Image

ദൈവങ്ങളുടെ സ്വന്തം നാട് (ഒരിക്കല്‍ ഒരിടത്ത്: ജയ്ന്‍ ജോസഫ്)

Published on 06 September, 2018
ദൈവങ്ങളുടെ സ്വന്തം നാട് (ഒരിക്കല്‍ ഒരിടത്ത്: ജയ്ന്‍ ജോസഫ്)
വെള്ളം....ആര്‍ത്തലച്ചു വരുന്ന വെള്ളം അതിശക്തമായി, മുമ്പിലുള്ളതിനെയൊക്കെ തകര്‍ത്തുടച്ച് പിഴുതെറിഞ്ഞ്, വാ പിളര്‍ന്ന് വിഴുങ്ങി മുന്നോട്ട്.. അരുവികള്‍ പുഴയായ്, പുഴകള്‍ കടലായി കരയെ കാര്‍ന്നു തിന്ന്... എല്ലാം ഒന്നാക്കുന്ന മഹാപ്രളയം.

***** ***** ***** *****

കുറ്റാകൂരിരുട്ട്. വീടിനെ പ്രകമ്പനം കൊള്ളിക്കുന്ന ഇടിമിന്നല്‍, തകര്‍ത്തു പെയ്യുന്ന മഴ, വാതിലിലും, ജനലുകളിലും ആഞ്ഞടിക്കുന്ന ശബ്ദം. കേശവന്‍ മാഷ് കിടക്കയില്‍ നിന്നെണീറ്റു. കട്ടിലിന്റെ തലയ്ക്കല്‍ വെച്ചിരിക്കുന്ന ടോര്‍ച്ചെടുത്തടിച്ച് കിടപ്പുമുറിയുടെ ജനാലവരെ തപ്പിത്തടഞ്ഞെത്തി. തുറക്കാന്‍ ശ്രമിക്കുന്തോറും ആഞ്ഞടയുന്ന ജനല്‍പാളികളോടൊപ്പം അകത്തേക്ക് തെറിച്ചു വീഴുന്ന മഴത്തുള്ളികള്‍ ഒരുവിധം തള്ളിപ്പിടിച്ച് പുറത്തേക്ക് ടോര്‍ച്ചടിച്ചു നോക്കിയപ്പോള്‍ കണ്ട കാഴ്ച കേശവന്‍ മാഷെ ഞെട്ടിച്ചു കളഞ്ഞു. തൊട്ടടുത്ത പറമ്പില്‍ വരെ വെള്ളം ഉയര്‍ന്നിരിക്കുന്നു. പുഴ കാണാന്‍ പറ്റുന്നില്ലെങ്കിലും കേള്‍ക്കുന്ന പുഴയുടെ ഹുങ്കാരശബ്ദം അതിലെ വെള്ളത്തിന്റെ വ്യാപ്തം മനസ്സിലാക്കാന്‍ ഉതകുന്നതായിരുന്നു. ഓര്‍മ്മയിലൊന്നും വീടുവരെ വെള്ളം വന്നിട്ടില്ല. പുഴ അടുത്താണെങ്കിലും മാഷിന്റെ വീടിരിക്കുന്നത് കുറച്ചുയര്‍ന്ന സ്ഥലത്താണ്.

""ദേവകീ, ദേവകീ... ഏണീല്‍ക്ക്. വെള്ളം വല്ലാണ്ട് കയറുന്നു. കറന്റുമില്ല.''

ദേവകി ചാടിയെണീറ്റു. ""എവിടെ, വെള്ളം കയറിയെന്നോ? തോന്നിയതാവും.''

""ഇല്ല വെള്ളം കയറുന്നുണ്ട്. വളരെ വേഗം! നീയാ പാസ് പോര്‍ട്ടും, ബാങ്കിന്റെ പേപ്പറുകളും, സ്വര്‍ണ്ണവും, കാശും, കുറച്ചത്യാവശ്യസാധനങ്ങളും ഒരു ബാഗിലോട്ടാക്ക്. ഞാന്‍ ദിവാകരനെ ഒന്നു വിളിക്കട്ടെ.'' അപ്പോഴേക്കും മൊബൈല്‍ അടിച്ചു. തൊട്ടടുത്ത് താമസിക്കുന്ന മുഹമ്മദു കുട്ടിയാണ് ""മാഷേ വേഗം പുറത്തേക്ക് വാ. വെള്ളം വല്ലാണ്ട് കേറുന്നു. ഞാനിതാ വണ്ടിയെടുക്കുവാ. ഇവിടുന്ന് മാറുന്നതാ ബുദ്ധി.''

""ദേവകീ എന്റെ കണ്ണട... നിന്റെ മരുന്നെടുത്തോ?''

***** ***** ***** *****

""റോസീ, നീയത്യാവശ്യസാധനങ്ങളെടുത്ത് മുകളിലേക്ക് കയറിക്കോ. മക്കളെ ഓടിവാടാ വല്യമ്മച്ചിയെ മുകളിലത്തെ നിലയില്‍ ജോബിന്റെ മുറീലോട്ട് കിടത്താം. വെള്ളത്തിന്റെ കയറ്റം കണ്ടിട്ട് ഒരുറപ്പ് തോന്നുന്നില്ല. അതോ വണ്ടിയെടുത്ത് സ്ഥലം വിടണോ? പക്ഷെ നമ്മളെല്ലാവരും കൂടെ നമ്മുടെ വണ്ടിയില്‍ ഒതുങ്ങില്ലല്ലോ.''

""ചാച്ചാ, വെള്ളം ഉടനെയിറങ്ങും. അതുരുള് പൊട്ടിയതിന്റെയാ. ഫേസ്ബുക്കിലൊക്കെ പറയുന്നുണ്ട്.''

""ഞാന്‍ വല്യമ്മച്ചിയെ എടുക്കാം. റോബിന്‍ നീ ചാച്ചനെ സഹായിക്ക്. കട്ടിലു മുകളിലോട്ട് കൊണ്ട് പോകാം.'' ജോബിന്‍ തളര്‍ന്നു കിടക്കുന്ന വല്യമ്മച്ചിയെ കൈകളില്‍ കോരിയെടുത്തു. കുഞ്ഞായിരുന്നപ്പോള്‍ അവനെ വല്യമ്മച്ചി എടുത്തിരുന്നപോലെ. നെറ്റിയിലൊരുമ്മ കൊടുത്തപ്പോള്‍ ആ കണ്ണുകള്‍ തിളങ്ങി, സ്‌നേഹം കൊണ്ടു നിറഞ്ഞു.

""നമുക്ക് കുറച്ചു ദിവസം പാട്ടും ഡാന്‍സുമൊക്കെയായ് എന്റെ മുറിയില്‍ കൂടാം കേട്ടോ.'' വല്യമ്മച്ചി തലകുലുക്കി ചിരിച്ചു.

വല്യമ്മച്ചിയെ ജോബിന്‍ അവന്റെ മുറിയില്‍ കട്ടിലില്‍ കിടത്തി. അപ്പോഴേക്കും ചാച്ചനും റോബിനും വല്യമ്മച്ചിയുടെ കട്ടിലും മറ്റു സാധനങ്ങളും മുകളിലെത്തിച്ചു.

""ചാച്ചാ ഇനിയെന്താ താഴെന്ന് വേണ്ടത്? ങാ എന്റെ മൊബൈല്‍ ചാര്‍ജര്‍ താഴെയാ. അടുക്കളയില്‍ നിന്ന് കുറച്ച് സാധനങ്ങളും കൂടെ എടുത്തേക്കാം. താഴെ വെള്ളം കയറുമെന്നുറപ്പാ.'' ജോബിന്‍ താഴേയ്ക്കു പോയി. റോസിയും ജോണിയും മുകളിലെത്തിച്ച സാധനങ്ങളൊക്കെ ഒതുക്കി വെച്ചു തുടങ്ങി. റോബിന്‍ ടെറസ്സില്‍ നിന്ന് ചുറ്റുപാടും വീക്ഷിച്ചു. വെള്ളത്തിന്റെ ശക്തി കൂടുന്നു. പെട്ടെന്നാണവനതു കണ്ടത് വീടിന്റെ കിഴക്കു ഭാഗത്ത് നിന്ന് അതിശക്തമായി ഉരുളുപൊട്ടിയതുപോലെ വരുന്ന വെള്ളം. ""ചാച്ചാ... ചാച്ചാ... ടെറസ്സിലേക്ക് കേറ്.... വെള്ളം....'' റോബിന്‍ രണ്ടാംനിലയിലേക്ക് പാഞ്ഞു. അതിഭയങ്കരമായ ശബ്ദം! വീടിനെ പിടിച്ചുകുലുക്കുന്നതുപോലെ. ഒന്നും കാണാന്‍ പറ്റുന്നില്ല. രണ്ടാം നിലയിലേക്കാര്‍ത്തിരമ്പുന്ന വെള്ളം. ""റോബിന്‍ നീയെവിടെ?''

""ഞാനിവിടെയുണ്ട് ചാച്ചാ... വല്യമ്മച്ചി നനഞ്ഞോ? മമ്മി പേടിക്കാതെ, ഉരുളു പൊട്ടിയതാ. അത് നമ്മുടെ വീട് കടന്നുപോയി. പേടിക്കണ്ട്.''

""ജോബിനെവിടെ? ടെറസ്സിലാണോ?''

""ഇല്ല. ജോബിച്ചായന്‍ ടെറസ്സില്‍ വന്നില്ലല്ലോ? ഇവിടെയില്ലായിരുന്നോ?''

""അവന്‍ താഴെ ചാര്‍ജ്ജറെടുക്കാന്‍ പോയിട്ട് വന്നില്ലാരുന്നോ? '' ചാച്ചന്റെ കണ്ണുകളിലെ ഭീതി റോബിന്റെ കണ്ണുകളിലേക്ക് പടര്‍ന്നു.

""ജോബിന്‍.... ജോബിന്‍... മോനേ...'' ആ വിളികള്‍ മലവെള്ളപ്പാച്ചിലിന്റെ അഗാധതയിലേക്ക് ആഴ്ന്നിറങ്ങി.

***** ***** ***** *****

വെളുപ്പിനെ നിര്‍ത്താതെയുള്ള പള്ളി മണി കേട്ടാണ് ആ മുക്കുവഗ്രാമം ഉണര്‍ന്നത്. അഞ്ചുമണി കഴിഞ്ഞിട്ടേയുള്ളൂ. സൂര്യനുദിച്ചിട്ടില്ല. എന്തെങ്കിലും ആപത്തുണ്ടാവുമ്പോഴാണ് സാധാരണ അച്ചന്‍ കൂട്ടമണിയടിച്ച് ആള്‍ക്കാരെ കൂട്ടുന്നത്. മണിയൊച്ച കേട്ടവര്‍ പള്ളിയിലേക്കോടി. ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ ആ തീരഗ്രാമത്തെ നല്ലയൊരു പങ്കാളുകള്‍ പള്ളിമുറ്റത്തെത്തി. ഡേവിഡച്ചന്‍ കാര്യങ്ങള്‍ വിശദീകരിച്ചു. പ്രളയം; മഹാപ്രളയം! നമ്മള്‍ ഉടനെ പുറപ്പെട്ടാല്‍ കുറെ ജീവനുകള്‍ രക്ഷിക്കാം. ട്രക്കുകള്‍ അവരയയ്ക്കും. ഞാനും കുറച്ചു ട്രക്കുകള്‍ പരിചയക്കാരോട് പറഞ്ഞിടപാടാക്കുന്നുണ്ട്. പറ്റുന്നിടത്തോളം വള്ളങ്ങള്‍ കയറ്റണം. ചെറുതും വലുതുമൊക്കെ. കൂടുതലും ഉള്‍പ്രദേശങ്ങളിലാണ് ആളുകള്‍ കുടുങ്ങിക്കിടക്കുന്നത്.

""ജൈസലേ, ആന്റോച്ചാ, ആല്‍ഫ്രഡേ വേഗം ആയിക്കോട്ടെ; ഒന്ന് മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കണം. സമയം കളയാനില്ല.''

""ഞങ്ങളേറ്റച്ചോ.'' അവര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു. ആര്‍പ്പുവിളികളോടെ അവര്‍ തങ്ങളുടെ വള്ളങ്ങളെ ലക്ഷ്യമാക്കി ഓടി. കയറുകള്‍, തുഴകള്‍, ഇന്ധനപ്പാട്ടകള്‍ ഒക്കെ വള്ളത്തില്‍ നിറഞ്ഞു. അപ്പോഴേക്കും ട്രക്കുകള്‍ എത്തിത്തുടങ്ങി. ""ആഞ്ഞുപിടിച്ചാല്‍ ഹൈലസാ... ഒത്തു പിടിച്ചാല്‍...'' കടല്‍ത്തിരമാലകളെ തകര്‍ത്തെറിയുന്ന തുഴ പിടിയ്ക്കുന്ന കരുത്തുറ്റ കരങ്ങള്‍ ഒന്നായി അതിവേഗം പ്രവര്‍ത്തിച്ചു. പിന്നെ അവര്‍ കടലിന്റെ പൊന്നോമനകള്‍, ഉയര്‍ത്തിയ ശിരസ്സും വിരിഞ്ഞ നെഞ്ചുമായി ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചു. സ്വന്തം ജീവന്‍ പണയം വെച്ചും തന്റെ സഹജീവിയെ രക്ഷിക്കാന്‍ മനസ്സുറപ്പുള്ളവര്‍. വെള്ളത്തിന്റെ അടിയൊഴുക്കും മേല്‍കുതിപ്പും മെയ് വഴക്കവും അളന്നു മുറിച്ചറിയുന്നവര്‍!

***** ***** ***** *****

ലണ്ടനില്‍ നിന്നും സുഹൃത്തായ ദിനേശിന്റെ ഫോണ്‍വിളിയാണ് ജേക്കബിനെ ഉണര്‍ത്തിയത്. ജേക്കബ് യു.എസില്‍ ഡെന്‍വറിലാണ്. ജേക്കബും ദിനേശും പിന്നെ ലോകത്തില്‍ വിവിധ ഭാഗങ്ങളില്‍ ഐ.റ്റി മേഖലയിലുള്ളവര്‍ പ്രവര്‍ത്തിക്കുന്ന മറ്റ് കുറച്ച് സുഹൃത്തുക്കളും കൂടി തുടങ്ങിയ ഒരു സൈറ്റാണ് ഇന്നിപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ പ്രധാന ഹബ്ബായി പ്രവര്‍ത്തിക്കുന്നത്. ഫേസ് ബുക്കില്‍ സഹായാഭ്യര്‍ത്ഥനകള്‍ ഒരു സ്ഥലത്ത് ഏകോപിപ്പിച്ച് രക്ഷാപ്രവര്‍ത്തകരില്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ തുടങ്ങിയ സൈറ്റ് ഇപ്പോള്‍ പതിനായിരങ്ങള്‍ക്ക് സഹായമെത്തിച്ചു കൊടുക്കാന്‍ പറ്റുന്ന വിധത്തിലേക്ക് വളര്‍ന്നത് മണിക്കൂറുകള്‍ കൊണ്ടാണ്. ചെറിയൊരു ഗ്രൂപ്പായി തുടങ്ങിയതില്‍ നിന്ന് ആയിരക്കണക്കിന് വോളണ്ടിയേഴ്‌സിന്റെ സഹായത്തോടെ ഫീച്ചേഴ്‌സ് കൂട്ടി, പലവിധ വിഭാഗങ്ങളായി തിരിച്ച് ആവശ്യങ്ങള്‍ ഗൗരവമനുസരിച്ച് തരംതിരിച്ച് റെസ്ക്യൂ ടീമിന് കൈമാറുന്ന രീതിയില്‍ സജ്ജീകരിക്കാന്‍ പറ്റിയിരിക്കുന്നു.

""ജേക്കബ്, സോറീ നീയുറങ്ങിയായിരുന്നല്ലേ? എടാ ഒരു കോണ്‍ഫറന്‍സ് കോള്‍ വിളിക്കണം. സൈറ്റില്‍ കുറച്ച് ഫീ ച്ചേഴ്‌സും കൂടി ചേര്‍ക്കണം. കുറച്ച് ബഗ്ഗുണ്ട്. അത് ഫിക്‌സ് ചെയ്യണം. പത്തുമിനിറ്റിനുള്ളിലാണ് കോള്‍. ഒരരമണിക്കൂര്‍. നീയില്ലാതെ ശരിയാവില്ല.'' ""ഡോണ്ട് വറി മാന്‍, ഐ വില്‍ ബി ദെയര്‍.'' ഇതൊരു മനുഷ്യച്ചങ്ങലയാണ്. കേരളത്തില്‍ നിന്ന് പുറത്തേക്ക് കടന്ന് മലയാളിയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലൂടെയും കടന്ന് തിരിച്ച് കേരളത്തിലെത്തിച്ചേരുന്ന ചങ്ങലക്കണ്ണികള്‍; സുദൃഢമായ ഉരുക്കിന്റെ ഏതു തീയിലും ഉരുകാത്ത കണ്ണികള്‍.

***** ***** ***** *****
ജലത്താല്‍ ചുറ്റപ്പെട്ട ഒരു ഒറ്റ ബില്‍ഡിംഗിന്റെ ടെറസ്സിനെ ലക്ഷ്യമാക്കി താഴ്ന്ന് പറക്കുന്ന ഇന്ത്യന്‍ നേവിയുടെ ചേതക് ഹെലികോപ്റ്റര്‍. പ്രധാന പൈലറ്റും കമാന്‍ഡറുമായ വിജയ് വര്‍മ്മയുടെ മുഖത്ത് തികഞ്ഞ ശാന്തഭാവം; തന്റെ മുമ്പിലുള്ള അടുത്ത ദൗത്യം ഏറ്റവും ശ്രമകരമാണെന്നറിഞ്ഞിട്ടും അതിന്റെ ഒരു പകപ്പും അദ്ദേഹത്തിനോ കൂടെയുള്ളവര്‍ക്കോ ഇല്ല. ഈ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് രക്ഷിക്കേണ്ടത് ഒരു ഗര്‍ഭിണിയെയാണ്. പ്രിയ എന്ന 32 വയസ്സുകാരി. എത്രയും വേഗം ഹോസ്പിറ്റലിലെത്തിക്കണം, എന്നാണ് നിര്‍ദ്ദേശം... പ്രസവവേദന തുടങ്ങിയിരിക്കുന്നു. ഹെലികോപ്ടര്‍ കെട്ടിടത്തിന് ഏതാണ്ട് നേരെ മുകളിലായി ആകാശത്ത് പൊസിഷന്‍ ചെയ്തു. ശക്തമായ കാറ്റുണ്ട്. പലവശത്തും നിന്നും. അതിനിടയില്‍ ഹെലികോപ്റ്റര്‍ സ്റ്റെഡിയായി നിര്‍ത്തുക എന്നത് വളരെ ശ്രമകരമായ ദൗത്യമാണ്. ആദ്യം താഴേക്കിറങ്ങേണ്ടത് ഡോക്ടറാണ്. അദ്ദേഹം താഴെചെന്ന് പ്രിയയെ പരിശോധിച്ച് ആരോഗ്യനില ബോധ്യപ്പെട്ടശേഷമാണ് അടുത്തയാള്‍ ഇറങ്ങുക. പത്തുമിനിറ്റിനുള്ളില്‍ ഡോക്ടര്‍ താഴെയെത്തി. കാറ്റ് ആഞ്ഞടിക്കുന്നു; മഴയുടെ ശക്തി കൂടുന്നു. ഡോക്ടറുടെ പരിശോധന കഴിഞ്ഞു. ശക്തമായ മഴയുടെ നടുവിലൂടെ ഡോക്ടറെ തിരികെയെത്തിച്ചു. അടുത്തത് ഫ്രീഡൈവര്‍ അമിതിന്റെ ഊഴമാണ്. താഴെയെത്തി പ്രിയയെ സേഫ്റ്റി ബെല്‍റ്റിട്ട് സുരക്ഷിതയാക്കി, മുകളിലേക്ക് കയറ്റി വിടുക എന്നതാണ്, അമിതിന്റെദൗത്യം.

""മഴ മാറാന്‍ കുറച്ചു കൂടി നോക്കണോ?'' കോ പൈലറ്റിന്റെ സംശയം. ""നമുക്ക് ഒട്ടും സമയം കളയാനില്ല.'' ഡോക്ടറുടെ വാക്കുകള്‍ അവര്‍ക്ക് കരുത്തേറ്റി. അമിത് അഞ്ചുമിനിറ്റിനുള്ളില്‍ താഴെയെത്തി. പ്രിയ ക്ഷീണിതയാണ്; കൂടെ മാതാപിതാക്കളാണുള്ളത്. അമ്മ ആകെ തളര്‍ന്നിരിക്കുന്നു. അച്ഛന് ടെന്‍ഷന്‍ കാരണം മിണ്ടാന്‍ പറ്റുന്നില്ല. അമിത് അവരെ ആശ്വസിപ്പിച്ചു. പ്രിയയ്ക്ക് നല്ല ധൈര്യമുണ്ട്. എത്രയും വേഗം തന്റെ കുഞ്ഞിനെ രക്ഷിക്കുക എന്നത് മാത്രമാണ് അവളുടെ മനസ്സില്‍. അമിത് അവളെ സേഫ്റ്റി ബെല്‍റ്റിടുവിപ്പിച്ചു. ഓരോ സ്റ്റെപ്പും വിശദീകരിച്ചു കൊടുത്തു. അമ്മയും അച്ഛനും മകളെ കെട്ടിപ്പിടിച്ചു. അമിതിന്റെ ""ഓള്‍ ക്ലിയര്‍ സിഗ്‌നല്‍'' കിട്ടിയ ക്രൂ തയ്യാറായി. കാറ്റിലാടിയുലയുന്ന ആ ചെറിയ ചേതക് ഹെലികോപ്റ്റര്‍ വിജയുടെ വിദഗ്ധ കരങ്ങളില്‍ അനങ്ങാതെ നിലയുറപ്പിച്ചു. പ്രിയ തന്റെ കരങ്ങള്‍ കൊണ്ട് ഉറക്കത്തിലുള്ള തന്റെ കുഞ്ഞിനെ ചേര്‍ത്തുപിടിച്ചു. അമ്മയുടെ വിങ്ങിപ്പൊട്ടലുകളിലൂടെ അഛന്റെ ദ്രുതഗതിയിലുള്ള ഹൃദയമിടുപ്പുകളുടെ അകമ്പടിയോടെ "ഏഞ്ചല്‍സ്' എന്നറിയപ്പെടുന്ന ചേതക് ക്രൂ ആ അമ്മയെയും ഉദരത്തിലുള്ള കുഞ്ഞിനെയും ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്ന് തങ്ങളുടെ മാലാഖക്കരങ്ങളിലേക്കെടുത്തു സുരക്ഷിതത്വത്തിന്റെ കര തേടി പറന്നുയര്‍ന്നു.

***** ***** ***** *****

ദേ ഇവിടെ ചോറു കിട്ടിയില്ല. രമേശാ... ഇവിടെ... ചോറ് പരിപ്പും എടുത്തോ. ചേച്ചീ ഇന്നു ചോറും പരിപ്പുമേയുള്ളൂ കേട്ടോ. നാളെ നമ്മുക്ക് കുശാലാക്കാം. നാളെ നമ്മുടെ ക്യാമ്പിലോട്ട് വേണ്ട സാധനങ്ങളൊക്കെ എറണാകുളത്തു നിന്ന് എത്തുന്നുണ്ട്.

""ജീവന്‍ കിട്ടിയല്ലോ മോനേ. അതു മതി. മോന്റെ പേരെന്താ?''

ഞാന്‍ നോബി. ഇത് രമേശ്. ഞങ്ങളൊക്കെ ഇവിടെ വന്ന് പരിചയപ്പെട്ടതാ. ഞാന്‍ തിരുവല്ലയ്ക്കടുത്താ. രമേശ് കോട്ടയത്ത്. ഞങ്ങളൊക്കെ എഞ്ചിനീയറിംഗ് പാസായി ജോലിയില്ലാതെ നില്‍ക്കുകയായിരുന്നു. ഇപ്പോഴാ അന്തസ്സുള്ള ഒരു ജോലി കിട്ടിയത്. ""നോബീ അവിടെ ചോറ് വേണം. വേഗം....'' നോബിയും രമേശും ഒക്കെ കേരളത്തിലുടനീളം ക്യാമ്പുകളില്‍ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് ചെറുപ്പക്കാരുടെ പ്രതിനിധികള്‍ മാത്രം. ചെറുപ്പക്കാര്‍ മാത്രമല്ല. എല്ലാ പ്രായത്തില്‍പ്പെട്ടവരും സ്ത്രീകളും പുരുഷന്മാരും സ്കൂള്‍ കുട്ടികളുമൊക്കെ ആയിരക്കണക്കിനാണ് ക്യാമ്പുകളിലും ആവശ്യം വേണ്ട മറ്റ് സ്ഥലങ്ങളിലും പ്രവര്‍ത്തിക്കുന്നത്, ഒരേ മനസ്സോടെ. ""നോബീ ഒന്നു പിടിച്ചു വിളമ്പടാ, ചോറു കുറവാ. നമ്മളു പട്ടിണിയാവും കേട്ടോ.'' കുശ്ശിനിക്കാരന്‍ വര്‍ഗ്ഗീസ് ചേട്ടന്‍ നോബിയെ ഓര്‍മ്മിപ്പിച്ചു. ""എന്റെ ചേട്ടാ ഞങ്ങള്‍ക്കൊന്നും ഒരു തരി ചോറുപോലും ഇന്ന് വേണ്ടാ. വയറും മനസ്സുമൊക്കെ നിറഞ്ഞ് പൊട്ടാറായിരിക്കുവാ.''


***** ***** ***** *****
ആര്‍ത്തിരമ്പി വന്ന ജലം കരയെ കടലാക്കി മതവിദ്വേഷത്തിന്റെ, വര്‍ണ്ണ വിവേചനങ്ങളുടെ, ഉയര്‍ച്ച താഴ്ച്ചകളുടെ വന്‍മതിലുകളെ തന്റെ അഗാധതയിലേക്കാഴ്ത്തി മെല്ലെ പിന്‍വാങ്ങുന്നു. ഉയര്‍ന്നു വരുന്നത് സ്‌നേഹത്തിന്റെ, സാഹോദര്യത്തിന്റെ, മനുഷ്യത്വത്തിന്റെ പൊന്‍ഗോപുരങ്ങള്‍; കേള്‍ക്കാനിരിക്കുന്നത് ജലത്താല്‍ ഒന്നാക്കപ്പെട്ട ഒരു ദേശത്തിന്റെ അതിജീവനത്തിന്റെ പുനഃ സൃഷ്ടിയുടെ കഥകള്‍!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക