Image

ദര്‍പ്പണം (കവിത: ഫൈസല്‍ മാറഞ്ചേരി)

Published on 06 September, 2018
ദര്‍പ്പണം (കവിത: ഫൈസല്‍ മാറഞ്ചേരി)
കണ്ണാടികള്‍ക്ക് കാട്ടി തരാന്‍ കഴിയാത്ത ചില രൂപങ്ങളുണ്ട്
എനിക്കും നിങ്ങള്‍ക്കുമെല്ലാം

ആ രൂപങ്ങളെ തിരിച്ചറിയുന്നവര്‍
നമ്മുടെ സുഹൃത്തുക്കള്‍ ആണ്
അവര്‍ നമ്മുടെ ശത്രുക്കളുമാണ്

സുഹൃത്തുക്കള്‍ ചിലപ്പോള്‍ നമ്മെ അമ്പരപ്പിക്കും നമ്മള്‍ കൂടി മറന്ന നമ്മുടെ ചില ചിത്രങ്ങള്‍ കാട്ടി
അത് ബാല്യത്തിലേതാവാം
കൗമാരത്തിലേതാവാം യുവത്വത്തിലേതുമാവാം ഒരിക്കലും അത് വാര്‍ദ്ധക്യ ത്തിലേതാവില്ല

ചിലതെല്ലാം പൊടിപിടിച്ചതാവും
എന്നാലും ആ ഓര്‍മ ചിരാതുകള്‍ നേരെ പിടിച്ചാല്‍ നല്ല തെളിമയുള്ള കാഴ്ചകള്‍

ചില രൂപങ്ങളില്‍ നാം സുന്ദരര്‍
പല സ്ഥലങ്ങള്‍, കാലങ്ങള്‍,
വിസ്മൃതിയില്‍ പോയ പടങ്ങള്‍

മാതൃ നയനങ്ങളില്‍ എന്നും അരുമ ശിശുവാണ്
അയല്‍ക്കാരുടെ ഓര്‍മകളില്‍ കുസൃതി കുരുന്നാണ്
സതീര്‍ഥ്യരുടെ മിഴികളില്‍ വാചാലമായ മൊഴികളാണ്
പ്രേയസിയുടെ കണ്ണില്‍ നുകര്‍ന്നു തീരാത്ത മധുചഷകമാണ്
കാമുകിയുടെ ഹൃദയത്തില്‍ നീറുന്ന കനലാണ്

ശത്രുവിന്റെ നെഞ്ചില്‍
എരിയുന്ന നെരിപ്പോടാണ്
സഹായിച്ചവന്റെ മനസ്സില്‍ തീരാത്ത കൃതഞ്ജതയാണ്
അറിയാത്തവന്റെ മനസ്സില്‍ അറിയാനുള്ള വെമ്പലാണ്
നമ്മളില്‍ എന്നും നിത്യ വസന്തത്തിലേക്ക് തിരിച്ചു നടക്കാനുള്ള മോഹമാണ്.....

ആരും കൊതിക്കാത്ത വെള്ള പുതച്ച
രൂപമാണ് പരമമായ യഥാര്‍ത്ഥ രൂപം ....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക