Image

സെപ്റ്റംബര്‍ ഇലവന്‍ന്ത്: 9/11 (ജി. പുത്തന്‍കുരിശ്)

Published on 10 September, 2018
സെപ്റ്റംബര്‍ ഇലവന്‍ന്ത്: 9/11 (ജി. പുത്തന്‍കുരിശ്)
എത്രയോ ജീവിതങ്ങള്‍ പൊലിഞ്ഞുപോയാദിനം!
എത്രയോ കുടുംബങ്ങള്‍ കണ്ണീരിലാണ്ടുപോയി!

അത്രക്കു ഭയാനകം ‘സെപ്റ്റംബര്‍ ഇലെവ്ന്‍ന്ത്’
ചിത്രങ്ങള്‍ വരക്കുന്നു മനസ്സില്‍ നൊമ്പരങ്ങള്‍

വാനോളം മുട്ടി നിന്ന ആ രണ്ടു ഗോപുരങ്ങള്‍
മാനവ ശക്തിയുടെ തിളങ്ങും പ്രതീകങ്ങള്‍

ക്ഷിതിയില്‍ കിടക്കുന്നു ചേതനയറ്റു കഷ്ടം!
അതില്‍ നിന്നുയരുന്നു ആത്മാവിന്‍ പുകച്ചുരുള്‍

സൃഷ്ടി സ്ഥിതി സംഹാര സങ്കീര്‍ണ്ണ വേദശാസ്ത്രം
സൃഷ്ടാവിന്‍ പ്രതിസര്‍ക്ഷ ശക്തി വിശേഷങ്ങളോ?

ദുഷ്ടനും നീതിമാനും ഒരുപോല്‍ പ്രഭ നല്‍കി
ചുറ്റുമീ പ്രപഞ്ചത്തെ നീതി സൂര്യനാം പ്രഭോ!

നിന്‍പേരില്‍ നടക്കുമീ ക്രൂരമാം വിധ്വംസനം
അന്‍പെഴും വിശ്വംഭരാ ദുര്‍ഗ്രഹം! ഈയുള്ളോര്‍ക്ക്

ദൈവത്തിന്‍ പേരില്‍ തലവെട്ടുന്നു പരസ്പരം
ദൈവത്തിന്‍ മക്കളെന്നു പുകഴും നരവര്‍ക്ഷം

ഈശ്വര സൃഷ്ടികളെ കുരുതി കൊടുത്തിട്ടോ
ഈശ്വര പ്രീതി നേടാന്‍! പറയൂ കാട്ടാളരേ?

അള്ളായും യഹോവയും ജീസ്സസും ഈശ്വരനും
വല്ലാതെ രക്തത്തിനായി കൊതിക്കും ദൈവങ്ങളോ?

ഇല്ലിതിന്‍ പൊരുളുകള്‍ ഗ്രഹിയാ അശേഷവും
ചൊല്ലുകീ സമസ്യക്ക് ഉത്തരം സഹജരേ

ഭരണഭ്രമം പൂണ്ടു മരണകുടുക്കുമായ്
ധരയില്‍ അലയുന്ന കപടരൂപങ്ങളേ

മതിയാക്കിടുമോ ഈ താണ്ഡവ നൃത്തം നിങ്ങള്‍
മതത്തിന്‍ പേരില്‍ കാട്ടിക്കൂട്ടുമീ നരഹത്യ

വെറുപ്പും വിദ്വേഷവും ഹനിക്കും മുന്‍പേ സ്വയം
നിറുത്താന്‍ സമയമായ് സംഹാര നൃത്തം മണ്ണില്‍

ഇടുവിന്‍ പടവാളാ ഉറയില്‍ ഉടന്‍ തന്നെ
എടുത്തു മാറ്റീടുവിന്‍ കൈയ്യുറ മടിയാതെ

പരിരംഭണം ചെയ്‌വിന്‍ കരങ്ങള്‍ നീട്ടി നമ്മള്‍
പരത്തട്ടവ ചുറ്റും സ്‌നേഹത്തിന്‍ പരിമളം

Join WhatsApp News
G. Puthenkurish 2018-09-10 23:22:07
https://youtu.be/M0XdGZ3hM0A

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക