Image

മഴ (ബ്ലെസ്സണ്‍-സിയന്ന)

Published on 11 September, 2018
മഴ (ബ്ലെസ്സണ്‍-സിയന്ന)
ചന്നം പിന്നം വീഴുന്ന മഴതുള്ളികള്‍ വീടിന്റെ കോലായില്‍ ഇരുന്നുകൊണ്ട് ആസ്വദിക്കുവാന്‍ എപ്പോളും കൗതുകമാണ്.പാഞ്ഞുവരുന്ന മഴത്തുള്ളികളെ സംഗീതാത്മകമായ താളത്തോടെ കുമിളകള്‍ആക്കുന്ന മാസ്മരികത നനുത്ത തണുപ്പില്‍ ഒരു കട്ടന്‍ കാപ്പി നുകര്‍ന്നുകൊണ്ടു എത്ര നോക്കിയിരുന്നാലും മതിയാവുകയില്ല.കവികളും കലാകാരന്മാരും ആവോളം അതിന്റെ കാല്‍പ്പനികഭംഗി വിവരിച്ചിട്ടുമുണ്ട്.അലസമായിഇരുന്നുകൊണ്ട് ഈ മനോഹര തീരത്തു പെയ്യുന്ന മഴകാഴ്ചകള്‍ കണ്ടു കൊതി തീര്‍ന്നവര്‍ ആരാണ് ? ഭൂമി മലയാളത്തില്‍ മാത്രമല്ല  Kenny Roger എന്ന സായിപ്പും rhythm  of rain എന്ന പാട്ടു പാടിയിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്.

ഓടിന്റെ പാത്തിയില്‍ നിന്നും വീഴുന്ന മഴവെള്ളത്തില്‍ ചാടിക്കളിക്കാന്‍ കുഞ്ഞനുജത്തിയെയും കൂട്ടുപിടിച്ചിറക്കിയതിനു അമ്മയുടെ തവിക്കിണയുടെ നൊമ്പര പൂക്കള്‍ ആവോളം വാങ്ങി ആസ്വദിച്ചിട്ടുണ്ട് എങ്കിലും മഴ എനിക്കെന്നും ആസ്വാദ്യമാണ്.കത്ത് തരാതെ പോകുന്ന പോസ്റ്റു മാനെപോലെയോ, കയ്യില്‍ ഒന്നുമില്ലാത്തപ്പോള്‍ ബെല്ലടിച്ചുകൊണ്ടുപോകുന്ന ഐസ് മുട്ടായിക്കാരന്റെ സൈക്കിളിനെ നോക്കി നിര്‍വികാരനായി നില്‍ക്കുന്നതുപോലെയാണ് എനിക്ക് മഴ തരാതെ പോകുന്ന കാര്‍മേഘങ്ങളെ കാണുമ്പോള്‍ തോന്നുന്നതു. മഴ തരാതെ പോകുന്ന കാര്‍മേഘങ്ങേളോട് എനിക്കു ഒരു സങ്കടം പറയുവാനുണ്ട് . അത് എന്റെ സ്വകാര്യ ദുഖമാണ്.

വെയില്‍ പൂക്കുന്ന മണലാരണ്യത്തില്‍ ഞാന്‍
ഒരു പ്രവാസിയായി ജീവിക്കുമ്പോള്‍ മൂന്നാം നിലയിലെ എന്റെ ഫ്‌ലാറ്റിന്റെ ജനലില്‍ കുടി ഞാന്‍ ആ കാഴ്ച കാണുകയാണ്. അതെ. മഴതെന്നെ. ഞാന്‍ ഓടിച്ചെന്നു എന്റെ കുഞ്ഞുമകളെ കോരിയെടുത്തു. മഴ കാണിപ്പനായി ജനാലക്കരികിലേക്കു വേഗമെത്തി. പെട്ടന്നാണ് ഞാന്‍ ഓര്‍ത്തതു ഒന്നാംനിലയില്‍ എത്തിയാല്‍ എനിക്കും കുഞ്ഞിനും ഒന്നിച്ചു ഒന്ന് മഴയില്‍ നനയാമല്ലോ എന്ന്. പിന്നെ ഒന്നും ഓര്‍ത്തില്ല. മൂന്നാം നിലയുടെ പടവുകള്‍ വേഗം ഓടി ഇറങ്ങി. സിമന്റുതറ നനഞ്ഞു കിടപ്പുണ്ട്. മുകളിലേക്ക് നോക്കിയപ്പോള്‍ കാരുണ്യമില്ലാതെ കടന്നുപോകുന്ന കറുത്ത മേഘം. ഞാന്‍ ഈ കുഞ്ഞു മകളെയും എടുത്തു ഓടിവന്നത് മേഘമേ നീ കണ്ടില്ലേ ? നിന്നെപ്പോലെയോ നിന്‍റ്റെ മനസും.എന്റെ കുഞ്ഞിന്റെ കണ്ണിലെ കൗതുകം നീ കണ്ടില്ലേ ? അവളുടെ കുഞ്ഞിളം കവിളില്‍ ഒരിറ്റു ബാഷ്പം നിനക്ക് വീഴിക്കാമായിരുന്നില്ലേ ? ഒരു മിട്ടായി പോലും വാങ്ങാതെ വലിയ ചിരിയുമായി വരുന്ന ചില ബന്ധുക്കളെ പോലെയോ
നീയും. ആര്‍ക്കുവേണ്ടിയാണ് നീ
ഓടി പോകുന്നത് . നിനക്കായി കാതോര്‍ത്തു
നില്‍ക്കുന്ന മണ്ണിനെ നീ കാണുന്നില്ലേ ? ഈ മണലാരണ്യത്തിലെ വേഴാമ്പലുകളെ നീ കാണുന്നില്ലേ മഴയെന്ന മായാജാലം കാട്ടികൊടുക്കുവാന്‍ ഓടി വന്ന ഈ പിതാവിന്റെ പിടയുന്ന മനസ് നീ കാണുന്നില്ലേ ? കാര്‍മേഘമേ കാലം നിനക്ക് മാപ്പു തരട്ടെ. ഇന്ന് എന്റെ മകള്‍ക്കു പത്തൊന്‍പതു വയസുണ്ട്. കുഞ്ഞിളം മനസ്സില്‍ കാര്‍മേഘം കോറിയിട്ട കറുത്ത പാടുകൊണ്ടായിരിക്കാം അവള്‍ കാര്‍മേഘം കാണുമ്പോള്‍ കുടയെടുക്കും.മുഖത്ത് മഴത്തുള്ളികള്‍ വീഴുന്നത് ഇഷ്ടമല്ലത്രെ. അത് എന്ത് എന്ന് ചോദിക്കാന്‍ എനിക്ക് ധൈര്യവുമില്ല.
എന്റെ കുറിപ്പ് വായിക്കുന്ന കൂട്ടുകാരോട് ഓരു അപേക്ഷയുണ്ട്. നിങ്ങള്‍ ഇനി കാര്‌മേഘത്തെ കാണുന്നുവെങ്കില്‍ പറയണം മണലാരണ്യത്തിലെ പിതാക്കന്മാര്‍ കുഞ്ഞു മക്കളെയും എടുത്തു ഓടി വരുമ്പോള്‍ കണ്ണുംപൂട്ടി കടന്നു കളയരുത് എന്ന്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക