Image

സുധീര്‍ പണിക്കവീട്ടിലിന്റെ അമേരിക്കന്‍ മലയാള സാഹിത്യ നിരൂപണങ്ങള്‍- (വീക്ഷണം-ഭാഗം: 2- ജോണ്‍ വേറ്റം )

ജോണ്‍ വേറ്റം Published on 06 September, 2018
സുധീര്‍ പണിക്കവീട്ടിലിന്റെ അമേരിക്കന്‍ മലയാള സാഹിത്യ നിരൂപണങ്ങള്‍- (വീക്ഷണം-ഭാഗം: 2-  ജോണ്‍ വേറ്റം )
ശ്രീ.പുത്തന്‍കുരിശ്ശിന്റെ കവിതകള്‍, ലാളിത്യത്തിലെ ഗഹനത
സങ്കല്പനങ്ങളെ താലോലിക്കുന്ന കവി സമൂഹത്തോടുള്ള കടമയും കവിതകളില്‍ പ്രകടിപ്പിക്കുന്നു. കവിതകള്‍ സമാന്യേന ഭാവഗീതങ്ങള്‍, കഥാരൂപമായ കവിതകള്‍, വിവരണാത്മകമായ കവിതകള്‍, എന്നതിനും പുറമെ പ്രബോധനപരമായ വിഭാഗത്തിലും ഉള്‍പ്പെടുന്നു. സമൂഹത്തോടുള്ള കടമയും കടപ്പാടും കവിതകളില്‍ പ്രകടിപ്പിക്കുന്നു. കവിതകള്‍ എല്ലാം തന്നെ ലാളിത്യവും ആശയങ്ങളും ഉള്ളവയും മാനവരാശിക്ക് സന്ദേശം നല്‍കുന്നവയുമാണ്. സങ്കീര്‍ണ്ണതയില്ലാതെ തത്വജ്ഞാനപരമായ വിഷയങ്ങളും അവതരിപ്പിക്കുന്നു. ഹൃദയാഹാരിയായ കവിതകള്‍, ജീവിതത്തിന്റെ സ്പന്ദനങ്ങള്‍ ഉള്‍ക്കൊള്ളുന്ന കവിതകള്‍, മനുഷ്യമനസ്സിലേക്ക് പ്രകാശം പരത്തുന്ന കവിതകള്‍, നന്മയുടെ രാജ്യം കാണാന്‍ കണ്ണു തുറപ്പിക്കുന്ന കവിതകള്‍, വിവേകത്തെ ഉണര്‍ത്തുന്ന കവിതകള്‍.

അതിജീവനവും അധിവേശവും
ശ്രീ.ജോണ്‍ മാത്യുവിന്റെ 'ഭൂമിക്കുമേലെ ഒരു മുദ്ര' എന്ന നോവലില്‍, അവസരം തേടി അമേരിക്കയില്‍ വന്ന മലയാളികളുടെ കഥ പറയുന്നു. മലയാളി കുടിയേറ്റക്കാരുടെ ചില സവിശേഷതകള്‍ രസകരമായി പ്രതിപാദിച്ചിട്ടുണ്ട്. രചനാതന്ത്രങ്ങളെ നിരന്തരം നവീകരിക്കുന്ന എഴുത്തുകാരന്‍ ആവിഷ്‌ക്കാരത്തിലും നൂതനശൈലികൊണ്ടു വന്നിട്ടുണ്ട്. കൊ്ച്ചുകൊച്ചു സംഭവരംഗങ്ങളിലൂടെ കഥ പറയുന്നു. കഥയുടെ ഗതിക്കനുസരിച്ചുള്ള സംഭവങ്ങള്‍ ഹ്രസ്വസര്‍ഗങ്ങളിലൂടെ സഫലമാക്കാന്‍ വൈദഗ്ധ്യമുള്ള തന്ത്രശാലിയാണ് ഇദ്ദേഹം.

കുടിയേറ്റം-ഏറ്റവും ഇറക്കവും
ശ്രീ സാംസി കൊടുമണ്ണിന്റെ 'പ്രവാസികളുടെ ഒന്നാം പുസ്തകം'  എന്ന നോവല്‍ അമേരിക്കയിലെ ന്യൂയോര്‍ക്കിലെ ഒരു കൂട്ടം മലയാളികളുടെ-കൂടുതലായി കുടിയേറ്റക്കാരുടെ-കഥ പറയുന്നു. പച്ചയായ ജീവിതങ്ങളുടെ ആവിഷ്‌കാരം. തിരഞ്ഞെടുത്ത കുറെ മലയാളികളുടെ കഥ. അമേരിക്കന്‍ മലയാളിക്ക് തങ്ങളുടേതായ സമൂഹങ്ങളില്‍ എന്ത് നടക്കുന്നുവെന്ന് അറിയിപ്പിക്കുന്ന പുസ്തകം. ഭൗതിക നേട്ടങ്ങള്‍ക്ക് മുന്തൂക്കം നല്‍കുന്നവരും അമേരിക്കന്‍ സംസ്‌കാരത്തെ തള്ളിപ്പറയുന്ന പ്രവണതയും ഇവിടെ ജീവിക്കാന്‍ മറക്കുന്നവരും ഇതില്‍ ഉണ്ട്. ജീവിതം പറിച്ചുനട്ടവരുടെ ബന്ധങ്ങളും വേദനകളും ഉണ്ട്. അമേരിക്കന്‍  മലയാളിയുടെ ജീവിതം ഇതാണ് എന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ വിശ്വസനീയതയോടെ എഴുതപ്പെട്ട നോവല്‍. ഭാവിതലമുറക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന ഈ പുസ്തകം ഒരു എപ്പിസോഡിക്ക് നോവലായി അനുഭവപ്പെട്ടു.

ചവിട്ടിമെതിച്ചിട്ടും കിളിര്‍ക്കുന്ന പുല്ലുകള്‍
ശ്രീമതി സരോജ വര്‍ഗ്ഗീസിന്റെ നോവല്‍ 'മിനിക്കുട്ടിയെന്ന സൂസമ്മ' പരീക്ഷണങ്ങളുടെ മൂന്ന് ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഒരു ഗ്രാമീണപെണ്‍കുട്ടിയുടെ ജീവിതകഥയാണ്. അതില്‍ ചൂഷണം ചെയ്യ്‌പ്പെടുന്ന സ്ത്രീത്വം, സമ്മര്‍ദ്ദസാഹചര്യത്തിനു വഴങ്ങുന്ന നിസ്സഹായത, ഓരോ തവണ ചവിട്ടി മെതിക്കുമ്പോഴും ജീവിതം തളിര്‍ക്കണമെന്നു മോഹിക്കുന്നു. ഒടുവില്‍ ജീവിതം പടുത്തുയര്‍ത്താനുള്ള അത്താണി കണ്ടെത്തുന്നു. ദുരൂഹതകളും സങ്കീര്‍ണ്ണതകളും സാഹസികതകളുമില്ലാത്ത ലളിതമായ  ആഖ്യാനരീതി.
നോവലിന്റെ ചേരുവകളെല്ലാം ചേരുംപടി ചേര്‍ത്തിട്ടുണ്ടെങ്കിലും, നോവല്‍ രചനയില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ മാര്‍ഗ്ഗദര്‍ശനമാക്കാന്‍ നോവലിസ്റ്റ് മുതിരുന്നില്ല.

മായാത്ത 'കട'പ്പാടുകള്‍
അവതരണത്തിലും ആവിഷ്‌ക്കാരത്തിലും വ്യത്യസ്തമാണ്, ശ്രീ.ചെറിയാന്‍ ചരുവിളയുടെ, 'ശാന്തിതീരത്ത്' എന്ന നോവല്‍. സ്വദേശത്തും വിദേശത്തും ജീവിച്ചു വിജ്ഞാനം നേടിയ , ഈശ്വര വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുന്ന, ഒരു എഴുത്തുകാരന്റെ പുസ്തകം. സാഹിത്യസപര്യ ഹരമാക്കുകയും എല്ലാവര്‍ക്കും നന്മവരണമെന്ന ആവേശം കൊണ്ട് രചനനടത്തുകയും ചെയ്യുന്ന ഗ്രന്ഥകാരന്‍. നോവലില്‍ ഉടനീളം ദൈവസ്‌നേഹത്തിന്റെ മഹത്വത്തിന് ഊന്നല്‍ കൊടുക്കുന്നു. ചെറിയാന്‍ നന്മയുടെയും ദൈവകാരുണ്യത്തിന്റെയും പ്രവാചകനാണ്.

നിലാവിനെ പ്രണയിക്കുന്ന കവി
സത്യസന്ധമായി പറയുക, സൗന്ദര്യം കലര്‍ത്തി പറയുക, സൗമ്യതയോടെ പറയുക എന്ന രീതിയാണ് ശ്രീ.വാസുദേവ് പുളിക്കല്‍ തന്റെ കവിതകളില്‍ സ്വീകരിച്ചിരിക്കുന്നത്. ചിന്തിക്കാന്‍ ഉള്‍പ്രേരണയും മധുരമായ ഉപദേശങ്ങളും തന്നു ഹാസ്യം ചേര്‍ത്തും കവി എഴുതുന്നു. കവിതകളിലെ ആശയഭംഗിയും കോമളപദാവലിയും ഹൃദയാവര്‍ജ്ജകങ്ങളാണ്. താളവും വൃത്തവും ഇ്ല്ലാത്ത വരികളെ ഇമ്പമുള്ളതാക്കുന്നതു ആശയങ്ങളെ അവതരിപ്പിക്കാന്‍ ഉപയോഗിക്കുന്ന ശൈലിയുടെ സവിശേഷതയാണ്. കാല്പനികതയുടെ ഉദാത്ത മേഖലകളിലേക്ക് കവി അനുവാചകരെ കൊണ്ടുപോകുന്നു. മനോഹരമായ ആവിഷ്‌കരണവും, സൗന്ദര്യവും, പ്രഭചിന്നുന്ന വിവരണവുമുള്ള ഈ കവിതകള്‍ വായനക്കാര്‍ സഹര്‍ഷം സ്വീകരിക്കും.

അക്ഷരങ്ങളെ ലാളിക്കുന്ന എഴുത്തുകാരന്‍
ശ്രീ.ജോസ് ചെരിപുറത്തിന്റെ 'നര്‍മ്മകഥകള്‍' ജീവിതത്തിന്റെ ചൈതന്യവും വിശുദ്ധിയും വികാരങ്ങളും ഉള്‍ക്കൊള്ളുന്നവയാണ്. സുഖകരമായ വായനാനുഭവം തരുന്ന രചനകള്‍. ഹാസ്യരസപ്രധാനമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഗ്രന്ഥകാരന്‍, സ്വന്തമായ വ്യക്തിത്വവും അഭിപ്രായവുമുള്ള ജോസ്, അനീതിക്കെതിരെ പ്രതികരിക്കുന്നു. കാല്പനികതയുടെ കറയറ്റ ഭാവങ്ങള്‍ മുഗ്ദ്ധതയോടെ, സ്‌നിഗ്ദ്ധതയോടെ, പകര്‍ത്താന്‍ സവിശേഷമായ കഴിവുള്ള, ഉജ്ജ്വലപ്രതിഭയുള്ള കവിയാണ് ജോസ് ചെരിപുറം.

സ്‌നേഹത്തിന്റെ വിളക്ക് കത്തിക്കുക.
ശ്രീ.ജയന്‍ വര്‍ഗീസിന്റെ 'Toward The Ligth' എന്ന ഇംഗ്ലീഷ് നാടകം ഹിന്ദു മതസിദ്ധാന്തങ്ങളേയും ബൈബിളിനെയും അടിസ്ഥാനമാക്കി രചിച്ചിട്ടുള്ളതാണ്. അനുകാലികപ്രാധാന്യമുള്ള ഇതിവൃത്തം. മുതലാളിത്തവാദത്തിനെതിരെ, അധികാരിവര്‍ഗ്ഗത്തിനെതിരെ, മതരാഷ്ട്രീയ സംഘടനകളുടെ അധികാരദുര്‍വിനിയോഗത്തിനെതിരെ, നല്ലതും ചീത്തയുമായ ശാസ്ത്രത്തിനെതിരെ അവതരിപ്പിക്കുന്ന വിമര്‍ശനമാണ് നാടകം. അഭിനയവും സാഹിത്യവും കൂടിയ ഒരു മിസ്രിതമാണ് നാടകം. പരിപക്വമായ രചനാതന്ത്രം കാണാവുന്ന ഈ നാടകത്തിലെ കഥാപാത്രങ്ങള്‍ക്ക് പേരില്ല. ഒരു ഗുണപാഠത്തിന്റെ ഉള്‍ക്കാഴ്ചയോടെ ശക്തമായ സംഭാഷണങ്ങള്‍ എഴുതാന്‍ ജയന് വൈദഗ്ധ്യമുണ്ട്.

നിസ്വനായ പക്ഷി
ശ്രീ.ജോസഫ് നമ്പിമഠത്തിന്റെ നിസ്വനായ പക്ഷി എന്ന കവിതാസമാഹാരത്തിലെ കവിതകള്‍ വായനാസുഖം തരുന്നവയാണ്. പഴയതും പുതിയതുമായ കവിതകളുടെ നടുവില്‍ നില്‍ക്കുന്ന രചനാരീതി കാല്പനികതയും ആധുനികതയും തമ്മില്‍ കലര്‍ത്താനുള്ള കഴിവ് കവിതകളില്‍ കാണാം. ആഹ്ലാദിപ്പിക്കുന്ന പദസൗകുമാര്യം. ജീവിതരീതികളെ അതിശയോക്തിയിലൂടെ ആവിഷ്‌കരിക്കയാണ് കവി. കവിതയില്‍, മനസ്സിനെ ഒരു പക്ഷിയുടെ നാലവസ്ഥകളോട് താരതമ്യം ചെയ്യുന്നുണ്ട്. അത്, മനുഷ്യന്റെ ബാല്യം കൗമാരം യൗവനം, വാര്‍ദ്ധക്യം എന്നിവയെ സൂചിപ്പിക്കുന്നു. രചനാവൈഭവത്തിനും കയ്യടക്കത്തിനുമുള്ള ഉദാഹരണങ്ങളാണ് കവിതകള്‍. കവിയെ ആധുനിക കവിതയുടെ വക്താവ് എന്ന് വിശേഷിപ്പിക്കാം.

സോക്രട്ടീസ് ഒരു നോവല്‍
ശ്രീ. ജോണ്‍ ഇളമതയുടെ സോക്രട്ടീസ് എന്ന പുസ്തകം ചരിത്രവും ഭാവനയും ഇഴചേര്‍ത്തു രചിച്ച നോവലാണ്. ചരിത്രത്തെ അപ്പടി വിശ്വസിച്ച് അതിനെ ഒരു നോവല്‍ രൂപത്തിലാക്കിയിരിക്കയാണ്. കഥയിലെ കഥാപാത്രം ചരിത്രത്തിന്റെ ഇടനാഴിയില്‍ നിന്ന് ഇറങ്ങിവരുന്നു. ചരിത്രം എഴുതിവച്ച ന്യായങ്ങള്‍ നോവലിസ്റ്റ് ശരിവയ്ക്കുന്നു. ജീവചരിത്രമെന്ന കാഴ്ചപ്പാടിലൂടെ നോക്കുമ്പോള്‍, സോക്രട്ടീസ് ഒരു മാതൃകയല്ല. ഗ്രീക്ക് പുരാണവും ചരിത്രവും അവിടുത്തെ ജനതയും ആചാരങ്ങളും അന്ധവിശ്വാസങ്ങളും വിവരിച്ചുപോകുന്ന രീതി ഈ നോവലില്‍ ഉണ്ട്. അതുകൊണ്ട്, ഇത് വായിക്കുന്ന ഒരാള്‍ ഇത് ചരിത്രമാണോ നോവലാണോ എന്ന് സംശയിക്കും. ഭാഷയുടെ സൗകുമാര്യം നോവലില്‍ ഉടനീളം ഓളംവെട്ടുന്നത് കാണാം.

തുടരും...

സുധീര്‍ പണിക്കവീട്ടിലിന്റെ അമേരിക്കന്‍ മലയാള സാഹിത്യ നിരൂപണങ്ങള്‍- (വീക്ഷണം-ഭാഗം: 2-  ജോണ്‍ വേറ്റം )
Join WhatsApp News
വിദ്യാധരൻ 2018-09-09 22:56:49
"ഒരു സാഹിത്യകൃതിയെ മനസ്സിലാക്കാവുന്നിടത്തോളം മനസ്സിലാക്കി അതിൽനിന്ന് ആസ്വാദിക്കാൻ കഴിഞ്ഞ ആനന്ദത്തിന്റെ  പിന്നിലുള്ള ബുദ്ധിപരവും ഭാവപരമായ അടിത്തറ എന്തെന്ന് ആവിഷ്‌ക്കരിക്കലത്രെ സാഹിത്യ വിമർശനം" (മലയാള സാഹിത്യ വിമർശനം -സുകുമാർ അഴിക്കോട് ടി സ് എലിയട്ടിന്റെ പ്രസ്താവനയെ ഭാഷാന്തരം ചെയ്‍തത്  ) . സുധീർ പണിക്കവീട്ടലിന്റെ സാഹിത്യഗ്രന്ഥങ്ങളെ വിലയിരുത്തിയുള്ള  പഠനങ്ങളിൽ (ഇതിൽ മിക്കതും ഈ മലയാളിലിയിൽ വായിക്കാൻ ഇടവന്നിട്ടുണ്ട് ) പലപ്പോഴും അത്തരം സാഹിത്യഗ്രന്ഥങ്ങളുടെ ഗുണാഗുണങ്ങളെ മനസിലാക്കുന്നതിനും ആസ്വദിക്കുന്നതിനും സഹായകരമാകത്തക്കവണ്ണം അതിന്റെ അഭിവൃദ്ധിക്കും ശുദ്ധിക്കും മുഖ്യമായി ആവശ്യമുള്ള തത്വങ്ങൾ അടങ്ങിയ മലയാള ഭാഷയിലേയും ആംഗലേയ ഭാഷയിലെയും ഗ്രന്ഥങ്ങളെ ഉദ്ധരിക്കാറുണ്ട് .   നല്ല വായനാശീലമുള്ള ഒരാൾക്കും  അതുപോലെ  ഓരോ സന്ദർഭങ്ങളും ശരിക്ക് മനസിലാക്കിയ ഒരു എഴുത്തുകാരനുമെ  ഇങ്ങനെ ചെയ്യാൻ കഴിയുകയുള്ളു. അതുപോലെ അദ്ദേഹം വിലയിരുത്തുന്ന ഗ്രന്ഥങ്ങളുടെ രചയിതാക്കൾ, ഇത്തരത്തിലുള്ള പഠനത്തിലൂടെ വെളിവാക്കി തരുന്ന ന്യുനതകൾ മനസിലാക്കുമെങ്കിൽ, അത് അവരുടെ പിന്നീടുള്ള രചനകളുടെ അഭിവൃദ്ധിക്കും ശുദ്ധിക്കും സഹായകരമായി തീരും. സ്വതന്ത്രമായി ചിന്തിക്കുകയും എഴുതുകയും ചെയ്യുന്ന ഇത്തരത്തിലുള്ളവർ മലയാള സാഹിത്യാഭിവൃദ്ധിക്ക് ഒരു മുതൽക്കൂട്ടാണ്‌. പക്ഷെ സാഹിത്യകമ്പോളത്തെ അടക്കി ഭരിക്കുന്ന കുത്തുക മുതലാളിമാരും, അവരുടെ ഗുണ്ടകളും ഇത്തരക്കാരെ ഇടിച്ചിരുത്താൻ നോക്കുമെങ്കിലും, 

പ്രാംശുലഭ്യേ ഫലേ ലോഭ -
ദുദ് ബാഹുരിവ വാമന (രഘുവംശം -കാളിദാസൻ )

(ദീർഘകായനായ ഒരാളിന് മാത്രം എത്താവുന്ന ഫലം പറിക്കാൻ കൈയുയർത്തുന്ന വാമനനെപോലെ അവർ  പരിഹസിക്കപ്പെടുന്നു)

ഈ ലേഖന കർത്താവിനും  അതുപോലെ ഗ്രന്ഥ  രചയിതാവിനും അഭിനന്ദനങ്ങൾ - കേരളത്തിലെ സാഹിത്യ പുംഗവന്മാരെ ഇവിടെ കൊണ്ടുവന്ന് തീറ്റിച്ചും കുടിപ്പിച്ചും അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ വാങ്ങി കക്ഷത്തിൽ വച്ച് കൊണ്ട് നടക്കുന്ന വ്യാജന്മാരെ  പുകച്ചു പുറത്തു ചാടിക്കാൻ അമേരിക്കയിൽ ചുണ കുട്ടികൾ ഉണ്ടെന്നുള്ളത്  'കൂപമമണ്ഡുകങ്ങൾ' അറിഞ്ഞിരിക്കട്ടെ. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക