Image

അമേരിക്കയിലെ മലയാളി എഴുത്തുകാര്‍ കൂടുതല്‍ ജ്ഞാനമുള്ളവര്‍; ലോകം കണ്ടവര്‍: (ജോസഫ് പടന്നമാക്കലിന്റെ സാഹിത്യ സപര്യ)

Published on 07 September, 2018
അമേരിക്കയിലെ മലയാളി എഴുത്തുകാര്‍ കൂടുതല്‍ ജ്ഞാനമുള്ളവര്‍; ലോകം കണ്ടവര്‍: (ജോസഫ് പടന്നമാക്കലിന്റെ സാഹിത്യ സപര്യ)
ജോസഫ് പടന്നമാക്കല്‍ -ഇ-മലയാളിയുടെ 2017-ലെ മികച്ച ലേഖനകര്‍ത്താവിനുള്ള അവാര്‍ഡ് ജേതാവ്‌ 

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയില്‍ ജനിച്ചു വളരുകയും ചെറുപ്പകാലം അവിടെ കഴിയുകയും ചെയ്തു.
കോളേജ് വിദ്യാഭ്യാസം കോഴിക്കോട്, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിലും ഉന്നത വിദ്യാഭ്യാസം അലിഗഡ് സര്‍വ്വകലാശാലയിലുമായിരുന്നു. കുറച്ചുകാലം കോളേജ് അദ്ധ്യാപകനായി തൃശൂര്‍ സെന്റ്. അലോയ്ഷിസ് കോളേജില്‍ പഠിപ്പിച്ചിട്ടുണ്ട്.

പാലയ്ക്കടുത്തുള്ള മൂന്നിലവില്‍നിന്നും റോസക്കുട്ടി വെട്ടത്തിനെ വിവാഹം ചെയ്തു. ഞങ്ങള്‍ക്ക് രണ്ടു മക്കള്‍, ഡോ.ജിജി ജോസഫ്, ഡോ.ജിജോ ജോസഫ്. 1974 ഡിസംബര്‍ മുതല്‍ അമേരിക്കയില്‍ കുടുംബമായി താമസിക്കുന്നു.

മുപ്പതു വര്‍ഷത്തോളം ന്യുയോര്‍ക്ക് പബ്ലിക്ക് ലൈബ്രറിയില്‍ മലയാളം, തമിഴ്, ഹിന്ദി പുസ്തകങ്ങളുടെ ക്യാറ്റലോഗിങ് സ്‌പെഷ്യലിസ്റ്റായി ജോലി ചെയ്തു. ലൈബ്രറി ശേഖരിച്ചിരുന്ന ഇരുപത്തിനായിരത്തില്‍പ്പരം മലയാള പുസ്തകങ്ങള്‍ ക്യാറ്റലോഗു് ചെയ്ത്, ലൈബ്രറിയുടെ വെബ്സൈറ്റില്‍ ചേര്‍ക്കാന്‍ സാധിച്ചതിലും ആത്മസംതൃപ്തിയുണ്ട്.

അമേരിക്കയില്‍ ഇറങ്ങിയ ആദ്യകാല മലയാളപത്രങ്ങള്‍ ശേഖരിച്ച് മൈക്രോ ഫിലിമിലാക്കിയതും എന്റെ നേട്ടമായിരുന്നു. വിശ്രമ ജീവിതമായി ന്യുയോര്‍ക്കില്‍ റോക്ലാന്‍ഡ് കൗണ്ടിയില്‍ താമസിക്കുന്നു. എഴുത്ത് എന്റെ ഹോബിയും.


ഇമലയാളിയുടെ ചോദ്യാവലികളും എന്റെ പ്രത്യുത്തരങ്ങളും (ജോസഫ് പടന്നമാക്കല്‍)

1.'ഇമലയാളിയുടെ അവാര്‍ഡ് ലഭിച്ച താങ്കള്‍ക്ക് അഭിനന്ദനം. ഈ അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നോ? അവാര്‍ഡ് ലഭിച്ചുവെന്നറിഞ്ഞപ്പോള്‍ എന്തു തോന്നി.?'

ഒരു എഴുത്തുകാരനെന്ന നിലയില്‍ എന്നെ അംഗീകരിച്ച, എനിക്ക് അവാര്‍ഡ് നല്‍കി ബഹുമാനിച്ച ഇമലയാളി ടീമിന് (EMalayalee Team) നന്ദിയും ആദരവും രേഖപ്പെടുത്തുന്നു. അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നുവോ എന്ന ചോദ്യത്തിനുള്ള ഉത്തരം, ഞാന്‍ അവാര്‍ഡിനെപ്പറ്റി ഒരിക്കലും ചിന്തിക്കാറില്ലായിരുന്നുവെന്നാണ്. അവാര്‍ഡ് ലഭിച്ചപ്പോള്‍ എന്നിലെ ഒരു എഴുത്തുകാരനെ അഭിമാനപൂര്‍വം ഞാന്‍ വിലമതിച്ചുവെന്നു കൂടി പറയട്ടെ.

അഭിനന്ദനങ്ങളറിയിച്ചുകൊണ്ടുള്ള ഇമലയാളി എഡിറ്ററിന്റെ ഇമെയില്‍ വന്നപ്പോഴാണ് ഞാനും അമേരിക്കയിലെ പ്രസിദ്ധ എഴുത്തുകാരോടൊപ്പം അവാര്‍ഡ് ജേതാവായി തെരഞ്ഞെടുത്തുവെന്ന് അറിയുന്നത്. എന്റെ എല്ലാ ലേഖനങ്ങളും അര്‍ഹമായ രീതികളില്‍ പരിഗണനകള്‍ നല്‍കി പ്രസിദ്ധീകരിച്ച ഇമലയാളി പത്രത്തെയും അതുവഴി എന്നെ അംഗീകരിച്ച സ്‌നേഹം നിറഞ്ഞ വായനക്കാരെയുമാണ് അവാര്‍ഡില്‍ക്കൂടി ഞാന്‍ കണ്ടത്.

2016-ല്‍ ജനപ്രിയ എഴുത്തുകാരനുള്ള അവാര്‍ഡ് ലഭിച്ചതും എനിക്കായിരുന്നു. ഞാനുള്‍പ്പെടെയുള്ള വിജയികളായ എഴുത്തുകാരുടെ ഫോട്ടോകള്‍ സഹിതമുള്ള വാര്‍ത്തകള്‍ കേരളത്തിലെ മിക്ക ദേശീയ പത്രങ്ങളിലും വന്നപ്പോഴാണ് ഇമലയാളിയുടെ പുരസ്‌കാരത്തിന്റെ മഹനീയത മനസിലാക്കുന്നത്.

സത്യം പറയട്ടെ, അവാര്‍ഡ് നല്‍കുന്ന പാനലില്‍ ഞാന്‍ ഒരു ജൂറിയായിരുന്നെങ്കില്‍, എന്നെ അവാര്‍ഡിനായി തെരഞ്ഞെടുക്കാന്‍ സമ്മതിക്കില്ലായിരുന്നു. പ്രഗത്ഭരായ എഴുത്തുകാരുടെ രചനകള്‍ ദിനംപ്രതി ഇമലയാളിയില്‍ വരുന്നത് വായിക്കാറുണ്ട്. അവരുടെ ഭാഷാശൈലിയും ഭാവനകള്‍ നിറഞ്ഞ ലേഖനങ്ങളും കവിതകളും പലതും ഹൃദ്യങ്ങളും മനോഹരവുമായിരുന്നു. അങ്ങനെയുള്ള സാഹചര്യത്തില്‍ എനിക്ക് ലഭിച്ച അവാര്‍ഡ് സ്വീകരിക്കാന്‍ ഞാന്‍ അര്‍ഹനോയെന്നും സംശയം ബാക്കി നില്‍ക്കുന്നു.

അവാര്‍ഡ് വേണമെന്നുള്ള ചിന്തകള്‍ വെച്ച് ഞാന്‍ ലേഖനം എഴുതാറില്ല. എന്നെത്തന്നെ പൊക്കി ഒരു ലേഖനമെഴുതി സ്വാര്‍ത്ഥനാകാനും ഇഷ്ടപ്പെടുന്നില്ല. കിട്ടാവുന്നടത്തോളം അറിവുകള്‍ ശേഖരിച്ച് യുവ തലമുറകളില്‍ പകര്‍ത്താനാണ് ആഗ്രഹിക്കുന്നത്. ഒരു എഴുത്തുകാരന്റെ ഏറ്റവും വലിയ സന്തോഷം തന്റെ എഴുത്തുകള്‍ വായനക്കാരനില്‍ എത്തിക്കുകയും അഭിനന്ദനങ്ങള്‍ ലഭിക്കുമ്പോഴുമാണ്. ഇമലയാളിയുടെ അവാര്‍ഡ് തീര്‍ച്ചയായും കൂടുതല്‍ അറിവുകള്‍ തേടി അലയാനും അത് മറ്റുള്ളവരില്‍ പകര്‍ത്താനും എന്നെ പ്രേരിപ്പിക്കുന്നു.

2. 'എഴുത്തുകാരെ അവാര്‍ഡുകള്‍ നല്‍കി അംഗീകരിക്കുന്നതില്‍ നിങ്ങളുടെ അഭിപ്രായം എന്താണ്?'

*പ്രതിഫലമില്ലാതെ നിസ്വാര്‍ത്ഥമായി സമൂഹത്തിന്റെ നന്മക്കായി തൂലികകള്‍ ചലിപ്പിക്കുന്ന എഴുത്തുകാരെ തീര്‍ച്ചയായും അഭിനന്ദിക്കണം. സമൂഹം അവരെ അറിഞ്ഞെങ്കില്‍ മാത്രമേ ഒരു നല്ല സാമൂഹിക കാഴ്ചപ്പാടിന്റെ വിലയും മനസിലാവുള്ളൂ. ഒരു തൂലികയ്ക്ക് മനുഷ്യനെ നന്മയുള്ളവനും തിന്മയുള്ളവനും വിപ്ലവകാരിയും തീവ്രവാദിയുമാക്കാന്‍ സാധിക്കും. നല്ല എഴുത്തുകാരെ സമൂഹത്തില്‍ വിലയിരുത്തുന്ന ദൗത്യവും അവാര്‍ഡുകളില്‍ പ്രതിഫലിക്കുന്നുണ്ട്.

3. 'ഈ മലയാളിയുടെ ഉള്ളടക്കത്തില്‍ എന്ത് മാറ്റങ്ങളാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്. നിങ്ങള്‍ ഏറ്റവുമധികം വായിക്കുന്ന കോളം ഏതാണ്. ഇംഗ്‌ളീഷ് വിഭാഗം പതിവായി വായിക്കാറുണ്ടോ?'

*വായനക്കാരുടെ താത്പര്യമനുസരിച്ച് ഇമലയാളി ഉള്ളടക്കത്തെ തരം തിരിച്ചിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. ഏറ്റവും കൂടുതല്‍ ഞാന്‍ വായിക്കുന്നത് അമേരിക്കയുടെയും ഇന്ത്യയുടേയും ദേശീയ വാര്‍ത്തകള്‍ തന്നെ.

മലയാളത്തിലെ വാരഫലം നോക്കുന്നത് ചിലരുടെ ഹോബിയാണ്. കായിക വാര്‍ത്തകള്‍ വായിക്കാന്‍ പലര്‍ക്കും ഹരമുള്ള കാര്യമാണ്. സ്ത്രീ വിഷയങ്ങളായ അടുക്കള, പാചകം മുതലായവ സ്ത്രീകള്‍ക്ക് പ്രയോജനപ്പെടും. കഥകളി, ഭാരത നാട്യം മുതലായ കേരള കലകളിലുള്ള കുട്ടികളുടെ കഴിവുകളും പ്രോത്സാഹിപ്പിക്കാം. അമേരിക്കയിലെ സെന്‍സേഷണല്‍ വാര്‍ത്തകള്‍ വലിയ ഹിറ്റുകള്‍ നേടും.

മലയാളത്തില്‍ വായിക്കാന്‍ താല്പര്യപ്പെടുന്നതുകൊണ്ട് ഇംഗ്ലീഷ് വിഭാഗം ഞാന്‍ കാര്യമായി വായിക്കാറില്ല. എങ്കിലും മലയാളം വായിക്കാന്‍ ബുദ്ധിമുട്ടുള്ള പ്രവാസി മലയാളികളുടെ മക്കള്‍ക്ക് ഇംഗ്ലീഷ് വിഭാഗം തീര്‍ച്ചയായും പ്രയോജനപ്പെടും.

4. 'അമേരിക്കന്‍ മലയാള സാഹിത്യത്തിനെ എങ്ങനെ വിലയിരുത്തുന്നു. അതിന്റെ വളര്‍ച്ചക്കായി ഇമലയാളീ ചെയ്യുന്ന സേവനത്തെപ്പറ്റി നിങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു.?'

*ഞാന്‍ സ്‌നേഹിക്കുന്നത് അമേരിക്കന്‍ മലയാള സാഹിത്യത്തെ മാത്രമേയുള്ളൂ. നാട്ടിലെ സാഹിത്യകാരന്മാര്‍ പൊതുവെ അമേരിക്കന്‍ എഴുത്തുകാരെ പരിഹസിക്കാന്‍ താല്പര്യപ്പെടുന്നു. അവരുടെ അജ്ഞതയും വിവരക്കേടുമാണ് കാരണം. കേരളത്തിലെ എഴുത്തുകാരില്‍ കൂടുതലും ഇടുങ്ങിയ മത ചിന്താഗതിക്കാരും പലരും മതത്തിന്റെ ചട്ടക്കൂട്ടില്‍ നിന്നും എഴുതുന്നവരുമാണ്. ഏതെങ്കിലും രാഷ്ട്രീയക്കാരുടെ പിന്‍ബലത്തിലുമായിരിക്കും സാഹിത്യത്തെ വളര്‍ത്തുന്നത്. പണത്തിനുവേണ്ടി സാഹിത്യത്തെ വ്യഭിചരിക്കുന്ന എഴുത്തുകാരും ധാരാളം.

അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ക്ക് വളരാന്‍ വളരെയധികം സാധ്യതയുണ്ട്. അമേരിക്കന്‍ എഴുത്തുകാര്‍ ലോകം കണ്ടവരാണ്. കൂടുതല്‍ പ്രായോഗിക ജ്ഞാനമുള്ളവരും നിരവധി മേഖലകളില്‍ പ്രവര്‍ത്തിച്ചവരുമാണ്. അവരുടെ അനുഭവ ജ്ഞാനം അമേരിക്കന്‍ മലയാളി സാഹിത്യത്തെ കൂടുതല്‍ സമ്പന്നവും സൗന്ദര്യമുള്ളതാക്കുന്നു.

ഇമലയാളിപോലെ അമേരിക്കയില്‍ സാഹിത്യത്തെ പരിപോഷിപ്പിക്കുന്ന മറ്റൊരു ഓണ്‍ലൈന്‍ മലയാളപത്രമില്ല. സാഹിത്യം, കവിതകള്‍, ലേഖനങ്ങള്‍, കഥകള്‍, എന്നിങ്ങനെ വിഭാഗങ്ങളായി തിരിച്ചാണ് പത്രത്തെ വിഭജിച്ചിരിക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നടത്തുന്ന അവാര്‍ഡ് നൈറ്റുകള്‍ തന്നെ സാഹിത്യത്തെ പരിപോഷിപ്പിക്കലാണ്.

മലയാളം പത്രങ്ങള്‍ കൂടുതലും ഏതെങ്കിലും മതമോ രാഷ്ട്രീയ ചായ്വോ നിറഞ്ഞ വാര്‍ത്തകള്‍ക്കായിരിക്കും പ്രാധാന്യം കൊടുക്കുക. എന്നാല്‍ തികച്ചും വ്യത്യസ്തമായിക്കൊണ്ട് ഇമലയാളിയെ ഒരു സാഹിത്യ ജേര്‍ണലായിട്ടാണ് എനിക്കനുഭവപ്പെടുന്നത്. ഭാവനാ സമ്പന്നരായ കവികളും സാഹിത്യകാരന്മാരും ഈ പത്രത്തിന്റെ ഒരു മുതല്‍ക്കൂട്ടാണ്. സാഹിത്യം എന്നത് ഒരുവന്റെ ഹൃദയത്തിലെ കണ്ണാടിയാണ്. ജനിച്ച നാടുവിട്ടു അമേരിക്ക എന്ന സ്വപ്നഭൂമിയില്‍ വസിക്കുന്ന നാം കൂടുതലും സ്നേഹിക്കേണ്ടതു ഈ മണ്ണിലെ തന്നെ വികാരങ്ങളുള്‍ക്കൊള്ളുന്ന സാഹിത്യ കൃതികളെയാണ്. സാംസ്‌ക്കാരികം, സാമൂഹികം, സാമുദായികമായ എല്ലാ വാര്‍ത്തകള്‍ക്കും ഇമലയാളീ പ്രാധാന്യം കൊടുക്കുന്നുമുണ്ട്.

5. 'നിങ്ങള്‍ക്ക് എപ്പോഴെങ്കിലും വ്യാജപ്പേരില്‍ ഒരു രചന പ്രസിദ്ധീകരിക്കാന്‍ പ്രേരണ തോന്നിയിട്ടുണ്ടോ?'

*വ്യാജപ്പേരില്‍ ഇമലയാളിയില്‍ എന്റെ ലേഖനം പ്രസിദ്ധീകരിക്കാന്‍ ഒരിക്കല്‍ തോന്നിയിട്ടുണ്ട്. സാധാരണ പുരോഹിതരെയും മെത്രാന്മാരെയും സഭയെയും എന്റെ ലേഖനങ്ങളില്‍ക്കൂടി ഞാന്‍ വിമര്‍ശിക്കാറുണ്ട്. എന്നാല്‍ വ്യക്തിപരമായി ഒരാളിനെ അധിക്ഷേപിച്ചുകൊണ്ട് ലേഖനങ്ങള്‍ എഴുതാറില്ല. ഫാദര്‍ റോബിന്‍ വടക്കുംചേരി പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ച്, ഗര്‍ഭം കുട്ടിയുടെ പിതാവിന്റെ തലയില്‍ കെട്ടി വെച്ചെന്നുള്ള വാര്‍ത്ത വായിച്ചപ്പോള്‍ എന്നിലെ ധാര്‍മ്മിക രോക്ഷം ഉണര്‍ന്നിരുന്നു. ആ വാര്‍ത്തയെ അടിസ്ഥാനമാക്കിയുള്ള എന്റെ ഒരു ലേഖനം ഇമലയാളീ പ്രസിദ്ധീകരിക്കുകയും ചെയ്തു. കുറ്റവാളിയെന്ന് തീര്‍ച്ചയില്ലാത്തതുകൊണ്ടും ലേഖനം ഒരു വ്യക്തിക്കെതിരെയായിരുന്നതുകൊണ്ടും പേര് വെക്കാതെ ലേഖനം പ്രസിദ്ധികരിക്കണമെന്ന് പത്രാധിപരോട് ആവശ്യപ്പെട്ടിരുന്നു. എങ്കിലും ഈമലയാളി ലേഖനത്തിനുള്ളിലെ വൈകാരികതകള്‍ നീക്കം ചെയ്ത് എഡിറ്റു ചെയ്യുകയും ലേഖനം പേരു വെച്ചുതന്നെ പ്രസിദ്ധീകരിക്കുകയും ചെയ്തു.

6. ''നിങ്ങള്‍ മറ്റു എഴുത്തുകാരുമായി (ഇവിടെയും നാട്ടിലും) ബന്ധം പുലര്‍ത്താറുണ്ടോ? നിങ്ങളുടെ രചനകള്‍ അവരുമായി ചര്‍ച്ച ചെയ്യാറുണ്ടോ? അത്തരം ചര്‍ച്ചകള്‍ നിങ്ങള്‍ക്ക് ഉപകാരപ്രദമായി അനുഭവപ്പെട്ടിട്ടുണ്ടോ?''

ഇമലയാളിയിലെ നാടുമായി ബന്ധപ്പെട്ട എഴുത്തുകാരുമായി ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ സാധിച്ചിട്ടില്ല. അമേരിക്കന്‍ എഴുത്തുകാരായ ശ്രീ ആന്‍ഡ്രുസ്, ചാക്കോ കളരിക്കല്‍, സുധീര്‍ പണിക്കവീട്ടില്‍, തോമസ് കൂവള്ളൂര്‍, ജെയിംസ് കോട്ടൂര്‍, എന്നിവരുമായി സൗഹാര്‍ദ ബന്ധമുണ്ട്. അതുപോലെ പ്രസിദ്ധ ജേര്‍ണലിസ്റ്റും ഇമലയാളി എഴുത്തുകാരനുമായ ശ്രീ മൊയ്തീന്‍ പുത്തന്‍ചിറ എന്റെ പഴയ കുടുംബസുഹൃത്തുകൂടിയാണ്. എഴുത്തുകാരനും പ്രസിദ്ധ പത്രപ്രവര്‍ത്തകനുമായ ജോയിച്ചന്‍ പുതുക്കളവുമായും ടെലഫോണില്‍ ക്കൂടി ചര്‍ച്ചകള്‍ ചെയ്യാറുണ്ട്.

ഒരു നല്ല എഴുത്തുകാരന്‍ ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും ഉപരിയായി ചിന്തിക്കണമെന്നു ഞാന്‍ വിശ്വസിക്കുന്നു. എങ്കില്‍ മാത്രമേ വ്യത്യസ്തമായ ആശയങ്ങള്‍ നമുക്കും ഉള്‍ക്കൊള്ളുവാന്‍ സാധിക്കുള്ളൂ.

ശ്രീ ചാക്കോ കളരിക്കലിന്റെ നേതൃത്വത്തിലുള്ള കെ.സി.ആര്‍. എം ടെലി കോണ്ഫറന്‌സിലും സംബന്ധിക്കാറുണ്ട്. അവിടെ പ്രമുഖരായ എഴുത്തുകാര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചര്‍ച്ചകള്‍ ചെയ്യാറുമുണ്ട്. ഇമലയാളിയിലെ പ്രസിദ്ധ എഴുത്തുകാരനായ ശ്രീ എ.സി. ജോര്‍ജ്, കോണ്‍ഫെറന്‍സ് മോഡറേറ്റ് ചെയ്യുന്നു. അദ്ദേഹവും എന്റെ ദീര്‍ഘകാല അമേരിക്കന്‍ ജീവിതത്തിലെ ഒരു സുഹൃത്തുകൂടിയാണ്. എഴുതാനുള്ള പല കാര്യങ്ങളും കോണ്‍ഫ്രന്‍സില്‍ സമ്മേളിക്കുന്ന എഴുത്തുകാരില്‍ക്കൂടി ഗ്രഹിക്കാനും സാധിക്കുന്നു.

ബന്ധങ്ങള്‍ പുലര്‍ത്തുന്നില്ലെങ്കിലും പ്രതികരണ കോളത്തില്‍ എഴുതുന്ന വിദ്യാധരന്‍, വി.ജോര്‍ജ്, അന്തപ്പന്‍ എന്നിവരുടെ എഴുത്തുകള്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. യുക്തിസഹജമായ അവരുടെ പ്രതികരണ കോളങ്ങളിലെ വിമര്‍ശനങ്ങള്‍ അറിവും പകരുന്നു. ഇമലയാളിയിലെ എഴുത്തുകാരായ ശ്രീ ആന്‍ഡ്രുസ്, കളരിക്കല്‍ ചാക്കോ, ശ്രീ ജോര്‍ജ് നെടുവേലി എന്നിവരുടെ പുസ്തകങ്ങള്‍ക്ക് ഞാന്‍ നിരൂപണ ലേഖനങ്ങള്‍ എഴുതിയത് ഈമലയാളി പ്രസിദ്ധീകരിച്ചിരുന്നു. ശ്രീ പണിക്കവീട്ടിലിന്റെ കവിതകള്‍ ഹൃദ്യവും മനോഹരവുമാണ്. പ്രകൃതിയുമായി സല്ലപിക്കാനും മനസിന് ഒരു ഉള്‍ക്കാഴ്ച നല്‍കാനും അദ്ദേഹത്തിന്റെ കവിതകള്‍ പ്രേരിപ്പിക്കുന്നു. സര്‍വോപരി എന്നെ എഴുത്തിന്റെ ലോകത്തില്‍ വിഖ്യാതനാക്കിയ ഇമലയാളി എഡിറ്റര്‍ ശ്രീ ജോര്‍ജ് ജോസഫിനോട് പ്രത്യേക കടപ്പാടുമുണ്ട്.

7. ''കാല്പനികതയും ആധുനികതയും ഇക്കാലത്ത് വളരെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളാണ്. നിങ്ങള്‍ എന്തിനോട് ചായ്വ് പുലര്‍ത്തുന്നു. എന്തുകൊണ്ട്?''

*ഇത് കവികളും സാഹിത്യകാരന്മാരും ചര്‍ച്ച ചെയ്യുന്ന വിഷയമാണ്. ലേഖനങ്ങളെഴുതുന്ന എഴുത്തുകാരനെ സംബന്ധിച്ച് കാല്പനികതയും ആധുനികതയും തുല്യപ്രാധാന്യത്തോടെ കാണണം. കാല്പനികതയില്‍ ഭാവനയുണ്ട്. കവി അല്ലെങ്കില്‍ സാഹിത്യകാരന്‍ അവിടെ ഒരു സ്വപ്നജീവിയാണ്. കവി അയാളുടെ ഭാവനാ ലോകം സൃഷ്ടിക്കുന്നു. പ്രകൃതി, തത്ത്വചിന്ത, വൈകാരിത എല്ലാം കാല്പനികതയില്‍ കലര്‍ന്നിട്ടുണ്ട്. ഇടപ്പള്ളിയുടെയും ചങ്ങമ്പുഴയുടെയും കവിതകള്‍ പ്രണയത്തില്‍നിന്നും രൂപം കൊണ്ടതായിരുന്നു. വിഷാദങ്ങളും ദുഖങ്ങളും കാല്‍പ്പനിക കവിതകളില്‍ കാണാം. കവി ഏകനായ ചിന്തകനായിരിക്കും. സ്‌നേഹിച്ച പെണ്ണിനെ ലഭിക്കാത്തതുകൊണ്ടു ആത്മഹത്യ ചെയ്തവനായിരുന്നു ഇടപ്പള്ളി. അയാള്‍ ജീവിതത്തെ ഭയപ്പെട്ടിരുന്നു. ഭീരുവായിരുന്നു. കാല്‍പ്പനിക കവികളില്‍ പലരും വിഷാദ രോഗത്തിലും ക്ഷയ രോഗം വന്നുമാണ് മരിച്ചത്. യുക്തിയെ മാനിക്കാത്തവരായിരുന്നു കാല്‍പ്പനിക കവികള്‍. സമചിത്തത കാല്പനികതയ്ക്ക് നഷ്ടപ്പെട്ടതുകൊണ്ടാണ് യുക്തി ചിന്തകള്‍ക്ക് അധിഷ്ഠിതമായ ആധുനികത രൂപം പ്രാപിച്ചത്. കാല്‍പ്പനികതയുടെ വിപരീത ഭാവങ്ങളാണ് ആധുനികതയ്ക്കുള്ളത്. എം.സി.ജോസഫ്, സഹോദരന്‍ അയ്യപ്പന്‍, കുറ്റിപ്പുഴ എന്നിവര്‍ ആധുനികതയില്‍ വിശ്വസിച്ച് യുക്തി വാദ ചിന്തകള്‍ രൂപപ്പെടുത്തി. ബാലചന്ദ്രന്‍ ചുള്ളിക്കാട് ആധുനികതയുടെ വക്താവെന്നു പറയാം.

8. 'വ്യക്തിവൈരാഗ്യത്തോടെ ഒരാളുടെ രചനകളെ വിമര്‍ശിക്കുന്നത് തെറ്റാണെന്ന് വിശ്വസിക്കുന്നുവോ? അങ്ങനെ കാണുമ്പോള്‍ അതിനെതിരെ പ്രതികരിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ എന്തുകൊണ്ട്?'

*ശുദ്ധമായ മനസുള്ളവരിലെ ഒരു കലാ ഹൃദയം അല്ലെങ്കില്‍ സാഹിത്യ രചനയ്ക്കുള്ള വൈഭവം ഉള്ളൂവെന്ന് വിശ്വസിക്കുന്നു. നല്ല നല്ല ഭാവനകള്‍ മനസ്സില്‍ ഉദിക്കുന്നതും നന്മയുള്ള മനസിന്റെ പ്രതിഫലനം മൂലമാണ്. ഒരു രചനയ്ക്ക് വിമര്‍ശനം നല്ലതും ആവശ്യമെന്നും വിശ്വസിക്കുന്നു. രചനയ്ക്കൊപ്പം എഴുതിയ വ്യക്തിയോട് വൈരാഗ്യ മനസോടെയാണ് വിമര്‍ശിക്കുന്നെങ്കില്‍ അയാള്‍ എഴുത്തുകാരനല്ല. മനസ് നിറയെ തിന്മ നിറഞ്ഞ എഴുത്തുകാരന് സമൂഹത്തില്‍ ഒന്നും തന്നെ ചെയ്യാന്‍ സാധിക്കില്ല. അതിനെതിരെ ഞാന്‍ പ്രതികരിക്കാറുണ്ട്. എങ്കിലും ചിലരുടെ രാഷ്ട്രീയ ചിന്താഗതികള്‍ക്കെതിരെ വ്യക്തി വൈരാഗ്യത്തോടെ വിമര്‍ശനങ്ങള്‍ വായിക്കാറുണ്ട്. അങ്ങനെയുള്ള സാഹചര്യത്തില്‍ വ്യക്തി വൈരാഗ്യം വെച്ച് പുലര്‍ത്തുന്നവരോട് ഞാന്‍ നിശബ്ദനായിരിക്കാനാണ് താല്‍പര്യപ്പെടുന്നത്. പാകത വരാത്തവരോട് പ്രതികരിച്ചിട്ടും കാര്യമില്ല.

9. ''ഏറ്റവും കൂടുതല്‍ വായനക്കാരന്‍ ഉണ്ടാവാന്‍ ഒരു എഴുത്തുകാരന്‍ എന്ത് ചെയ്യണം? '

*അറിവുള്ള, പാകത നിറഞ്ഞ ഒരു സമൂഹത്തില്‍ മാത്രമേ ഒരു എഴുത്തുകാരന്‍ വിജയിക്കുകയുള്ളൂ. അമേരിക്കന്‍ മലയാളീ സമൂഹത്തില്‍ അത്തരം ചിന്തകള്‍ പ്രാവര്‍ത്തികമല്ല. ജോലി ചെയ്യുന്ന കാലഘട്ടത്തില്‍ കുടുംബം നോക്കാനുള്ള നെട്ടോട്ടത്തില്‍ സര്‍വരും നിലനില്‍പ്പിനായി കഠിനാധ്വാനം ചെയ്യുന്നു. ചരിത്രവും സാഹിത്യവും കവിതകളും വായിക്കാന്‍ അവര്‍ സമയം കണ്ടെത്താറില്ല. കിട്ടുന്ന സമയം പലരും മലയാളം സീരിയലുകളില്‍ വ്യാപൃതരായിരിക്കും. പിന്നെ പള്ളി, പട്ടക്കാരന്‍, ഡെമോക്രറ്റു, റിപ്പബ്ലിക്കന്‍, ഇന്ത്യന്‍ രാഷ്ട്രീയം എന്നിങ്ങനെ വായനക്കാരുടെ താല്‍പ്പര്യം ചുരുങ്ങിയിരിക്കുന്നു. ഫാദര്‍ റോബിന്റെ കഥകളും കാശ്മീരിലെ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നതും ജിഷയുടെ ക്രൂര മരണവും പോലുള്ള പൊലിപ്പും പൊങ്ങലും വാര്‍ത്തകള്‍ വായിക്കാന്‍ വായനക്കാര്‍ക്ക് താല്പര്യമായിരുന്നു. ബിഷപ്പും തിരുമേനിയും പള്ളിയും മാത്രം ചിലര്‍ക്ക് താല്പര്യം. വായനക്കാരുടെ ചിന്താഗതികള്‍ മാറാതെ, സാഹിത്യത്തെയും ദാര്‍ശനിക ചിന്തകളെയും സ്‌നേഹിക്കുന്ന ഒരു സമൂഹമുണ്ടാകാതെ അമേരിക്കയില്‍ ഒരു എഴുത്തുകാരന് വളരാന്‍ പ്രയാസമാണ്. മഞ്ഞപത്രങ്ങള്‍ക്ക് വലിയ ഹിറ്റുകള്‍ കിട്ടുന്നത് മൂന്നാം തരം വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്കുന്നതുകൊണ്ടാണ്. ഒരു എഴുത്തുകാരനെന്ന നിലയില്‍ അത്തരം ലേഖനങ്ങളെഴുതി കൂടുതല്‍ വായനക്കാരുടെ ശ്രദ്ധ പറ്റാന്‍ എന്റെ ആത്മാഭിമാനം സമ്മതിക്കുന്നില്ല.

10. ''അറിയപ്പെടുന്ന ഒരു എഴുത്തുകാരനെന്നാണോ നിങ്ങളുടെ സ്വപ്നം. എന്തുകൊണ്ട് നിങ്ങള്‍ എഴുതുന്നു.? '

*ഒരു എഴുത്തുകാരനെ സംബന്ധിച്ചടത്തോളം അയാളുടെ രചനകള്‍ കൂടുതല്‍ വായനക്കാര്‍ വായിക്കാന്‍ താല്പര്യപ്പെടും. വായനക്കാരില്‍നിന്നു അഭിനന്ദനങ്ങള്‍ ലഭിക്കാന്‍ ആഗ്രഹിക്കുന്നതും സ്വാഭാവികമാണ്. ഞാനും അങ്ങനെ ആഗ്രഹിക്കാറുണ്ട്. അത് സ്വപ്നമാണോയെന്ന് എനിക്കറിഞ്ഞുകൂടാ! എന്തുകൊണ്ട് ഞാന്‍ എഴുതുന്നു? നമുക്ക് ലഭിച്ചിരിക്കുന്ന ജ്ഞാനം മറ്റുള്ളവരിലേക്ക് പകരുമ്പോള്‍ ആത്മസംതൃപ്തി ലഭിക്കുന്നു. കൂടുതല്‍ അറിവുകള്‍ തേടി എഴുത്തില്‍ക്കൂടി വായനക്കാരില്‍ എത്തിക്കുന്ന സമയങ്ങളില്‍ ബൗദ്ധിക നിലവാരമുള്ള ഒരു സുഹൃത് വലയത്തെയും എനിക്ക് ലഭിക്കാറുണ്ട്. അവിടെ ഞാന്‍ ആനന്ദവും കണ്ടെത്തുന്നു. മനസ്സ് ഉന്മേഷവാനുമാകുന്നു. ഗുരുകുലത്തിലെ ദ്രോണാചാര്യരുടെ ധര്‍മ്മമാണ് ഒരു എഴുത്തുകാരനും നിര്‍വഹിക്കുന്നത്. വായനക്കാരില്‍ കൗരവ പാണ്ഡവന്മാരെപ്പോലെ വ്യത്യസ്ത ചിന്താഗതിക്കാരും കാണാം. അവിടെ നന്മയുടെ ജ്ഞാനം പകര്‍ന്നു കൊടുക്കുകയെന്നതും ഒരു എഴുത്തുകാരന്റെ കടമയാണ്.

11. 'നിങ്ങള്‍ ഒരു മുഴുവന്‍ സമയം എഴുത്തുകാരനാണോ? അല്ലെങ്കില്‍ കിട്ടുന്ന സമയം മാത്രം എഴുത്തിനുപയോഗിക്കുമ്പോള്‍ സൃഷ്ടിയുടെ ആനന്ദം അനുഭവിക്കുന്നുണ്ടോ?'

*ഞാന്‍ ഒരു മുഴുവന്‍ സമയം എഴുത്തുകാരനോ, പ്രൊഫഷണല്‍ എഴുത്തുകാരനോ, പണത്തിനു വേണ്ടി എഴുതുന്ന എഴുത്തുകാരനോ അല്ല. അക്ഷരങ്ങളുടെ ലോകം എന്റെ ഹോബിയാണ്. അക്ഷരങ്ങള്‍ പെറുക്കുമ്പോള്‍ എന്റെ പഴങ്കാലത്തിലെ ഗുരുക്കന്മാരെയും ഓര്‍മ്മിക്കാറുണ്ട്. 'അ' എന്ന അക്ഷരം പരസഹായം കൂടാതെ എഴുതി പഠിക്കാന്‍ മാസങ്ങള്‍ എടുത്തതും ഓര്‍മ്മിക്കുന്നു. അലങ്കാരങ്ങളും ഉപമകളും വ്യാകരണവും പഠിക്കാന്‍ മണ്ടനായിരുന്ന എന്റെ കൈവെള്ളയില്‍ കവിയൂര്‍ സാറിന്റെ അടികളും ഓര്‍മ്മിക്കാറുണ്ട്. പകല്‍ സമയങ്ങളില്‍ വീടിന്റെ പരിസരങ്ങള്‍ വൃത്തിയാക്കാനും പുല്ലുവെട്ടല്‍, കൃഷി, പൂന്തോട്ടം പണികള്‍ ചെയ്യാനുമാണ് ഇഷ്ടം. രാത്രികാലങ്ങളില്‍ എഴുത്തുകള്‍ ആരംഭിക്കും. എന്റെ ഏകാന്തതയും മാറി കിട്ടുന്നു. മനസ്സിനുള്ളിലെ ദുഖങ്ങളും മറക്കുന്നു. ഞാനും കമ്പ്യൂട്ടറും പേനയും കീ ബോര്‍ഡുമായുള്ള ലോകം. അവിടെ എനിക്ക് ആനന്ദവും ലഭിക്കാറുണ്ട്.

12. 'നിരൂപണങ്ങള്‍ നിങ്ങളുടെ രചനകളെ സഹായിക്കുന്നുണ്ടോ? ഒരു നിരൂപകനില്‌നിന്നും നിങ്ങള്‍ എന്ത് പ്രതീക്ഷിക്കുന്നു.'

*എന്റെ രചനകളില്‍ ഞാന്‍ ആദ്യം നോക്കുന്നത് വിമര്‍ശനങ്ങളാണ്. നല്ല വിമര്‍ശനങ്ങള്‍ ഒരു എഴുത്തുകാരന്റെ വളര്‍ച്ചക്ക് അത്യാവശ്യമാണ്. വിമര്‍ശനം തന്നെ സാഹിത്യത്തിന്റെ ഒരു വിഭാഗമാണ്. സുകുമാര്‍ അഴിക്കോടും മുണ്ടശേരിയും പ്രസിദ്ധ വിമര്‍ശക സാഹിത്യകാരന്മാരായിരുന്നു. 'ജി. ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു'വെന്ന സുകുമാര്‍ അഴിക്കോടിന്റെ ക്ലാസിക്കല്‍ കൃതി മലയാള ഭാഷയുടെ ഒരു മുതല്‍ക്കൂട്ടാണ്. ഒരു നിരൂപകനില്‍ നിന്നും വ്യക്തിഹത്യ ചെയ്തുകൊണ്ടുള്ള അധിക്ഷേപങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. ലേഖനത്തിലെ തെറ്റായ വിവരങ്ങള്‍ ചൂണ്ടി കാണിക്കുന്നതും എഴുത്തുകളില്‍ വിവാദപരമായ അഭിപ്രായങ്ങള്‍ ഖണ്ഡിക്കുന്നതും വൈരുദ്ധ്യങ്ങള്‍ ചൂണ്ടികാണിക്കുന്നതും ഇഷ്ടപ്പെടുന്നു. ഒപ്പം തെറ്റുകള്‍ ബോധ്യപ്പെട്ടാല്‍ വായനക്കാരോട് ക്ഷമാപണം നടത്താനും ആഗ്രഹിക്കുന്നു.

13. 'എന്തുകൊണ്ട് നിങ്ങള്‍ ഒരു കവിയോ, കഥാകൃത്തോ, നോവലിസ്റ്റോ, ലേഖകനോ ആയി. നിങ്ങളിലെ എഴുത്തുകാരനെ നിങ്ങള്‍ എങ്ങനെ തിരിച്ചറിഞ്ഞു.? എപ്പോള്‍?'

*ഒരു എഴുത്തുകാരനെന്ന നിലയില്‍ എനിക്ക് അംഗീകാരം കിട്ടിയത് 2006-ല്‍ എന്റെ കുടുംബ ചരിത്രം എഴുതി പ്രസിദ്ധീകരിച്ച നാളുകള്‍ മുതലാണ്. ആ പുസ്തകത്തില്‍ കാഞ്ഞിരപ്പള്ളി ദേശചരിത്രമുള്‍പ്പടെ പതിനഞ്ചോളം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. കുടുംബ ചരിത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ക്കുള്ള അഭിനന്ദനങ്ങള്‍ അനേകം വായനക്കാരില്‍ നിന്നും ലഭിച്ചപ്പോള്‍ മുതല്‍ എന്നിലെ എഴുത്തുകാരനെ ഞാന്‍ തിരിച്ചറിഞ്ഞു. അല്മായ ശബ്ദമെന്ന ബ്ലോഗില്‍ എഴുതാന്‍ തുടങ്ങിയപ്പോള്‍ മുതലാണ് ഞാന്‍ ഒരു അമേരിക്കന്‍ എഴുത്തുകാരനായത്. ആദ്യമൊക്കെ സഭാ വിമര്‍ശനങ്ങളിലായിരുന്നു താല്‍പ്പര്യം. പിന്നീട് 'സത്യജ്വാല' എന്ന പാലായില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന പത്രം എന്റെ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. പുലിക്കുന്നേലിന്റെ ഓശാനയിലും അമേരിക്കയിലെ ചില സുവനീയറുകളിലും ലേഖങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. അല്മായ ശബ്ദത്തിലുള്ള പ്രഗത്ഭരായ എഴുത്തുകാരുടെ നിത്യമുള്ള അനുമോദനങ്ങള്‍ എന്നിലെ എഴുത്തുകാരനെ വളര്‍ത്തിക്കൊണ്ടിരുന്നു. അമേരിക്കയില്‍ എഴുത്തുകാരനെന്ന നിലയില്‍ എനിക്ക് പ്രസിദ്ധീ നേടി തന്നത് ഈമലയാളിയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളായി സ്ഥിരമായി ഇമലയാളിയും മറ്റു സൈബര്‍ പത്രങ്ങളും എന്റെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു.

14. 'അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ രചനകളില്‍ (എഴുത്തുകാരന്റെ / കാരിയുടെ പേരല്ല. രചനയുടെ വിവരങ്ങള്‍) നിങ്ങള്‍ക്ക് ഇഷ്ടമായത്.?'

*സഭാ സംബന്ധമായ വിഷയങ്ങളിലാണ് ഞാന്‍ എഴുതുവാന്‍ ആരംഭിച്ചത്. അതില്‍ എനിക്ക് പ്രചോദനം ലഭിച്ചത് ശ്രീ ചാക്കോ കളരിക്കലിന്റെ പുസ്തകങ്ങളാണ്. അദ്ദേഹത്തിന്റെ രചനകളില്‍ ഏറ്റവും എന്നെ ആകര്‍ഷിച്ചത് 'ഇടയന്‍' എന്ന പുസ്തകമാണ്. സഭാ ചരിത്രവും ദുഷിച്ച പൗരാഹിത്യവും വത്തിക്കാനിലെ സാമ്പത്തിക തട്ടിപ്പുകളും വത്തിക്കാന്‍ ബാങ്കിലെ അഴിമതികളും വിശദമായി അദ്ദേഹത്തിന്റെ പുസ്തകങ്ങളില്‍ വിവരിച്ചിട്ടുണ്ട്. ശ്രീ ചാക്കോ കളരിക്കലിന്റെ പുസ്തകങ്ങള്‍ക്ക് ഞാന്‍ നിരൂപണങ്ങളും എഴുതിയിട്ടുണ്ട്.

ശ്രീ സുധീര്‍ പണിക്കവീട്ടിലിന്റെ ലേഖനങ്ങളും കവിതകളും സൗന്ദര്യം നിറഞ്ഞതാണ്. അദ്ദേഹം ജനിച്ചത് ഒരു കവി ഹൃദയത്തോടെയെന്നും തോന്നിയിട്ടുണ്ട്. കാല്‍പ്പനിക കവിതകളുടെ അനുഭൂതികളുമുണ്ടാകും. കവിതകളുടെയും ഹൃദ്യമായ ലേഖനങ്ങളുടെയും ചക്രവര്‍ത്തിയായ അദ്ദേഹം വായനക്കാരുടെ അഭിമാനമാണെന്നതിലും സംശയമില്ല. അനുഭൂതി, വളപ്പൊട്ടുകളും മയില്‍പ്പീലിയും, എണ്ണമറ്റ പ്രണയാക്ഷരങ്ങള്‍ എന്നിങ്ങനെ പോവുന്നു അദ്ദേഹത്തിന്റെ വിശിഷ്ടങ്ങളായ കൃതികള്‍. ഓരോ രചനയിലും പ്രേമമുണ്ട്, മഞ്ഞുണ്ട്, കാറ്റും കൊടുങ്കാറ്റും, മലകളും പ്രകൃതിയും ചന്ദ്രനും നിലാവും കൃഷ്ണനും ക്രിസ്തുവും മരങ്ങളും പ്രകൃതിയുമെല്ലാം അദ്ദേഹത്തിന്റെ വിഷയങ്ങളാണ്.

ശ്രീ ആന്‍ഡ്രൂസ്സിന്റെ 'സത്യ വേദ പുസ്തകം സത്യവും മിഥ്യയും' എന്നിലെ യുക്തി ചിന്തകളെ വളര്‍ത്തിയെന്നുള്ളതാണ്. ഈ പുസ്തകത്തെപ്പറ്റി ഞാന്‍ എഴുതിയ നിരൂപണം ഇമലയാളീ പ്രസിദ്ധീകരിച്ചിരുന്നു. കൂടുതലും യുക്തിചിന്തകളടങ്ങിയതാണ് ഈ പുസ്തകം. സത്യവേദ പുസ്തകത്തിലെ വ്യാജങ്ങളും ഭംഗിയായി രേഖപ്പെടുത്തിയിട്ടുണ്ട്.

അതുപോലെ 'ഡാന്യൂബിന്റെ നാട്ടില്‍' എന്ന ജോര്‍ജ് നെടുവേലിയുടെ പുസ്തകത്തെപ്പറ്റിയും ഞാനെഴുതിയ നിരൂപണം ഇമലയാളിയില്‍ വായിക്കാം. ഈ പുസ്തകം ഒരു യാത്രാ വിവരണമാണ്. കൂടാതെ നദി കടന്നു പോകുന്ന രാജ്യങ്ങളുടെ ചരിത്ര്യവും സാമൂഹിക കാഴ്ചപ്പാടുകളും യുദ്ധവും പിന്നീടുള്ള സംഭവവികാസങ്ങളും തന്മയത്വമായി വിവരിച്ചിട്ടുണ്ട്.

15. ''എഴുത്തുകാര്‍ അവരുടെ രചനകള്‍ വിവിധ മാധ്യമങ്ങളില്‍ ഒരേ സമയം കൊടുക്കുന്നത് നല്ല പ്രവണതയാണോ? എന്തുകൊണ്ട് അങ്ങനെ ചെയ്യുന്നു? '

*ഒരേ സമയം എഴുത്തുകാര്‍ തങ്ങളുടെ രചനകള്‍ വിവിധ മാധ്യമങ്ങളില്‍ കൊടുക്കുന്നത് പത്രാധിപര്‍ക്ക് പ്രയാസമുണ്ടാക്കുന്നതാണ്. അതേ സമയം എഴുതുന്നവരിലും ചിന്താകുഴപ്പമുണ്ടാക്കുന്നു. ഒരു എഴുത്തുകാരനെ സംബന്ധിച്ചടത്തോളം ഒന്നില്‍കൂടുതല്‍ പത്രങ്ങളുമായി സൗഹാര്‍ദ ബന്ധം കാണും. കുടുംബബന്ധങ്ങളുമുണ്ടാകാം. ഒരു പത്രത്തിന് ആദ്യം വാര്‍ത്ത കൊടുത്താല്‍ മറ്റേ പത്രം പരാതിയുമായി വരുകയും പരിഭവവും പ്രകടിപ്പിക്കുകയും ചെയ്യാറുണ്ട്. ചില പത്രാധിപന്മാര്‍ എഴുത്തുകാരോട് നീരസം പ്രകടിപ്പിച്ചുകൊണ്ട് ലേഖനം തിരസ്‌ക്കരിക്കുകയും ചെയ്യും.

ചിലര്‍ പ്രത്യേക രാഷ്ട്രീയ വിശ്വാസമുള്ള ലേഖനങ്ങള്‍ മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. മറ്റു ചിലര്‍ക്ക് മതത്തെ വിമര്‍ശിക്കാന്‍ പാടില്ല. പത്രാധിപരുടെ ഇഷ്ടമനുസരിച്ച് എഴുത്തുകാരന്‍ എഴുതണമെന്നുള്ള ചിന്തകളും വ്യക്തി സ്വാതന്ത്ര്യത്തിനു തടസമാകും. അങ്ങനെയുള്ള സാഹചര്യത്തില്‍ ഒന്നില്‍കൂടുതല്‍ പത്രങ്ങളെ എഴുത്തുകാര്‍ക്ക് ആശ്രയിക്കേണ്ടി വരുന്നു. ഇമലയാളി, മതത്തിനും രാഷ്ട്രീയ താല്പര്യത്തിനുമുപരിയായി എല്ലാത്തരം ലേഖനങ്ങളും സ്വീകരിക്കുന്നതുകൊണ്ട് എഴുത്തുകാരന് ഒന്നില്‍ കൂടുതല്‍ പത്രങ്ങളെ ആശ്രയിക്കേണ്ടി വരില്ല. പത്രങ്ങള്‍ തമ്മിലുള്ള മത്സരത്തിനിടയില്‍ എഴുത്തുകാരെ കുത്തകയാക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനിടയില്‍ തീരുമാനമെടുക്കാന്‍ കഴിയാതെ വരുന്നത് എഴുത്തുകാരായിരിക്കും.

16. 'അമേരിക്കന്‍ മലയാളി വായനക്കാരെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം. പ്രബുദ്ധരായ വായനക്കാര്‍ സാഹിത്യത്തെ വളര്‍ത്തുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?'

കാലത്തിനൊപ്പം മലയാളി സഞ്ചരിക്കുന്നില്ലായെന്നതാണ് വാസ്തവം. ഇന്റര്‍നെറ്റും മറ്റു ടെക്നോളജികളും ശരിയായി പ്രയോജനപ്പെടുത്തുന്നില്ല. പള്ളിയിലും അസോസിയേഷനിലും പ്രവര്‍ത്തിക്കാനാണ് ഭൂരിഭാഗം മലയാളികള്‍ക്കും താല്‍പ്പര്യം. സാഹിത്യ വളര്‍ച്ചക്ക് നിതാന്തമായ വായനയും പഠനവും ആവശ്യമാണ്. അമേരിക്കന്‍ മലയാളികളില്‍ വായനാ മനോഭാവം വളരെ കുറവായി കാണുന്നു. സ്ത്രീകള്‍ സമയം കിട്ടുമ്പോഴെല്ലാം മലയാളം സീരിയലുകളില്‍ മാത്രം താല്പര്യപ്പെടുന്നു. ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നവര്‍ വിശ്രമമില്ലാതെ ഡോളറിനുവേണ്ടി മാത്രം കഠിനാദ്ധ്വാനം ചെയ്യുന്നു. കലയെയും സാഹിത്യത്തെയും പരിപോഷിപ്പിക്കാന്‍ അവര്‍ക്ക് സമയമില്ല. നാട്ടിലുള്ള മൂന്നാം കിട സാഹിത്യകാരന്മാരെയും സിനിമാ നടന്മാരെയും അമേരിക്കയില്‍ എഴുന്നള്ളിച്ചുകൊണ്ടു നടക്കുന്ന അമേരിക്കന്‍ മലയാളിയുടെ മനോഭാവത്തിനും മാറ്റം വരണം. സാഹിത്യത്തെ പരിപോഷിപ്പിക്കാന്‍ വളരുന്ന തലമുറകളെയും മലയാളം പഠിപ്പിക്കണം. അതിനായി മലയാളത്തിന്റെ നല്ല സാഹിത്യ പുസ്തകങ്ങള്‍ അടങ്ങിയ ലൈബ്രററിയും ആവശ്യമാണ്. യൂണിവേഴ്‌സിറ്റികളില്‍ മലയാളം ഐച്ഛികമായുള്ള കോഴ്സുകളും അമേരിക്കയില്‍ ആരംഭിക്കേണ്ടതായുണ്ട്. മലയാളത്തിന്റെ പ്രോത്സാഹനങ്ങള്‍ക്കായുളള ഗവേഷണ കേന്ദ്രങ്ങളും അമേരിക്കയില്‍ തുടങ്ങുകയും വേണം.

17. 'ഇമലയാളിയുടെ മുന്നോട്ടുളള പ്രയാണത്തില്‍ ഒരു എഴുത്തുകാരനെന്ന നിലയ്ക്ക് എന്ത് സഹായ സഹകരണങ്ങള്‍ നിങ്ങള്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നു.?'

*ഓരോ എഴുത്തുകാരനും ഈ മലയാളിയുടെ അംബാസിഡര്‍മാരായി പ്രവര്‍ത്തിക്കട്ടെയെന്നു അഭിലഷിക്കുന്നു. ഇമലയാളിയില്‍ വരുന്ന സാഹിത്യ വിഭവങ്ങള്‍ സോഷ്യല്‍ മീഡിയാ, ഇന്റര്‍നെറ്റ് വഴി വായനക്കാരില്‍ എത്തിക്കാനും ശ്രമിക്കും. ഇമലയാളി തുടങ്ങി വെക്കുന്ന പ്രസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കാന്‍ മറ്റു എഴുത്തുകാരോടൊപ്പം ഞാനുമുണ്ട്. പത്രത്തിന്റെ നേതൃത്വത്തില്‍ സാഹിത്യ ക്ലബുകള്‍ രൂപീകരിച്ച് ചര്‍ച്ചകളുമാകാം. പത്രവളര്‍ച്ചക്കുള്ള തീരുമാനങ്ങളില്‍ എന്റെ പങ്കും സഹകരണവും എന്നുമുണ്ടായിരിക്കും. തികഞ്ഞ ഒരു അഭ്യുദായകാംഷിയായി ഇമലയാളിയ്ക്കൊപ്പം ഞാനുമുണ്ട്. എല്ലാ വിധ വിജയങ്ങളും നേരുന്നു.
അമേരിക്കയിലെ മലയാളി എഴുത്തുകാര്‍ കൂടുതല്‍ ജ്ഞാനമുള്ളവര്‍; ലോകം കണ്ടവര്‍: (ജോസഫ് പടന്നമാക്കലിന്റെ സാഹിത്യ സപര്യ)
Join WhatsApp News
Ninan Mathulla 2018-09-07 18:28:15
Congratulations
James Mathew, Chicago 2018-09-07 21:48:39
ഇ മലയാളി ചെയ്യുന്ന ഈ സേവനം അമേരിക്കൻ
മലയാളികൾ മറക്കരുത്. എന്തിനും നാട്ടിൽ  നിന്നും ആളെ കൊണ്ട് വന്നും
നാട്ടിലുള്ള എഴുത്തുകാരെയും നാട്ടിൽ മാത്രം എഴുതുന്ന എഴുത്തുകാരെയും
ചുമന്നു നടക്കുന്ന അമേരിക്കൻ മലയാളി
മുറ്റത്തെ മുല്ല പൂത്തത്  .അറിയണം. ശ്രീ പടന്നമാക്കൽ
വളരെ നല്ല  എഴുത്തുകാരനാണ്. അദ്ദേഹത്തിനഷ്ടപ്പെട്ട അമേരിക്കൻ
മലയാളി എഴുത്തുകാരുടെ പേരുകൾ നിർഭയം എഴുതിയിരിക്കുന്നു.
 .നിർഭയം എന്ന് ഉപയോഗിച്ചത് സാധാരണയായി
ആരും ചെയ്യാത്ത ഒരു കാര്യമാണ്. ഒരാളുടെ  പേര്
പറഞ്ഞാൽ മറ്റവൻ പിണങ്ങുമോ എന്ന പേടി. ഇവിടെ എഴുത്തുകാരില്ലെന്നു
കാടടച്ച് വെട്ടി വയ്ക്കുന്ന ഭീരുക്കൾക്ക് ഇതൊരു
പാഠമാകട്ടെ.  ഇ മലയാളി മറ്റു എഴുത്തുകാരോടും
ഈ ചോദ്യം ചോദിച്ചു കാണുമല്ലോ. നമുക്ക് നോക്കാം എത്രപേർ പേരെടുത്ത് പറഞ്ഞിട്ടുണ്ടെന്ന്.ഒരാൾ എഴുതുന്നത് നല്ലതല്ലെങ്കിൽ
പറയേണ്ട പക്ഷെ നല്ലത് എഴുതുന്നവനെ
ആ കൂട്ടത്തിൽ പെടുത്തി അമേരിക്കൻ മലയാള
സാഹിത്യം ഗുണമില്ലെന്നു പാടി നടക്കുന്ന
പാണന്മാരെ ജനം ശ്രദ്ധിക്കാതിരിക്കണം.

അഭിനന്ദനം, ശ്രീ പടന്നമാക്കൽ . ഇ മലയാളി പ്രവർത്തകർക്കും ഹാർദ്ദമായ ആശംസകൾ .




തലക്കെട്ട് 2018-09-08 00:19:09
തലക്കെട്ടു കണ്ട് ചിരിച്ചുപോയി
George V 2018-09-08 06:40:08
അഭിനന്ദനങ്ങൾ. അർഹതക്കുള്ള അംഗീകാരം. ശ്രി ജോസഫ് നെ നേരിട്ട് പരിചയം ഇല്ലെങ്കിലും അദ്ദേഹത്തിന്റെ ലേഖനങ്ങളിലൂടെ ഒരു ജേഷ്ഠ സഹോദരനോടുള്ള ആദരവും അടുപ്പവും തോന്നിയ എഴുത്തുകാരൻ ആണ്. എല്ലാവിധ ആശംസകളും    
andrew 2018-09-08 07:14:33
Congratulations, you deserve it. Wishing & anticipating more great articles from you.
Mathew Chacko 2018-09-08 08:09:42
"അമേരിക്കന്‍ മലയാളികളില്‍ വായനാ മനോഭാവം വളരെ കുറവായി കാണുന്നു." എന്ന്  തുറന്നു സമ്മതിക്കുന്ന പടന്നമാക്കൽ  മറ്റൊരു കാര്യം കൂടി സമ്മതിക്കണം .  നല്ല വായനക്കാരില്ലാതെ ഒരിക്കലും നല്ല എഴുത്തുകാർ  ഉണ്ടാകില്ല. നല്ല വായനക്കാരും പ്രതികരണ ശേഷി ഉള്ളവർക്കിടയിലേ  നല്ല എഴുത്തുകാർ ഉണ്ടാവുകയുള്ളു. അങ്ങനെ വരുമ്പോൾ  അമേരിക്കൻ മലയാളി എഴുത്തുകാർ വെറും കട്ടപ്പുക.
കൂപം 2018-09-08 09:32:00
സാഹിത്യ സഗരം കാണാതെ ഈ കിണറ്റിൽ കിടന്ന് പരസ്പരം ഊതിവീർപ്പിക്കലല്ലേ അമേരിക്കൻ മലയാളി സാഹിത്യം.
George Neduvelil, Florida 2018-09-08 10:25:40
മതം തൊട്ടു മാർക്സിസം വരെയുള്ള ഏതു വിഷയത്തെപ്പറ്റിയും ആധികാരികമായ രചനകൾ നടത്തുവാൻ കഴിവും കാമ്പും ഉള്ള സാഹിത്യകാരനാണ് ശ്രീ. ജോസഫ് പടന്നമാക്കൻ. ഇമലയാളിയിൽ വരുന്ന അദ്ദേഹത്തിൻറ്റെ ഈടുറ്റ ലേഖനങ്ങൾ ഇരുത്തം വന്ന മനസ്സിൻറ്റെ ഉറവകളാണ്. അദ്ദേഹത്തിൻറ്റെ തൂലികാചലനത്തിൽ വിരസമായ വിഷയങ്ങൾപോലും മിഴിവുറ്റതാകുന്നു.  ആ ഉറവകളുടെ ഉടമസ്ഥനായ ശ്രീ പടന്നമാക്കനും, ആ ഉറവകൾക്കു നിർബാധം നിർഗളിക്കാൻ ചാലുകൾ ഏകുന്ന ഇമലയാളിക്കും അഭിനന്ദനം.   
നാരദന്‍ 2018-09-08 10:48:03
അതേ കൂപമേ 
താങ്കള്‍ കിടക്കുന്ന 'സാഹിത്യ 'സകര'  ത്തില്‍ ആരും കാണാന്‍ വരില്ല.
Chacko Kalarickal 2018-09-08 15:44:02
ശ്രീ ജോസഫ് പടന്നമാക്കലിന് ലഭിച്ച ഈ അംഗീകാരത്തിന് ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ. കൂടാതെ, താങ്കളുടെ ഈ നേട്ടത്തെക്കുറിച്ച് ഞാൻ അഭിമാനിക്കുന്നു. അനുഭവത്തിലൂടെയും വായനവഴിയും നിരന്തര പഠനം/ഗവേഷണം വഴിയും കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകൾകൊണ്ട് ആർജിച്ച അറിവ് ഭാവനാത്മകമായി അനുവാചകർക്ക് പകർന്നു കൊടുക്കുന്നതിൽ താങ്കൾ വിജയിച്ചതിൻറെ തെളിവാണ് ഈ അവാർഡ്. ഏതു 
വിഷയത്തെ സംബന്ധിച്ചും പണ്ഡിതോചിതമായി ലേഖനങ്ങൾ എഴുതാൻ കെല്പ്പുള്ള ഒരു സാഹിത്യകാരനാണ് ശ്രീ പടന്നമാക്കൽ. അതുകൊണ്ട് തുടർന്നും അർത്ഥപുഷ്ടവും ചിന്തോദ്ദീപകവും പണ്ഡിതോചിതവും അതിനെല്ലാമുപരി പ്രായോഗികവുമായ കൂടുതൽ ലേഖനങ്ങൾ എഴുതി വായനക്കാരെ ഭാവിയിലും ആനന്ദിപ്പിക്കാൻ താങ്കൾക്ക് കഴിയട്ടെയെന്ന് ആശംസിക്കുന്നു. ഈ നല്ല മനുഷ്യൻറെ സാഹിത്യ സപര്യയെ പോഷിപ്പിച്ച ഇമലയാളി ശ്രീ ജോർജിനും നന്ദി.
വിദ്യാധരൻ 2018-09-08 17:23:28
"നിങ്ങൾ ഏതൊന്നിനെ സ്‌നേഹിക്കുന്നോ അതിനെ നിരസിക്കാൻ തയാറാക്കുമ്പോൾ നിങ്ങൾ അത് നേടും എന്നുള്ള'' പ്രയോഗം സാഹിത്യലോകത്ത് മാത്രമല്ല ജീവിതത്തിന്റെ എല്ലാ തുറകളിലും നാം ഓരോത്തരും ശീലിക്കേണ്ടതാണ്. 'നിഷ്ക്കാമ കർമ്മ' എന്ന് നമ്മളുടെ പിതാമഹർ നമ്മൾക്ക് ഉപദേശിച്ചു തന്ന   മന്ത്രം  മേൽപ്പറഞ്ഞ ഉദ്ധരണിയോട് ചേർത്ത് വച്ച് ചിന്തിക്കാവുന്നതാണ്. ഇത് പറയാൻ കാരണം, നിങ്ങളുടെ ലേഖനം വായിച്ചപ്പോൾ, അതിൽ പുരസ്കാരങ്ങളെ നിങ്ങൾ ഭയപ്പെടുന്നതുപോലെ തോന്നി . ആ തോന്നലുകളെ നിങ്ങൾ ഹൃദയത്തിൽ സൂക്ഷിക്കുക. കാരണം അത് 'ഞാൻ' എന്ന ഭാവത്തെ എതിർത്തു നിര്ത്തുവാനുള്ള ഒരു മറുമരുന്നാണ്.  പൊന്നാടയും ഫലകങ്ങളും ആഗ്രഹിക്കുന്നവന്റെ നിഗൂഢമായ ലക്‌ഷ്യം ഒരു സാഹിത്യകാരൻ എന്ന നിലയിൽ എങ്ങനെ ജന ഹൃദയങ്ങളിൽ കടന്നുകൂടി ചരിത്രത്തിന്റ ഭാഗം ആകാം എന്നാണ് . അവന് സാമൂഹിക പ്രതിബദ്ധതയൊന്നും ഇല്ല. അത്തരക്കാർക്ക് ആരുടേയും മനസ്സിൽ കടന്നുകൂടാനോ ചലനങ്ങൾ സൃഷ്ടിക്കാനോ കഴിയില്ല.  എന്നാൽ സാഹിത്യം   അ ഭൗമികമായ ഒരു ആത്മജ്ഞാനവുമായി ബന്ധപെട്ടിരിക്കുന്നു . അതിന് മനുഷ്യ സംസ്കാരത്തെ മനുഷ്യരാശിയുടെ മൊത്തം വളർച്ചക്ക് വേണ്ടി ഉത്തേജിപ്പിച്ച് വളർത്താൻ കഴിയും, താങ്കളുടെ ലേഖനങ്ങക്ക് അതിനുള്ള കഴിവുണ്ട്. ആ കഴിവുകളെ നഷ്ടപ്പെടാതെ സൂക്ഷിക്കുക .
പലപ്രാവശ്യം ഇവിടെ എഴുതിയിട്ടുണ്ടെങ്കിലും കുമാരനാശാന്റെ കാവ്യകല അല്ലെങ്കിൽ ഏഴാം ഇന്ദ്രിയത്തിലെ ഈ കവിതശകലം നമ്മുളുടെ മനസ്സിന്റെ ഭിത്തിയിൽ ഒരു ഓർമ്മ കുറിപ്പായി തൂക്കിയിടാം 

"നെഞ്ചാളും വിനയമൊടെന്നി പൗരഷത്താൽ 
നിഞ്ചാരുദ്യുതി കണികാണ്മതിലൊരാളും 
കൊഞ്ചൽതേൻമൊഴിമണി, നിത്യകന്യകേ, നിൻ 
മഞ്ചത്തിൻ മണമറികില്ല മൂർത്തിമാരും  

പാഴാകും മരുവിലലഞ്ഞു സർവഗെ, നീ 
വാഴാറുള്ളരമന തേടി വാടി ഞങ്ങൾ 
കേഴാതാ രസമയരാജ്യസീമ കാണ്മാൻ 
'ഏഴാമിന്ദ്രിയ' മിനിയമ്പൊടേകുകമ്മെ !"

എല്ലാ നന്മകളും നേരുന്നു 



കൂപ മണ്‌ഡൂകത്തിന് 

"ജനകീയവൽക്കരണത്തിൽ അമർഷംകൊള്ളുന്ന ശുദ്ധാത്മാക്കൾ ഒരു സംഗതി മനസ്സിലാക്കണം . ജനകീയവത്‌കരണമല്ല ആപത്ത്, വാണിജ്യവൽക്കരണമാണ് കലയുടെ, സാഹിത്യത്തിന്റെ ഹനിക്കുന്നത് (ഇതിൽ അമേരിക്കയിലെ ഒരു നല്ലശതമാനം നാരദന്മാർക്കും പങ്കുണ്ട്) . ഉൽകൃഷ്ടമായ ധാർമിക ലക്ഷ്യത്തോടെ ജീവിതത്തെ സമ്പന്നവും ഊർജസ്വലവുമാക്കണമെന്ന ലക്ഷ്യത്തോടെ കലയെ ജനകീയവൽക്കരിച്ചാൽ കലയുടെ അർത്ഥവും മഹത്വവും വര്ധിക്കുകയുള്ളു " (പ്രൊ . വി അരവിന്ദാക്ഷൻ -സാഹിത്യം സംസ്കാരം സമൂഹം )

 
എ . സി. ജോർജ്, ഹ്യൂസ്റ്റൻ, ടെക്സാസ് 2018-09-08 19:33:50
ഈ അവാർഡ്  തികച്ചും  അർഹതക്കുള്ള  അംഗീകാരം  തന്നെയാണ് . ശ്രീ  ജോസഫ്  പടന്നമാക്കൽ  വളരെ  പഠിച്ചും  ഗവേഷണം  നടത്തിയുമാണ്  ഓരോ  കൃതിയും  രചിക്കുക. അദ്ദഹത്തിൻ്റെ  ഈടുറ്റ  ലേഖനങ്ങൾക്ക്  ഒരു  ആധികാര്യതയുണ്ട് .  നമ്മുടെ  ചിന്തക്കു വെടിമരുന്നിടുന്ന  പല  വിഷയങ്ങളും  നിർഭയം അനായാസം  ശ്രീ  ജോസഫ്  കൈകാര്യം  ചെയ്യുന്നു . അദ്ദഹത്തിൻ്റെ  ഭാഷ  സാഹിത്യ  സേവനങ്ങൾക്ക്  എല്ലാ  ആശംസയും  അർപ്പിക്കുന്നു .  എഴുത്തുകാരെ  പ്രോസാൽഹിപ്പിക്കുന്ന  ഈ മലയാളീക്കും, അതിൻ്റെ  സാരഥി  ജോർജ്  ജോസഫിനും  നന്ദിയും  കടപ്പാടും  സ്‌നേഹവും  ആശംസയും  അറിയിക്കുന്നു 
Santhosh Jose 2018-09-09 09:05:35
"ഞാന്‍ സ്‌നേഹിക്കുന്നത് അമേരിക്കന്‍ മലയാള സാഹിത്യത്തെ മാത്രമേയുള്ളൂ. നാട്ടിലെ സാഹിത്യകാരന്മാര്‍ പൊതുവെ അമേരിക്കന്‍ എഴുത്തുകാരെ പരിഹസിക്കാന്‍ താല്പര്യപ്പെടുന്നു. അവരുടെ അജ്ഞതയും വിവരക്കേടുമാണ് കാരണം. കേരളത്തിലെ എഴുത്തുകാരില്‍ കൂടുതലും ഇടുങ്ങിയ മത ചിന്താഗതിക്കാരും പലരും മതത്തിന്റെ ചട്ടക്കൂട്ടില്‍ നിന്നും എഴുതുന്നവരുമാണ്. ഏതെങ്കിലും രാഷ്ട്രീയക്കാരുടെ പിന്‍ബലത്തിലുമായിരിക്കും സാഹിത്യത്തെ വളര്‍ത്തുന്നത്. പണത്തിനുവേണ്ടി സാഹിത്യത്തെ വ്യഭിചരിക്കുന്ന എഴുത്തുകാരും ധാരാളം."    - പടന്നമാക്കൽ .

അമേരിക്കൻ മലയാള സാഹിത്യം എന്നതിന് ഒരു നിർവചനം നൽകിയാൽ നന്നായിരിക്കും.  ഞാൻ മലയാള സാഹിത്യത്തെ സ്നേഹിക്കുന്നില്ല എന്ന്  പടന്നമാക്കൽ പരോക്ഷമായി  പറയുമ്പോൾ  എന്തോ അജ്ഞതയും  വിവരക്കേടും  വെളിച്ചത്ത് വരുന്നു.  ദയവു ചെയ്ത്  ഇത്തരം ലേഖനങ്ങളൊന്നും  കേരളത്തിൽ നിന്നുള്ള മലയാള പ്രസിദ്ധീകരണങ്ങളിൽ   കാണുകയില്ലെന്ന്  ആശ്വസിക്കാം.

കൂപമണ്ഡൂക  സാഹിത്യത്തെ  പരസ്പരം പുകഴ്ത്തുകയും  ചൊറിയുകയും സ്തുതിക്കുകയുമൊക്കെ കാണുമ്പോൾ  മുണ്ടശ്ശേരിയും,  എം പി പോളും ,  മാരാരും , അഴീക്കോടുമൊക്ക   എന്തൊരു വിഡ്ഢികളായിരുന്നു  എന്ന്  കരുതേണ്ടി വരും.
vayankaaran 2018-09-09 10:29:09
അമേരിക്കൻ മലയാള സാഹിത്യത്തെ കൂപമണ്ഡൂക 
സാഹിത്യം എന്ന് വിശേഷിപ്പിക്കുന്ന മലയാളി ഇവിടത്തെ 
എഴുത്തുകാരുടെ രചനകൾ ഒന്നും വായിച്ചിട്ടില്ലെന്നു 
വ്യക്തം. അദ്ദേഹം മുണ്ടശ്ശേരിയെയും, എം.പി.
പോളിനെയും മറ്റും മറ്റും വായിച്ചിട്ടുണ്ട്. എന്നാൽ അമേരിക്കയിലെ 
പ്രസിദ്ധീകരണങ്ങൾ കാണുന്നില്ല.  അത് സാരമില്ല 
പക്ഷെ ഇങ്ങനെ  അപവാദങ്ങൾ തൊടുത്ത്  
വിടുമ്പോൾ അത് അദ്ദേഹം കൂടി ജീവിക്കുന്ന 
ഒരു സമുദായത്തെ അപമാനിക്കയാണെന്ന 
ഒരു ദയവ് മനസ്സിൽ തോന്നുന്നത് നല്ലത്. ഇവിടെ എഴുതുന്നവർ 
എല്ലാം ഉത്കൃഷ്ട രചനകൾ നടത്തുന്നുവെന്നു 
ആരും അവകാശപ്പെട്ടില്ല.  ഇ മലയാളി എഴുത്തുകാരെ 
പ്രോത്സാഹിപ്പിക്കുന്നു.  അത് തുടരട്ടെ. അവാർഡ് 
വാങ്ങുന്നവരുടെയെങ്കിലും രചനകൾ വായിക്കാൻ 
ഇത്തരം കമന്റുകളുമായി  വരുന്നവർ തയ്യാറായാൽ 
നല്ല ചർച്ചകൾ ഉണ്ടാകും.  ആരോ പണ്ട് ചെളി വാരി എറിഞ്ഞു 
എന്ന് കരുതി കണ്ടവനൊക്കെ ആ ചെളി വീണ്ടും വീണ്ടും 
എഴുത്തുകാരെ  ഉന്നം വച്ച് എറിയുന്നത് എത്രയോ ഹീനം. 
അമേരിക്കൻ മലയാളി എഴുത്തുകാരെ നിങ്ങളറിഞ്ഞൊ 
"കൂപമണ്ഡൂക സാഹിത്യം" എന്ന ഒരു വിശേഷണം.
Joseph Padannamakkel 2018-09-09 11:15:32
ഞാൻ ഒരു സാഹിത്യകാരനല്ല. സാഹിത്യത്തിന് ഒരു നിർവചനം നൽകാൻ യോഗ്യനുമല്ല. കേരളത്തിലെ എഴുത്തുകാരുടെ നോവലുകളോ കഥകളോ വായിക്കാൻ താല്പര്യപ്പെടാറില്ല. തകഴിയോ, ബഷീറോ എഴുതിയിരുന്നപോലെ ജീവനില്ലാത്തതാണ് കാരണം. അമേരിക്കൻ മലയാളി ജീവിതത്തെ സ്പർശിക്കുന്ന അമേരിക്കൻ മലയാളികളുടെ കഥകൾ വായിക്കാറുണ്ട്. കേരളത്തിലെ മുഖ്യധാര മലയാളത്തിലെ ആധുനിക കഥകൾക്കും നോവലുകൾക്കും മനുഷ്യന്റെ ജീവിതവുമായി യാതൊരു ബന്ധവുമില്ല. ഭൂരിഭാഗവും സിനിമയ്ക്ക് വേണ്ടി എഴുതുന്നു. 

കേരളത്തിന്റെ വർത്തമാന കാലങ്ങളെയും ചരിത്ര വിഷയങ്ങളെയും ദാർശനിക വിഷയങ്ങളെപ്പറ്റി അറിയാൻ താല്പര്യം കാണിക്കുന്നു. സുകുമാർ അഴിക്കോട്, മുണ്ടശേരി, എംപി പോൾ മുതലായ എഴുത്തുകാരുമായി ഇമലയാളിയുടെ ചോദ്യത്തിനു ബന്ധമില്ല. ചോദ്യം വർത്തമാനകാല എഴുത്തുകാരെ സംബന്ധിച്ചായിരുന്നു. മാത്രമല്ല സുകുമാർ അഴിക്കോട് എന്റെ ഗുരുവുമായിരുന്നു.  

പ്രവാസി സാഹിത്യം, അമേരിക്കൻ സാഹിത്യം എന്ന് പേരിട്ടത് ഞാനല്ല. അത് കേരളത്തിലെ മുഖ്യധാരാ മലയാള എഴുത്തുകാരാണ്. ബെന്യാമിന്റെ ആട് ജീവിതത്തെ പറ്റിയുള്ള പുസ്തകം പ്രവാസി സാഹിത്യമെന്നു പറയുന്നു.

അമേരിക്കൻ എഴുത്തുകളെ പുച്ഛിക്കുന്നവരെ ഞാൻ എന്തിനു പുകഴ്ത്തണം.
അമേരിക്കൻ സാഹിത്യ ലേഖനങ്ങളെയും കഥകളെയും കവിതകളെയും കേരളത്തിലെ സാഹിത്യകാരന്മാർ തരം താഴ്ത്തി കാണുന്നു. അമേരിക്കൻ സാഹിത്യം, പെണ്ണെഴുത്ത് എന്നിങ്ങനെ കേരളത്തിലെ എഴുത്തുകാർ കൊടുത്ത ഓമനപ്പേരുകളാണ്. സ്ത്രീ എഴുതുമ്പോൾ അത് പെണ്ണെഴുത്തും ദളിതൻ എഴുതുമ്പോൾ അത് ദളിത സാഹിത്യവും അമേരിക്കൻ മലയാളി എഴുതുമ്പോൾ അത് അമേരിക്കൻ സാഹിത്യവുമായി. 

സന്തോഷ് പറഞ്ഞത് ശരിയാണ്. കോട്ടയം സാഹിത്യം അമേരിക്കൻ സാഹിത്യം എന്നിങ്ങനെ മലയാള ഭാഷയെ വിഭജിച്ചിട്ടില്ല. മലയാള സാഹിത്യമെന്നു പറയുന്നത് ഒരേ നിയമം, ഒരേ വ്യാകരണം, വൃത്തം അലങ്കാരം മാത്രമാണുളളത്. 
അമേരിക്കൻ മലയാളി സാഹിത്യം 2018-09-09 12:04:47
കൂപത്തിന്റെ ഒരു ഉദാഹരണമാണ് ജോൺ വേറ്റം അടുത്തയിടെ എഴുതിയ സുധീർ പണിക്കവീട്ടിലിന്റെ അമേരിക്കൻ മലയാള സാഹിത്യ നിരൂപണങ്ങൾവീക്ഷണം എന്ന സംഗ്രഹം. വടക്കേ അമേരിക്കൻ മാധ്യമങ്ങളിൽ എഴുതുന്നതിനോടൊപ്പം കേരളത്തിൽ നിന്നുള്ള മുഖ്യധാര പ്രസിദ്ധീകരണങ്ങളിലും എഴുതുന്ന മിക്കവാറും എഴുത്തുകാരെ അവഗണിച്ചിരിക്കുന്നു.
Joseph Padannamakkel 2018-09-13 00:40:54
അനുകൂലിച്ചും പ്രതികൂലിച്ചും എഴുതിയ എല്ലാ പ്രതികരണ എഴുത്തുകാർക്കും നന്ദി. ചില സന്ദേശങ്ങൾ വായിച്ചപ്പോൾ സ്വയം അഭിമാനവുമുണ്ടായി. ഞാനും എഴുത്തുകാരനെന്നു തോന്നിപ്പോയി. പ്രതികരണ സന്ദേശങ്ങളിൽ സ്നേഹാദരവുകളും പ്രകടമായിരുന്നു. 

നമ്മെ സംബന്ധിച്ച് ക്രിയാത്മകമായി എഴുതുന്ന അമേരിക്കൻ എഴുത്തുകാരാണ് ആവശ്യം. അവർക്കാണ് പ്രോത്സാഹനം കൊടുക്കേണ്ടത്. ആ ജോലി ഇമലയാളി ഭംഗിയായി ചെയ്യുന്നുമുണ്ട്. 

കേരളത്തിൽ കോടിക്കണക്കിന് രൂപ മലയാള സാഹിത്യ വളർച്ചക്കായി ചെലവഴിക്കുന്നുണ്ട്. അതിനുള്ള ഗവേഷണ കേന്ദ്രങ്ങളുമുണ്ട്. അമേരിക്കയിലും മലയാള സാഹിത്യ വാസനയുള്ള പുതിയ തലമുറകളും വളർന്നു വരുന്നുണ്ട്. പ്രവാസി സാഹിത്യമെന്നു പുച്ഛിച്ചു തള്ളാതെ സാഹിത്യ വാസനയുള്ള വിദേശത്തുള്ളവരെയും പ്രോത്സാഹിപ്പിക്കാനുള്ള സംവിധാനങ്ങൾ കേരള മലയാള സാഹിത്യ ഗവേഷണ കേന്ദ്രങ്ങൾ സജ്ജമാക്കേണ്ടതുണ്ട്. 

അമേരിക്കയിൽ ആദ്യം വന്ന തലമുറകൾ അധികം താമസിയാതെ ചരിത്രമായി മാറും. അവരുടെ നേട്ടങ്ങളെപ്പറ്റി പഠിക്കാൻ ഭാവിതലമുറയിലെ ഗവേഷകരുമുണ്ടായിരിക്കും. കറുത്തവരുടെ ആദ്യകാല ചരിത്രം പഠിക്കാൻ അമേരിക്കക്കാർ ലക്ഷക്കണക്കിന് ഡോളറാണ് ചെലവാക്കുന്നത്. അവരുടെ അന്നത്തെ സാഹിത്യ കൃതികൾ വളരെ അമൂല്യ ഗ്രന്ഥങ്ങളായി കരുതുന്നു. അതുപോലെ നമ്മുടെ ചരിത്രവും രേഖപ്പെടുത്തുന്ന ഇമലയാളിയുടെ സേവനം അഭിനന്ദനീയമാണ്. 

മലയാളത്തിൽ ആദ്യം അച്ചടിച്ച ചില ലഘുലേഖകൾ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ ഉണ്ട്. ഫ്രാൻസീസ് സേവിയർ എഴുതി കൊല്ലത്ത് തമിഴിൽ അച്ചടിച്ച ഏതാനും പേജുകളുള്ള ഒരു ലഘുലേഖ പുസ്തകത്തിന് കോടിക്കണക്കിന് ഡോളറാണ് വിലയിട്ടിരിക്കുന്നത്. 

അവാർഡ് നൽകി അമേരിക്കൻ മലയാളി വായനക്കാരുടെയിടയിൽ എന്നെ പ്രസിദ്ധനാക്കിയ, എഴുതാൻ അവസരങ്ങൾ തന്ന ഇമലയാളി ടീമിനും എഡിറ്റർക്കും എന്റെ നന്ദി. വായനക്കാരുടെ ശക്തിയാണ് ഒരു എഴുത്തുകാരന്റെ ബലമെന്നും വിശ്വസിക്കുന്നു. തുടർന്നും എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. 
Francis Thadathil 2018-09-15 13:24:55
പ്രിയപ്പെട്ട ജോസഫ് പടന്നമാക്കൽ സാർ 
അവാർഡ് ഒരു എഴുത്തുകാരന് ലഭിക്കുന്ന വലിയ അഗീകാരമാണ്. എന്നാൽ പലപ്പോഴും എഴുത്തുകാർ അഗീകരിക്കപ്പെടാറില്ലെന്നതാണ് വാസ്തവം. പ്രത്യേകിച്ച് അമേരിക്കയിൽ.  അമേരിക്കയിലെ പല എഴുത്തുകാരുമായി അടുത്തകാലത്തു മാത്രമാണ് പരിചയപ്പെടാനിടയായത്.പലരോടും ഞാൻ ചോദിച്ചത് ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത താങ്കളെക്കുറിച്ചാണ്.കാരണം ഇമലയാളി വായിക്കാൻ തുടങ്ങിയ കാലം മുതൽ താങ്കൾ എഴുതുന്ന എല്ലാ ലേഖനങ്ങളും വായിക്കാറുണ്ട്. വസ്തുതകളുടെ അധികാരികതയാണ് ഒരു നല്ല ലേഖനത്തിന്റെ സവിശേഷത . താങ്കളുടെ എഴുത്തിനെ ഞാൻ സ്നേഹിക്കുന്നതിനു കാരണവും ഇക്കാരണം കൊണ്ട് മാത്രമാണ്. ഒരു യഥാർത്ഥ എഴുത്തുകാരനെ അർഹിക്കുന്ന ആദരവോടെ ബഹുമാനിക്കാൻ മനസുകാട്ടിയ ഇ മലയാളിക്ക് അഭിനന്ദനങ്ങൾ ! താങ്കളുടെ തൂലിക കൂടതൽ ശക്തിയോടെ ചലിക്കുവാൻ  ഇ അംഗീകാരം പ്രോചോദനമാകട്ടെ.ഉടൻ നേരിൽ കാണാമെന്ന പ്രതീക്ഷയോടെ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക