Image

'ഹരിത വിലാപം' (കവിത: സ്മിത അനില്‍)

സ്മിത അനില്‍ Published on 07 September, 2018
'ഹരിത വിലാപം' (കവിത: സ്മിത അനില്‍)
(സ്മിത അനില്‍ കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തിലേറെയായി സൗദി അറേബ്യയില്‍ പ്രവാസ ജീവിതം നയിക്കുന്നു ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശിയാണ് കഥയും കവിതയും എഴുതാന്‍ ശ്രമിക്കുന്ന സ്മിത ആതുര സേവനരംഗത്ത് നേഴ്‌സ് ആയി ജോലി ചെയ്യുന്നു.ഭര്‍ത്താവ് അനില്‍ , മക്കള്‍ നിവദ്യ, അനന്തു.)



കൈരളി പുണ്യമേ, നിന്‍മക്കളിന്നിതാ
കൈവരിച്ചീടുന്നൊരതിജീവനം
കൈവല്യമായ നിന്‍ ശ്രേയസ്‌കാക്കുവാന്‍
കൈകോര്‍ത്ത് തളരാതെ മുന്നേറുന്നു..

പച്ചപുതച്ച നിന്‍ കാനന കന്യയെ
പിച്ചിച്ചീന്തിയവര്‍ നഗ്‌നയാക്കി.
സ്വച്ഛമൊഴുകുമാ നിളതന്‍ കൊലുസ്സിന്റെ
ഒച്ച നിലച്ചു നിശബ്ദയാക്കി..

വഞ്ചനത്തോലിട്ട കാമത്തിന്‍ ചെന്നായ്ക്കള്‍
പിഞ്ച് കുഞ്ഞുങ്ങളെ വേട്ടയാടി
നെഞ്ച് പിളര്‍ത്തിയും ചോരയൊഴുക്കിയും
ഇഞ്ചിഞ്ചായ് കൊന്ന് കുഴിച്ചുമൂടി..

നീതീയില്ലാതെയായി ന്യായമില്ലാതെയായ്
നിയതിയില്ലാതെയായ് നിന്‍ മക്കളില്‍
നിത്യവും കേള്‍ക്കുന്നകേള്‍വിക്ക് മുന്‍പാകെ
നിരാലംബയായ് നീ പകച്ചു നിന്നു.

മാനവജാതികളോരോ പ്രവൃത്തിയില്‍
മാലിന്യമാക്കി നിന്‍ സംസ്‌കാരങ്ങള്‍
മാപ്പ് തന്നീടുക മലയാളഭൂമി നീ
മാതൃസ്‌നേഹത്തില്‍ മറന്നീടുക..

'ഹരിത വിലാപം' (കവിത: സ്മിത അനില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക