Image

പ്രളയം നല്‍കുന്ന വെല്ലുവിളി (അനു സജി)

Published on 04 September, 2018
പ്രളയം നല്‍കുന്ന വെല്ലുവിളി (അനു സജി)
ഒരു മഹാപ്രളയം കടന്നു പോയി. മനുഷ്യന്റെയും പ്രകൃതിയുടെയും ആത്യന്തിക ഭാവമെന്താണെന്ന ഒരോര്‍മ്മപ്പെടുത്തല്‍ നമുക്കു നല്‍കിയാണത് വന്നു പോയത്. ചില തിരിച്ചറിവുകള്‍ അതു നല്‍കിയിരിക്കുന്നു. ഏതു തിന്‍മയും നന്‍മയാക്കാല്‍ സാധിക്കുന്ന മനുഷ്യന്റെ ഇച്ഛാശക്തിക്കുമുമ്പില്‍ പ്രകൃതി നല്‍കിയ ഒരു നിവേദനമായി ഈ പ്രളയത്തെ കാണുകയാണ്. പ്രളയം ചൂണ്ടിക്കാട്ടിയ ഒരു വെല്ലുവിളിയിലേയ്ക്കാണ് ഞാന്‍ ഇതു വായിക്കുന്നവരുടെ ശ്രദ്ധ ക്ഷണിക്കുന്നത്.

അതിനു മുന്‍പ് രണ്ട് കാഴ്ചകള്‍ കാണുക.

1-അനേകം വര്‍ഷങ്ങള്‍ക്ക് മുന്‍പ്, 'ദൈവത്തിന്റെ സ്വന്തം നാട് 'എന്ന വിളിപ്പേര് ഇത്ര വിപുലമാകാതിരുന്ന ഒരു കാലത്ത് നമ്മുടെ നാട്ടിലൊരു രീതിയുണ്ടായിരുന്നു. അയല്‍പക്കക്കാര്‍ ഏതു സമയത്തും വീട്ടില്‍ കയറിവരും, ഉള്ള ഭക്ഷണം കഴിക്കും. ഒരു വീട്ടില്‍ ഒരാഘോഷമുണ്ടായാല്‍ ഭക്ഷണത്തിന്റെ ഒരു പങ്ക് അയല്‍പക്കക്കാര്‍ക്ക് കൊടുക്കും. മുതിര്‍ന്നവര്‍ സൊറ പറഞ്ഞിരിക്കുന്ന വൈകുന്നേരങ്ങളില്‍ കുട്ടികള്‍ മുറ്റത്തും പറമ്പിലും കളിച്ചു തിമിര്‍ത്തു നടക്കും. ആരും ഒരിക്കലും ആരുടേയും മതമോ ജാതിയോ നോക്കുമായിരുന്നില്ല. പള്ളികളിലെയും അമ്പലങ്ങളിലെയും ഉല്‍സവങ്ങളൊക്കെ നാടിന്റെ മുഴുവന്‍ ആഘോഷമാക്കി യിരുന്ന കാലം.
അന്ന് പച്ചപ്പട്ടു വയലേലകള്‍ തണ്ണീര്‍ത്തടങ്ങളായി നാടിനെ മോടി പിടിപ്പിച്ചിരുന്നു. കൊയ്ത്തുകാലം ഒരുമയുടെ മറ്റൊരു കാലമായിരുന്നു. പാട്ടുപാടി കൊയ്ത്തുമെതികള്‍ ആഘോഷിക്കുമായിരുന്നു. പത്തായപ്പുരകളില്‍ നെല്ലു നിറഞ്ഞിരുന്നു.
എന്തിനധികം എപ്പോഴും തത്തിക്കളിക്കുമായിരുന്ന ഇളം കാറ്റിന് ഒരു തണുപ്പുണ്ടായിരുന്നു. തുമ്പികളും പൂമ്പാറ്റകളും പോക്കാച്ചിത്തവളകളും നമ്മുടെ നാട്ടില്‍ യഥേഷ്ടം വസിച്ചിരുന്നു. എല്ലാത്തിനും ഒരു സംതുലനാവസ്ഥ ഉണ്ടായിരുന്നു. പ്രകൃതിയും മനുഷ്യനും പരസ്പരം കൈകോര്‍ത്തു ജീവിച്ചു പോന്നു. ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനെ മനുഷ്യനായി മാത്രം കരുതിയ കാലം.
ഇനി രണ്ടാമത്തെ കാഴ്ച.

2-പുതിയ കാലം:

പുതിയ കാലം ആഗോളവല്‍കരണത്തിന്റെ സൃഷ്ടിയാണ്. അഭ്യസ്തവിദ്യരുടെ എണ്ണം കൂടി. പക്ഷേ തൊഴിലവസരങ്ങള്‍ കുറഞ്ഞു. മറ്റു രാജ്യങ്ങളിലേയ്ക്കുള്ള കുടിയേറ്റം ആവശ്യമായി വന്നു. അങ്ങനെ കുടിയേറിയവര്‍ കൊണ്ടുവന്ന ആകര്‍ഷകങ്ങളായ വസ്തുക്കളിലൊന്നായിരുന്നു വെളുത്ത പ്ലാസ്റ്റിക് ബാഗുകള്‍. ചാക്കു സഞ്ചികളും പൊതിയാനുപയോഗിച്ചിരുന്ന പത്രങ്ങളുമൊക്കെ പഴഞ്ചന്‍ ആശയങ്ങളായി. നാടിന്റെ ഭാഷയായ മലയാളം അറിയില്ല എന്നു പറയുന്നത് ഭാഷനായി. ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവര്‍ മാത്രം ഇംഗ്ലീഷ് സംസാരിച്ചതു കൊണ്ട് ഇംഗ്ലീഷ് ഭാഷ അഭ്യസ്തവിദ്യന്റെ അടയാളമാക്കി സിനിമകള്‍ പോലും പടച്ചു വിട്ടു. വിദേശങ്ങളിലെ കുടിയേറ്റം നാട്ടില്‍ പണമൊഴുക്കി. കൊയ്യാന്‍ ആളില്ലാതായി. മണ്ണില്‍ പണിയുന്നതിന് പലര്‍ക്കും താല്‍പര്യമില്ലാതായി. പാടങ്ങള്‍ നികത്തപ്പെട്ടു, അവിടെ റബ്ബര്‍തോട്ടങ്ങള്‍ സ്ഥാനം പിടിച്ചു. പണമുണ്ടാക്കാന്‍ കൃഷിക്കാരും രാസവളങ്ങളുപയോഗിച്ചു. മണ്ണു പങ്കിലമായി. പൂമ്പാറ്റകളും തുമ്പികളും കാണാമറയത്തായി . വീടുകളുടെ രൂപങ്ങള്‍ മാറി. തടികൊണ്ടുള്ള മച്ചുകളുള്ള തണുത്ത വീടുകള്‍ ചൂടുള്ള കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്ക് വഴിമാറി. ഇളംതെന്നല്‍ വീശിയിരുന്ന നാട്ടില്‍ ചുടുകാറ്റ് മാത്രം വീശിത്തുടങ്ങി. പുഴകള്‍ മെലിഞ്ഞൊഴുകി. അവയുടെ ഒഴുക്കുകള്‍ തടയപ്പെട്ടു. പ്ലാസ്റ്റിക് പ്ലേഗു പോലെ പടര്‍ന്നു. അതും മറ്റ് മാലിന്യ ങ്ങളോടൊപ്പം പുഴകളിലടിഞ്ഞു. ഓലപ്പീപ്പിയും മറ്റു കളിക്കോപ്പുകളുമൊക്കെ മാറ്റി വച്ച് കുഞ്ഞുങ്ങള്‍ ഗെയ്മുകളുടെയും കാര്‍ട്ടൂണുകളുടെയും ലോകത്ത് രസിച്ചു. ഇന്‍ഫൊര്‍മെഷന്‍ റ്റെക്‌നോളജി വളര്‍ന്നു വിരല്‍ തുമ്പത്തായപ്പോള്‍ ആരും അതിരു വച്ചിട്ടില്ലാത്ത ഒരു സെല്‍ഫോണ്‍ സംസ്‌കാരവും വളര്‍ന്നു വന്നു. ഒളിക്യാമറകള്‍ കൊച്ചു കേരളത്തിന്റെ യുവത്വത്തെ മലീമസമാക്കി. അതോടൊപ്പം പുതിയ ചില ഭൂതങ്ങള്‍ നാടിന്റെ സംസ്‌കാരത്തെ വിഴുങ്ങിക്കഞ്ഞു. മതതീവ്രവാദവും അലസതയും മനസുകളിലെങ്ങിനെയോ കടന്നു കൂടി. ഞാനോ നീയോ വലുതെന്ന് മതങ്ങള്‍ ചോദിച്ചുതുടങ്ങി. സിനിമയും സീരിയലുകളും കൂടുതല്‍ വ്യാപകമായി ഏവരുടെയും സമയം അപഹരിച്ചു. ഓരോരുത്തരും അവരവരുടെ മാളങ്ങളിലൊളിച്ചു. അതിനിടെ ഭൂ മാഫിയ കടന്നു വന്നു. നാടിന്റെ പൊതുവേയുള്ള സാമ്പത്തിക സ്ഥിതിയും സാക്ഷരതയും ഉയര്‍ന്നപ്പോഴും ആത്മഹത്യാ നിരക്കുകള്‍ വര്‍ദ്ധിച്ചു. ചിലയാളുകള്‍ അധ്വാനശീലം മാറ്റിവച്ച് മദ്യപാനശീലം ജീവിതചര്യയാക്കി. അധ്വാനിക്കാന്‍ അന്യസംസ്ഥാന തൊഴിലാളികള്‍ വന്നു ചേര്‍ന്നു. സ്വന്തനാട്ടില്‍ കൃഷിചെയ്യുവാന്‍ മടികാണിച്ചവര്‍ വിഷമടിച്ച ഭക്ഷണം അന്യനാട്ടില്‍ നിന്നു വരുത്തി. അതോടൊപ്പം ക്യാന്‍സറും പണം കൊടുത്തു വാങ്ങി. ജീവിതശൈലി രോഗങ്ങള്‍ പ്രത്യക്ഷപ്പെട്ടു. നെല്‍പ്പാടങ്ങളുടെ നാട്ടില്‍ പ്ലാസ്റ്റിക് അരിയും പ്ലാസ്റ്റിക് മുട്ടയും കാണാന്‍ കഴിഞ്ഞു. ഉപഭോഗ സംസ്‌കാരം ഉറഞ്ഞു തുള്ളി. അങ്ങനെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത ഏറെ മാറ്റങ്ങള്‍.

മാറ്റങ്ങള്‍ അനിവാര്യമാണ്. മാറ്റങ്ങള്‍ ഉണ്ടാക്കിയ നന്‍മകള്‍ കാണാതെയല്ല ഇതു പറയുന്നത്. നാട്ടില്‍ ഗുണകരമായ
നല്ല വികസനവും ഈ കാലത്ത് ഉണ്ടായി എന്നത് അനിഷേധ്യമായ കാര്യം തന്നെ.

പ്രളയകാലത്ത് കൈത്താങ്ങായി ഫേസ്ബുക്കും വാട്‌സ്ആപുമൊക്കെ നിറഞ്ഞു നിന്നു. മതമോ രാഷ്ട്രീയമോ നോക്കാതെ മനുഷ്യന്‍ മനഷ്യനെ കാണുവാന്‍ പ്രളയം നമ്മെ ഓര്‍മ്മിപ്പിച്ചു. മുക്കുവര്‍ രക്ഷാസേനയായി. മനുഷ്യഹൃദയത്തില്‍ ഉറങ്ങിക്കിടന്നിരുന്ന നന്‍മയെല്ലാം പ്രളയം പുറത്തെടുത്തിരിക്കുന്നു. പുഴകള്‍ മാലിന്യക്കൂമ്പാരങ്ങള്‍ ശര്‍ദ്ധിച്ചിട്ടപ്പോള്‍ മനുഷ്യന്‍ വേര്‍തിരിവിന്റെയും ഉച്ചനീചത്വങ്ങളുടെയും വിഷമിറക്കുന്ന മനോഹരമായ കാഴ്ച. മനുഷ്യന്റെ ഉള്ളിലെ നന്‍മയും കരുണയും ഉണര്‍ന്നു വന്ന കാലം. സ്‌നേഹവും ദയയും തെളിഞ്ഞു നിന്ന കാലം. ആത്മാവ് നഷ്ടപ്പെട്ട നമ്മുടെ സംസ്‌കാരത്തിന്റെ ഒരുയര്‍ത്തെഴുന്നേല്‍പ്പാണ് കണ്ടത്.

ഒരു ശുദ്ധീകരണം അനിവാര്യമായിരുന്ന കാലത്താണ് പ്രകൃതി ക്ഷോഭിച്ചത്. കണ്ണടച്ചന്ധരാകാന്‍ ശ്രമിക്കുന്ന പുതു സംസ്‌കാരത്തിന്റെ കണ്ണുകള്‍ പ്രളയം തുറപ്പിച്ചിരിക്കുന്നു. പ്രകൃതി നമ്മുടെ മുന്നില്‍ കോറിയിട്ട വെല്ലുവിളി നാമേറ്റെടുത്തു. നാടു വികസിച്ചപ്പോള്‍ നഷ്ടമായ, നന്‍മയുടെ, മതേതരത്വത്തിന്റെ, ഒരുമയുടെ നല്ല ഭാവങ്ങള്‍ ഇന്ന് തിരിച്ചു കിട്ടിയിരിക്കുന്നു.
പ്രളയം വിതച്ച ദുരന്തപര്‍വ്വത്തിനു മുകളില്‍ കയറി ഇനി നമുക്ക് പറയാം..? 'ഞങ്ങള്‍ അതിജീവിക്കും'.

നമ്മുടെ പ്രതാപം നാം തിരിച്ചു പിടിക്കും. പുന:രുദ്ധാരണം നടക്കുമ്പോള്‍, അടിഞ്ഞു കൂടിയ ചെളി കഴുകി വൃത്തിയാക്കുന്നതോടൊപ്പം നമ്മുടെ സംസ്‌കാരത്തിന്റെ ആത്മാവിനെ ഗ്രസിച്ചിരിക്കുന്ന എല്ലാ ചെളികളും നമുക്കുതുടച്ചു മാറ്റാം. അതിനായി ഓരോ മലയാളിയും കൈകോര്‍ക്കട്ടെ.

'നമ്മള്‍ അതിജീവിക്കും'. ഈ ദുരന്തത്തെയും നമ്മള്‍ നന്‍മയാക്കി മാറ്റും. ഉറങ്ങിക്കിന്നിരുന്ന നാടിന്റെ നന്‍മകളെ വീണ്ടും ഉണര്‍ത്തി നമ്മുടെ അതിജീവനം അതിന്റെ പൂര്‍ണതയിലെത്തിച്ചേരുക തന്നെ ചെയ്യട്ടെ. ആശംസകള്‍!
പ്രളയം നല്‍കുന്ന വെല്ലുവിളി (അനു സജി)
Join WhatsApp News
Raju Assariath,USA 2018-09-08 00:07:28
anu sajiyude article enne pazhaya ormakaliekku kootti kondupoy. Abhinannanangal.i
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക