Image

ഒരു മാസ ശബളമല്ല ഒരായുസ്സു നല്‍കാനും പ്രവാസികള്‍ക്ക് മടിയില്ല. (ബ്ലെസന്‍ ഹൂസ്റ്റണ്‍)

ബ്ലെസന്‍ ഹൂസ്റ്റണ്‍ Published on 06 September, 2018
ഒരു മാസ ശബളമല്ല ഒരായുസ്സു നല്‍കാനും പ്രവാസികള്‍ക്ക് മടിയില്ല. (ബ്ലെസന്‍ ഹൂസ്റ്റണ്‍)
പ്രളയം തകര്‍ത്ത കേരളത്തെ വീണ്ടെടുക്കാന്‍ ആഗോള മലയാളികള്‍ അവരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായ് വിജയന്‍ ആഗോള മലയാളികളോട് ആവശ്യപ്പെടുകയുണ്ടായതായി വാര്‍ത്തകളില്‍ കൂടി അറിയാന്‍ കഴിഞ്ഞു. ഇത് സത്യമാണെങ്കില്‍ അതിന് സ്വാഗതം ചെയ്യാം. സത്യമാണെന്ന് എടുത്തു പറയാന്‍ കാരണം പ്രളയ ദുരന്തത്തിനു ശേഷം സോഷ്യല്‍ മീഡിയായില്‍ കൂടി സത്യവും അസത്യവും ധാരാളം കടന്നു വരുമ്പോള്‍ ജനങ്ങള്‍ക്ക് പലപ്പോഴും അത് ആശയ കുഴപ്പമുണ്ടാക്കുന്നുണ്ട്. രാഷ്ട്രീയ സ്വാര്‍ത്ഥ ലക്ഷ്യം മുന്‍നിര്‍ത്തികൊണ്ട് പല വാര്‍ത്തകളും പടച്ചു വിടുമ്പോള്‍ പലതും പൊള്ളയായവയാണെന്ന് പിന്നീടാണ് മനസ്സിലാകുന്നത്. ദുബായില്‍ നിന്ന് എട്ടുന്നൂറ് കോടിയും കേന്ദ്രത്തില്‍ നിന്ന് പണവും വാഗ്ദാനങ്ങളും മറ്റും ജനങ്ങളെ ശരിക്കും വിഡ്ഢികളാക്കുന്ന തരത്തിലുള്ളവയാണെന്ന് പിന്നീടാണ് അവര്‍ മനസ്സിലാക്കുന്നത്. ദുരിതത്തിന്റെ നടുക്കയത്തില്‍ നില്‍ക്കുന്ന ജനങ്ങള്‍ ഈ വാഗ്ദാനങ്ങളൊക്കെ കേട്ട് ആശകളെറെ മനസ്സില്‍ കൂട്ടി വച്ചു.

പിന്നീടാണ് അവരറിയുന്നത് ആരുടെയൊക്കെയോ കാര്യ സാധ്യത്തിനു വേണ്ടിയുള്ള കാര്യങ്ങളാണിതെന്ന്. അങ്ങനെ സത്യവും അസത്യവും ഏതെന്ന് അറിയാതെ സോഷ്യല്‍ മീഡിയാകളില്‍ കൂടിയും അല്ലാതെയും പ്രചരിപ്പിച്ചവയൊക്കെയാണ് പ്രളയം കൊണ്ട് ദുരിതത്തിലായ ജനത്തിന് മറ്റൊരു പ്രഹരമായത്. അതുകൊണ്ടാണ് മുമ്പ് അങ്ങനെ ഒരു സംശയം പ്രകടിപ്പിച്ചത്. മുഖ്യമന്ത്രി പിണറായ് വിജയന്‍ അങ്ങനെ ഒരു നിര്‍ദ്ദേശം നടത്തിയിട്ടുണ്ടെങ്കില്‍ അത് സ്വാഗതാര്‍ഹം തന്നെയാണ്. ലോകത്തുള്ള മലയാളികള്‍ അവരുടെ ഒരു മാസ്സത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്താല്‍ പ്രളയത്തില്‍ തകര്‍ന്ന നമ്മുടെ കൊച്ചു കേരളത്തെ പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ കഴിയുമെന്നു മാത്രമല്ല നമ്മുടെ നാടിനെ ഒരു സ്വര്‍ഗ്ഗ ഭൂമിയാക്കാന്‍ കഴിയും. അത്രകണ്ട് തുക നമ്മുടെ നാട്ടില്‍ എത്തിചേരും. പലരും പല കണക്കുകളും ആ തുക എത്രയാകുമെന്ന് പറയുകയുണ്ടായെങ്കിലും അത് എത്രയെന്ന് കണക്കു കൂട്ടുന്നതിനപ്പുറമുള്ളതാണ്. കേരളത്തിനകത്തും പുറത്തുമുള്ള മലയാളികളില്‍ ഏറെപ്പേരും ശരാശരിക്കപ്പുറം ശമ്പളം കൈപ്പറ്റുന്നവരാണ്. അവരൊക്കെ ഓരോ മാസ്സവും എത്രയാണ് കൈപ്പറ്റുന്നതെന്ന് അവര്‍ക്കും അവരുടെ തൊഴിലുടമകള്‍ക്കും മാത്രമാണറിയാവുന്നത്. എന്നാല്‍ ഒരു ഏകദേശ കണക്കുവച്ചാല്‍ ആഗോളമലയാളികള്‍ തങ്ങളുടെ ഒരു മാസ്സത്തെ ശമ്പളം നല്‍കിയാല്‍ അത് ധാരാളം മതിയാകും.

അതിനു മടിയുള്ളവരല്ല മലയാളികള്‍ എന്ന് ഏതൊരു വ്യക്തിയെക്കാളും കൂടുതല്‍ അറിവുള്ള ആളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയം കേരളത്തെ മുക്കിക്കൊല്ലുമെന്നു കേട്ടപ്പോള്‍ നാട്ടിലുള്ളവരെപ്പോലെ തന്നെ വിങ്ങിപ്പൊട്ടുന്ന മനസ്സോടെ വേദനിക്കുന്ന ഹൃദയത്തോടെ ഉള്ളുരുകി പ്രാര്‍ത്ഥിക്കുകയും ഉള്ളതെല്ലാം ഉറ്റവര്‍ക്കായ് നല്‍കാന്‍ ഓടുന്നവരായിരുന്നു പ്രവാസികളായ മലയാളികള്‍. ഉറ്റവര്‍ക്കും ഉടയവര്‍ക്കും മാത്രമല്ല സ്‌നേഹബന്ധമോ രക്തബന്ധമോ പോലുമില്ലാത്തവര്‍ക്കായ് പ്പോലും കഴിയാവുന്നത്ര സഹായം നീട്ടിയവരാണ് അതില്‍ ഏറെപേരും. നാടും നാട്ടുകാരും പ്രളയത്തിന്റെ പിടിയിലമര്‍ന്നപ്പോള്‍ പിടയുന്ന മന്‌സ്സോടെയായിരുന്നു ഓരോ പ്രവാസിയും പ്രവാസലോകത്ത് ദിവസങ്ങള്‍ കഴിച്ചു കൂട്ടിയത്. കാരണം നാട് എന്നും പ്രവാസിയ്ക്ക് ആശയും ആവേശവുമായിരുന്നു. ബലവും ബലഹീനതയുമായിരുന്നു. അവന്റെ ഓരോ ശ്വാസത്തില്‍ പോലും അതിന്റെ അംശമുണ്ടായിരുന്നു. അവന്റെ ഓര്‍മ്മകളില്‍ എന്നും നാട് നിറഞ്ഞിരുന്നു. ഗൃഹാതുത്വമെന്നത് എന്താണെന്ന് ഒരു മലയാളി അനുഭവിക്കുന്നതും അറിയുന്നതും ഈ പ്രവാസ ജീവിതത്തിലായിരുന്നു. നാട് എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ അവനില്‍ ഗൃഹാതുരത്വം ഉദയം ചെയ്യുമ്പോള്‍ നാടിന് ഒരാപത്ത് ഉണ്ടായാല്‍ പറയേണ്ട  കാര്യമില്ലല്ലോ. അതില്‍ ജാതിയോ മതമോ വര്‍ഗ്ഗമോ വര്‍ണ്ണമോ ഇന്നും ബാധിച്ചിട്ടില്ല. ബാധിക്കുകയുമില്ല.

പ്രളയ ദുരിതാശ്വാസനിധിയിലേക്ക് എത്തിയ കോടികളില്‍ പ്രവാസികളുടെ പങ്ക് അതിനുദാഹരണമാണ്. അങ്ങനെയുള്ളവര്‍ക്ക് നാടിനെ വീണ്ടെടുക്കാന്‍ വേണ്ടി ഇനിയും നല്‍കാന്‍ എന്തും നല്‍കാന്‍ മടികാണില്ലയെന്നും തന്നെ പറയാം. നാടിനെ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ അല്ലെങ്കില്‍ അതിനെക്കാള്‍ മെച്ചമായ രീതിയിലാക്കാന്‍ ആഗ്രഹിക്കുന്നവരാണ് നാടും വീടും വിട്ട് പ്രവാസ ലോകത്തെത്തിയ മലയാളികള്‍. അങ്ങനെയുള്ള പ്രവാസികളായ മലയാളികള്‍ കൈയ്യും മെയ്യും മറന്ന് നാടിനുവേണ്ടി നല്‍കുമ്പോള്‍ അവര്‍ക്ക് പറയാനുള്ളത് ചില വസ്തുതകള്‍ മാത്രമാണ് ഉള്ളില്‍ ഉയരുന്നത് ചില് ചോദ്യങ്ങള്‍ മാത്രമാണ്.

അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഈ പണം അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ തന്നെയെത്തുമോയെന്നതാണ്. ഉദ്യോഗസ്ഥരുടെയും ചുവപ്പു നാടയുടെയും അടിയില്‍പ്പെട്ട് എത്രപേര്‍ക്ക് അത് കിട്ടാതെ വരുമെന്നതാണ്. നമ്മുടെ നാടിന്റെ മുന്‍കാല സംഭവങ്ങള്‍ വച്ചു വിലയിരുത്തിയാല്‍ അത് നമ്മെ ഓര്‍മ്മപ്പെടുന്നുണ്ട്. ജനകീയാസൂത്രണം മുതല്‍ ഓഖി വരെയുള്ള സംഭവങ്ങളില്‍ അര്‍ഹതപ്പെടട്വര്‍ തഴയപ്പെടുകയും അനര്‍ഹര്‍ അര്‍ഹിക്കുന്നതിനപ്പുറം നേടിയതായാണ് ഇതുവരെയുള്ള വിലയിരുത്തല്‍. പുറം വാതിലില്‍ കൂടിയും രാഷ്ട്രീയ പിന്‍ബലത്തില്‍ കൂടിയും പലരും അര്‍ഹിക്കുന്നതിനപ്പുറം നേടയപ്പോള്‍ അര്‍ഹിക്കുന്നവര്‍ ഓഫീസുകള്‍ കയറിയിറങ്ങി ജീവിതം കളഞ്ഞിട്ടുണ്ട്.

ആയിരം രൂപ കിട്ടാന്‍ വേണ്ടി ആരുടെയെല്ലാം വാതിലില്‍ മുട്ടിയാല്‍ കിട്ടുമെന്നറിയണമെങ്കില്‍ അത് അനുഭവിച്ചവര്‍ക്കെ അറിയൂ. ചുവപ്പുനാടയുടെ കുരുക്കഴിയ്ക്കാന്‍ കൈക്കൂലി എന്ന ലോകനീതി മനപ്പാടമാക്കി മഴകാത്തു നില്‍ക്കുന്ന വേഴാമ്പലിനെപ്പോലെ  നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ ഉള്ള കാലത്തോളം ദുരിതാശ്വാസനിധിയില്‍നിന്ന് പണം കിട്ടാന്‍ സാധാരണക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടേണ്ടി വരുമെന്ന് ഒരു സംശയവുമില്ലാതെ പറയാന്‍ കഴിയും. ഏതെങ്കിലും ഉദ്യോഗസ്ഥര്‍ സത്യസന്ധവും നീതി പൂര്‍വ്വവുമായി പ്രവര്‍ത്തിച്ചാല്‍ തന്നെ രാഷ്ട്രീയ ഇടപെടലിന്റെ ഏണിയുമായി കുറെ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തും വരാം. പ്രത്യേകിച്ച് ഭരണകക്ഷികളുടെ രാഷ്ട്രീയ നേതാക്കന്‍മാര്‍. ഭരണമുണ്ടെങ്കില്‍ കുത്തി തിരുകാനും അകത്തു കടന്നവരെ പുറത്തു ചാടിക്കാനും സി.പി.എമ്മിന്റെ നേതാക്കള്‍ അതില്‍ ഉസ്താദുമാരാണെന്നു തന്നെ പറയാം. പ്രത്യേകിച്ച് ഭരണമുള്ളപ്പോള്‍.

ഇപ്പോള്‍ പല ദുരിതാശ്വാസ ക്യാമ്പിലും രാഷ്ട്രീയക്കാര്‍ കയറി കൂടി പക്ഷപാദപരമായി പ്രവര്‍ത്തിക്കുന്നുയെന്ന് പരാതി ഉയരുന്നുണ്ട്. സി.പി.എമ്മിലെ ചില നേതാക്കള്‍ ദുരിതാശ്വാസക്യാമ്പില്‍ നടത്തിയ പക്ഷപാതപരമായ പ്രവര്‍ത്തനങ്ങള്‍ വന്‍ വിവാദത്തിനിടവരുത്തിയിട്ടുമുണ്ട്. അതെ അവസ്ഥ തന്നെയാണ് പണം വിതരണത്തിന്റെ കാര്യത്തിലും നടക്കാന്‍ പോകുന്നത്. വല്ല്യേട്ടന്‍ മനോഭാവം അവിടെയുമുണ്ടാകാം.
അതൊക്കെ ഒഴിവാക്കി രാഷ്ട്രീയ ഇടപെടലില്ലാതെ ഉദ്യോഗസ്ഥ പ്രമാണിത്വം ഒഴിവാക്കി അര്‍ഹതപ്പെട്ടവര്‍ക്കും ആവശ്യക്കാര്‍ക്കും ഈ പണം വിതരണം ചെയ്യാന്‍ സര്‍ക്കാരിനു കഴിയുമോ. നിഷ്പക്ഷവും നീതിപൂര്‍വ്വവുമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇതിന്റെ ഉത്തരവാദിത്വം നല്‍കി രാഷ്ട്രീയ തിരുകി കേറ്റലൊഴിവാക്കി നൂറ് ശതമാനം കുറ്റമറ്റരീതിയില്‍ ചെയ്യാന്‍ കഴിയുമോ. ഏത് രാഷ്ട്രീയക്കാരായാലും സ്വന്തം പാര്‍ട്ടിയായാല്‍ പോലും കടക്കു പുറത്തെന്ന്  പറയാന്‍ ചങ്കൂറ്റം കാണിക്കുന്ന ഒരു നടപടിയാണ് ഇതില്‍ പണം നല്‍കിയ ഓരോരുത്തരും പ്രതീക്ഷിക്കുന്നത്. എന്നാല്‍ പണത്തിനു മീതെ പരുന്തും പറക്കില്ലെന്നതുപോലെ പാര്‍ട്ടിയ്ക്കു മീതെ ആരൊക്കെ പറക്കുമെന്ന് കണ്ടറിയാം. ഇന്നലെ വരെയുള്ള കേരളത്തിന്റെ ചരിത്രം ഇന്ന് മാറ്റിമറിക്കുമെന്നും കരുതുന്നില്ല. അങ്ങനെ മാറ്റി മറിക്കല്‍ ഉണ്ടാകുമായിരുന്നെങ്കില്‍ ദുരിതാശ്വാസ ക്യാമ്പില്‍പോലും പാര്‍ട്ടിമേല്‍ക്കോയ്മ ചെയ്യുന്നവരോട് കടക്കു പുറത്തെന്നു പറയുമായിരുന്നു. കേരളത്തിലെ ഇന്നലെവരെയുള്ള അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇങ്ങനെ പറയുന്നത്. ഓരോ പൈസയും അര്‍ഹതപ്പെട്ടവര്‍ക്കു നല്‍കുകയും തകര്‍ന്ന നാടിനെ വീണ്ടെടുക്കാന്‍ വേണ്ടിയും ചിലവഴിച്ചാല്‍ അപ്പോഴാണ് അത് നല്‍കിയവരോട് സര്‍ക്കാര്‍ നന്ദികാണിക്കുന്നത്. ആ സര്‍ക്കാരാണ് ജനകീയ സര്‍ക്കാര്‍.

നാടിനെ വീണ്ടെടുക്കാന്‍ നാട്ടിലുള്ളവരെപ്പോലെ തന്നെ ആഗ്രഹിക്കുന്നവരാണ് മറുനാടന്‍ മലയാളികളും. അവരുടെ വിയര്‍പ്പിന്റെ വില നാട്ടില്‍ എത്തിയ്ക്കാന്‍ യാതൊരു മടിയുവര്‍ക്കില്ലെന്ന് മറുനാട്ടില്‍ ജീവിച്ച ഏതൊരു മലയാളിയോടും ചോദിച്ചാല്‍ മനസ്സിലാക്കാവുന്നതെയുള്ളൂ. കാരണം വിദേശത്ത് പറിച്ച് നട്ടാല്‍ പോലും അവന്റെ മനസ്സ് എന്നും നാട്ടിലും നാട്ടാരുടെ ഇടയിലുമാണ്. അതുകൊണ്ട് തന്നെ ഓരോ മലയാളിയും ആഗ്രഹിക്കുന്ന ഒന്നു തന്നെയാണ് നാടിന്റെ പുനരുദ്ധാരണം. വീണ്ടെടുത്ത നാട്ടിലേക്ക് ഒരു പ്രവാസി വന്നാല്‍ അവന് സൗര്യമായി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യമെങ്കിലും നല്‍കാന്‍ നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുമോ. ജനകീയ സമരമെന്ന ഓമനപ്പേരില്‍. രാഷ്ട്രീയക്കാരും ഭരണപ്രതിപക്ഷവും  വിളിയ്ക്കുന്ന ഹര്‍ത്താല്‍ എന്ന ജനദ്രോഹസരം കേരളത്തിന്റെ മണ്ണിലുണ്ടാകുമോ. പാര്‍ട്ടിയെ വളര്‍ത്താന്‍ വേണ്ടിയും എതിരാളിയെ തകര്‍ക്കാന്‍ വേണ്ടിയും നടത്തുന്ന കൈവെട്ടിക്കളിയും കാല്‍വെട്ടിക്കളിയും വണ്‍ റ്റൂത്രി കൊലപാതകക്കളികളും ഉണ്ടാക്കുന്ന ചോരയില്‍ കേരളമണ്ണ് കുതിരുമോ. ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ബുദ്ധിമുട്ടാണെങ്കിലും ഇനിയും ഇങ്ങനെയുള്ളവ ഉണ്ടാകരുതെന്ന് ഒരഭ്യര്‍ത്ഥനയുണ്ട്.

ഒരു വസ്തുത തുറന്നു പറയട്ടെ നാം പുതിയൊരു കേരളമാണ് കെട്ടിപ്പടുക്കുന്നത്. ആ മണ്ണില്‍ രാഷ്ട്രീയവും മതവും ജാതിയും എല്ലാം ഉണ്ടാകാം എന്നാല്‍ അതിലുപരി മനുഷ്യത്വവും മനുഷ്യസ്‌നേഹവും ഉണ്ടാകണം. എല്ലാം തകര്‍ത്തപ്പോഴും നാം കണ്ടത് അതു മാത്രമാണ്. അതില്‍ പാര്‍ട്ടി വളര്‍ത്താനുള്ള രാഷ്ട്രീയ പക്ഷഭേദവും മതത്തിന്റെ വേലികെട്ടുകളോ ഉണ്ടാകാന്‍ പാടില്ല. രാഷ്ട്രീയക്കാരും മതനേതാക്കളും ഇതെല്ലാം കുത്തി നിറച്ച് ജനത്തെ വേര്‍തിരിച്ചപ്പോള്‍ പ്രളയം ജനത്തിന്റെ മനസ്സില്‍ നിന്ന് അതെല്ലാം കഴുകികളഞ്ഞ് സ്‌നേഹവും സാഹോദര്യവും കൊണ്ട് നിറച്ചിരിക്കുകയാണ്. അത് നമ്മുടെ നാടിനെ പുതിയൊരു ലോകമാക്കും. നിങ്ങളുടെ സ്വാര്‍ത്ഥ താല്‍പര്യം ഇല്ലെങ്കില്‍. അതായിരിക്കും നമ്മുടെ നാട് ദൈവത്തിന്റെ സ്വന്തം നാടായി മാറിന്നത്. അതിനായി ഒരു മാസമല്ല ഒരായുസ്സു നല്‍കാം. അത് നല്‍കികഴിയുമ്പോള്‍ പ്രവാസി ബൂര്‍ഷ്വാസിയാകരുത്.

ഒരു മാസ ശബളമല്ല ഒരായുസ്സു നല്‍കാനും പ്രവാസികള്‍ക്ക് മടിയില്ല. (ബ്ലെസന്‍ ഹൂസ്റ്റണ്‍)
Join WhatsApp News
Vayanakkaran 2018-09-06 09:09:40
Ayussokke sarangu koduthal mathi!
asooya purushan 2018-09-06 09:24:02
Mr Blesson, Good Writing urging people to give one month salary. But let me tell you one thing. I don't know about you. But I'm like an average American. What I get every month is just sufficient to pay my mortgage, medical insurance, car insurance, kids education expense , living expense and various other donations. Out of what is left as saving is not even enough for a family of four to go to India even after three year gap. So when you write about PRAVASI, please don't generalize and assume and create an impression in the minds of people back in Kerala that all Pravasis are like you or those in your friend circle or in your church. When you write something on emalayalee, PLEASE DON"T GENERALIZE your limited world view and create wrong impression and other people make feel bad.
നാരദൻ, ഹ്യുസ്റ്റൺ 2018-09-06 17:55:25
2 .5 ബില്യൺ ഡോളറിന്റെ നഷ്ടം കേരളത്തിന് ഉണ്ടായിട്ടുണ്ട് . 22 ബില്യൺ ഡോളറിന്റ സ്വർണ്ണം ശ്രീ .പത്മനാഭന്റെ കയ്യിലുണ്ട് . ഒരു മൂന്നു ബില്യൺ അതിൽ നിന്ന് കൊടുത്ത്, മോക്ഷം പ്രാപിക്കട്ടെ . അതുപോലെ പള്ളികളും, ശബരിമലയും, ഗുരുവായൂരമ്പലവും .  കേരളം നശിച്ചുകൊണ്ടിരിക്കുമ്പോൾ ഇതിന്റ കാവൽക്കാർ കണ്ണിൽ ചോരയില്ലാതെ ഇരിക്കുമ്പോൾ, കൊടുക്കണം കൊടുക്കണം എന്ന് പറഞ്ഞു നടക്കുന്നത് തികച്ചും വിവരമില്ലാഞ്ഞിട്ടാണ് .  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക