Image

യേശുദാസ് ഒരു വിഗ്രഹമാണ്? (പകല്‍ക്കിനാവ് -117 : ജോര്‍ജ് തുമ്പയില്‍)

ജോര്‍ജ് തുമ്പയില്‍ Published on 05 September, 2018
യേശുദാസ് ഒരു വിഗ്രഹമാണ്? (പകല്‍ക്കിനാവ് -117 : ജോര്‍ജ് തുമ്പയില്‍)
ഗാനഗന്ധര്‍വന്‍ യേശുദാസ് എക്കാലത്തും മലയാളിയുടെ സ്വകാര്യമായ ഒരു അഹങ്കാരമാണ്. അതില്‍ യാതൊരു തെറ്റുമില്ല. ദാസേട്ടനുമായി നാലു മുഴുനീള അഭിമുഖങ്ങള്‍ നടത്തിയ ലേഖകന്‍ എന്ന നിലയിലും ഒരു ടൂറില്‍ അദ്ദേഹത്തിന്റെ ഷോയുടെ അവതാരകന്‍ എന്ന നിലയിലും നേരിട്ട് ആ നാദബ്രഹ്മം അനുഭവിക്കാന്‍ ഇടയായിട്ടുണ്ട്. അതു കൊണ്ടു തന്നെ ഒരു മടിയുമില്ലാതെ പറയാതെ സാധിക്കും. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി മലയാളികളെല്ലാം തന്നെ യേശുദാസിനെ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തുന്നത് ഈ ഒരു കാരണം കൊണ്ട് കൂടിയാണ്. അദ്ദേഹത്തിന്റെ നാദപ്രവാഹത്തില്‍ ഒരിക്കലെങ്കിലും അലിഞ്ഞു ചേരാത്ത ഒരു മലയാളിപോലും ഇല്ലെന്നു തന്നെ പറയാം. ആ അര്‍ത്ഥത്തില്‍ യേശുദാസ് ഒരു തലമുറയുടെ പ്രതീകമാണ്. അവരുടെ സമ്പാദ്യമാണ്, ആ അനശ്വരഗാനങ്ങള്‍. അദ്ദേഹത്തിന്റെ നാദവീചികളടങ്ങിയ ഗാനങ്ങള്‍ ഏതൊരു മലയാളിയുടെയും സ്വകാര്യ നിമിഷങ്ങള്‍ പലപ്പോഴും അനിര്‍വചനീയമായ തലത്തിലേക്ക് ഉയര്‍ത്തി കൊണ്ടുവന്നിട്ടുണ്ട്. പലപ്പോഴും നല്‍കിയിരുന്നത് സന്തോഷമായിരിക്കണം. തളര്‍ന്നിരിക്കുമ്പോള്‍ ഒരേയൊരു ഗാനം കൊണ്ടുള്ള അസാധാരണമായ ഊര്‍ജ്ജമായിരുന്നിരിക്കണം. ഒരു ഗാനത്തിന് ഒരാളെ ഉയര്‍ത്തിനിര്‍ത്താന്‍ അത്രമേല്‍ കഴിവുണ്ട് എന്ന് മലയാളികള്‍ ഓരോന്നും തിരിച്ചറിഞ്ഞത് ഗാനഗന്ധര്‍വന്റെ ശബ്ദസംഗീതത്തിലൂടെയായിരുന്നു. ഈ ഗാനപ്രവാഹത്തിലൂടെ മലയാളിയെ ഇത്രമേല്‍ വിസ്മയിപ്പിച്ച, ഇത്രമേല്‍ സ്വാധീനിച്ച മറ്റൊരു വ്യക്തി ഇല്ല തന്നെ. അതുകൊണ്ടുതന്നെ ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് അവരുടെ സ്വകാര്യത പരിപോഷിപ്പിക്കുന്നതിനും ദാസേട്ടന്‍ ഗാനങ്ങള്‍ക്കുള്ള പങ്ക് അത്രമേല്‍ വലുതാണ്. ആ അര്‍ത്ഥത്തിലാണ് മാലോകര്‍ ആയ മലയാളികള്‍ മുഴുവന്‍ മഹാ പ്രളയത്തിന്റെ കുത്തൊഴുക്കില്‍ ജീവന്‍ നഷ്ടപ്പെടുമെന്ന ഭീതിയില്‍ വിളിച്ചു യാചിച്ചത്. ദുരിതത്തിന്റെ കാണാക്കയങ്ങളില്‍ പെട്ടപ്പോള്‍ ഒരു കൈത്താങ്ങിനു വേണ്ടി കെഞ്ചിയത്. പ്രളയം ഒരു മഹാവിസ്‌ഫോടനം ആയി അവസാനിച്ചപ്പോഴും ദുരിതത്തിനു തെല്ലും കുറവുണ്ടായില്ല. മാനത്ത് കഴുകനെ പോലെ ജീവനുവേണ്ടി ദുരിതം രാകിപറന്നു എന്നു പറഞ്ഞാല്‍ അതു തെല്ലും അതിശയോക്തിയല്ല.
കേരളത്തിലെ അഞ്ചു ലക്ഷം പേരെ ദുരിതം മഹാവ്യാധി ആയി പിടികൂടിയപ്പോള്‍ സമൂഹത്തിലെ എത്രയോ ഉന്നതശീര്‍ഷരായ വ്യക്തികള്‍ ആശ്വാസ വചനങ്ങളുമായി മുന്നില്‍ നിന്നു. മലയാളികളുടെ പ്രിയപ്പെട്ട അവരൊക്കെയും  കണ്ണീരൊപ്പാന്‍ കൂടെ നിന്നു. കാതുകളില്‍ ആശ്വാസ വചനമോതി. ഈ സമയത്താണ് എക്കാലത്തും മലയാളികള്‍ നെഞ്ചോട് ചേര്‍ത്തുവച്ച് ഗാനഗന്ധര്‍വന്റെ അഭാവം ശ്രദ്ധേയമായത്. അദ്ദേഹം എവിടെയായിരുന്നു? മലയാളികള്‍ ഇത്രമേല്‍ സ്‌നേഹിച്ച ഒരാളെ, അവരുടെ ആരാധകര്‍ ജീവന്മരണ പോരാട്ടം നടത്തിയപ്പോള്‍ കൂടെയുണ്ടായില്ലെന്ന ആരോപണം ശക്തമായി പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ് പരസ്യമായിത്തന്നെ ഉന്നയിച്ചു. ഗാനഗന്ധര്‍വ്വന്റെ  അഭാവത്തെ വിമര്‍ശിച്ചു. ജാതിക്കും മതത്തിനുമെതിരേ എല്ലായിടത്തും ശബ്ദം മുഴക്കിയിരുന്ന അദ്ദേഹം ദൈവം ഒന്നേയുള്ളുവെന്ന പ്രളയം മലയാളിക്കു കാണിച്ചു കൊടുത്തപ്പോള്‍ ആരും കാണാതെ ഒളിച്ചിരുന്നുവെന്നാണ് പിസി ആരോപിച്ചത്. കേള്‍ക്കുമ്പോള്‍ അറിയാം ഇതില്‍ അവാസ്തവം ഒട്ടും ഇല്ല എന്ന്. ദാസേട്ടന്‍ മലയാളികള്‍ക്കു പ്രിയപ്പെട്ടവനായത്, അവരുടെ ഹൃദയങ്ങളെ അത്രമേല്‍ സ്പര്‍ശിച്ചതു കൊണ്ടാണ്. ആ സംഗീതം ദൈവീകമായിരുന്നു. അതിന് മനുഷ്യനെ പരസ്പരം ചേര്‍ത്തു നിര്‍ത്താനുള്ള അനിര്‍വചനീയമായ കരുത്തുണ്ടായിരുന്നു. ഒരു കരുതല്‍ ഉണ്ടായിരുന്നു. ഒരു സുരക്ഷയുണ്ടായിരുന്നു.

മലയാളികള്‍ താരങ്ങളായി കൊണ്ടുനടന്നിരുന്ന, നക്ഷത്ര ലോകത്തുനിന്നുള്ള എത്രയേ പേര്‍, ദുരിതത്തില്‍ ഭൂമിയിലേക്ക് ആരും പറയാതെ ഇറങ്ങിവന്നു. മമ്മൂട്ടിയും ദിലീപും ജയറാമും എന്തിന് പുതുമുഖ താരമായ ടൊവിനോ, വുമണ്‍ ഇന്‍ കളക്ടീവ് ഉള്‍പ്പെടെയുള്ളവര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നിന്നു. അപ്പോഴൊന്നും നാം കണ്ടില്ല ഗാനഗന്ധര്‍വ്വനെ. അദ്ദേഹത്തിന്റെ കരുണാവചസുകളെ. അദ്ദേഹം ആരും കാണാതെ നല്ലൊരു ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തുവെന്ന് കേരളത്തിന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ പി സി ജോര്‍ജിന് മറുപടിയായി പറഞ്ഞു എന്നാല്‍ അതായിരുന്നോ വേണ്ടത്? ഒരു ആശ്വാസവചനമായിരുന്നു, കണ്ണുനീര്‍ തുടക്കലായിരുന്നു മലയാളി സഹോദരങ്ങള്‍ക്കു ദുരിതഭൂമിയില്‍ വേണ്ടിയിരുന്നത്. ഉയര്‍ന്നു കേള്‍ക്കേണ്ടത് അദ്ദേഹത്തിന്റെ കൂടെയുണ്ട്, എന്ന പിന്തുണയായിരുന്നു. എന്നാല്‍, എല്ലാവരെയും വിസ്മയിപ്പിച്ചു കൊണ്ട് അദ്ദേഹം അണിയറയില്‍ നിന്നും പുറത്തു വന്നതേയില്ലെന്നു പി.സി പറയുന്നു.

വിണ്ണിലെ നക്ഷത്രങ്ങള്‍ എന്നും ഭൂമിയിലെ സാന്ത്വനസംഗീതമാണ്, പ്രത്യേകിച്ച് ദാസേട്ടനെ പോലെയൊരാള്‍. അദ്ദേഹത്തിന്റെ ഒരു ഗാനത്തിന്റെ ചരണം മാത്രം മതി ദുരിതങ്ങളെ അതിജീവിച്ചു മലയാളി മക്കള്‍ക്ക് ഉയര്‍ന്നു വരാന്‍. ദുരിതത്തില്‍ മുങ്ങി, ഇന്നും വീട്ടിലേക്ക് തിരിച്ചു വരാന്‍ കഴിയാത്ത എത്രയേ പേരുണ്ട്, ഇപ്പോഴും കേരളത്തില്‍. പി.സി. ജോര്‍ജ് പറഞ്ഞതില്‍ വാസ്തവമുണ്ട്. ദാസേട്ടന്റെ പണമായിരുന്നില്ല ഇപ്പോള്‍ നമുക്ക് ആവശ്യം. അദ്ദേഹത്തിന്റെ ഒരു സാന്നിധ്യമായിരുന്നു, അദ്ദേഹത്തിന്റെ ഒരു കൈത്താങ്ങെന്ന് പറയുന്നത് അതായിരുന്നു. അതുണ്ടായിരുന്നുവെങ്കില്‍ മറ്റാരേക്കാളും കേരളമക്കള്‍ അതു നെഞ്ചോടു ചേര്‍ത്തു വച്ചേനെ. അവരുടെ ഊണിലും ഉറക്കത്തിലും കൂടെയുണ്ടെന്നു തോന്നിയ ഒരു കൂടപിറപ്പാണ് ജീവനു വേണ്ടി പിടഞ്ഞ വേളയില്‍ അപ്രത്യക്ഷനായതെന്ന് അവര്‍ക്ക് തോന്നിയാല്‍ കുറ്റം പറയാനാകില്ല. അതു തന്നെയാണ് വൈകാരികമായി തന്നെ പി.സി. ജോര്‍ജ് പറഞ്ഞതും.  ചില നക്ഷത്രങ്ങള്‍ ഇങ്ങനെയാണ്. നമ്മെ വിസ്മയിപ്പിച്ചുകൊണ്ട് എന്നും തിളങ്ങി നില്‍ക്കുന്ന ഈ താരങ്ങള്‍ക്ക് പക്ഷേ ഭൂമിയിലുള്ള മനുഷ്യന്റെ കണ്ണീരൊപ്പാന്‍ കഴിഞ്ഞെന്നുവരില്ല. പ്രപഞ്ച സത്യമാണത്. ആ നീതിയെ ഏതെങ്കിലും പ്രളയത്തിന് തൂത്തെറിയാന്‍ ആവുമോ? ഇല്ലെന്നു തന്നെ കാലം തെളിയിച്ചിരിക്കുന്നു. അതിനപ്പുറം എന്തു പറയാന്‍?

യേശുദാസ് ഒരു വിഗ്രഹമാണ്? (പകല്‍ക്കിനാവ് -117 : ജോര്‍ജ് തുമ്പയില്‍)
Join WhatsApp News
renji 2018-09-05 21:55:27
This man is the most selfish and self-centered celebrity ever born in Kerala. It is time for us to let him go out of our lives!
Biju Cherian 2018-09-05 23:27:15
Well explained article . Respecting your courage to stay strong with your opinions. Congratulations Mr. Thumpayil 
വിദ്യാധരൻ 2018-09-06 23:46:40
കണ്ടില്ല ഗാന ഗഡർവ്വനെ 
കണ്ടില്ല സിനിമാ താരങ്ങളെ 
കണ്ടില്ല ആൾദൈവങ്ങളെ 
കണ്ടില്ല  മതപ്രവാചകരെ  
മതങ്ങൾ  ഉണ്ടാക്കിയ ദൈവങ്ങളെ 
കണ്ടതോ പച്ച മനുഷ്യരെ 
മനുഷ്വത്വം വിട്ടു പോകാത്ത 
കടലിന്റെ മക്കളെ,മുക്കവരെ 
മണ്ണിനോടു പടവെട്ടും മക്കളെ
ഉരുൾപൊട്ടി ഒഴുകിവരും 
ജലപ്രവാഹങ്ങളെ മുറിച്ചും 
ഒഴുക്കെനെ തിരെ നീന്തിയും
സഹജീവികളെ രക്ഷിക്കും 
മുഖങ്ങൾ ഇല്ലാത്ത, ആരും അറിയാത്ത 
സാധാരണ ജനങ്ങളെ .
നമ്മൾ വളർത്തിയ താരങ്ങളും 
ദൈവങ്ങളും നമ്മളുടെ വിയർപ്പിനാൽ 
കെട്ടിപ്പൊക്കിയ ക്ഷേത്രങ്ങൾ പള്ളികൾ 
നമ്മൾ തീറ്റികൊടുത്തു വളർത്തിയ 
പുരോഹിത സന്യാസി വർഗ്ഗവും 
കപട രാഷ്ട്രീയ വർഗ്ഗവും 
കണ്ടില്ലിവരെ ആരെയും 
നമ്മുടെ കേരളം വെള്ളത്തിൽ താണപ്പോൾ. 
തുടങ്ങാം നമ്മൾക്ക് ബഹിഷ്ക്കരണം 
ക്ഷേത്രങ്ങളും പള്ളികളും 
മോസ്‌കും നമ്മളക്ക് ബഹിഷ്കരിക്കാം 
പണ്ട് ഗാന്ധിജി നടത്തിയ 
നിസഹകരണായുധം 
നമ്മൾക്കെടുത്തുപയോഗിച്ചിടാം 
ഞാനിതു പറയുമ്പോൾ 
നിനൊക്കൊക്കെ ;'അതിസാരമോ'; ശർദ്ദിയോ ?
അറിയാം ഞങ്ങൾക്ക് അടിയാളരെ നിങ്ങൾ 
ആത്മഹൂതി ചെയ്യും നീചവർഗ്ഗത്തിനായി
എന്നും നിങ്ങൾ മനുഷ്യ പുരോഗതിക്കൊരു 
വിലങ്ങു തടിയായി നിന്നിരുന്നു പണ്ടേതുടങ്ങി 
നിങ്ങൾ ചാരന്മാർ ചേരുന്നു ജനപക്ഷം 
നിങ്ങൾ പിന്നെ അഭിനയിക്കും അവരിലൊരാളായി
പിന്നെ തുടങ്ങും കൊള്ളയും കൊള്ളിവെപ്പും 
മിണ്ടാതിരിക്കുക നക്രങ്ങളെ നിങ്ങൾ 
നിങ്ങൾ ഇനിയും രക്ഷയില്ല പൊയ്കൊൾകൂടൻ 
പോയി നീ അതിസാരത്തിനായി 
ആവണക്കെണ്ണ കുടിക്കുക 
Fan of Vidyadharn 2018-09-07 11:52:35
അതിസാരം ഉള്ളവൻ ആവണെക്കെണ്ണ കുടിച്ചാൽ പിന്നെ അവൻ ഇനി മേലാൽ ഈ മലയാളിയിൽ അഭിപ്രായം എഴുതാൻ വരില്ല - അവനെ അങ്ങനെ കൊല്ലണ്ട - അവനപ്പോലെയുള്ളവർ നിങ്ങൾക്ക് എഴുതാൻ പ്രചോദനം നല്കുന്നവരല്ലേ ? അവനെല്ലാം സാഹിത്യത്തെ വളർത്തുന്ന കീടങ്ങളല്ലേ    വിദ്യാധരാ 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക