെ കേരളവും മലയാളികളും ലോകത്തിനു മുന്‍പില്‍ ഒരു പഠന വിഷയമായി മാറി. മനുഷത്വത്തിന്റെയും സാഹോദര്യത്തിന്റെയും പാഠശാല! 
Join WhatsApp News
പി പി ചെറിയാൻ ,ഡാളസ് 2018-09-04 11:56:56
മഹാ പ്രളയകാലം കഴിഞ്ഞു ,ഇനി വരാനിരിക്കുന്നത് മഹാ പീഡനകാലം.ദൈവം ആരെയും പരീക്ഷിക്കുന്നില്ല.പരീക്ഷകൾ മനുഷ്യൻ സ്വയം സൃഷ്ടിക്കുന്നതാണ്.
ഉദാഹരണം 
ഒൻപതു മുറികളുളള ആഡംബര വീടിന് മുറ്റത്തെ മണ്ണ് മാറ്റാന്‍ സര്‍ക്കാര്‍ ഫണ്ട് 5 ലക്ഷം:ദുരിതാശ്വാസ അഴിമതി; ജീവനക്കാരെ സസ്‌പെന്റ് ചെയ്ത് മന്ത്രി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക