Image

ഇവിടെയും മികച്ച സാഹിത്യ സംഭാവനകള്‍; നാട്ടില്‍ അവഗണന: (കോരസണ്‍ വര്‍ഗീസിന്റെ എഴുത്തിന്റെ ലോകം)

Published on 08 September, 2018
ഇവിടെയും മികച്ച സാഹിത്യ സംഭാവനകള്‍; നാട്ടില്‍ അവഗണന: (കോരസണ്‍ വര്‍ഗീസിന്റെ എഴുത്തിന്റെ ലോകം)
കോരസണ്‍ വര്‍ഗ്ഗീസ് (ഇ-മലയാളിയുടെ 'വായനക്കാരുടെ പ്രിയ എഴുത്തുകാരന്‍' അവാര്‍ഡ് ജേതാവ്)

പന്തളം സ്വദേശം. അച്ഛന്‍ സി . കെ . വര്‍ഗീസ് മുളമൂട്ടില്‍ പതിനേഴു പുസ്തകങ്ങള്‍ പുറത്തിറക്കി. വായനയുടെ ലോകത്തേക്ക് കൈപിടിച്ചു നടത്തിയ നിറസാന്നിധ്യം.

കലാലയ സമയത്തു എഴുത്തിലും ചിത്രരചനയിലും സംഘടനാ പ്രവര്‍ത്തനത്തിലും താല്പര്യം. പന്തളം എന്‍ . എസ്സ് എസ്സ് കോളേജിലെ മാഗസിന്‍ എഡിറ്റര്‍ , ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിന്റെ ഉത്ഘടനത്തോട് അനുബന്ധിച്ചു പുറത്തിറക്കിയ സ്മരണികയുടെ പത്രാധിപര്‍, ഫൊക്കാനയുടെ 'ഹരിതം' മാഗസിന്റെ അണിയറശില്പി, നിരവധി സ്മരണികകളുടെ പത്രാധിപ സമിതി അംഗം, ജയഹിന്ദ് പത്രത്തിന്റെ മാനേജിങ് എഡിറ്റര്‍.

പംക്തികള്‍ - വാണിജ്യ വീക്ഷണം (മലയാളം പത്രം), വാല്‍ക്കണ്ണാടി (മലയാള മനോരമ, ഇ -മലയാളി), ഋതുഭേദങ്ങള്‍ (മലയാളം പത്രിക) , മറുനാടന്‍ മലയാളി തുടങ്ങി ലോകത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും പുറത്തിറക്കുന്ന ഓണ്‍ലൈന്‍ പ്രസിദ്ധികരണങ്ങളിലെ സ്ഥിരം സാന്നിധ്യം.

പുസ്തകം - വാല്‍ക്കണ്ണാടി - തിരഞ്ഞെടുത്ത ലേഖങ്ങളുടെ സമാഹാരം - തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വച്ച് പ്രകാശനം നിര്‍വഹിച്ചു.

സമുദായികം - മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ സഭാ മാനേജിങ് കമ്മറ്റി അംഗം, ഭദ്രാസന അല്‍മായ ട്രസ്റ്റി , ജനറല്‍ സെക്രട്ടറി ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം

സാമൂഹികം - വൈസ് മെന്‍സ് ക്ലബ് നോര്‍ത്ത് അറ്റ്‌ലാന്റിക് റീജിയന്‍ സെക്രട്ടറി , ഹെറിറ്റേജ് ഇന്‍ഡ്യാ സെക്രട്ടറി, ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് , ജനറല്‍ സെക്രട്ടറി

കുടുംബമായി ലോങ്ങ് ഐലന്‍ഡിലെ പ്ലെയിന്‍ വ്യൂയില്‍ 1990 മുതല്‍ താമസം.


താങ്കള്‍ ആവശ്യപ്പെട്ട പ്രകാരം ഇമലയാളിയുടെ  17 ചോദ്യങ്ങള്‍ക്കുള്ള എന്റെ ആത്മാര്‍ഥമായ മറുപടി അയക്കുന്നു .

1.'ഇമലയാളിയുടെ അവാര്‍ഡ് ലഭിച്ച താങ്കള്‍ക്ക് അഭിനന്ദനം. ഈ അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നോ? അവാര്‍ഡ് ലഭിച്ചുവെന്നറിഞ്ഞപ്പോള്‍ എന്തു തോന്നി.?' 

ഇ-മലയാളിയുടെ അവാര്‍ഡ് കിട്ടിയതില്‍ അതിയായ സന്തോഷം. എഴുത്തില്‍ അവാര്‍ഡ് കിട്ടുക എന്നത് വളരെ പ്രോത്സാഹനവും പ്രചോദനവും ആണ്. അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നില്ല. അവാര്‍ഡ് ലഭിച്ചു എന്ന വാര്‍ത്ത അറിഞ്ഞത് കേരളത്തില്‍ വച്ചായിരുന്നു. അറിഞ്ഞു കാണില്ല എന്ന് കരുതി ഒരു സുഹൃത്ത് വിളിച്ചു പറഞ്ഞു. എഴുത്തിനു ആദ്യമായി കിട്ടുന്ന അംഗീകാരമായതിനാല്‍ വളരെ ചാരിതാര്‍ഥ്യമുണ്ട്. ജീവിതത്തിലെ എല്ലാ ആദ്യ സംഭവങ്ങളും പ്രത്യേകമാണല്ലോ, അങ്ങനെ ഇതും.

2. 'എഴുത്തുകാരെ അവാര്‍ഡുകള്‍ നല്‍കി അംഗീകരിക്കുന്നതില്‍ നിങ്ങളുടെ അഭിപ്രായം എന്താണ്?'

എഴുത്തുകാരെ അംഗീകരിക്കേണ്ടത് പ്രധാനപ്പെട്ട കാര്യം തന്നെയാണ്. അമേരിക്കയിലെ തന്നെ തിരക്കുപിടിച്ച ജീവിത പശ്ചാത്തലത്തില്‍ നിന്ന് കൊണ്ട് ആശയ ആവിഷ്‌കാരം നിര്‍വഹിക്കുക ഒരു ശ്രമകരമായ പരീക്ഷണനം തന്നെയാണ്. ഗൗരവമുള്ള കാര്യങ്ങളും വിനോദവിഷയങ്ങളും വിരല്‍ തുമ്പിലൂടെ പ്രവഹിക്കുന്നത് മറ്റുള്ളവര്‍ അത് ശ്രദ്ധിക്കുമ്പോഴാണ് . കിടാവ് അടുത്ത് നില്‍ക്കുമ്പോള്‍ ചുരത്തപ്പെടുന്ന പശുവിന്റെ മാനസികാവസ്ഥയാണ് അംഗീകാരം അറിയാതെ കടന്നുവരുമ്പോളുള്ള എഴുത്തുകാരന്റെ സ്ഥിതി. 

3. 'ഈ മലയാളിയുടെ ഉള്ളടക്കത്തില്‍ എന്ത് മാറ്റങ്ങളാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്. നിങ്ങള്‍ ഏറ്റവുമധികം വായിക്കുന്ന കോളം ഏതാണ്. ഇംഗ്‌ളീഷ് വിഭാഗം പതിവായി വായിക്കാറുണ്ടോ?' 

ഇ - മലയാളിയുടെ ഉള്ളടക്കത്തെപ്പറ്റി മതിപ്പു ഉണ്ട്. പെട്ടന്ന് വായിക്കാനും , തിരഞ്ഞെടുത്തു വായിക്കാനും , കൂടുതല്‍ വായിക്കാനും ഉള്ള സംവിധാനം ശ്രദ്ധേയമാണ്. സാമൂഹിക നിരീക്ഷണങ്ങളാണ് വ്യക്തിപരമായി താല്പര്യമുള്ളത്. വിശ്വാസ വിഷയങ്ങളിലുള്ള ചര്‍ച്ചകള്‍ പഠനാര്‍ഹമായ തുറവുകള്‍ തന്നെയാണ്. ഇംഗ്ലീഷ് ഭാഗത്തു കൂടി പെട്ടന്ന് കടന്നു പോകാറുണ്ട്. ചിലവ ഇംഗ്ലീഷ് ഭാഗത്തു വായിക്കുക തന്നെ വേണം എന്നും തോന്നാറുണ്ട്.

4. 'അമേരിക്കന്‍ മലയാള സാഹിത്യത്തിനെ എങ്ങനെ വിലയിരുത്തുന്നു. അതിന്റെ വളര്‍ച്ചക്കായി ഇ-മലയാളീ ചെയ്യുന്ന സേവനത്തെപ്പറ്റി നിങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു.?'

അമേരിക്കന്‍ മലയാള സാഹിത്യരംഗം ശരിക്കും അത്ഭുതകരമായ പ്രതിഭാസം തന്നെയാണ്. കേരള മലയാള സാഹിത്യ സംഭവനകളോട് കിടപിടിക്കത്തക്ക മൂല്യമുള്ള എഴുത്തുകള്‍ ഇവിടെ കടന്നു വരുന്നുണ്ട്. അതൊന്നും മുഘ്യധാരയില്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നു എന്നത് ഖേദകരമാണ് . മികച്ച ആശയങ്ങളും എഴുത്തും വായനക്കായി നിരന്തരം വരുന്നതില്‍ ഇ - മലയാളിയുടെ സംഭാവന എത്ര പ്രശംസിച്ചാലും മതിവരില്ല. ഇത്തരം ഒരു നിലവാരമുള്ള സംവിധാനം ഇല്ലായിരുന്ന അവസ്ഥയെപ്പറ്റി ഒന്ന് കണ്ണടച്ച് ചിന്തിച്ചാല്‍ കൃത്യമായി വെളിവാകും.

5. 'നിങ്ങള്‍ക്ക് എപ്പോഴെങ്കിലും വ്യാജപ്പേരില്‍ ഒരു രചന പ്രസിദ്ധീകരിക്കാന്‍ പ്രേരണ തോന്നിയിട്ടുണ്ടോ?' 

വ്യാജപേരില്‍ ഒരു രചന നിര്‍വ്വഹിക്കാന്‍ ഇതുവരെ തോന്നിയിട്ടില്ല, എന്നാല്‍ അങ്ങനെയും ചില കാര്യങ്ങള്‍ പറയുന്നതില്‍ തെറ്റില്ല എന്നാണ് തോന്നുന്നത്. ഒരു ചെറിയ കൂട്ടമായി നിലനില്‍ക്കുമ്പോള്‍ ആരെയും നഷ്ടപ്പെടാതെ കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ അത് സഹായിച്ചേക്കാം.

6. ''നിങ്ങള്‍ മറ്റു എഴുത്തുകാരുമായി (ഇവിടെയും നാട്ടിലും) ബന്ധം പുലര്‍ത്താറുണ്ടോ? നിങ്ങളുടെ രചനകള്‍ അവരുമായി ചര്‍ച്ച ചെയ്യാറുണ്ടോ? അത്തരം ചര്‍ച്ചകള്‍ നിങ്ങള്‍ക്ക് ഉപകാരപ്രദമായി അനുഭവപ്പെട്ടിട്ടുണ്ടോ?'' 

മറ്റു എഴുത്തുകാരുമായി സംവേദിക്കാറുണ്ട് . നാട്ടിലെ എഴുത്തുകാര്‍ അമേരിക്കന്‍ മലയാളി എഴുത്തുകാരെപ്പറ്റി പുച്ഛമായ സമീപനമാണ് കാട്ടുന്നത് എന്ന് തോന്നാറുണ്ട്. മുഖത്തു നോക്കി ' ഒരു സംഭവമാണെന്ന് ' പ്രശംസിക്കുമ്പോഴും പരിമിതമായ സാഹചര്യങ്ങളില്‍ നിന്നും പുറത്തു വരുന്ന സാഹിത്യ സംഭവനകളോട് നിഷേധാല്മകമായ സമീപനമാണ് കാട്ടുന്നത് എന്ന് തോന്നാറുണ്ട്.

7. ''കാല്പനികതയും ആധുനികതയും ഇക്കാലത്ത് വളരെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളാണ്. നിങ്ങള്‍ എന്തിനോട് ചായ്വ് പുലര്‍ത്തുന്നു. എന്തുകൊണ്ട്?''

കാല്പനീകതയോടാണ് കൂടുതല്‍ ആഭിമുഖ്യം. കാലികമായ പ്രസക്തി ഇപ്പോഴും അതിനാണെന്നു തോന്നാറുണ്ട് . നമ്മുടെ ഉള്ളിലുള്ള എന്തോ ഒന്ന് തട്ടി കുടഞ്ഞു എഴുന്നേല്‍ക്കുന്നത് അപ്പോഴാണ്

8. 'വ്യക്തിവൈരാഗ്യത്തോടെ ഒരാളുടെ രചനകളെ വിമര്‍ശിക്കുന്നത് തെറ്റാണെന്ന് വിശ്വസിക്കുന്നുവോ? അങ്ങനെ കാണുമ്പോള്‍ അതിനെതിരെ പ്രതികരിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ എന്തുകൊണ്ട്?' 

വ്യക്തി വൈരാഗ്യത്തോടെ ഒരു കൃതിയെ സമീപിക്കുന്നത് പാപമാണ്. എല്ലാ കൃതികളോടും പ്രതികരിക്കാറില്ല. പ്രതികരണം ആവശ്യമുള്ളപ്പോള്‍ മാത്രമേ ചെയ്യാറുള്ളൂ.

9. ''ഏറ്റവും കൂടുതല്‍ വായനക്കാരന്‍ ഉണ്ടാവാന്‍ ഒരു എഴുത്തുകാരന്‍ എന്ത് ചെയ്യണം? '

ഏറ്റവും കൂടുതല്‍ വായനക്കാരന്‍ ഉണ്ടാവണമെങ്കില്‍, ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന വിഷയങ്ങള്‍ ലളിതമായി അവതരിപ്പിക്കണം

10. ''അറിയപ്പെടുന്ന ഒരു എഴുത്തുകാരനെന്നാണോ നിങ്ങളുടെ സ്വപ്നം. എന്തുകൊണ്ട് നിങ്ങള്‍ എഴുതുന്നു.? '

അറിയപ്പെടുന്ന എഴുത്തുകാരന്‍ എന്നത് ഒരു വിദൂര സ്വപ്നമാണ്. ആശയങ്ങള്‍ ഉള്ളില്‍ തട്ടുമ്പോള്‍ കുറിച്ച് വയ്ക്കുമ്പോള്‍ മഴ പെയ്തു ഇറങ്ങുന്ന ശാന്തതയാണ് ഉളവാക്കുന്നത്. അതുവരെ ഇരുണ്ട കാര്‍മേഘം മൂടിയ അവസ്ഥയാണ് ഉള്ളിന്റെ ഉള്ളില്‍.

11. 'നിങ്ങള്‍ ഒരു മുഴുവന്‍ സമയം എഴുത്തുകാരനാണോ? അല്ലെങ്കില്‍ കിട്ടുന്ന സമയം മാത്രം എഴുത്തിനുപയോഗിക്കുമ്പോള്‍ സൃഷ്ടിയുടെ ആനന്ദം അനുഭവിക്കുന്നുണ്ടോ?' 

മുഴുവന്‍ സമയ എഴുത്തുകാരന്‍ ആവണമെന്ന് ആഗ്രഹം ഉണ്ട് . എഴുത്തു കൊണ്ട് ഉപജീവനത്തിന് സാധ്യത ഇല്ലാത്തതിനാല്‍ കിട്ടുന്ന സമയം എഴുതി സായൂജ്യം അടയുന്നു.

12. 'നിരൂപണങ്ങള്‍ നിങ്ങളുടെ രചനകളെ സഹായിക്കുന്നുണ്ടോ? ഒരു നിരൂപകനില്‌നിന്നും നിങ്ങള്‍ എന്ത് പ്രതീക്ഷിക്കുന്നു.' 

സ്വതന്ത്രമായ നിരൂപണം ഇപ്പോഴും എഴുത്തുകാരനെ സ്പുടം ചെയ്യാനും സൃഷ്ട്ടികളെ മെച്ചമാക്കാനും ഉതകും. നിരൂപകന്‍ സത്യസന്തമായി മുഖം നോക്കാതെ പറയുന്നവനാകണം. അയാള്‍ക്ക് കൃതിയോടു മാത്രമാകണം കടപ്പാട്.

13. 'എന്തുകൊണ്ട് നിങ്ങള്‍ ഒരു കവിയോ, കഥാകൃത്തോ, നോവലിസ്റ്റോ, ലേഖകനോ ആയി. നിങ്ങളിലെ എഴുത്തുകാരനെ നിങ്ങള്‍ എങ്ങനെ തിരിച്ചറിഞ്ഞു.? എപ്പോള്‍?' 

എഴുത്തിന്റെയും പുസ്തകങ്ങളുടെയും ഒരു ലോകത്തു തന്നെയാണ് ജീവിച്ചു തുടങ്ങിയത് . അച്ഛന്റെ വായന ഭ്രാന്തും എഴുത്തുകളും ഏറെ സ്വാധീനിച്ചുണ്ട് . കൃത്യമായ ഒരു സമയത്തു എഴുതി തുടങ്ങിയതല്ല, എവിടെയൊക്കെയോ കുറിച്ചതും പറഞ്ഞതും കൊള്ളാം എന്ന് സുഹൃത്തുക്കള്‍ പറഞ്ഞു തുടങ്ങിയതാണ് എഴുത്തിലേക്കുള്ള കാല്‍വെയ്പ്പു.

14. 'അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ രചനകളില്‍ (എഴുത്തുകാരന്റെ / കാരിയുടെ പേരല്ല. രചനയുടെ വിവരങ്ങള്‍) നിങ്ങള്‍ക്ക് ഇഷ്ടമായത്.?' 

ബൗദ്ധികമായി ചിന്തകളെ ചൊടിപ്പിച്ച വിഷയങ്ങള്‍, സംഭവങ്ങള്‍, മനുഷ്യന്റെ ഉള്ളിന്റെ ഉള്ളിലെ നിലവറകള്‍ തുറക്കാന്‍ കഴിയുന്ന സ്‌ഫോടനങ്ങള്‍, ചവറുകള്‍ പോലെ ഉപേക്ഷിച്ചു പോകുന്ന ജീവിത യാഥാര്‍ഥ്യങ്ങള്‍ മുന്നില്‍ വന്നു കൊഞ്ഞനം കാട്ടുന്ന വാക്കുകളിലെ ഉന്മാദം.

15. ''എഴുത്തുകാര്‍ അവരുടെ രചനകള്‍ വിവിധ മാധ്യമങ്ങളില്‍ ഒരേ സമയം കൊടുക്കുന്നത് നല്ല പ്രവണതയാണോ? എന്തുകൊണ്ട് അങ്ങനെ ചെയ്യുന്നു? '

ഓരോ മാധ്യമങ്ങള്‍ക്കും ഓരോ റീച്ച് ആണ് . നിരവധി മാധ്യമങ്ങള്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ ഓരോ മാധ്യമത്തിനും എല്ലാം ആകാന്‍ സാധിക്കില്ല. അതുപോലെ ഓരോ ഭൂപ്രദേശങ്ങള്‍ക്കും വായനക്കാരുടെ പ്രതേകതകള്‍ ഉണ്ട്. എഴുത്തുകാരനെ സംബന്ധിച്ചു അയാളുടെ ചിന്തകള്‍ എത്രയും വ്യാപ്തമായി വികിരണം ചെയ്യുക എന്നത് ഒരു ധൗത്യമാണ്. സാമ്പത്തീകമായി അയാള്‍ക്ക് ഒരു പ്രതിഫലവും ലഭിക്കാത്ത സാഹചര്യത്തില്‍ സെലെക്ടിവ് റൈറ്റിംഗിനു പ്രസക്തിയില്ല.

16. 'അമേരിക്കന്‍ മലയാളി വായനക്കാരെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം. പ്രബുദ്ധരായ വായനക്കാര്‍ സാഹിത്യത്തെ വളര്‍ത്തുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?'

അമേരിക്കന്‍ വായനക്കാര്‍ വിവധ തട്ടിലാണ്. അവനവനെ സംബന്ധിച്ച വിഷയങ്ങള്‍ മാത്രം വളരെ എളുപ്പത്തില്‍ തൊടുന്നവര്‍. പ്രകോപിപ്പിക്കപ്പെടുമ്പോള്‍ മാത്രം വായിക്കുന്നവര്‍. താല്പര്യമുള്ള വിഷയങ്ങള്‍ മാത്രം തൊടുന്നവര്‍. മറ്റു കാര്യങ്ങളില്‍ നിസ്സംഗഭാവവും സ്വന്തം കാര്യങ്ങളില്‍ കൂടുതല്‍ താല്പര്യമുള്ളവര്‍, ജാതീയ വിഷയങ്ങള്‍ നോക്കി വായിക്കുന്നവര്‍, എഴുത്തുകാരെ നോക്കി ഒഴിവാക്കുന്നവര്‍, റിട്ടയര്‍ ചെയ്തതുകൊണ്ട് സമയമുള്ള നിര്‍ദോഷികളായ വായനക്കാര്‍ അങ്ങനെ വിചിത്രമായ ഒരു കപ്പല്‍ യാത്രക്കാരാണ് അമേരിക്കന്‍ വായനക്കാര്‍. നല്ല വായനക്കാര്‍ അവിടവിടെയായി ഉണ്ട് എന്നതാണ് അമേരിക്കന്‍ മലയാളിയുടെ ഒരു ഭാഗ്യം.

17. 'ഇമലയാളിയുടെ മുന്നോട്ടുളള പ്രയാണത്തില്‍ ഒരു എഴുത്തുകാരനെന്ന നിലയ്ക്ക് എന്ത് സഹായ സഹകരണങ്ങള്‍ നിങ്ങള്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നു.?'  

അമേരിക്കയിലെ എഴുത്തുകാരന്‍ എന്ന നിലയില്‍ ഇ - മലയാളി, തറവാട്ടിലേക്കുള്ള ഒരു നോട്ടമാണ്. തറവാട് ഭദ്രമായി നിലനില്‍ക്കേണ്ടത് കുടുംബത്തിന്റെ ഐശര്യമാണ്. ഇ - മലയാളി, അമേരിക്കന്‍ മലയാളിയുടെ മയില്‍പീലിയായി ശിരസ്സില്‍ ചൂടാന്‍ ഓരോ എഴുത്തുകാരനും ആവേശം കൊള്ളും. അതുപോലെ തറവാട് ശുദ്ധമായി നിലനില്‍ക്കണമെകില്‍ എഴുത്തുകാരനിലെ ആത്മാവിനെ ചൊടിപ്പിക്കാനാവണം. എഴുത്തുകൊണ്ടു ജീവിക്കാനുള്ള കൃതാനഗ്‌നത ഉണ്ടാകണം. 

see also
അമേരിക്കയിലെ മലയാളി എഴുത്തുകാര്‍ കൂടുതല്‍ ജ്ഞാനമുള്ളവര്‍; ലോകം കണ്ടവര്‍: (ജോസഫ് പടന്നമാക്കലിന്റെ സാഹിത്യ സപര്യ)
ഇവിടെയും മികച്ച സാഹിത്യ സംഭാവനകള്‍; നാട്ടില്‍ അവഗണന: (കോരസണ്‍ വര്‍ഗീസിന്റെ എഴുത്തിന്റെ ലോകം)
Join WhatsApp News
Benny Francis 2018-09-10 12:48:32
Congratulations Korason!. It is well deserved. I hope that this award will enlighten your writing career brighter. 

Benny Francis
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക